TopTop
Begin typing your search above and press return to search.

ട്രംപിനെ വിളിക്കൂ, കേരളത്തിലെ കോൺഗ്രസിനെ രക്ഷിക്കൂ

ട്രംപിനെ വിളിക്കൂ, കേരളത്തിലെ കോൺഗ്രസിനെ രക്ഷിക്കൂ
ഇന്നലെ പുറത്തിറങ്ങിയ സകലമാന പത്രങ്ങളും ഒന്നാം പേജിൽ ആഘോഷിച്ചത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിൽ നടന്ന കൂടിക്കാഴ്ചയായിരുന്നു. വാർത്താ ചാനലുകൾ ലൈവായി (പലരും കടം എടുത്തിട്ടാണെങ്കിലും) ലോകം കാത്തിരുന്ന കൂടിക്കാഴ്ച പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ഒരു ലോഭവും കാട്ടിയില്ല. പലതവണ മുടങ്ങിയ, ഒരിക്കലും നടക്കില്ലെന്നു കരുതിയ'ഈ നൂറ്റാണ്ടിലെ ചരിത്ര സംഭവം' എന്ന് മാധ്യമങ്ങൾ വാഴ്ത്തി പാടിയ ആ മഹാ കൂടിക്കാഴ്ച്ച എന്തായാലും കച്ചവടക്കാർക്ക് ഏറെ പ്രിയങ്കരമായ സിംഗപ്പൂരിൽ യാഥാർഥ്യമായി.

ചില്ലറ കാര്യമൊന്നുമല്ല ചൊവാഴ്ച നടന്നത്. കണ്ടുമുട്ടിയവർ ചില്ലറക്കാരല്ല എന്നത് തന്നെ കാരണം. ഒരാൾ ലോക പോലീസ് ചമയുന്ന അമേരിക്കയുടെ പ്രസിഡന്റ്. ലോകപൊട്ടനെന്നും കിറുക്കൻ എന്നുമൊക്കെ ഓരോരുത്തരും അവരവരുടെ മനോധർമം അനുസരിച്ച് വിശേഷിപ്പിക്കുന്ന ആൾ. അപരൻ ഏകാധിപതിയെന്നും അഭിനവ ഹിറ്റ്ലർ എന്നും വിശേഷിപ്പിക്കപ്പെടുന്ന ആൾ. കാഴ്ചയിൽ ഒരാൾ നാടൻ ഭാഷയിൽ പറഞ്ഞാൽ നല്ല പൊക്കവും വണ്ണവും ഒക്കെയുള്ള ഒരു വിഡ്ഢിച്ചിരിയാൻ. അപരൻ തടിയനാണെങ്കിലും കുള്ളനും ചിരിക്കാത്തവനും. ആവേശം കൊണ്ട് ഇരിക്കപ്പൊറുതി ഇല്ലാതെ വന്ന ചില പത്രങ്ങൾ പതിവ് വിഭവങ്ങൾക്കൊപ്പം ഇരിക്കട്ടെ അമ്പലപ്പുഴ പാൽപ്പായസവും എന്ന ചിന്ത കലശലായി എഡിറ്റോറിയലും എഴുതിക്കളഞ്ഞു. എന്തായാലും ആരും ലോക സമാധാനത്തിനുള്ള അടുത്ത നോബേൽ സമ്മാനം ട്രംപിനാണെന്ന് പറഞ്ഞു കണ്ടില്ല. സംഗതി ശരിയാണെങ്കിൽ ഒരു പക്ഷെ ട്രംപ് തന്നെയാവണം അടുത്ത നോബേൽ ജേതാവ്. ഒരു പക്ഷെ വിശാല ഹൃദയനായ ട്രംപ് കൂടി മനസ്സുവെച്ചാൽ കിമ്മുമായി സമ്മാനം പങ്കിട്ടു കൂടെന്നുമില്ല.

മാധ്യങ്ങൾ പൊലിപ്പിക്കുന്നതുപോലെ ലോകം ഒരു യുദ്ധ ഭീഷണിയിൽ നിന്നും രക്ഷപ്പെടുമോ എന്നറിയില്ല. അമേരിക്ക ഗദ്ദാഫിയുടെയും സദ്ദാം ഹുസൈന്‍റെയും കാര്യത്തിൽ കാണിച്ച നെറികേട് ആവർത്തിക്കില്ലായെന്നു എനിക്കോ നിങ്ങൾക്കോ ഒരു ഉറപ്പുമില്ല. അല്ലെങ്കിൽ തന്നെ നെറികേടിന്റെ ആൾ രൂപമാണ് അമേരിക്കയെന്ന് ആർക്കാണ് അറിയാത്തത്. ആശങ്കകൾ തല്‍ക്കാലം അവിടെ നിൽക്കട്ടെ. നല്ലതിനുവേണ്ടി വിശക്കാം അല്ലെങ്കിൽ ആഗ്രഹിക്കാം. ട്രംപും കിമ്മും ഉന്മേഷവാൻമാര്‍ ആയിരുന്നുവെന്നും മഞ്ഞു ഉരുകിയെന്നും ഇനി ഭീതിയില്ലാതെ ജീവിക്കാം എന്നുമൊക്കെ കേൾക്കുന്നുണ്ട്. തല്‍ക്കാലം അതു മതിയാകുമല്ലോ ഏതു ശുഭാപ്തി വിശ്വാസിക്കും. വരാനിരിക്കുന്നതു വരുംപോലെ കാണാം എന്നതാണല്ലോ മുട്ടിടിച്ചു കൊണ്ടാണെങ്കിലും നമ്മളിൽ പലരും പറയുക.

ഒരിക്കലും നടക്കില്ലെന്നു കരുതിയ ട്രംപ് ഉൻ കൂടിക്കാഴ്ച നടന്നു. പക്ഷെ കേരളത്തിലെ കോൺഗ്രസ് പാർട്ടിയിലെ ശീതയുദ്ധം തുടരുക തന്നെയാണ്. അണ്ടിയാണോ മാങ്ങയാണോ ആദ്യം ഉണ്ടായത് എന്ന കാര്യം തന്നെയാണ് കേരള ഗാന്ധിയന്മാർക്കിടയിലെ പുതിയ തർക്കവും. പുതിയത് എന്നു പറയുന്നത് അത്രകണ്ട് ശരിയാവില്ല. എങ്കിലും കോൺഗ്രസ് പാർട്ടി എന്നു കേരളത്തിൽ ഉണ്ടായോ അന്നു തുടങ്ങിയ ഈ തർക്കത്തിന് എന്നാണ് ഒരു അറുതി എന്ന ചിന്ത ഒട്ടൊരു കാലമായി വല്ലാതെ പിന്തുടരുന്നു. കേരളത്തിൽ ജനിച്ചു വളർന്ന ഏതൊരു മനുഷ്യനും അറിയാതെ ചോദിച്ചുപോകുന്ന ഏക ചോദ്യം തന്നെയാണിത്. കഴിഞ്ഞ ദിവസം കണ്ണൂരിൽ സതീശൻ പാച്ചേനിക്കു തൊട്ടു മുൻപ് ഡി സി സി പ്രസിഡണ്ട് ആയിരുന്ന കെ സുരേന്ദ്രൻ ഘോരഘോരം പ്രസംഗിക്കുന്നതു കേട്ട് അന്തം വിട്ടു നിന്നു പോയി. ബസ് ഇറങ്ങി സബ് ജയിൽ മാർഗം സഞ്ചരിക്കവേ ആയിരുന്നു ആ പ്രഘോഷണം കേട്ടത്. കെ സുധാകരന്റെ പനീർ സെൽവം എന്നൊക്കെ പണ്ട് വളരെ അടുത്ത മാധ്യമ സുഹൃത്തുക്കൾ കളിയാക്കുമ്പോഴും പറയുമായിരുന്നു, എൻ ആർ (എൻ രാമകൃഷ്‌ണൻ) നു ശേഷം ബീഡി തൊഴിലാളി മേഖലയിൽ നിന്നും വന്ന ഒരാളാണ്, വെറുതെ കളിയാക്കല്ലേയെന്ന്. സുരേന്ദ്രനെ പോലുള്ളവരുടെ അദ്ധ്വാനവും വിയര്‍പ്പുമാണ് ഇപ്പോഴും കണ്ണൂരിലെ കോൺഗ്രസ്. സുരേന്ദ്രന്റെ ഇന്നലത്തെ പ്രസംഗത്തിലാകെ നിറഞ്ഞു നിന്നതു കണ്ണൂരിലെ കോൺഗ്രസ് പാർട്ടിയെ എങ്ങിനെ മുന്നോട്ടു നയിക്കണമെന്നും അതിനൊപ്പം അലസരാവുന്ന പാർട്ടി പ്രവർത്തകരെ കുറിച്ചും ആയിരുന്നു. പ്രസംഗം മുഴുവൻ കേൾക്കാൻ നിന്നില്ല, ബോറടിച്ചതു കൊണ്ടല്ല, മകന്‍റെ മെഡിക്കല്‍ ടെസ്റ്റ് റിസൾട്ട് വാങ്ങാൻ ഉള്ള തിരക്കിലായിരുന്നു എന്നത് തന്നെ കാരണം.

http://www.azhimukham.com/opinion-political-profile-of-vm-sudheeran-writes-mbsanthosh/

വീണ്ടും വിലക്ക് ലംഘിച്ചു മുൻ കെ പി സി സി അദ്ധ്യക്ഷന്‍ വി എം സുധീരൻ വെടിപൊട്ടിക്കുന്നത് ഇന്നലെ ചാനലിലൂടെ കണ്ടുകൊണ്ടിരിക്കെ എന്തോ ഒരു അസ്വാസ്ഥ്യം. കോൺഗ്രസുകാരനല്ലെങ്കിലും ഒരു മുൻ മാധ്യമ പ്രവര്‍ത്തകന് ഉണ്ടാകുന്ന സ്വാഭാവിക അസ്വാസ്ഥ്യം മാത്രമാണിത്. സംഗതി വളരെ ലളിതമാണ്. കലിപ്പ് പുറത്തേക്കു വരുന്നു. വേണമെങ്കിൽ അങ്ങനെയും കാണാം. ധീര വീര സുധീരൻ ഏതെങ്കിലും കാലത്തു സത്യം പറഞ്ഞിരുന്നോ എന്ന്‌ അറിയില്ല. ഇന്നിപ്പോൾ കെ കരുണാകരൻ എന്ന ലീഡറെ കുറിച്ചും മഹാമൗനിയായ എ കെ ആന്റണിയെക്കുറിച്ചും സ്തുതി പാടിയ സുധീര ഗാന്ധി എന്തേ ഗതിയും പരഗതിയുമില്ലാതെ ഷോ തുടരുന്ന സ്വന്തം പാർട്ടിയുടെ ഗതികേട് കൃത്യമായി വായിക്കുന്നില്ല? ചാണ്ടിയും ചണ്ടിയും ഒക്കെ പോട്ടെ സാറേ ഹൈകമാൻഡ് മുഖേന കെട്ടിയിറക്കപ്പെട്ട ആ കെ പി സി സി പ്രസിഡന്റ് പദവി ആരോഗ്യ പ്രശ്നം പറഞ്ഞു ഒഴിവായിട്ട് ഇപ്പോൾ ഗ്രൂപ്പ് മാങ്ങോടന്മാർ വളഞ്ഞിട്ടു ആക്രമിച്ചിട്ടാണ് തടി കഴിച്ചിലാക്കിയതെന്നു പറയുന്ന അണ്ടിക്ക് ഉറപ്പില്ലായ്‍മ. കൊള്ളാം. പിണങ്ങരുതേ, താങ്കളുടെ കലാപം ഒട്ടും മോശമല്ല. പക്ഷെ ഇതുകൊണ്ടൊന്നും ഈ പാർട്ടി നന്നാവില്ലെന്നു ഇത്ര കാലമായിട്ടും മനസ്സിലായില്ലെന്നുന്നുണ്ടോ.

രാഹുൽ ഗാന്ധിക്ക് കത്തെഴുതുന്ന കൂട്ടത്തിൽ ഒരു കാര്യം ഉണര്‍ത്തിക്കാം. കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ രക്ഷിക്കാൻ നമ്മുടെ ട്രംപിനെ ഒന്ന് വിളിക്കാൻ പറ. ഇന്ദിരയെ വിളിക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന ആ പഴയ മുദ്രാവാക്യം പോലെ ട്രംപിനെ വിളിച്ചു കേരളത്തിലെ അപ്പാവി കോലത്തിലായി എന്ന്‌ താങ്കൾ കാണുന്ന ഈ പാർട്ടിക്ക് ടോട്ടൽ ഉച്ചാടന ക്രിയ ചെയ്യാൻ പറ്റുന്ന ആരെയെങ്കിലും വേണ്ടിവരും. ശ്രീ ശ്രീ രവി ശങ്കർ മോദിയുടെ ആളാണ്, പതഞ്‌ജലി പുതിയ കേസുകെട്ടുകൾക്കു പിന്നാലെയാണ്. ഒരാൾ കൂടി ഉണ്ടായിരുന്നു. പേര് പറയുന്നില്ല. ദേവ ഗുരുവായ ടിയാൻ ഇന്നലെ സ്വയം വെടിവെച്ചു മരിച്ചുവത്രെ. തമ്മിൽ ഭേദം തൊമ്മൻ എന്ന്‌ കേൾക്കുമ്പോൾ അത് ഉമ്മൻ ചാണ്ടിയോ ഏതോ തൊമ്മൻ ചാണ്ടിയോ എന്ന് ആശങ്കപ്പെട്ടു ഇനിയും സമയം കളയേണ്ട. ആൾ ഡൊണാൾഡ് ട്രംപ് തന്നെ. അങ്ങോട്ട് ഫോൺ ചെയ്തു ബുദ്ധിമുട്ടേണ്ട. ഒന്നുകിൽ ഒരു മെയിൽ അയക്കുക. അല്ലെങ്കിൽ ഇക്കാര്യം രാഹുൽജിക്കുള്ള കത്തിൽ സൂചിപ്പിക്കുക. എല്ലാം ശുഭമായി കലാശിക്കട്ടെ.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

https://www.azhimukham.com/newswrap-sudheeran-lashes-out-at-groupism-in-congress-writes-saju/

Next Story

Related Stories