TopTop
Begin typing your search above and press return to search.

ഡോക്ടര്‍മാര്‍ മദ്യപിക്കാമോ? അപ്പോള്‍ വിവാഹത്തിന് മുന്‍പുള്ള സെക്സോ?

ഡോക്ടര്‍മാര്‍ മദ്യപിക്കാമോ? അപ്പോള്‍ വിവാഹത്തിന് മുന്‍പുള്ള സെക്സോ?
രണ്ടായിരം എന്ന ഒരാണ്ടുണ്ടായിരുന്നു . നിങ്ങൾക്കോര്‍മ്മയുണ്ടോ എന്നെനിക്കോര്‍മ്മയില്ല. വെറും രണ്ടായിരം. രണ്ടായിരത്തൊന്നല്ല-ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പതുമല്ല. രണ്ടും കെട്ട ഒരു വര്‍ഷം.

അന്ന് ഞാൻ ജിപ്മെർ എന്ന ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ സർജൻ ആകാൻ പരിശീലിക്കുന്നു. മുപ്പത്താറു മണിക്കൂർ അടുപ്പിച്ചു ഡ്യൂട്ടി, ആഴ്ചയിൽ രണ്ടു പ്രാവശ്യം. ഉറങ്ങാൻ പറ്റില്ല. ഒരാഴ്ച ഏകദേശം നൂറു നൂറ്റി ഇരുപതു മണിക്കൂറൊക്കെ ജോലി ചെയേണ്ടി വരും. അതും നല്ല സമ്മർദം ഉള്ള സാഹചര്യങ്ങളിൽ. അത്യാഹിത വിഭാഗം എപ്പോഴും തിരക്കാണ്. ജീവന്മരണ പോരാട്ടങ്ങൾ ആണ് ഓരോ ദിവസവും.

മൂന്നു സർജറി റെസിഡന്റ് സുഹൃത്തുക്കളെ ഞാൻ ഓർക്കുന്നു. സുരേഷ്, വത്സരാജ്, ജിഷ്ണു- ഇവരാണ് അവർ. വല്ലപ്പോഴും ഫ്രീ ടൈം കിട്ടുമ്പോൾ ബാറിലേക്ക് ഓടൽ ആണ് രാജിന്റെയും ജിഷ്ണുവിന്റേയും പണി. മുപ്പത്താറു മണിക്കൂർ ഡ്യൂട്ടി കഴിഞ്ഞു ഉച്ചക്ക് ഊണും കഴിക്കാതെ, വൈകിട്ട് ആറു മണിക്ക് വെറും വയറ്റിലേ ബാറിലേക്ക് പോവുകയുള്ളു. കാശ് അധികം മുടക്കേണ്ട എന്നതാണ് അത്രേ ഇതിന്റെ ഒരിത്.

സുരേഷ് മദ്യപിക്കില്ല. മാത്രമല്ല, മദ്യപിക്കുന്നവരെ പുച്ഛവുമാണ്. അത് പിന്നെ നല്ല ആളുകൾ അങ്ങനെ ആണല്ലോ. ഞാൻ ഒക്കെ അങ്ങനെ ആണ്. ഒരു തുള്ളി പോലും കഴിക്കുന്നത് എനിക്കിഷ്ടമില്ല. ചിലർ അങ്ങനെ ചെയ്യുന്നത് കാണുമ്പഴേ എനിക്ക് എന്തോ പോലെ തോന്നും. ഞാൻ പിന്നെ അങ്ങോട്ട് നോക്കാറേ ഇല്ല. സുരേഷും അങ്ങനെ തന്നെ.

സുരേഷിന് വേറെയും പ്രത്യേകതകൾ ഉണ്ട്. കഴിയുന്നതും പണി ഒന്നും ചെയ്യില്ല. മുങ്ങും. പഠിക്കാൻ ആണത്രേ. സീ-ഈ റെസിഡൻസി എന്ന് കേൾക്കുമ്പോൾ ആളുകൾ വിചാരിക്കും ഫുൾ ടൈം കട്ട പഠിപ്പാണെന്ന്. അങ്ങനെ അല്ല. ഡ്യൂട്ടി എടുക്കണം. അത്യാഹിത വിഭാഗത്തിൽ മുള്ളാൻ പോലും സമയം ഇല്ലാതെ ഓടണം. അതിരാവിലെ ഒരു ആറ്-ആറര മണിയാകുമ്പോൾ സ്വല്പം സമയം കിട്ടിയാൽ നമുക്ക് മുൻപിൽ ഒരേ ഒരു ചോദ്യമേയുള്ളു;

"അര മണിക്കൂർ ഉറങ്ങണോ അതോ കക്കൂസിൽ പോകണമോ?"

അവസാനം ഉറങ്ങുന്നത് ആണ് നല്ലത് എന്ന് നിശ്ചയിക്കും. രാവിലെ ഏഴരക്ക് റൗണ്ട്സിനു എത്തണമല്ലോ.

സുരേഷ് എങ്ങനെ എങ്കിലും ഉറങ്ങും. വല്ല കട്ടിലിനു അടിയിലോ മറ്റോ ചുരുണ്ടു കിടക്കും. അപകടം ഒക്കെ ആയി പത്തു രോഗികൾ അടുപ്പിച്ചു കാഷ്വാലിറ്റിയിൽ വന്നാൽ അപ്പം സുരേഷിന് ചായ കുടിക്കാൻ മുട്ടും. പിന്നെ മഷി ഇട്ടു നോക്കിയാൽ കാണില്ല! അങ്ങനെ അടിസ്ഥാന തൊഴിലാളി ലെവലിൽ ഉള്ള പണി ഒക്കെ ജിഷ്ണുവും രാജുമാണ് ചെയ്യുന്നത്.

പക്ഷെ സുരേഷ് മിടുക്കനാണ്. ചോദ്യങ്ങൾക്ക് ഒക്കെ ഉത്തരം അറിയാമല്ലോ. പഠിപ്പിസ്റ്റ് ആണേ. പിന്നെ യൂണിറ്റ് ചീഫിന്റെ നാട്ടുകാരനാണ്. മയിൽവാഹനൻ എന്നാണ് യൂണിറ്റ് ചീഫിന്റെ പേര്. ചീഫിനെ എപ്പോഴും സോപ്പിട്ട് പതപ്പിച്ചു നിർത്തും. വീട്ടിൽ വേണ്ട പച്ചക്കറി ഒക്കെ വാങ്ങി കൊടുക്കും. കുട്ടിയെ അപ്പിയിടീപ്പിച്ചു കുളിപ്പിക്കും. രോഗികളെ തിരിഞ്ഞു നോക്കില്ല.

സുരേഷ് പാവമാണ്. സാത്വികനാണ്. വെള്ളം അടിക്കൂല്ലല്ലോ. പിന്നെ സിഗരറ്റും വലിക്കൂല്ല. പച്ചവെള്ളം കിട്ടിയാൽ ചവച്ചരച്ചു തിന്നും. മയിൽ വാഹനന്റെ കണ്ണിൽ ഉണ്ണിയാണ് സുരേഷണ്ണൻ.

ജിഷ്ണുവിനും രാജിനും അമർഷമുണ്ട്. ദേഷ്യമുണ്ട്. ഇത്തിരി പക അതും ഇണ്ടെന്നു കൂട്ടിക്കോളൂ. പക്ഷെ എന്ത് ചെയ്യാൻ-ഉണ്ണിയല്ലേ. മറ്റേ; ഏത്? അതന്നെ- കണ്ണിൽ ഉണ്ണി.

ഇത്ര ഒക്കെ പണി ചെയ്തിട്ടും ചിലപ്പോൾ തെറി കിട്ടും. അത് പിന്നെ പതിവാണല്ലോ. ഒരു ദിവസം മൂവരെയും ഒന്നിച്ചു നിരത്തി നിർത്തി മയിൽ സാർ തെറി തുടങ്ങി. വാർഡ് ഒക്കെ കുഴഞ്ഞു മറിഞ്ഞു കിടക്കുക ആണത്രേ. ഡ്രസിങ് സമയത്തിന് ചെയ്യുന്നില്ല. കേസ് ഷീറ്റ് മര്യാദക്ക് എഴുതുന്നില്ല.

തന്നെയും ഉൾപ്പെടുത്തിയതിൽ അതിയായ കുണ്ഠിതം തോന്നിയ സുരേഷണ്ണൻ അവസാനം സാറിനോട് ഉണർത്തിച്ചു;

"സാർ - ഇവുങ്ക രണ്ടും റൊമ്പ കുടിക്കാര് സാർ. ഇന്നെലെയും പോട്ടിട്ടു വന്നത് സാർ. അപ്പറം വേല ഒന്നും ചെയ്യാമെ നടക്കും സർ."

ങേ! ലജ്‌ജാവാഹം. ഇവന്മാർ കുടിക്കാരാ? പിന്നെ രണ്ടിനും പുളിച്ച തെറി ആയിരുന്നു. പിന്നെ അപ്പൊ മുങ്ങിയ സുരേഷിനെ വൈകിട്ട് എട്ടു മണിക്കാണ് ഹോസ്റ്റലിലേക്കുള്ള വഴിക്കിട്ടു ജിഷ്ണുവും വത്സരാജും പിടിക്കുന്നത്.

വത്സരാജ് ഭീകര തടിയനും പൊക്കക്കാരനും ആണ്. അവൻ സുരേഷണ്ണനെ കോളറിൽ പിടിച്ചു അങ്ങനെ തന്നെ പൊക്കി എടുത്തു. ജിഷ്ണു ഇടി തുടങ്ങി. സിനിമ സ്റ്റൈൽ ഇടി ഒന്നും അല്ല-സുരേഷ് ആക്ഷനിൽ ഒന്നും പങ്കടുക്കുന്നില്ലല്ലോ. വെറും വാങ്ങൽ മാത്രമേ ഉള്ളു.

അവസാനം സുരേഷിന്റെ നിറഞ്ഞ വയറിനിട്ടു ഒന്ന് മുട്ടുകാല് കൊണ്ട് തലോടിയിട്ടാണ് രാജ് താഴെ വച്ചത് . വച്ചതും സുരേഷ് ചുമയും ശർദിയും തുടങ്ങി. അത്ര ഉഷാർ ഇടി ആയിരുന്നല്ലോ.കറക്ട് ആ സമയത് ആണ് മയില്‍വാഹനൻ സാർ സ്‌കൂട്ടറിൽ ക്വർട്ടേഴ്സിൽ നിന്നും ആ വഴി വന്നത്. സുരേഷ് വഴി വക്കിൽ ഇരുന്ന് ഗ്വായ് വയ്ക്കുന്ന കണ്ട് സാർ വണ്ടി നിർത്തി.

"നമ്മ സുരേഷ്‌ക്ക് എന്നാ ആച്ചു ഡാ?"

ഞൊടി ഇടയിൽ സുരേഷിന്റെ പുറം ഉഴിഞ്ഞു കൊടുത്തുകൊണ്ട് ജിഷ്ണു മൊഴിഞ്ഞു, "ഒരു ഫുൾ വൈറ്റ് റം അപ്പടിയെ അടിച്ചാച് സാർ. ഒരേ വാന്തി താൻ."

സുരേഷിന് മിണ്ടാൻ പറ്റുന്നില്ല ശ്വാസം കിട്ടണ്ടേ.

"ഇവൻ അപ്പടി ശെയ്യുമോ?"

"ആമാ സാർ - ഡെയിലി ഇത് താൻ, സാർ. നീങ്കെ പൊങ്കേ സാർ. നാൻകെ പാത്തുക്കേറേൻ"

സാർ പോയി. എല്ലാ ഇമ്പ്രെഷനും പോയില്ലേ! "ഗ്വാ" സുരേഷണ്ണൻ ഓക്കാനിച്ചു.

ഈ കഥ ഓർക്കാൻ കാരണം ഉണ്ട്. നമ്മുടെ ആരോഗ്യ രംഗത്ത് പല പ്രശ്നങ്ങളും ഉണ്ട്. നമ്മൾ ഏറ്റവും നല്ല അമേരിക്കയിലും മറ്റുമുള്ള അത്രയും ഉന്നതമായ ചികിത്സ വേണം എന്ന് ആഗ്രഹിക്കുന്നവർ ആണ്. ലോകത്തെ ഏറ്റവും കാശുള്ള രാജ്യമായ അമേരിക്ക 20 ശതമാനത്തോളം രാജ്യ വരുമാനം ആരോഗ്യ കാര്യങ്ങളിൽ ആണ് ചിലവാക്കുന്നത്. അതിൽ പകുതി-പത്തു ശതമാനത്തോളം സർക്കാർ മേഖലയിൽ ആണ്.

നമ്മൾ പ്രതിശീർഷ വരുമാനത്തിൽ അമേരിക്കയുടെ ഏഴയലത്തു വരികയില്ല. നമ്മുടെ വരുമാനത്തിന്റെ വെറും ഒരു ശതമാനം ആണ് സർക്കാർ മേഖലയിൽ ചിലവാക്കുന്നത്. ആനക്ക് ഒരു ഉണക്ക മുന്തിരി കൊടുക്കുന്നത് പോലെ ആണ് ഇവിടുത്തെ ആരോഗ്യ പ്രദാനം.

ഭീകര ആരോഗ്യ അസമത്വങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഡോക്ടർമാർ സ്വയം എന്ത് ചെയ്യണം എന്നും ആരോഗ്യ പോളിസിയിൽ എന്തൊക്കെ ചെയ്യണം എന്നും ആലോചിക്കേണ്ട സമയം ആണല്ലോ.

കട്ട് കൊടുക്കുന്നതിനു എതിരെ എന്ത് ചെയ്യാം? മരുന്നുകൾ, ഉപകരണങ്ങൾ എന്നിവയുടെ അനിയന്ത്രിതം ആയ വില എങ്ങനെ തടയാം? ചിലവ് എങ്ങനെ നിയന്ത്രിക്കാം? ഇത് വരെ ക്രിയാത്‌മകം എന്നതിന്റെ നേരെ എതിര് മാത്രം ചെയ്ത കൊണ്ടിരിക്കുന്ന മെഡിക്കൽ കൗൺസിലിനെ എങ്ങനെ സ്വാധീനിച്ചു നേർവഴിക്കു നടത്താം?

ഇങ്ങനെ എന്ത് മാത്രം കാര്യങ്ങൾ ആണ്. ഈ ഓരോ കാര്യത്തിലും ഡോക്ടർമാരുടെ പങ്കെന്ത്? ഇത് തമാശ അല്ല. യുദ്ധ കാലം വന്നു കഴിഞ്ഞു. പ്രവർത്തിച്ചില്ലെങ്കിൽ കാര്യങ്ങൾ കുഴയും. ഐ എം എ എന്ന അഖിലേന്ത്യ സംഘടനയുടെ നേതാവ് എന്തിപ്പോൾ പറഞ്ഞാലും ആളുകൾ ശ്രദ്ധിക്കും. അത്ര അധികം ഇഷ്യുകൾ ഉണ്ടല്ലോ . അതുകൊണ്ടാണ് അതിന്റെ തലപ്പത്തുള്ള ഒരു വാള് എന്തോ പറഞ്ഞപ്പോൾ ആളുകൾ ചെവി കൂർപ്പിച്ചത്.

"ഡോക്ടർമാർ ഡോക്ടർമാർ അല്ലാത്തവരും ആയി ചേർന്നു മദ്യപിക്കാൻ പാടില്ല. അല്ലാതെ തന്നെ  മദ്യപിക്കുക ആണെങ്കിൽ പതിനെട്ടു മില്ലി ആണുങ്ങളും ഒൻപതു മില്ലി പെണ്ണുങ്ങളും അടിക്കാം. അത്ര നിർബന്ധം ആണെങ്കിൽ. അതായത് ഒരു പെഗ്ഗിന്റെ മൂന്നിലൊന്നും ആറിലൊന്നും." ഹാവൂ ആശ്വാസമായി.

അതായത്-ഡോക്ടർമാർ മരുന്ന് കമ്പനിക്കാരുടെ ചിലവിൽ വെള്ളം അടിക്കരുത്, അവരുടെ കട്ട് വാങ്ങരുത്, കാശ് വാങ്ങിച്ച് റെഫർ ചെയ്യരുത്, ടെസ്റ്റുകളിൽ നിന്നും സ്കാനുകളിൽ നിന്നും കട്ട് വാങ്ങരുത്, ആവശ്യമില്ലാത്തവ ചെയ്യരുത് എന്നൊക്കെ പറഞ്ഞു വ്യക്തമായ മാർഗ നിർദേശങ്ങൾ നൽകി മെഡിക്കൽ കൗൺസിലിനെ സ്വാധീനിച്ചു ഇതൊക്കെ എങ്ങനെ നടപ്പാക്കാം എന്ന് പറഞ്ഞാൽ അത് ശരിയാണ്. അങ്ങനാണ് വേണ്ടത്. ഇതിപ്പം ഐ എം എ ആരാ? എല്ലാ ഡോക്ടർമാരുടെയും അപ്പനോ? അതോ അപ്പാപ്പനോ?

പിന്നെ നല്ല മാതൃക കാണിക്കാൻ നമ്മുടെ രാജ്യത്തിൽ അത്യാവശ്യം വേണ്ട കാര്യങ്ങൾ പറയാം:

എല്ലാവരും ഇൻകം ടാക്സ് ഒട്ടും വെട്ടിക്കാതെ കൊടുക്കണം, മറ്റു സാമ്പത്തിക വെട്ടിപ്പുകൾ നടത്താൻ പാടില്ല, ബെൻസും ഫെറാരിയും വാങ്ങി നാട്ടുകാരെയും മറ്റു പാവപ്പെട്ട ഡോക്ടർമാരെയും കൊതിപ്പിക്കരുത്... അങ്ങനെ എത്ര എത്ര..

ഈ തലപ്പത്തുള്ള വാൾ-നമുക്ക് അദ്ദേഹത്തെ അറക്ക വാൾ എന്ന് വിളിക്കാം- വെള്ളം അടിക്കാത്തവനും ശുദ്ധ ആഹാരിയും ഒക്കെ ആണെന്നാണ് കേട്ടത്. അതൊക്കെ അദ്ദേഹത്തെ സംബന്ധിച്ചു നല്ലതു തന്നെ ആയിരിക്കും. അദ്ദേഹം ഒരു പ്യൂരിട്ടാൻ (PURITAN) ആണെന്ന് വ്യക്തം. എന്ന് വച്ചാൽ ശുദ്ധ ജീവിതത്തിന്റെ വക്താവ് എന്നാണു അർഥം.അല്ലാതെ.... അത് നല്ലതല്ലേ?പിന്നേ.. നല്ലത് ആണെന്ന് മാത്രമല്ല, ഇപ്പൊ ഫാഷനും ആണ്. ഒരു കുറ്റവുമില്ല.

കുറച്ചു കാര്യങ്ങൾ ഈ കുറ്റമില്ലാത്ത നമ്മുടെ അണ്ണൻ മറന്നു എന്ന് തോന്നുന്നു.

ഡോക്ടർമാർ കല്യാണത്തിന് മുൻപ് സെക്സിൽ ഏർപ്പെടാമോ?

കല്യാണം ആരെ ഒക്കെ കഴിക്കാം?

(പിന്നെ ചെവിയിൽ) 'എ' പടം കാണാൻ പാടുണ്ടോ?

സ്വയംഭോഗം പാടുണ്ടോ - ഉണ്ടെങ്കിൽ മാസം എത്ര തവണ?

ഭാര്യ അല്ലെങ്കിൽ ഭർത്താവും തമ്മിൽ ഉള്ള കിടപ്പറയിലെ പ്രവർത്തികളുടെ പരിധി എന്താണ്?

അല്ല, അറിഞ്ഞിരിക്കണമല്ലോ. മയിലുകൾ കരയുമ്പോള്‍ മയിൽ കുഞ്ഞുങ്ങൾ പൊഴിയുന്ന ഈ കാലത്ത് എന്തൊക്കെ ആവാം എന്നു അറിഞ്ഞിരിക്കുന്നത് ആരോഗ്യത്തിനു നല്ലതായിരിക്കുമല്ലോ.

ഗ്വാ...വാള് വെക്കാൻ തോന്നുന്നു, ക്ഷമിക്കണം.

Next Story

Related Stories