TopTop

തിരുസഭ 'വെട്ടുകല്ലും കുമ്മായവും ആകുന്നു'...ആമേന്‍!

തിരുസഭ
വിവാഹിതരാവാൻ പോകുന്ന യുവതീ യുവാക്കൾ ഇടവക വികാരിയെ വേദ പാഠം പറഞ്ഞു കേൾപ്പിക്കുന്ന ഒരു ഏർപ്പാടുണ്ടായിരുന്നു. ഇന്നിപ്പോൾ വേദ പഠനത്തിൽ ഡിപ്ലോമ കോഴ്സും പ്രീമാരിറ്റൽ കൗൺസലിങ്ങും ഒക്കെ നിലവിൽ വന്നതിനാൽ അങ്ങനെ ഒരു ഏർപ്പാട് മിക്കവാറും ഇടവകകളിൽ ഇല്ലെന്നു തന്നെ പറയാം. പണ്ടൊരിക്കൽ വേദ പാഠം കേൾപ്പിക്കാൻ ചെന്ന ഒരു യുവാവിനോട് വികാരി അച്ചൻ ചോദിച്ച ചോദ്യങ്ങളിലൊന്ന് തിരുസഭ എന്നാൽ എന്താകുന്നു എന്നായിരുന്നു. 'വെട്ടു കല്ലും കുമ്മായവുമാണ് അച്ചോ'. തെല്ലും മടിക്കാതെ യുവാവ് പറഞ്ഞ ആ മറുപടി കേട്ട് അച്ചൻ മൂക്കത്തു വിരൽ വെച്ചു പോയത്രേ. അച്ചൻ ചോദിച്ചത് യേശു ക്രിസ്തുവും വിശ്വാസികളും അടങ്ങുന്ന തിരുസഭയെ കുറിച്ചായിരുന്നുവെങ്കിലും യുവാവ് മറുപടി പറഞ്ഞത് തനിക്കു മുന്നിലുണ്ടായിരുന്ന പള്ളി കെട്ടിടം എന്തൊക്കെ ഉപയോഗിച്ചാണ് നിർമ്മിച്ചത് എന്നായിരുന്നു. ആ കെട്ടിടം പോലും ദൈവ ചൈതന്യം നിറഞ്ഞു നിൽക്കുന്ന ഒരു ആലയമായി എന്തുകൊണ്ടോ അയാൾക്ക് തോന്നിയില്ല.

എന്നാൽ അന്ന് ആ യുവാവ് പറഞ്ഞതുപോലെയായിരിക്കുന്നു ഇന്നിപ്പോൾ ദേവാലയങ്ങളുടെയും തിരുസഭയുടേയുമൊക്കെ അവസ്ഥ എന്ന നിലക്കാണ് കാര്യങ്ങളുടെ പോക്ക്. ബിഷപ്പ് വിഷപ്പാമ്പായി മാറുകയും കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്നു. ചില വികാരി അച്ചന്മാർ പെണ്ണുങ്ങളെ കാണുമ്പോൾ വികാരഭരിതരാവുകയും വ്യഭിചാരം ചെയ്യരുത്, അന്യന്റെ ഭാര്യയെ മോഹിക്കരുത് എന്നിങ്ങനെയുള്ള ദൈവവ കല്പനകൾ ലംഘിക്കുന്നു. പ്രായ പൂർത്തിയാവാത്ത പെൺകുട്ടികൾ പോലും വൈദികന്റെ കാമവെറിക്ക് പാത്രമാകുന്നു. യുവ പാതിരിമാർ കുമ്പസാര രഹസ്യം പരസ്യമാക്കുമെന്നു ഭീഷണിപ്പെടുത്തി ഭർതൃമതിയെ പ്രാപിക്കുകയും അവളെ സഹപാതിരിമാർക്കു കൂട്ടിക്കൊടുക്കുകയും ചെയ്യുന്നു. ഇതൊക്കെ കേരളവുമായി ബന്ധപ്പെട്ട വാർത്തകൾ എന്നു പറഞ്ഞു തിരുസഭയെ വെള്ള പൂശാൻ കഴിയില്ല. ആഗോളതലത്തിൽ തന്നെ ഇത്തരം വാർത്തകൾക്ക് ഇന്ന് യാതൊരു പഞ്ഞവുമില്ല. ഇന്നത്തെ പത്രങ്ങളിലും ഉണ്ട് അത്തരത്തിൽ ഒരു വാർത്ത. ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ കാൻബറയിൽ നിന്ന്. രണ്ട് അൾത്താര ബാലന്മാരെ ജെയിംസ് ഫ്ലെച്ചർ എന്നു പേരുള്ള ഒരു പുരോഹിതൻ ലൈംഗികമായി പീഡിപ്പിച്ച സംഭവം മറച്ചു വെച്ചതിനു ഓസ്‌ട്രേലിയയിലെ അഡലൈഡ് ആർച് ബിഷപ്പ് ഫിലിപ്പ് വിത്സനെ കോടതി ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു എന്നതാണ് പ്രസ്തുത വാർത്ത. അൾത്താര ബാലന്മാരെ ലൈംഗികമായി പീഡിപ്പിക്കുന്ന വാർത്ത അത്ര പുതിയതൊന്നുമല്ല. ഇതൊരു ആഗോള പ്രതിഭാസമായി അന്നും ഇന്നും തുടരുന്നു എന്നു മാത്രം. വൈദികർ നടത്തുന്ന ഇത്തരം പീഡനങ്ങളുടെ പേരിൽ ഫ്രാൻസിസ് മാർപാപ്പ ലോകത്തോട് മാപ്പിരന്നതു ഈ അടുത്ത കാലത്തു തന്നെയായാണ്.

ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ നടേ പറഞ്ഞു വെച്ച ആ ചെറുപ്പക്കാരൻ പറഞ്ഞ തിരുസഭ 'വെട്ടുകല്ലും കുമ്മായവും ആകുന്നു' എന്ന മറുപടി ഒരു തിരുത്ത്‌ ആവശ്യപ്പെടുന്നുണ്ടെന്നു തോന്നുന്നു. തിരുസഭ ഇന്ന് കാമ വെറിയന്മാരുടെ കൂടാരവും ദേവാലയങ്ങൾ ചെകുത്താന്റെ ആലയങ്ങളും ആയി മാറിയിരിക്കുന്നു. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ചെകുത്താൻ കയറിയ ഒരു വീടാണ് ഇന്ന് തിരുസഭയും ദേവാലയങ്ങളും. അപ്പോൾ മദ്രസ്സകളും ആശ്രമങ്ങളുമോ എന്നു ചോദിക്കുന്നവരുണ്ടാകാം. അവിടെയൊക്കെയും ഇപ്പറഞ്ഞ കാര്യങ്ങൾ മുറപോലെ നടക്കുന്നുണ്ട്. എങ്കിലും തല്‍ക്കാലം യേശുവിന്റെ പേരിൽ സ്ഥാപിതമായ തിരുസഭയിലേക്കു തന്നെ കടക്കേണ്ടതുണ്ട് എന്നതിനാൽ വിജാതീയരെ മാറ്റിനിറുത്തുന്നു. യേശു ശിക്ഷ്യന്മാരിൽ പ്രധാനിയെന്നു ബൈബിൾ തന്നെ വിക്ഷേപിക്കുന്ന പത്രോസ് എന്ന ഒരു പാവം മുക്കുവനെ ചാരിയാണല്ലോ ഈ തിരു സഭയുടെ നിലനിൽപ്പുപോലും. സഭയിൽ പത്രോസ്സിനൊപ്പം പോന്ന അല്ലെങ്കിൽ അതിലേറെ പ്രാമാണ്യത്വം കല്പിക്കപ്പെടുന്ന മറ്റൊരാൾ കൂടിയുണ്ട് - വിശുദ്ധ പൗലോസ്. ആള് ചില്ലറക്കാരനായിരുന്നില്ല. ഇരട്ട വ്യക്‌തിത്വം ഉണ്ടായിരുന്ന ഒരാൾ. യഹൂദൻ ആയിരിക്കുമ്പോഴും റോമക്കാരൻ. യേശുവിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ അനുചരന്മാരെ ഉൻമൂലനം ചെയ്യാൻ കച്ചകെട്ടി ഇറങ്ങി പുറപ്പെട്ട കൂലിപ്പടയുടെ ക്യാപ്റ്റൻ. ഇടയ്ക്കു മാനസ്സാന്തരം വന്ന് യേശു ശിക്ഷ്യൻ എന്നു സ്വയം അടയാളപ്പെടുത്തിയ ആൾ. യേശുവിനെ വധിക്കുമ്പോൾ റോമാ സാമ്രാജ്യത്തിനു കീഴിലായിരുന്നു പഴയ യെഹൂദാ നാടും എന്നതും പിന്നീട് എന്തുകൊണ്ട് റോം ക്രൈസ്തവ സഭയുടെ ആസ്ഥാനമായെന്നും കൂടി മനസ്സിലാക്കിയാൽ ഈ പണക്കിലുക്കത്തിന്റെയും ലൈംഗിക പീഡനങ്ങളുടെയും ആകെ മൊത്തം ഒരു ചിത്രം ലഭിക്കും. പത്രോസിനെ ചാരി പൗലോസ് സ്ഥാപിച്ച സഭ എന്നു വേണമെങ്കിൽ വത്തിക്കാൻ ആസ്ഥനമായി പ്രവർത്തിക്കുന്ന പാസ്പോർട്ട് മുതൽ മീഡിയ വരെ എല്ലാം സ്വന്തം എന്ന ഈ സ്വയം പ്രഖ്യാപിത രാഷ്ട്രത്തിൽ നിന്നും പ്രവർത്തിക്കുന്ന ഈ സംവിധാനത്തെ വിളിക്കാം. സത്യത്തിൽ അതാണ് ശരിയും.

Also Read: ദൈവത്തിനും വിശ്വാസികള്‍ക്കുമിടയിലുള്ള ഹോട്ട് ലൈന്‍ ബന്ധത്തില്‍ ഇനി പാതിരിമാര്‍ വേണോ….? പോപ്പ് ആലോചിക്കട്ടെ…

നിറ്റ്‌ഷെ പറഞ്ഞപോലെ ദൈവം എന്നേ മരിച്ചു കഴിഞ്ഞിരിക്കുന്നു. മാലാഖമാർ കയറാൻ ഭയപ്പെടുന്നിടങ്ങളിൽ പോലും ചെകുത്താൻ സധൈര്യം കയറിപ്പറ്റുക മാത്രമല്ല ഭരണം നടത്തുകയും ചെയ്യുന്നു എന്നിടത്തു നിന്നാണ് നമ്മൾ ഇപ്പോൾ കാര്യങ്ങളെ കാണേണ്ടത് എന്നു തോന്നുന്നു. കൂട്ടത്തിൽ നിമിത്തങ്ങളിൽ ഏറെ വിശ്വാസം അർപ്പിക്കുന്ന ബന്ധുവായ ഒരു പാതിരി പറഞ്ഞത് കൂടി പറഞ്ഞു പൗലോസ് ശ്ലീഹ വിജാതീയർക്കുർക്കും കൊരിന്ത്യക്കാർക്കും ഒക്കെ എഴുതിയ പോലുള്ള ഈ കുറിമാനം അവസാനിപ്പിക്കാം.

ഇന്നലെ സെയ്ന്‍റ് തോമസ് ഡേ ആയിരുന്നു. അതായത് ഇന്ത്യയിലും കേരളത്തിലും ഒക്കെ വന്ന് മത പ്രചാരണം നടത്തുകയും അനേകരെ യേശു ഭക്തരാക്കുകയും ചെയ്ത തോമാസ് ശ്ലീഹായുടെ രക്തസാക്ഷിത്വം കേരള ന്രസ്രാണികൾ കൊണ്ടാടുന്ന ദിനം. കലണ്ടറിലെ ജൂലൈ മൂന്ന് ആ ദിനമാണ്. സുറിയാനി ഭാഷയിൽ ദുഖരാന എന്നും മലയാളത്തിൽ തോറാന എന്നും അറിയപ്പെടുന്ന ആ സുദിനം ഇന്നലെയായിരുന്നു. 'തോറാന ദിവസം ആറ് ആന ഒലിച്ചുപോകും വിധം മഴ പെയ്യുമെന്നന്നാണ് നസ്രാണി ശാസ്ത്രം. ഇന്നലെ മഴ പിണങ്ങി നിന്നു. അത് വലിയ വിപത്താണെന്നു ബന്ധു കത്തനാർ. എങ്കിൽ പിന്നെ ഇങ്ങനെയൊന്നു പാടിക്കോട്ടെയെന്നു ഈ ഞാൻ. പാട്ട് അങ്ങോട്ട് കൊല്ലുന്നതിനു മുൻപ് തന്നെ അദ്ദേഹം അത് ഇങ്ങോട്ടു പാടി, 'മലകളെ വരൂ മൂടുക ഞങ്ങളെ' എന്ന ആ പഴയ ക്രിസ്ത്യൻ ഡിവോഷണൽ സോങ്. കുരിശും പേറി ഗാകുൽത്താമലയിലേക്കു ക്രൂശിതനാവാൻ നടന്നു നീങ്ങുന്ന തന്നെ നോക്കി കണ്ണീർ വാർത്ത യെരുശലേം പുത്രിമാരെ നോക്കി യേശു ചൊല്ലിയ മറുവാക്ക്.

ഇനിയിപ്പോൾ ഏതു മലകൾക്കാണ് നിങ്ങളെ മൂടാൻ കഴിയുക? അറിയില്ല. എങ്കിലും ഒരു കാര്യം ഉറപ്പാണ്. കുമ്പസാര രഹസ്യങ്ങൾ കേട്ട് പാപ ജീവിതത്തിലേക്ക് ഇടയന്മാർ ഇറങ്ങി പുറപ്പെടുന്ന ഇക്കാലത്ത് തിരുസഭ ഒരു നല്ല കുമ്പസാരം നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. രഹസ്യ കുമ്പസ്സാരം നടത്തിയാൽ മാത്രം മതിയാവില്ല. പരസ്യമായി തന്നെ തെറ്റുകൾ ഏറ്റു പറയുകയും പഴയ നിയമത്തിൽ പറയുന്നതുപോലെ തല മുണ്ഡനം ചെയ്തു ചാരം പൂശി നടക്കുകയും വേണ്ടിവരും ഇങ്ങനെയൊക്കെ പോയാൽ.

Also Read: സ്ത്രീകളേ, കുമ്പസാരക്കൂട്ടിലുള്ളത് ളോഹയിട്ട പുരുഷനാണ്, ക്രിസ്തുവല്ല; ജാഗ്രത പാലിക്കുക

Next Story

Related Stories