TopTop

ഹിന്ദുക്കളാണ് ഇന്ത്യയിലെ ആദിമ ജനതയെന്ന് 'തെളിയിക്കാന്‍' മോദി കമ്മിറ്റിയുണ്ടാക്കി; റോയിട്ടേഴ്സ് വെളിപ്പെടുത്തല്‍

ഹിന്ദുക്കളാണ് ഇന്ത്യയിലെ ആദിമ ജനതയെന്ന്
കഴിഞ്ഞ വര്‍ഷം ജനുവരി ആദ്യ ആഴ്ച ഒരു സംഘം പണ്ഡിതര്‍ സെന്‍ട്രല്‍ ഡല്‍ഹിയിലെ വെള്ള പെയിന്‍റടിച്ച ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ ഓഫീസിന്റെ ബംഗ്ലാവില്‍ ഒത്തുകൂടി. ഇന്ത്യയുടെ ചരിത്രം മാറ്റി എഴുതി ഹിന്ദുക്കളാണ് ഈ രാജ്യത്തെ ആദിമ നിവാസികള്‍ എന്നു സ്ഥാപിക്കുകയായിരുന്നു ആ ‘പണ്ഡിത’സദസിന്‍റെ ചര്‍ച്ചയുടെ കേന്ദ്ര വിഷയം.

ആ കൂടിക്കാഴ്ചയ്ക്കും ആറ് മാസം മുന്‍പ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഇരു ചെവിയറിയാതെ ഇത്തരമൊരു കമ്മിറ്റിയെ നിയമിച്ചിരുന്നു എന്ന വാര്‍ത്ത ഇതാദ്യമായി പുറത്തുവന്നിരിക്കുന്നു. സംസ്കൃത പണ്ഡിതന്‍മാരും ഭാഷാ വിദഗ്ദ്ധരും പുരാവസ്തു വിദഗ്ദ്ധരും ഭൌമശാസ്ത്രജ്ഞന്‍മാരും ഉദ്യോഗസ്ഥരും അടക്കം 14 പേര്‍ അടങ്ങുന്നതാണ് കമ്മിറ്റിയെന്നാണ് റോയിട്ടേഴ്സിന്റെ വെളിപ്പെടുത്തല്‍.

ഇന്നത്തെ ഹിന്ദുക്കള്‍ രാജ്യത്തെ ആദിമ മനുഷ്യസമൂഹത്തിന്റെ നേര്‍ പിന്‍മുറക്കാരാണ് എന്നു പുരാവസ്തു കണ്ടെത്തലുകളുടെയും ഡി എന്‍ എ പഠനത്തിലൂടെയും തെളിയിക്കുകയാണ് ഈ കമ്മിറ്റിയുടെ ലക്ഷ്യമെന്ന് യോഗത്തിന്റെ മിനുറ്റ്സ് പരിശോധിച്ചതില്‍ നിന്നും കമ്മിറ്റി മെമ്പര്‍മാരുമായി നടത്തിയ അഭിമുഖങ്ങളില്‍ നിന്നും വ്യക്തമാകുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുരാതന ഹിന്ദു പുരാണങ്ങള്‍ വെറും കെട്ടുകഥകള്‍ അല്ലെന്നും ചരിത്ര വസ്തുതകളാണ് എന്നും തെളിയിക്കുക കൂടി കമ്മിറ്റിയുടെ ലക്ഷ്യത്തില്‍പെടുന്നു.

രാഷ്ട്രീയ അധികാരം കൈപ്പിടിയില്‍ ഒതുക്കിയെങ്കിലും അതിനുമപ്പുറം രാജ്യത്തിന്റെ സ്വത്വത്തെ ഹിന്ദു മത കാഴ്ചപ്പാടുകള്‍ക്കൊപ്പം പരിവര്‍ത്തിപ്പിച്ചെടുക്കുക എന്നതാണ് ഹിന്ദു ദേശീയ വാദികളുടെ ലക്ഷ്യമെന്ന് തെളിയിക്കുന്നതാണ് 'ചരിത്ര' സമിതിയിലെ അംഗങ്ങളുടെയും മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെയും അഭിപ്രായ പ്രകടനങ്ങള്‍. ആത്യന്തികമായി ഇന്‍ഡ്യ ഹിന്ദുക്കളുടെയും ഹിന്ദുക്കള്‍ക്ക് വേണ്ടിയും ഉള്ള രാഷ്ട്രമാണ് എന്നു സ്ഥാപിക്കുക. ബ്രിട്ടീഷ് ഭരണ കാലം മുതല്‍ ചരിത്ര വസ്തുതകളുടെ അടിസ്ഥാനത്തില്‍ അംഗീകരിക്കപ്പെട്ടുവരുന്ന ബഹു സംസ്കാര ആഖ്യാനത്തെ വെല്ലുവിളിക്കുകയാണ് ഇത്തരമൊരു കമ്മിറ്റി രൂപീകരണത്തിലൂടെ ഹിന്ദുത്വ സര്‍ക്കാര്‍ ചെയ്യുന്നത്.

പ്രാചീന ചരിത്രത്തിന്റെ ചില ഭാഗങ്ങള്‍ മാറ്റി എഴുതാനാണ് ഗവണ്‍മെന്‍റ് തന്നോടു ആവശ്യപ്പെട്ടിരിക്കുന്നത് എന്നു കമ്മിറ്റി അദ്ധ്യക്ഷന്‍ കെ എന്‍ ദീക്ഷിത് റോയിട്ടേഴ്സിനോട് പറഞ്ഞു. ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയിലെ മുതിര്‍ന്ന മുന്‍ ഉദ്യോഗസ്ഥനാണ് ദീക്ഷിത്.

സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മ്മ പറഞ്ഞത് ഇന്ത്യയുടെ ചരിത്രം പുനര്‍രചിക്കാനുള്ള വലിയ പദ്ധതിയുടെ ഭാഗമാണ് കമ്മിറ്റിയുടെ പ്രവര്‍ത്തനം എന്നാണ്. ഇന്ത്യന്‍ ചരിത്രത്തിന്റെ യഥാര്‍ത്ഥ നിറം കാവിയാണ് എന്നാണ് ആര്‍ എസ് എസ് വക്താവ് മന്‍മോഹന്‍ വൈദ്യ പറഞ്ഞത്. സാംസ്കാരിക മാറ്റം ഉണ്ടാക്കണമെങ്കില്‍ ചരിത്രം മാറ്റി എഴുതേണ്ടതുണ്ട് എന്നും അദ്ദേഹം അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കുന്നു.

പുരാണ ഹിന്ദു ഗ്രന്ഥങ്ങള്‍ കഥകള്‍ അല്ലെന്നും വസ്തുതകള്‍ ആണെന്നും സ്ഥാപിച്ചാല്‍ മാത്രമേ രാജ്യത്തിന്റെ ഭൂതകാല പ്രഭാവം പുനഃസ്ഥാപിക്കാന്‍ കഴിയുകയുള്ളൂ എന്നും ഇപ്പോള്‍ അതിനുള്ള സമയമാണ് എന്നുമാണ് ആര്‍ എസ് എസ് ചരിത്ര വിഭാഗം തലവന്‍ ബാല്‍മുകുന്ദ് പാണ്ഡെ പറഞ്ഞത്.

12,000 വര്‍ഷം മുന്‍പ് മുതലുള്ള ഇന്ത്യന്‍ സംസ്കാരത്തിന്റെ ഉത്ഭവവും പരിണാമവും സമഗ്രമായി പഠിക്കുകയും 'ആദിമ ഹിന്ദു' എന്ന ചരിത്ര വ്യാഖ്യാനം പാഠപുസ്തകങ്ങളിലും ഗവേഷണങ്ങളിലും ഉള്‍പ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം. 3000-4000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മദ്ധ്യേഷ്യയില്‍ നിന്നും വന്നവരാണ് ആദിമ ഇന്ത്യന്‍ ജനത എന്ന കാലങ്ങളായി പഠിപ്പിക്കുന്ന ചരിത്രത്തിന് പകരം പുതിയ ചരിത്രം പഠിപ്പിക്കും.

ഈ മണ്ണില്‍ ആദ്യമായി കാല്‍കുത്തിയത് ആരാണ് എന്നത് ഹിന്ദു ദേശീയവാദികളെ സംബന്ധിച്ചിടത്തോളം പ്രധാനമാണ് എന്നാണ് ചരിത്രകാരി റൊമില ഥാപ്പര്‍ അഭിപ്രായപ്പെട്ടത്. കാരണം ഒരു ഹിന്ദു രാഷ്ട്രത്തില്‍ ഹിന്ദുക്കള്‍ക്ക് പ്രഥമ സ്ഥാനം കിട്ടണമെങ്കില്‍ അവരുടെ അടിസ്ഥാന ജനസമൂഹം ഒരിക്കലും കടന്നു വന്നവര്‍ ആകാന്‍ പാടില്ല എന്നതുതന്നെ.

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏഴു ദശാബ്ദക്കാലം ഭാരതീയതയുടെ അടിസ്ഥാനം ബഹുസംസ്കാരികതയിലുള്ള വിശ്വാസമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് സാംസ്കാരിക മേധാവിത്വത്തിന് വഴിമാറി കൊടുത്തിരിക്കുന്നു എന്നു എംപിയും എഴുത്തുകാരനുമായ ശശി തരൂര്‍ അഭിപ്രായപ്പെട്ടു.

ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും സംസ്കൃത പണ്ഡിതനുമായ സന്തോഷ് കുമാര്‍ ശുക്ല ആണ് ഒരു സമിതി അംഗം. ഹിന്ദു സംസ്കാരം ലക്ഷക്കണക്കിനു വര്‍ഷം പഴക്കമുള്ളതാണ് എന്നാണ് താന്‍ വിശ്വസിക്കുന്നത് എന്നാണ് ശുക്ല റോയിട്ടേഴ്സിനോട് പറഞ്ഞത്.

മറ്റൊരു സമിതി അംഗവും ഡല്‍ഹി സര്‍വ്വകലാശാല ഭാഷാ ശാസ്ത്ര വിഭാഗം മേധാവിയായ രമേഷ് ചന്ദ് ശര്‍മ്മ പറഞ്ഞത് തനിക്ക് പ്രത്യേക പ്രത്യയ ശാസ്ത്ര ആഭിമുഖ്യം ഒന്നും ഇല്ല എന്നും ശാസ്ത്രീയമായ സമീപനമായിരിക്കും താന്‍ സ്വീകരിക്കുക എന്നുമാണ്.

എന്നാല്‍ സമിതിയെ നിയോഗിച്ച സാംസ്കാരിക മന്ത്രിയുടെ വാക്കുകളില്‍ സമിതി ചെയ്യാന്‍ പോകുന്നത് എന്തായിരിക്കും എന്നതിന്റെ വ്യക്തമായ സൂചനയുണ്ട്. “ഞാന്‍ രാമായണത്തെ ആരാധിക്കുന്ന ഒരാളാണ്. അത് ഒരു ചരിത്ര രേഖയായിട്ടാണ് ഞാന്‍ കാണുന്നത്. അതൊരു കഥയാണെന്ന് കരുതുന്നത് പൂര്‍ണ്ണമായും തെറ്റായ കാര്യമാണ്” വേദങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള സരസ്വതി നദി യഥാര്‍ഥമാണ് എന്നു തെളിയിക്കാന്‍ പുരാവസ്തു പഠനങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കും എന്നും മഹേഷ് ശര്‍മ്മ പറയുന്നു.

Next Story

Related Stories