Top

അട്ടപ്പാടിയിലെ മധുവിന്റെ സഹോദരി ചന്ദ്രികയ്ക്ക് ആശംസകള്‍! മറ്റ് 73 ആദിവാസി യുവതിയുവാക്കള്‍ക്കും; പക്ഷേ...

അട്ടപ്പാടിയിലെ മധുവിന്റെ സഹോദരി ചന്ദ്രികയ്ക്ക് ആശംസകള്‍! മറ്റ് 73 ആദിവാസി യുവതിയുവാക്കള്‍ക്കും; പക്ഷേ...
അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റ സഹോദരി ചന്ദ്രിക ഇനി പോലീസുകാരി. സ്വന്തം സഹോദരനെ ആള്‍ക്കൂട്ടം കൈ കൂട്ടിക്കെട്ടി തല്ലിയപ്പോള്‍ ഒരു മോഷ്ടാവായി പിടിച്ചുകൊണ്ടുപോയ അതേ കേരള പോലീസില്‍. നീതി നിഷേധത്തിന്റെ തീവ്ര അനുഭവത്തിലൂടെ കടന്നു വരുന്ന ഈ യുവതി നിയമ പരിപാലനത്തില്‍ മികച്ച മാതൃകയാവും എന്നു കരുതാം. ചന്ദ്രികയ്ക്ക് ആശംസകള്‍!

ഇന്ന് കേരള പോലീസിന്റെ ചരിത്രത്തിലെ മറ്റൊരു സുപ്രധാന ദിനം കൂടിയാണ്. സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റിലൂടെ കേരള പോലീസ് സേനയിലേക്ക് 74 ആദിവാസി യുവതി യുവാക്കള്‍ കടന്നു വരുന്നു എന്നുള്ളതാണ്. അതില്‍ 22 സ്ത്രീകളും 52 പുരുഷന്‍മാരുമാണ് എന്ന പ്രത്യേകത കൂടിയുണ്ട്. ആദിവാസി മേഖലയില്‍ നിന്നും ഇന്ത്യയില്‍ തന്നെ നടക്കുന്ന ഏറ്റവും വലിയ സ്പെഷ്യല്‍ റിക്രൂട്ട്മെന്റാണ് ഇത് എന്നും മാധ്യമങ്ങള്‍ പറയുന്നു.

പോലീസ് സേനയില്‍ ആദിവാസി വിഭാഗങ്ങളുടെ പ്രാതിനിധ്യം തുലോം കുറവാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു സ്പെഷ്യല്‍ റിക്രൂട്ട്മെന്റിന് സര്ക്കാര്‍ തയ്യാറായത്. ആദിവാസി വിഭാഗങ്ങളില്‍ തന്നെ ഏറ്റവും പിന്നോക്ക വിഭാഗമായ പണിയന്‍, അടിയാന്‍, കാട്ടുനായ്ക്കര്‍ വിഭാഗത്തിലുള്ളവര്‍ക്കാണ് ഊന്നല്‍ നല്കിയിരിക്കുന്നത് എന്നു ടൈംസ് ഓഫ് ഇന്‍ഡ്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വയനാട് ജില്ലയിലും അട്ടപ്പാടി ബ്ലോക്കിലും നിലമ്പൂര്‍ ബ്ലോക്കിലുമാണ് ഇവര്‍ക്ക് നിയമനം നല്‍കുക.

അതേസമയം ഇത് സംസ്ഥാനത്തെ ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ചു ശക്തിപ്പെടുന്ന ഇടതു തീവ്രവാദ പ്രവര്‍ത്തനങ്ങളെ തടയുക എന്നു ലക്ഷ്യം വെച്ചാണ് ഇത്തരമൊരു പദ്ധതിക്കു രൂപം കൊടുത്തത് എന്നും ടൈംസും മലയാള മനോരമയും റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ആദിവാസി യുവാക്കളെ സാമൂഹിക മുഖ്യധാരയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ച് നടപ്പില്‍ വരുത്തുന്ന പദ്ധതി പ്രത്യേക സേനയുടെ രൂപീകരണമാണ് എന്നു മുസ്ലിംലീഗ് എം എൽ എമാരായ കെ എം ഷാജി, മഞ്ഞളാംകുഴി അലി, എൻ എം ഷംസുദീൻ, എൻ എ നെല്ലിക്കുന്ന് എന്നിവര്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി സഭയില്‍ പ്രസ്താവിക്കുകയുണ്ടായി. 'സംസ്ഥാനത്തു ഇടതു തീവ്രവാദം ശക്തിപ്പെടുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ. ഉണ്ടെങ്കിൽ അതിനെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ചു വിശദീകരിക്കാമോ?' എന്നതായിരുന്നു മാര്‍ച്ചില്‍ നടന്ന നിയമസഭാ സമ്മേളനത്തില്‍ ഇവര്‍ എഴുതി നൽകിയ ചോദ്യം.

'കേരളത്തിൽ മലപ്പുറം, പാലക്കാട്, വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകൾ മാവോയിസ്റ്റ് ഭീഷണിയുടെ നിഴലിലാണെന്നും കേന്ദ്ര സർക്കാരിന്റെ Security Related Expenditure Scheme (SRES) പദ്ധതിയിൽ ഉൾപ്പെടുത്തി ഈ പ്രദേശങ്ങളിൽ ഒരു പ്രത്യേക സേന രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇതിനായി 75 വീതം ആദിവാസി വിഭാഗത്തിൽ പെട്ട യുവതീ യുവാക്കളെ പി എസ് സി മുഖേന റിക്രൂട്ട് ചെയ്യും.' എന്നുമാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.

മാവോയിസ്റ്റ് വേട്ട ലക്ഷ്യമിട്ടു 2006ൽ ഛത്തീസ്ഗഡിൽ രൂപീകരിക്കപ്പെട്ട ‘സാൽവാ ജൂദും’ എന്ന സമാന്തര സേനയുടെ മാതൃകയല്ലേ എന്ന ചോദ്യമാണ് മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന പുറത്തുവന്നപ്പോള്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയര്‍ന്ന സംശയം. അത് ഉറപ്പിക്കുന്നതാണ് ഇന്നത്തെ മാധ്യമ വാര്‍ത്തകളും. ഇവര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായാണ് നിയമിക്കപ്പെടുന്നതെങ്കിലും ഇവരുടെ പ്രവര്‍ത്തന മേഖല മാവോയിസ്റ്റ് ഭീഷണി ഉണ്ട് എന്നു കരുതുന്ന വയനാട്, അട്ടപ്പാടി, നിലമ്പൂര്‍ മേഖലകളിലായിരിക്കും എന്നും ഉറപ്പിച്ച് കഴിഞ്ഞു.

“ഗോണ്ടി ഭാഷയിൽ ‘സാൽവാ ജൂദും’ എന്ന വാക്കിനർത്ഥം ‘പീസ് മാര്‍ച്ച്’ എന്നാണെങ്കിലും ‘ഓപ്പറേഷൻ ഗ്രീൻ ഹണ്ട്’ എന്നറിയപ്പെട്ട മാവോയിസ്റ്റ് വേട്ടക്ക് നിയോഗിക്കപ്പെട്ട ഈ സേന കൂട്ട ബലാത്സംഗം, കൊള്ള, കൂട്ടക്കുരുതി തുടങ്ങിയ കൊടിയ മനുഷ്യാവകാശ ലംഘനങ്ങൾക്കാണ് നേതൃത്വം നൽകിയത്. ഇക്കാര്യം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് 2011 ൽ ഈ സമാന്തര സേനയെ സുപ്രീം കോടതി നിരോധിച്ചതിനെ തുടർന്ന് പിരിച്ചുവിടപ്പെടുകയാണുണ്ടായത്. ആയുധ പരിശീലനം നൽകി ആദിവാസികളെ ആദിവാസികൾക്കെതിരെ തിരിച്ചുവിടുന്ന തന്ത്രമാണ് അന്ന് കേന്ദ്ര സർക്കാരും ഛത്തീസ്ഗഡ് ഭരണകൂടവും ചേർന്ന് നടത്തിയത്. സാൽവാ ജൂദും എന്ന സമാന്തര സേന രൂപീകൃതമായി രണ്ടു വര്‍ഷം തികയുന്നതിനു മുൻപ് തന്നെ സിവിലിയന്മാർക്കു ആയുധം നൽകി കൊല്ലാൻ പറഞ്ഞുവിടുന്നതിനെതിരെ സുപ്രീം കോടതി രണ്ടു സർക്കാരുകൾക്കും മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും സമാന്തര സേനയുടെ തേർവാഴ്ച 2011 വരെ നീണ്ടു നിന്നു.” ഈ വാര്‍ത്ത പുറത്തുവന്ന സമയത്ത് കെ എ ആന്‍റണി അഴിമുഖത്തില്‍ എഴുതി.

ഛത്തീസ്ഗഡല്ല കേരളം എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ 2016ല്‍ നിലമ്പൂരില്‍ രണ്ടു മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് വ്യാജ എട്ടുമുട്ടലിലൂടെ ആയിരുന്നു എന്നത് ഞെട്ടലുണ്ടാക്കുന്ന ഓര്‍മ്മയാണ്.

എന്തായാലും തൃശൂര്‍ പോലീസ് അക്കാദമിയില്‍ ഒന്‍പത് മാസത്തെ പരിശീലനം കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ അറിയാം ഇവര്‍ എന്തുതരം സേനയായിരിക്കുമെന്ന്.

https://www.azhimukham.com/keralam-salwajudum-model-tribal-force-in-kerala-to-counter-maoist-threat/

https://www.azhimukham.com/maoits-encounter-nilamboor-grow-vasu-civic-chandran-reactions-azhimukham/


Next Story

Related Stories