TopTop

ഈ വില്ലേജ് ഓഫീസ് നിങ്ങളെ 'ഞെട്ടിക്കും'; കാണാന്‍ കോഴിക്കോട് ചെറുവണ്ണൂരേക്ക് പോരൂ...

ഈ വില്ലേജ് ഓഫീസ് നിങ്ങളെ
ഒരു തവണയെങ്കിലും വില്ലേജ് ഓഫീസിൽ കയറിയിറങ്ങാത്തവരായി ആരും തന്നെ ഉണ്ടാവില്ല. വിവിധ ആവശ്യങ്ങൾക്കായി സാധാരണക്കാരൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സർക്കാർ ഓഫീസുകളിൽ ഒന്നാണ് വില്ലേജ് ഓഫീസ്. എന്നാൽ പലപ്പോഴും സർക്കാർ സ്ഥാപനങ്ങളിലെത്തുന്നവരെ കാത്തിരിക്കുന്നത് ഉദ്യോഗസ്ഥ ഗർവ്വും കാര്യക്ഷമമല്ലാത്ത പ്രവർത്തന ശൈലിയുമൊക്കെയാണ്. പൊതുജനങ്ങൾക്ക് അവകാശപ്പെട്ട സേവനങ്ങൾ നൽകാൻ ബാധ്യസ്ഥരായ ഉദ്യോഗസ്ഥർ തന്നെ നിസാരമായ കാരണങ്ങൾ പറഞ്ഞും ഉദാസീനത കൊണ്ടും ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ഇതിന്റെ അനന്തര ഫലങ്ങളായിരുന്നു കോഴിക്കോട് ചെമ്പനോടയിലെ കർഷക ആത്മഹത്യയും, കൊച്ചി ആമ്പല്ലൂർ വില്ലേജ് ഓഫീസ് കത്തിച്ച സംഭവവും എല്ലാം. നിസാര കാരണങ്ങൾ കാണിച്ച് ജനങ്ങളെ മാസങ്ങളോളം ഓരോ ഓഫീസിലും കയറ്റി ഇറക്കുന്നത് ചില ഉദ്യോഗസ്ഥർക്ക് ഹോബിയായി മാറിക്കഴിഞ്ഞു. അത്തരക്കാർക്കിടയിൽ ചെറുവണ്ണൂർ വില്ലേജ് ഓഫീസും അവിടുത്തെ വില്ലേജ് ഓഫിസർ പി.എം റഹീമും വേറിട്ടൊരു മാതൃകയാണ്. ഒരു ജനസേവന കേന്ദ്രവും അവിടുത്തെ ഉദ്യോഗസ്ഥരും എങ്ങനെ ആവണം എന്നതിന്റെ ഉത്തമ മാതൃക. റഹീമും അദ്ദേഹത്തിന്റെ വില്ലേജ് ഓഫീസും മുന്നോട്ടു വെക്കുന്ന ആശയങ്ങൾ മറ്റ് വില്ലേജ് ഓഫീസുകളും ഏറ്റടുക്കണം എന്നാണ് ജനങ്ങളും ആഗ്രഹിക്കുന്നത്.

2016 -ലാണ് ചെറുവണ്ണൂർ വില്ലേജ് ഓഫീസറായി റഹീം ചാർജെടുക്കുന്നത്. ആ സമയത്തെ ചെറുവണ്ണൂർ വില്ലേജ് ഓഫീസിന്റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. "1970 ൽ പണിത ഒരു ഒറ്റ നില കെട്ടിടമായിരുന്നു ഇത്. കോണ്‍ക്രീറ്റ് ആയിരുന്നു എന്നേ ഉളളൂ. ആകെ പൊട്ടിപ്പൊളിഞ്ഞു വീഴാറായ അവസ്ഥയിലായിരുന്നു. ഒരു ഓഫീസ് ആണെന്ന് പോലും തോന്നില്ലായിരുന്നു" റഹീം പറയുന്നു. മേൽക്കൂര ഒന്നായി നശിച്ച് ചോർന്നൊലിക്കുന്ന, ഫയലുകൾ പോലും സൂക്ഷിക്കാൻ ഇടമില്ലാത്ത, ഇരിക്കാൻ പോലും നല്ല ഫർണിച്ചർ ഇല്ലാതിരുന്ന ആ വില്ലേജ് ഓഫീസാണ് ഇന്നത്തെ ഈ പുതിയ വില്ലേജ് ഓഫിസ് എന്നത് വിശ്വസിക്കാൻ പോലും പ്രയാസമാണ്. കാരണം അത്രകണ്ട് സ്മാർട്ടായി കഴിഞ്ഞു ഈ വില്ലേജ് ഓഫീസ്. അതിനു പിന്നിൽ പ്രവർത്തിച്ചതാവട്ടെ റഹീം എന്ന സർക്കാർ ഉദ്യോഗസ്ഥന്റെ നിശ്ചയദാർഢ്യവും.

"എല്ലാവരും കരുതുന്നത് സർക്കാർ ഓഫിസ് എങ്ങനെ നശിച്ചാലും മോശമായാലും അത് ശെരിയാക്കേണ്ടത് സർക്കാരിന്റെ മാത്രം ഉത്തരവാദിത്വം ആണെന്നാണ്. ജോലി ചെയ്യുന്ന സ്ഥലം നമ്മുടെ വീടു പോലെ കണ്ടാൽ പരിഹരിക്കാവുന്ന ചില കാര്യങ്ങളുമുണ്ട്." റഹീം പറയുന്നു. ജനസേവന കേന്ദ്രമാണ് ഒരു വില്ലേജ് ഓഫിസ്. അതുകൊണ്ടു തന്നെ ജനപ്രതിനിധികളെയും പൊതുപ്രവർത്തകരെയും പരിസര നിവാസികളെയും ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ജനകീയ യോഗം വിളിച്ചു ചേർക്കുക എന്നതായിരുന്നു റഹീമിന്റെ പദ്ധതിയിലെ ആദ്യ പടി. തങ്ങളുടെ വില്ലേജ് ഓഫിസ് സംരക്ഷിക്കേണ്ടത് തങ്ങളുടെ ഓരോരുത്തരുടെയും കടമയാണെന്ന തിരിച്ചറിവ് അവിടെ വന്ന ഓരോരുത്തർക്കുമുണ്ടായി. അവർ ഒരുമിച്ചൊരു ജനകീയ കമ്മിറ്റി രൂപീകരിച്ചു. ആ കമ്മിറ്റിയുടെ നെടുംതൂണായി റഹീം എന്ന വില്ലേജ് ഓഫീസറും ഉണ്ടായിരുന്നു.
"ഒരു മാസം ചുരുങ്ങിയത് 5000 ത്തോളം അപേക്ഷകളെങ്കിലും ഓരോ വില്ലേജ് ഓഫീസിലും വരും. അടിസ്ഥാന സൗകര്യങ്ങളാണ് ആദ്യം വരേണ്ടത്. അപ്പോഴേ ജനങ്ങളും ഉദ്യോഗസ്ഥരും തമ്മിൽ ഒരു സൗഹൃദ അന്തരീക്ഷം ഉണ്ടാവുകയുള്ളൂ. സർക്കാർ ഫണ്ടിനു വേണ്ടി കാത്തിരിക്കുന്നതിലും നല്ലത് നമ്മൾ തന്നെ മുന്നിട്ടിറങ്ങുന്നതാണെന്ന് തോന്നി."


ചെറുവണ്ണൂർ വില്ലേജ് ഓഫീസിന്റെ ആവശ്യങ്ങളും പരിമിതികളും തിരിച്ചറിഞ്ഞ സ്ഥലം എം എൽ എ വി.കെ.സി മമ്മദ് കോയ കെട്ടിടത്തിന്റെ മേൽക്കൂര മാറ്റി പണിയുന്നതിനായി ചിലവാകുന്ന പണം സ്വന്തം അക്കൗണ്ടിൽ നിന്നും നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചതോടെ ഒരുപാട് ആളുകൾ ചെറുതും വലുതുമായ സഹായങ്ങളുമായി എത്തി. അതൊരു തുടക്കമായിരുന്നു. സർക്കാർ ഓഫിസുകളുടെ സങ്കല്പങ്ങളെ പോലും മാറ്റിമറിച്ചു കൊണ്ട് കെട്ടിലും മട്ടിലും മാറാനൊരുങ്ങുകയായിരുന്നു ചെറുവണ്ണൂർ വില്ലേജ് ഓഫിസ്. എന്നാൽ ആ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ വിജയത്തിനു പിന്നിൽ നാട്ടുകാരുടെ പ്രിയപ്പെട്ട വില്ലേജ് ഓഫീസർ റഹീമിന്റെ അശ്രാന്ത പരിശ്രമമാണെന്ന് അടിവരയിടുന്നു ചെറുവണ്ണൂരിലെ ജനങ്ങൾ.വില്ലേജ് ഓഫീസര്‍ പി.എം. റഹീം

"റഹീം സാർ തുടങ്ങി വെച്ചത്‌ ഒരു നല്ല തുടക്കമായിരുന്നു.മറ്റു സർക്കാർ ഉദ്യോഗസ്ഥർക്കെല്ലാം ഒരു മാതൃകയാണ് ഇദ്ദേഹം. കൊഴിക്കോട്ടുകാരൻ അല്ലെങ്കിലും നാട്ടിലെ എല്ലാ കാര്യങ്ങളിലും റഹീം സാറുണ്ട്." പൊതുപ്രവർത്തകനും ചെറുവണ്ണൂർ നിവാസിയുമായ പ്രേമൻ പറയുന്നു. "ഇദ്ദേഹത്തെ പോലുള്ളവരെയാണ് നമ്മുടെ നാടിന് ആവശ്യം. റഹീം സാർ ഇനി ഇവിടുന്ന് പോയാലും പകരം വരുന്ന വില്ലേജ് ഓഫീസർ എത്ര മോശമായാൽ പോലും സാർ തുടങ്ങിവെച്ച പ്രവർത്തനങ്ങൾ ഏറ്റടുക്കാതിരിക്കാൻ നിവൃത്തിയില്ല എന്നതാണ് വാസ്തവം." 
 ഇനിയും ഒരുപാട് കാലം റഹീമിനെ തന്നെ വില്ലേജ് ഓഫീസറായി ലഭിക്കണം എന്ന് ഇവിടുത്തുകാർ ആഗ്രഹിക്കുന്നുണ്ടെങ്കിലും റഹീമിന്റെ നിസ്വാർത്ഥ സേവനം മറ്റു വില്ലേജ് ഓഫീസുകളിലും ലഭിക്കണമെന്നു കൂടെ ആഗ്രഹിക്കുന്നു ഇവിടുത്തുകാർ.  "ഒരു വില്ലേജ് ഓഫീസ് എന്തായിരിക്കണം എന്ന് ഞങ്ങൾക്ക് കൂടെ മനസിലാക്കി തന്നത് സാറാണ്. തൊഴുത്തു പോലിരുന്ന കെട്ടിടം ഇങ്ങനെ ആയതിന്റെ കാരണം റഹീം സാറാണ്. അതിനോടൊപ്പം ഞങ്ങളും നിന്നപ്പോൾ ഓഫിസും ഞങ്ങളും സ്മാർട്ട് ആയി."
ചെറുവണ്ണൂർ വില്ലേജ് ഓഫിസിലെ ഫീൽഡ് അസിസ്റ്റന്റായ രാമകൃഷ്ണൻ പറയുന്നു. സഹപ്രവർത്തകർക്കും ഏറെ പ്രിയ്യപ്പെട്ടവനാണ് റഹീം എന്ന വില്ലേജ് ഓഫീസർ.

അടർന്നു വീഴാറായ കെട്ടിടം പുതുക്കി പണിയുക എന്നത് മാത്രമായിരുന്നില്ല ഇവരുടെ ലക്ഷ്യം. ഓരോ ഉദ്യോഗസ്ഥർക്കും ഓരോ കൗണ്ടർ, ഫ്രണ്ട് ഓഫീസ്, മീറ്റിങ് ഹാൾ എന്നിവ നിർമ്മിച്ചും ഇതിനൊക്കെ പുറമെ ഫയലുകൾ പേപ്പർ രൂപത്തിൽ സൂക്ഷിക്കുന്നതിനു പകരം റെക്കോർഡാക്കി സൂക്ഷിക്കാനുള്ള സംവിധാനവും ഇവിടെ ഒരുക്കി. ഒപ്പം നികുതി അടയ്ക്കാനും മറ്റ് ആപ്ലിക്കേഷനുകൾ നൽകാനും ഇ- സംവിധാനം ഒരുക്കുകയും ചെയ്തു. ഉദ്യോഗസ്ഥരും ഓഫീസും ഒരുപോലെ സ്മാർട്ട് ആയപ്പോൾ അക്ഷരാർത്ഥത്തിൽ അത് എല്ലാവരെയും 'ഞെട്ടിച്ചു' കളഞ്ഞു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നേരിട്ടെത്തി വിലയിരുത്തിയതോടെ ചെറുവണ്ണൂര്‍ വില്ലേജ് ഓഫീസ് മാതൃക മറ്റ് വില്ലേജ് ഓഫീസുകളും ഏറ്റെടുത്തു തുടങ്ങി. നിലവിൽ 40 വില്ലേജ് ഓഫീസുകൾ ഈ തരത്തിൽ സ്മാർട്ടാവാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ്.

എറണാകുളം കോതമംഗലം സ്വദേശിയായ പി.എം. റഹീം ഒരു സാധാരണ കർഷക കുടുംബത്തിലാണ് ജനിച്ചത്. "എല്ലാവരെയും പോലെ ഞാനും വില്ലേജ് ഓഫീസിലും മറ്റും കയറി ഇറങ്ങിയിട്ടുണ്ട്. സാധാരണക്കാരന്റെ വേദനയറിഞ്ഞു തന്നെയാണ് വളർന്നത്. അതുകൊണ്ട് അവരോട് മോശമായി പെരുമാറാൻ എനിക്ക് സാധിക്കില്ല. ജനങ്ങളെ സേവിക്കാനാണ് സർക്കാർ ഞങ്ങളെ നിയോഗിച്ചിരിക്കുന്നത്. അത് 100% ആത്മാർത്ഥമായി ചെയ്യുക " റഹീം പറയുന്നു. എല്ലാ ആപ്ലിക്കേഷനും 24 മണിക്കൂറിനുള്ളിൽ തീർപ്പാക്കുന്നതാണ് ഈ വില്ലേജ് ഓഫീസിന്റെ മറ്റൊരു സവിശേഷത.
"ഓൺലൈനായി ചെയ്യാവുന്നത് കൊണ്ട് രാത്രി 11 മണി വരെ ഇരുന്നായാലും ഞങ്ങൾ അത് ചെയ്തു തീർക്കുന്നു.. വീട്ടിലെത്തിയാലും ജോലി തന്നെയാണ്"
റഹീം കൂട്ടിച്ചേര്‍ത്തു.

ഭാര്യ ഷെറീനയും മൂന്നു മക്കളും അടങ്ങുന്നതാണ് റഹീമിന്റെ കുടുംബം. വില്ലേജ് ഓഫീസുകൾക്ക് മാത്രമല്ല. എല്ലാ സർക്കാർ സ്ഥാപനങ്ങളും മാതൃകയാക്കേണ്ട പ്രവർത്തനമാണ് ചെറുവണ്ണൂർ വില്ലേജ് ഓഫിസ് കാഴ്ച്ച വെയ്ക്കുന്നത്. ഓരോ ഫയലും ഓരോ ജീവിതമായി കാണാൻ ഇവിടുത്തെ ഉദ്യോഗസ്ഥർ ശ്രമിക്കുന്നു എന്നത് പ്രശംസ അർഹിക്കുന്നത് തന്നെയാണ്.

Next Story

Related Stories