TopTop
Begin typing your search above and press return to search.

കയ്യില്‍ തൂക്കിപ്പിടിച്ച ഗര്‍ഭപാത്രവുമായി നിന്ന ആ പെണ്‍കുട്ടിയെ നിങ്ങളൊരുപക്ഷേ അറിഞ്ഞേക്കില്ല

കയ്യില്‍ തൂക്കിപ്പിടിച്ച ഗര്‍ഭപാത്രവുമായി നിന്ന ആ പെണ്‍കുട്ടിയെ നിങ്ങളൊരുപക്ഷേ അറിഞ്ഞേക്കില്ല

ഛത്തീസ്ഗഡില്‍ സിആര്‍പിഎഫുകാര്‍ മാവോവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട വാര്‍ത്ത കൊടുത്ത പല മാധ്യമങ്ങളും 'വീരമൃത്യു' വിശേഷണം ഒഴിവാക്കിയില്ല. ഭരണകൂടവും മാധ്യമങ്ങളും ഒരേ ഭാഷ ഉപയോഗിക്കുന്നത് ഒട്ടും നിഷ്ക്കളങ്കമല്ല. അര്‍ദ്ധസൈനികര്‍ കൊല്ലപ്പെടുമ്പോള്‍ മാത്രം ശ്രദ്ധയില്‍ വരേണ്ട ഒന്നല്ല മധ്യ ഇന്ത്യയിലെ ആദിവാസി ആവാസ വനമേഖലകള്‍. സിആര്‍പിഎഫ് അടക്കമുള്ള അര്‍ദ്ധസൈനിക/പൊലീസ് വിഭാഗങ്ങളില്‍പ്പെട്ടവര്‍ അവിടെ കൊല്ലപ്പെടുന്നത് വീരമൃത്യു ആണെങ്കില്‍ അവര്‍ അവിടെ ചെയ്യുന്ന 'വീരബലാത്സംഗം', 'വീരപീഡനം', വീര മര്‍ദ്ദനം' ഇതൊക്കെ രാജ്യസ്നേഹ പദകോശത്തിലേക്ക് മുതല്‍ക്കൂട്ടാക്കണം മാധ്യമങ്ങള്‍.

ഈ രാജ്യത്തെ ഏറ്റവും ദുര്‍ബലരായ ഒരു ജനവിഭാഗത്തിന് നേരെ, ആയിരക്കണക്കിന് അര്‍ദ്ധസൈനികരെ അണിനിരത്തേണ്ടിവരുന്ന ഒരു രാജ്യത്തിന്റെ ജനിതകഘടനയില്‍ കാര്യമായ തകരാറുകളുണ്ട്. നൂറുകണക്കിനു ആദിവാസികളാണ് ഈ വേട്ടയില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഒരു സന്തുലനത്തിന് വേണ്ടി എല്ലാ അക്രമവും അക്രമം എന്നൊക്കെ പറയാം. പക്ഷേ ഭരണകൂടം ഒരു ജനതയെ ആക്രമിക്കുന്നതും ഒരു ജനവിഭാഗം ഭരണകൂടത്തിന്‍റെ അടിച്ചമര്‍ത്തലിന് നേരെ സായുധമായി അണിനിരക്കുന്നതും രണ്ടും രണ്ടാണ്. അതിലേ രാഷ്ട്രീയ, തന്ത്ര/അടവ് ശരികള്‍, അത്തരം ജനവിഭാഗങ്ങള്‍ക്ക് ഈ സമരത്തിലുള്ള പങ്ക്, അതിന്‍റെ സാമൂഹ്യാഘാതങ്ങള്‍ എന്നിവയൊക്കെ മറ്റൊരു വിഷയമാണ്. പക്ഷേ സാമൂഹ്യ സംഘര്‍ഷങ്ങളില്‍ ഭരണകൂടത്തെയും ആദിവാസികളടക്കമുള്ള ദരിദ്ര ജനതയെയും തുലനം ചെയ്യുന്നത് കൃത്യമായ ഉപരിവര്‍ഗ പക്ഷപാതിത്വമുള്ള രാഷ്ട്രീയമാണ്.

എസ്സാറും ടാറ്റയും അടക്കമുള്ള കോര്‍പ്പറേറ്റുകള്‍ക്ക് ഖനന അനുമതി ലഭിച്ച ഗ്രാമങ്ങള്‍ ഒഴിപ്പിക്കാന്‍ വേണ്ടി അവരുടെ ചെല്ലും ചെലവും പറ്റിയാണ് സല്‍വാ ജുദും എന്ന -പിന്നീട് സുപ്രീം കോടതി നിരോധിച്ച- സര്‍ക്കാര്‍ പ്രായോജിത സായുധ സ്വകാര്യ സേന നിലവില്‍ വന്നത്. ആദിവാസികളെയായിരുന്നു ആ സേനയില്‍ സര്‍ക്കാര്‍ ചേര്‍ത്തത്. അങ്ങനെ ആദിവാസികള്‍ തമ്മില്‍ കൊന്നുതീരട്ടെ എന്ന തന്ത്രപരമായ ബുദ്ധി കാണിച്ച ലോകത്തെ അപൂര്‍വം സര്‍ക്കാരുകളില്‍ ഒന്നായിരിക്കും ഇന്ത്യയിലേത്.

ഇനി ഭരണകൂടത്തിന്‍റെ വികസനവണ്ടിയില്‍ വീരന്മാര്‍ വന്നിറങ്ങിയ ഒരു കഥ പറയാം.

പറഞ്ഞുവന്നാല്‍ ഒരു ഗര്‍ഭപാത്രത്തിന്‍റെ കഥയാണ്. പരിലാളനകളും സ്വപ്നങ്ങളും വിശ്വമാതൃത്വത്തിന്‍റെ ഉള്‍വിളികളും ഒക്കെയായി നമ്മള്‍ ആഘോഷിച്ച് വശംകെടുന്ന ആ ജീവന്‍റെ സഞ്ചി. പക്ഷേ അത്തരം ആഘോഷങ്ങളൊന്നും എല്ലാവര്‍ക്കുമില്ല.

2008 ജനുവരിയിലാണ് സുക്മയിലെ (ഇപ്പോഴത്തെ വീരമൃത്യു ജില്ല) ബോര്‍ഗുഡ ഗ്രാമത്തിലുള്ള, 16-കാരിയായ ഹിദ്മെ കവാസിയെ പൊലീസ് പിടികൂടുന്നത്. കുറ്റം? അങ്ങനെയൊന്നുമില്ല, അതൊക്കെ ഇനി കുറെ നാളുകള്‍ക്ക് ശേഷം പോലീസുകാര്‍ ആലോചിച്ചു ചാര്‍ത്തുന്നതായിരിക്കും. തൊട്ടടുത്ത ഗ്രാമത്തിലെ ആഘോഷത്തിനു പോയ ഹിദ്മെയെ പൊലീസ് തൂക്കിയെടുത്ത് വണ്ടിയിലിട്ടു. ഒരു ഗര്‍ഭപാത്രം അതിന്‍റെ സഹനപ്രപഞ്ചങ്ങളിലേക്കുള്ള യാത്ര തുടങ്ങുകയായിരുന്നു.

പൊലീസ് സ്റ്റേഷനുകളിലെ ഇരുട്ടുമുറികളില്‍ വീരന്മാര്‍ ദേശസേവനത്തിന്‍റെ ഉദ്ധൃതലിംഗങ്ങളുമായി ഹിദ്മേയുടെ ചെറിയ ശരീരത്തിനു മുകളില്‍ വന്നും പോയും കൊണ്ടിരുന്നു. ഒരു പൊലീസ് സ്റ്റേഷനില്‍ നിന്നും മറ്റൊരു പൊലീസ് സ്റ്റേഷനിലേക്ക് ഇന്ത്യയെന്ന സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കിന്റെ ചെലവില്‍ അവള്‍ മാറി മാറി യാത്ര ചെയ്തു. ജനാധിപത്യത്തിന്‍റെ ലിംഗങ്ങള്‍ പകലും രാത്രിയുമില്ലാതെ ആ ചെറിയ ഗര്‍ഭപാത്രത്തെ തൊട്ടുവിളിച്ചു.

മാസങ്ങള്‍ നീണ്ട പീഡനവും ബലാത്സംഗവും 'പെണ്ണ് ചത്തേക്കുമോ' എന്ന അവസ്ഥയില്‍ എന്നാലിനി കുറ്റം ചാര്‍ത്താം എന്നു പൊലീസ് നിശ്ചയിച്ചു. പതിവുപോലെ സിആര്‍പിഎഫ് ജവാന്മാരെ കൊന്ന കേസില്‍ ആ പെണ്‍കുട്ടി പ്രതിയായി. ഛത്തീസ്ഗഡ് പൊതു സുരക്ഷാ നിയമം എന്ന കരിനിയമം കാവല്‍ നിന്നു. ന്യായാധിപന്‍ അവളെ റിമാന്‍ഡ് ചെയ്തു.

ജയിലില്‍ എത്തിയപ്പോഴേക്കും മാസങ്ങള്‍ നീണ്ട ബലാത്സംഗം ആ ചെറിയ ശരീരത്തെ തകര്‍ത്തിരുന്നു. 16-കാരിയായ ഒരു പെണ്‍കുട്ടി നിങ്ങളും ആയിരുന്നിരിക്കും എന്നെങ്കിലും, നിങ്ങളുടെ വീട്ടിലും കാണും! ഇരുണ്ട മുറികളില്‍ മാസങ്ങളോളം, ഊഴം കാത്തു നില്‍ക്കുന്ന പൊലീസുകാര്‍, ഒരിടത്തുനിന്നും മറ്റൊരു പൊലീസ് സ്റ്റേഷനിലേക്ക് പോകുന്ന, യോനിയുള്ള ജന്തുവായി ചുരുക്കപ്പെട്ട പെണ്‍കുട്ടി പക്ഷേ നിങ്ങളല്ല, നിങ്ങളുടെ വീട്ടിലില്ല! അതുകൊണ്ടു മനസിലായേക്കില്ല.

അങ്ങനെ ഇന്ത്യന്‍ റിപ്പബ്ലിക്കിന്‍റെ ലാളനകള്‍ ഏറ്റുവാങ്ങിയ ആ ഗര്‍ഭപാത്രം പുറം ലോകം കാണാന്‍ തീരുമാനിച്ചു. ഹിദ്മേയുടെ ഗര്‍ഭപാത്രം പുറത്തേക്ക് തള്ളിവന്നു. സ്വന്തം ഗര്‍ഭപാത്രം തൂങ്ങിക്കിടക്കുന്നത് കണ്ട ആ പെണ്‍കുട്ടി വെപ്രാളത്തിലും ഭയത്തിലും വേദനയിലും എങ്ങനെയൊക്കെയോ അത് തള്ളി അകത്തുകയറ്റി. അകത്തും പുറത്തും ചോര; തടവറയുടെ പരുക്കന്‍ നിലത്ത് നീതിയുടെ ചുവന്ന ഭൂപടം പല്ലിളിച്ചു.

മാസങ്ങള്‍ നീണ്ട ലൈംഗികാക്രമണം നേരിട്ട ആ ചെറിയ അവയവത്തിന്‍റെ സന്തുലനം നഷ്ടപ്പെട്ടിരുന്നു. പിറ്റേന്നു അത് വീണ്ടും പുറത്തുവന്നു. വേദന സഹിക്കാന്‍ പറ്റാതെ ഹിദ്മെ വിശ്വമാതൃത്വം ഇത്ര മതിയെന്ന് തീരുമാനിച്ചു. എവിടെനിന്നോ തപ്പിയെടുത്ത ഒരു ബ്ലേഡുമായ് ഗര്‍ഭപാത്രം മുറിച്ചുമാറ്റാന്‍ ചോരയില്‍ മുങ്ങി നില്‍ക്കുന്ന ഹിദ്മെയെന്ന പെണ്‍കുട്ടിയെ സഹതടവുകാര്‍ നിലവിളികൂട്ടി ആശുപത്രിയിലെത്തിച്ചു.

പക്ഷേ നീതിയുടെ രഥങ്ങള്‍ ഉരുണ്ടുകൊണ്ടേയിരുന്നു. അതിന്‍റെ കുതിരകള്‍ നേരെ മാത്രം നോക്കി. സിആര്‍പിഎഫുകാരെ ആക്രമിക്കാന്‍ വന്ന നക്സലൈറ്റുകള്‍ പരസ്പരം പേരുകള്‍ വിളിച്ചുപറഞ്ഞിരുന്നുവത്രെ! അതുകേട്ട പോലീസുകാര്‍ എഴുതിയതത്രെ ഇക്കണ്ട പേരുകളുള്ള കുറ്റപത്രം! അങ്ങനെ ആരെയും ചേര്‍ക്കാന്‍ പാകത്തിലുള്ള കുറ്റപത്രത്തില്‍ ഹിദ്മെയും അണിചേര്‍ക്കപ്പെട്ടു.

വിചാരണ തീരാറായപ്പോള്‍ ഇനിയിപ്പോള്‍ ജാമ്യം കൊടുക്കാമോ എന്ന ചോദ്യത്തിന് ന്യായാസനം മറുപടി നല്കി, "ഇത്രയും നാള്‍ കിടന്നില്ലെ, ഇനി കുറച്ചു മാസം കൂടി കിടക്കട്ടെ". എന്തായാലും ഒരു തെളിവും മരുന്നിന്നുപോലും ഇല്ലാതിരുന്ന കേസില്‍ നിന്നും അവള്‍ മോചിപ്പിക്കപ്പെട്ടു. പക്ഷേ അത് 2015-ലാണ്. 16 വയസില്‍ തുടങ്ങി നീണ്ട 7 വര്‍ഷങ്ങള്‍!

സുക്മയിലെ പൊലീസ് സ്റ്റേഷനുകളില്‍ കൈകള്‍ കെട്ടി കമിഴ്ന്നുകിടക്കുന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ കൌമാര പുത്രി. ആടിക്കളിക്കുന്ന ആ മഞ്ഞവെളിച്ചത്തില്‍ അവള്‍ക്ക് കാണാനാകുന്ന ഏക ജനാധിപത്യ സ്തംഭം പുരുഷ ലിംഗങ്ങളായിരുന്നു. കയ്യില്‍ തൂക്കിപ്പിടിച്ച ഗര്‍ഭപാത്രവുമായി നിന്ന ആ പെണ്‍കുട്ടിയെയാണ് നീതിപീഠം ഏഴു വര്‍ഷം വിചാരണ തടവിലിട്ടത്.

വരണം പൌരപ്രമുഖരെ, തീണ്ടാരിയുടെ അമ്പരപ്പ് മാറാത്ത പെണ്‍കുട്ടികള്‍ ഈ കാടുകളില്‍ ഒളിച്ചുനടപ്പുണ്ട്. വീരന്മാര്‍ എ കെ 47-ഉം ലിംഗങ്ങളും തയ്യാറാക്കിക്കോളൂ, ജനാധിപത്യത്തെ സംരക്ഷിക്കേണ്ടേ?

(പ്രമോദ് ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories