TopTop
Begin typing your search above and press return to search.

സമൂഹം അവിടെ നില്‍ക്കട്ടെ; നമ്മുടെ വീടുകളിലേക്ക് നോക്കൂ; കുഞ്ഞുങ്ങള്‍ ആരെയൊക്കെയാണ് പേടിക്കുന്നതെന്ന്

സമൂഹം അവിടെ നില്‍ക്കട്ടെ; നമ്മുടെ വീടുകളിലേക്ക് നോക്കൂ; കുഞ്ഞുങ്ങള്‍ ആരെയൊക്കെയാണ് പേടിക്കുന്നതെന്ന്
'അവധിക്ക് വീട്ടില്‍ വരുന്ന ചേട്ടന്മാരോടൊപ്പം കളിക്കാന്‍ എനിക്കൊട്ടും ഇഷ്ടമല്ല. ഒളിച്ചു കളിക്കുമ്പോള്‍ ചേട്ടന്‍ ഒളിക്കുന്നിടത്ത് ഞാനും ഒളിക്കണമെന്നു പറഞ്ഞ് വാശി പിടിക്കും. രാത്രി എല്ലാരും ഒരുമിച്ചു കിടക്കണമെന്ന് അമ്മ പറയുമ്പോള്‍ എനിക്ക് വിഷമമാണ്. കുഞ്ഞയുടെ മോളായത് കൊണ്ടാണ് എന്നോട് ഇത്ര ഇഷ്ടമെന്നാണ് ചേട്ടന്‍ പറയാറ്. പക്ഷെ ചേട്ടനോപ്പം കിടന്നാല്‍ ദേഹത്ത് തട്ടി ഉറക്കാതെ നുള്ളുകയും കെട്ടിപ്പിടിക്കുകയും ഒക്കെ ചെയ്യും. അമ്മേടെ അടുത്ത് പോകാനും സമ്മതിക്കില്ല. ചേട്ടന്‍ പറയുന്നത് കേട്ടില്ലാന്നു പറഞ്ഞ് അമ്മ വഴക്ക് പറയുമെന്ന് പറയും. അത് കൊണ്ട് എനിക്കും പേടിയാണ്'
 - ഏഴ് വയസുള്ള എയ്ഞ്ചലിന്റെ വാക്കുകളാണ് (പേര് സാങ്കല്പികം).

ഓരോ തവണയും ഒരു കുഞ്ഞ് പീഡിപ്പിക്കപ്പെടുമ്പോഴും, പീഡനത്തിനിരയായി മരണപ്പെടുമ്പോഴും നമ്മള്‍ സമൂഹത്തെയും അതിന്റെ രീതികളെയും കുറ്റപ്പെടുത്താറാണ് പതിവ്. പീഡിപ്പിക്കപ്പെടുന്ന കുട്ടിയും പീഡിപ്പിച്ച ആളുമൊക്കെ ഈ സമൂഹത്തിന്റെ തന്നെ ഭാഗമാണ്.  സമൂഹത്തില്‍ നിന്നല്ല മറിച്ച് വീടുകളില്‍ നിന്നാണ് നമ്മുടെ കുട്ടികളില്‍ ഭൂരിഭാഗവും പീഡനത്തിന് ഇരയാകുന്നതെന്ന സത്യം എന്തുകൊണ്ടോ നമ്മുടെ ബോധമണ്ഡലത്തില്‍ ഇപ്പോഴും രേഖപ്പെടുന്നില്ല. സമൂഹത്തിനുനേരെ വിരല്‍ ചൂണ്ടുന്നതിനു മുന്‍പ് നമ്മള്‍ തിരിഞ്ഞു നോക്കേണ്ടത് ഏറ്റവും പവിത്രവും സ്‌നേഹനിര്‍ഭരവുമാണെന്നു നമ്മള്‍ വിശ്വസിക്കുന്ന നമ്മുടെ വീടുകളിലേക്കാണ്.

എങ്ങനെയാണു നമ്മുടെ മൂക്കിന്റെ താഴെ വച്ചുതന്നെ നമ്മുടെ കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുന്നത്? വീട് പരിപാവനമായ ഒരു സ്ഥലമാണെന്ന മിഥ്യാധാരണ മാറ്റാനും നമ്മുടെ കുട്ടികള്‍ക്ക് നമ്മളോടുള്ള വിശ്വാസം എത്രത്തോളമുണ്ടെന്നും മനസിലാക്കാനുമുള്ള സന്ദര്‍ഭം അതിക്രമിച്ചിരിക്കുന്നു എന്നേ പറയാന്‍ സാധിക്കുകയുള്ളൂ. ഈ സത്യം എത്രനാള്‍ സൗകര്യപൂര്‍വം നിഷേധിക്കുന്നുവോ അത്രയും നാള്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കുന്നത് നമ്മുടെ കുഞ്ഞുങ്ങള്‍ തന്നെയാണ്.

ജനിച്ചു വീഴുന്ന ഒരു കുഞ്ഞിനു മുതല്‍ തന്റെ ദേഹത്ത് ഉണ്ടാകുന്ന ഇഷ്ടമല്ലാത്ത സ്പര്‍ശനങ്ങള്‍ തിരിച്ചറിയാനാകും. ഒരാള്‍ കൈക്കുഞ്ഞിനെ അതിനു സുഖകരമല്ലാത്ത രീതിയില്‍ എടുത്താല്‍ അത് കരയും. വളരുന്തോറും നമ്മുടെ കുട്ടികള്‍ എങ്ങനെയാണ് നിശബ്ദരാകാന്‍ തുടങ്ങുന്നത്. നമ്മുടെ തെറ്റെന്നു നാം മനസിലാക്കാത്ത ഇടപെടലുകളില്‍ നിന്നാണ് അവരുടെ ഈ പ്രതിരോധശക്തി ഇല്ലാതാകുന്നത്. 'ഞങ്ങളുടെ കോളനിയില്‍ താടി ഉള്ളൊരു മാമനുണ്ട്. മാമന്റെ താടിയും ചുവന്ന കണ്ണൊക്കെ കാണുമ്പോഴേ എനിക്ക് പേടിയാണ്. എല്ലാര്‍ക്കും പക്ഷെ മാമനെ ഇഷ്ടമാണ്. അച്ഛനും അമ്മേം എപ്പോഴും മാമനോട് പോയി മിണ്ടാന്‍ പറയും. പക്ഷെ എനിക്കിഷ്ടമല്ല. മാമന്റെ താടി ദേഹത്ത് കൊള്ളുമ്പോള്‍ വല്ലാണ്ടാകും'
 - ഒന്‍പതു വയസുള്ള ആതിര പറയുന്നു (പേര് സാങ്കല്പികം).

എല്ലാരും കുഞ്ഞുങ്ങളെ കൊഞ്ചിക്കാന്‍ ഇഷ്ടപ്പെടുന്നൊരു പ്രായമുണ്ട്. അവിടെ നമ്മുടെ കുട്ടികളുടെ ഇഷ്ടം ആരായാതെ തന്നെ നമ്മളവരെ ഇത്തരം, നമ്മള്‍ ഉള്‍പ്പെടുന്ന ആളുകളുടെ കൊഞ്ചിക്കലുകള്‍ക്ക് പാത്രമാക്കുന്നു. അവര്‍ക്ക് കെട്ടിപ്പിടിക്കാനോ ഉമ്മ കൊടുക്കാനോ ഇഷ്ടമില്ലെങ്കിലും മര്യാദ എന്നതിന്റെ പേരില്‍ നമ്മളവരെ ഇതിനായി നിര്‍ബന്ധിക്കുന്നു. അവിടം മുതലാണ് നമ്മള്‍ മന:പൂര്‍വമല്ലാതെ അവരുടെ പ്രതിരോധങ്ങളെ ഇല്ലാതാക്കുന്നത്. തങ്ങളുടെ ശരീരത്തിന്മേല്‍ അവര്‍ക്കും അവകാശമുണ്ട്. കുഞ്ഞാണ് എന്നുകരുതി നമ്മളത് കാണാതിരിക്കാന്‍ പാടില്ല.

വാളയാറും കൊട്ടിയൂരുമൊക്കെ ഉണ്ടായപ്പോള്‍ നമ്മള്‍ കുട്ടികളെ നല്ല സ്പര്‍ശനങ്ങളെക്കുറിച്ചും ചീത്ത സ്പര്‍ശനങ്ങളെക്കുറിച്ചും പഠിപ്പിച്ചു കൊടുത്തു. എന്നാല്‍ ഇതാദ്യം പ്രാവര്‍ത്തികമാക്കി കാണിക്കേണ്ടത് നമ്മള്‍ തന്നെയാണ്. അവര്‍ വേണ്ട എന്ന് പറയുമ്പോള്‍, അത് മാതാപിതാക്കളോടാണെങ്കില്‍ പോലും, വേണ്ട എന്നുതനെയാണ് അര്‍ത്ഥമെന്നു തിരിച്ചറിയണം. അവര്‍ നമ്മളോട് വന്ന് ആരെപ്പറ്റി പരാതി പറഞ്ഞാലും കേള്‍ക്കേണ്ടതുണ്ട്. അതെത്രതന്നെ അടുത്ത ബന്ധുവാണെങ്കിലും സുഹൃത്താണെങ്കിലും. കുട്ടികളെ വിശ്വസിക്കുന്നു എന്ന ചിന്ത പില്‍ക്കാലത്ത് ഇത്തരം പല പ്രശ്‌നങ്ങളും ധൈര്യപൂര്‍വം നമ്മളോട് വന്നു പറയാനുള്ള മാനസികാവസ്ഥ അവരിലുണ്ടാക്കും. കുട്ടികളുടെ പേടിയെയാണ് ഇത്തരം ആളുകള്‍ പലപ്പോഴും ചൂഷണം ചെയ്യുന്നത്.

'അച്ഛന്റെ ഫ്രണ്ട്‌സ് അങ്കിള്‍മാരു വീട്ടില്‍ വരുന്നത് എനിക്കിപ്പോള്‍ ഇഷ്ടമല്ല. അതിലൊരങ്കിള്‍ വന്നാല്‍ പിന്നെ എന്നേം അനിയത്തിയെയും മടിയില്‍ തന്നെ എപ്പോഴും പിടിച്ചിരുത്തും. എപ്പോഴും എപ്പോഴും ആകുമ്പോള്‍ ഞങ്ങള്‍ക്കത് ഇഷ്ടമല്ലാന്നു പറഞ്ഞാലും അങ്കിള്‍ സമ്മതിക്കില്ല. അച്ഛനോട് പറഞ്ഞാല്‍ വഴക്ക് കിട്ടും. അച്ഛന്റെ ഫ്രണ്ട് അല്ലേ?' ആറാം ക്ലാസ്സ് വിദ്യാര്‍ഥിയായ അക്ഷയ് പറയുന്നു.

ഒരിക്കലും നമ്മള്‍ ആരും പ്രതീക്ഷിക്കാത്ത വ്യക്തി ആകാം നമ്മുടെ കുഞ്ഞുങ്ങളെ ഇങ്ങനെ ഭീതിയുടെ നിഴലില്‍ നിര്‍ത്തി ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. കുട്ടികളെ നമ്മള്‍ വെറും കുട്ടികള്‍ എന്നുള്ള രീതിയില്‍ നിന്നുമാറി ഒരു വ്യക്തിയായി കാണേണ്ടത് നമ്മുടെ കൂടെ ആവശ്യമാണ്. ഒരു കുട്ടിവന്ന് ഒരാള്‍ തന്നെ സ്പര്‍ശിച്ച രീതി തനിക്ക് ഇഷ്ടപ്പെട്ടില്ല എന്നു പരാതി പറഞ്ഞാല്‍ ഒരു വ്യക്തി പരാതിപ്പെട്ടെന്ന നിലയില്‍ത്തന്നെ അതിനെ സമീപിക്കണം. മറിച്ച്, കുഞ്ഞല്ലേ, ചിലപ്പോള്‍ തോന്നിയതാകും എന്നൊക്കെ പറഞ്ഞ് അത് നിസാരവത്കരിക്കരുത്. കുട്ടികള്‍ക്ക് തങ്ങളുടെ ഭയം കാരണം അവര്‍ സ്വാധീനിക്കപ്പെടുകയാണ് എന്ന് മനസിലാക്കാന്‍ സാധിക്കില്ല. ഇതു പുറത്തു പറയാനും ഭയമുണ്ടായാല്‍ വര്‍ഷങ്ങളോളം ഇതേ രീതി തുടരാന്‍ ഇത്തരം മനുഷ്യര്‍ക്ക് ഒരുപായമായി.

ഇനി അത്യാവശ്യം പ്രായമായ, എന്നാല്‍ പതിനെട്ട് കഴിയാത്തൊരു കുട്ടി ഇതേ കാര്യം വീട്ടില്‍ പറഞ്ഞെന്നിരിക്കട്ടെ ഉടനെ മാതാപിതാക്കളുടെ ചിന്ത കുടുംബത്തിന്റെ പേര് നഷ്ടപ്പെടും എന്നാകും. അവിടെ ആ കുട്ടിക്ക് എന്ത് സംഭവിച്ചു എന്നതിനേക്കാള്‍ ഇതെങ്ങനെ ആരുമറിയാതെ ഒതുക്കാം എന്നതിലേക്കാകും കാര്യങ്ങള്‍ നീങ്ങുക. കുടുംബത്തില്‍ ഉള്ളൊരു വ്യക്തിയാണ് ഈ വൃത്തിക്കെട്ട പ്രവൃത്തി ചെയ്‌തെന്നിരിക്കട്ടെ, അത് മറച്ചു പിടിക്കുന്നത് മുതല്‍, പീഡനം അനുഭവിച്ച കുട്ടിയുടെമേല്‍ ആരോപണങ്ങള്‍ നിരത്താന്‍ വരെ ആളുകള്‍ മുന്നിട്ടിറങ്ങാം. കുടുംബബന്ധങ്ങള്‍ക്ക് ഒരുപാട് പ്രാധാന്യം കല്‍പ്പിക്കുന്നവരാണ് നമ്മള്‍. അതിനാല്‍ തന്നെ കുടുംബത്തില്‍ ഉള്ള ആരെയും സംശയിക്കാന്‍ നാം തയ്യാറാകില്ല. ഈ അവസ്ഥ മുതലെടുക്കുക്കയാണ് ഇത്തരം മനുഷ്യര്‍ ചെയ്യുന്നത്. ആ പ്രവൃത്തി വഴി നഷ്ടപ്പെടുന്നത് കുട്ടിക്ക് നമ്മളിലുള്ള വിശ്വാസവും, ഇതേ വ്യക്തി ഉപദ്രവിച്ച മറ്റൊരു കുട്ടിയുടെ തുറന്നു പറയാനുള്ള ധൈര്യത്തേയുമാണ്.'കുടുംബത്തില്‍ ഉള്ള ഒരാളെക്കുറിച്ച് ഇങ്ങനത്തെ അനുഭവങ്ങള്‍ പറയുന്നതില്‍ പരം കുറ്റം വേറൊന്നുമില്ല. എന്റെ അമ്മയുടെ സഹോദരന്റെ മകനാണ് അയാള്‍. അയാള്‍ ചെയ്തത് തെറ്റാണ് എന്ന് എനിക്ക് മനസിലായ സമയം ഞാന്‍ എന്റെ വീട്ടിലും അയാളുടെ വീട്ടിലും അറിയിച്ചു. അതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ ഇന്നും തീര്‍ന്നിട്ടില്ല. എന്റെ സ്വഭാവത്തിന്റെ പ്രശ്‌നം എന്നാണ് എന്നോട് എന്റെ മാതാപിതാക്കള്‍ ഒഴികെ ബാക്കിയെല്ലാരും പറഞ്ഞത്. പന്ത്രണ്ട് വയസുള്ള ഞാനെന്തു സ്വഭാവം കാണിക്കാന്‍ ആയിരുന്നു അന്ന്. എനിക്കിന്ന് ഇരുപത്തഞ്ചു വയസായി; ഇന്നും കുറ്റപ്പെടുത്തലുകള്‍ക്കും കുത്തുവാക്കുകള്‍ക്കും ഒരു കുറവുമില്ല. എന്നാല്‍ അയാള്‍ മാന്യനെ പോലെ ജീവിക്കുന്നു'
, മാളവിക പറയുന്നു.

ജോലിക്ക് പോകുന്ന മാതാപിതാക്കള്‍ കുട്ടികളെ അന്യരെ ഏല്‍പ്പിച്ചു പോകുന്നതിനുപകരം ബന്ധുവീടുകളില്‍ ഏല്‍പ്പിക്കുന്നു. അതവരിലുള്ള വിശ്വാസത്തിന്റെ പുറത്താകാം. എന്നാല്‍ കുട്ടികളും അവരെ അതുപോലെ വിശ്വസിക്കുന്നുണ്ടോ, അവരില്‍ സുരക്ഷിതരാണോ എന്നുകൂടെ ഉറപ്പു വരുത്തണം. ഒരുപക്ഷെ ബന്ധുക്കളെ വേദനിപ്പിക്കുന്നു എന്നൊക്കെ തോന്നിയേക്കാം, പക്ഷെ അതിലും വലുതാണ് നമ്മുടെ കുട്ടികളുടെ സുരക്ഷിതത്വം. അവര്‍ വിശ്വസിക്കുന്നവര്‍ അവര്‍ക്കരികില്‍ ഇല്ലാതാകുമ്പോഴാണ് അവര്‍ ആക്രമിക്കപ്പെടാനുള്ള സാദ്ധ്യതകള്‍ കൂടുന്നത്.

അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങളുടെയുമൊപ്പം കുട്ടി സുരക്ഷിതമാണെന്ന് ഇതുവഴി അര്‍ത്ഥമാക്കുന്നില്ല. അച്ഛന്‍ പീഡിപ്പിച്ച കുട്ടികളും അമ്മ മറ്റുള്ളവര്‍ക്ക് നല്‍കി മക്കളും, സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് നശിപ്പിച്ച കുട്ടികളും ഈ കൂട്ടത്തില്‍ ഉള്‍പ്പെടും. ഈ പ്രവൃത്തികള്‍ എല്ലാം നടക്കുന്നതോ നടക്കാന്‍ സാദ്ധ്യതയുള്ളതോ ആയ ഒരിടത്തെ എങ്ങനെ നമുക്ക് പരിപാവനമെന്നു പറയാന്‍ സാധിക്കും? നമ്മള്‍ തിരിച്ചറിയേണ്ട ഒരു വസ്തുത ഒരിടമോ ഒരു ബന്ധമോ പരിപാവനമായി കാണാന്‍ സാധിക്കില്ല എന്നതാണ്.

മനുഷ്യര്‍ ജനിക്കുമ്പോഴേ ബന്ധങ്ങള്‍ പഠിച്ച് വരുന്നവരല്ല. അത് പില്‍കാലത്ത് സമൂഹവും ചുറ്റുമുള്ള ആളുകളുമായുള്ള ഇടപെടലുകളില്‍ നിന്ന് ഉണ്ടായി വരുന്നതാണ്. എന്നാല്‍ മനുഷ്യര്‍ ജനിക്കുമ്പോഴേ ജീവശാസ്ത്രപരമായ എല്ലാ സ്വഭാവങ്ങളോടും കൂടെയാണ് ജനിക്കുന്നത്. അതവര്‍ക്ക് പ്രത്യേകം പഠിച്ചെടുക്കേണ്ട ആവശ്യം വരുന്നില്ല. ഇന്‍സ്റ്റന്റ് എന്നത് കുടുംബം എന്ന സാമൂഹിക രീതിവഴി മാറ്റിനിര്‍ത്തപ്പെടുകയാണ് ചെയ്യുന്നത്. ജീല്‍ ടെല്യുഷ്, ഫിലിക്‌സ് ഗുത്താരി എന്ന തത്ത്വചിന്തകര്‍ Anti-Oedipus: Capitalism and Schizophrenia എന്ന പേരില്‍ 1972ല്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ സിഗ്മണ്ട് ഫ്രോയിഡിന്റെ പ്രശസ്തമായ ഈഡിപ്പസ് കോംപ്ലക്‌സ് എന്ന പ്രബന്ധത്തെ അവരൊരു ആധിപത്യത്തിന്റെ ബാക്കിപത്രമായിട്ടാണ് കാണുന്നത്. ഫ്രോയിഡിന്റെ പ്രബന്ധം മനുഷ്യ ജീവിതങ്ങളെ കുടുംബം എന്ന ചട്ടക്കൂടിനുള്ളില്‍ ഒതുക്കുകയും അതുവഴി സമൂഹം എന്ന നിര്‍മ്മിതിയിലേക്ക് വഴിതിരിച്ചു വിടുകയുമാണ് ചെയ്തതെന്നാണ് അവര്‍ വാദിക്കുന്നത്. ഈ ചട്ടക്കൂടുകള്‍ ഇല്ലെങ്കില്‍ മനുഷ്യര്‍ സ്വന്തന്ത്രമായി ഒഴുകുന്ന മോഹങ്ങള്‍ ഉള്ളവരാണെന്നാണ് ഇവര്‍ വാദിക്കുന്നത്.

എല്ലാ ബന്ധങ്ങളും ഇത്തരം സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നിലനില്‍ക്കുന്നവയാണ്. മുതിര്‍ന്നവരുടെ വികാരങ്ങള്‍ക്ക് ഈ പ്രതിബദ്ധതയെ മറികടക്കാന്‍ അധികം സമയത്തിന്റെ ആവശ്യകത വരുന്നില്ല എന്ന തിരിച്ചറിവിലാണ് നമ്മുടെ കുഞ്ഞുങ്ങളുടെ ജീവിതം നിലനില്‍ക്കുന്നത്.

Next Story

Related Stories