TopTop
Begin typing your search above and press return to search.

ലൈംഗികാരോപണം, റിയല്‍ എസ്റ്റേറ്റ്, വായ്പ്പാ തട്ടിപ്പ്... കേരളത്തിലെ ക്രൈസ്തവ പുരോഹിതര്‍ ഉള്‍പ്പെടുന്ന കേസുകളാണ്

ലൈംഗികാരോപണം, റിയല്‍ എസ്റ്റേറ്റ്, വായ്പ്പാ തട്ടിപ്പ്... കേരളത്തിലെ ക്രൈസ്തവ പുരോഹിതര്‍ ഉള്‍പ്പെടുന്ന കേസുകളാണ്
ലൈംഗിക ആരോപണം, റിയല്‍ എസ്റ്റേറ്റ്, ഇപ്പോഴിതാ വായ്പ്പാ തട്ടിപ്പും. കേരളത്തിലെ ക്രൈസ്തവ പുരോഹിതര്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങളാണ് ഇത്. സാധാരണക്കാര്‍ ഏറെ വിശ്വാസത്തോടെയും ബഹുമാനത്തോടെയും സമീപിക്കുന്ന ളോഹകളില്‍ ഇന്ന് ആരോപണങ്ങളുടെ കറകള്‍ പുരണ്ടിരിക്കുന്നു. ദൈവവേല തെരഞ്ഞെടുക്കുന്നവര്‍ ലൗകികതയുടെ ലോകത്തേക്ക് തിരിയുന്നതോടെ അവര്‍ക്കിടയിലും പുഴുക്കുത്തുകള്‍ സംഭവിച്ചു തുടങ്ങിയിരിക്കുന്നുവെന്നതാണ് സത്യം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മാത്രം പുരോഹിതര്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഒട്ടനവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. അതേസമയം സഭാ നിയമമാണ് തങ്ങള്‍ പിന്തുടരുന്നതെന്ന ന്യായീകരണം ഉയര്‍ത്തിക്കാട്ടി പുരോഹിതരെ സംരക്ഷിക്കുന്ന നിലപാടാണ് പലപ്പോഴും കത്തോലിക്ക സഭ സ്വീകരിക്കുന്നത്. കൂട്ടം തെറ്റിയ കുഞ്ഞാടുകളുടെ കഥകള്‍ ബൈബിളില്‍ ധാരാളമുണ്ടെങ്കിലും ഇപ്പോള്‍ ഇടയന്മാരെ തന്നെ നേര്‍വഴിക്ക് നടത്തേണ്ട അവസ്ഥയാണ് സഭയ്ക്കുള്ളത്.

2010 വരെ ലഭ്യമായ കണക്കുകള്‍ അനുസരിച്ച് തന്നെ 75-ലധികം ക്രൈസ്തയ പുരോഹിതര്‍ കേരളത്തില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടുണ്ട്. ഇതു കൂടാതെ സിവില്‍ കേസുകളും ഒതുക്കി തീര്‍ത്ത കേസുകളും കൂടി കണക്കിലെടുക്കുമ്പോള്‍ ഇതിലും എത്രയോ ഇരട്ടിയാകും കേസില്‍പ്പെട്ട വൈദികരുടെ എണ്ണമെന്ന് മനസിലാകും. 1966-ല്‍ ആണ് കേരളത്തില്‍ ആദ്യമായി ഒരു പുരോഹിതന്‍ പ്രതിയായ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. മാടത്തരുവി കൊലക്കേസ് എന്ന പേരില്‍ പ്രശസ്തമായ ഈ കേസ് പത്തനംതിട്ട ജില്ലയിലെ റാന്നിക്കടുത്ത് മാടത്തരുവി എന്ന സ്ഥലത്ത് മറിയക്കുട്ടി എന്ന സ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ടതാണ്. ജോസഫ് ബെനഡിക്ട് ഓണംകുളം എന്ന കത്തോലിക്ക പുരോഹിതന്‍ ഈ കേസില്‍ അറസ്റ്റിലായത് കേരളത്തിലെ വിശ്വാസ സമൂഹത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കീഴ്‌ക്കോടതി ശിക്ഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി ബെനഡിക്ട് അച്ചനെ വെറുതെ വിട്ടു. ബെനഡിക്ടിന്റെ നിരപരാധിത്വം പിന്നീട് സമീപത്തെ ഒരു എസ്റ്റേറ്റ് ഉടമയുടെ ഭാര്യ വെളുപ്പെടുത്തിയതോടെ അച്ചനെ വിശുദ്ധനാക്കാനായി സഭയുടെ ശ്രമം. കോട്ടയം അതിരമ്പുഴ പള്ളിയിലെ അച്ചന്റെ ശവക്കല്ലറയില്‍ പ്രാര്‍ത്ഥിച്ചാല്‍ ദുരിതങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്നാണ് ഇപ്പോഴും വിശ്വാസ സമൂഹം കരുതുന്നത്. ഒരിക്കല്‍ കൊലപാതക കുറ്റത്തിന് ജയിലില്‍ കിടന്ന ഈ പുരോഹിതന്‍ സഹനദാസന്‍ എന്നാണ് എന്നാണ് വിശ്വാസികള്‍ക്കിടയില്‍ ഇപ്പോള്‍ അറിയപ്പെടുന്നത്.

അതിനു ശേഷം ഓര്‍ത്തഡോക്‌സ് സഭാ പുരോഹിതനായ രവിയച്ചനാണ് കേരളത്തില്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട മറ്റൊരു പുരോഹിതന്‍. കോട്ടയം കുറിച്ചി ഹോമിയോ കോളേജിലെ വിദ്യാര്‍ത്ഥിയായ ജോളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജില്ലാ കോടതി രവിയച്ചന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചെങ്കിലും ഹൈക്കോടതി വെറുതെവിട്ടു. കൊല്ലം കുണ്ടറയില്‍ മേരിക്കുട്ടി എന്ന സ്ത്രീയുടെ മരണത്തിലാണ് ആദ്യമായി ഒരു പുരോഹിതന്‍ ശിക്ഷ അനുഭവിച്ചത്. മേരിക്കുട്ടിയെ മൃഗീയമായി കൊലപ്പെടുത്തിയ കുറ്റത്തിന് ഫാദര്‍ ആന്റണി നാസര്‍, കൂട്ടാളി ശശി എന്നിവര്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുകയായിരുന്നു.

ഇതിന് ശേഷമാണ് കേരളത്തെ ഏറെ പിടിച്ചു കുലുക്കിയ അഭയ കേസ്. 1992ല്‍ കോട്ടയം ക്‌നാനായ കത്തോലിക്ക രൂപതയുടെ കീഴിലുള്ള സെന്റ് പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറില്‍ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കേസില്‍ ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ 2008ല്‍ അറസ്റ്റിലായി. എന്നാല്‍ ഈവര്‍ഷം ഫാ. പൂതൃക്കയിലിനെ സിബിഐ കോടതി പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി. അഭയക്കേസിന്റെ അലയൊലികള്‍ ഇന്നും കേരളത്തില്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ക്രൈസ്തവ പുരോഹിതര്‍ അകപ്പെട്ട കേസുകള്‍ ഓരോ വര്‍ഷം ചെല്ലുന്തോറും വര്‍ധിച്ചു വരുന്നതാണ് കാണുന്നത്.

http://www.azhimukham.com/newswrap-fr-peeliyanikkal-arrested-alancheri-meets-kummanam-writes-saju/

കണ്ണൂര്‍ കൊട്ടിയൂരില്‍ 16-കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയതിന്റെ പേരില്‍ അറസ്റ്റിലായ ഫാ. റോബിന്‍ വടക്കുഞ്ചേരിയാണ് സമീപകാലത്ത് ഇത്തരത്തില്‍ അറസ്റ്റിലാക്കപ്പെട്ട ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍. പെണ്‍കുട്ടി പ്രസവിച്ചതോടെയാണ് അച്ചന്റെ പീഡനകഥ പുറംലോകമറിയുന്നത്. ആണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന്റെ പേരില്‍ സജി ജോസഫ് എന്ന വികാരി പിടിയിലായത് കൊട്ടിയൂരില്‍ നിന്നു തന്നെയാണ്. എറണാകുളം പുത്തന്‍വേലിക്കരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ എഡ്വിന്‍ ഫിഗറസ് എന്ന വൈദികന് ജീവപര്യന്തവും 2.15 ലക്ഷം രൂപ പിഴയും കോടതി വിധിച്ചത് 2016ലാണ്. ഇടവകയിലെ ഒരു പെണ്‍കുട്ടിയെ എഡ്വിന്‍ പീഡിച്ചെന്നതാണ് കേസ്. മൂന്ന് സെമിനാരി വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കൊട്ടാരക്കര തേവലപ്പുറം പുല്ലാമല ഹോളിക്രോസ് സെമിനാരിയിലെ വൈദികന്‍ തോമസ് പാറേക്കളം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 21ന് പിടിയിലായി.

കുറ്റാരോപിതരായ ഇത്തരം പുരോഹിതര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം അവരെ സംരക്ഷിക്കുന്ന നിലപാടാണ് കേരളത്തിലെ കത്തോലിക്ക സഭാ നേതൃത്വം എന്നും കൈക്കൊള്ളുന്നത്. പ്രതികളെ സംരക്ഷിക്കാനും പരാതി നല്‍കുന്നവരെ മോശക്കാരാക്കി ചിത്രീകരിച്ച് രക്ഷപ്പെടാനുമുള്ള പ്രചാരണങ്ങളും നീക്കങ്ങളുമാണ് സഭാ നേതൃത്വം കൈക്കൊണ്ടതെന്ന പരാതി ശക്തമാണ്. കൊട്ടിയൂരില്‍ റോബിന്‍ വടക്കുഞ്ചേരിലിന്റെ ലൈംഗിക പീഡനത്തിനിരയായി ഗര്‍ഭിണിയാവുകയും പ്രസവിക്കുകയും ചെയ്ത 16കാരിയുടെ കേസിലടക്കം ഇതാണ് സംഭവിച്ചത്. കുട്ടിയുടെ അച്ഛന്റെ മേല്‍ പീഡനത്തിന്റെ ഉത്തരവാദിത്തം കെട്ടിവയ്ക്കാനുള്ള ശ്രമമടക്കം നടന്നു. 12-ഓളം കന്യാസ്ത്രീകളെയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു. കത്തോലിക്ക സഭയുടെ പ്രസിദ്ധീകരണമായ സണ്‍ഡേ ഷാലോം തന്നെ ഇരയെ അപമാനിച്ചുകൊണ്ടും കുറ്റക്കാരനായ വൈദികനെ ന്യായീകരിച്ചും രംഗത്തെത്തി. ഒരു കന്യാസ്ത്രീ ആയിരുന്നു ഈ ലേഖനം എഴുതിയത്. ''ജീന്‍സും ഷര്‍ട്ടും ബനിയനുമെല്ലാം ഇട്ട് പ്രലോഭിപ്പിക്കുന്ന പെണ്‍കുട്ടികളെ കടലില്‍ കെട്ടിത്താഴ്ത്തണമെന്ന്'' ഒരു വൈദികന്‍ ഏതാണ്ട് ഇതേ കാലത്ത് അഭിപ്രായപ്പെടുകയും ചെയ്തു.

http://www.azhimukham.com/sexual-assault-cases-crime-done-by-catholic-priests/

കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ ഭൂമി ഇടപാടാണ് ഈ വര്‍ഷം തുടക്കത്തില്‍ ഒരു ക്രിസ്തീയ പുരോഹിതനെക്കുറിച്ച് ഉയര്‍ന്നു കേട്ട മുഖ്യ ആരോപണം. സീറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ അങ്കമാലി അതിരൂപതയുടെ ഭൂമി വില്‍പ്പനയില്‍ നടന്ന ക്രമക്കേടുകളാണ് ആലഞ്ചേരിയെ വിവാദത്തിലാക്കിയത്. ഭൂമി ഇടപാടിലൂടെ അതിരൂപതയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നതാണ് കര്‍ദ്ദിനാളിനെതിരെയുള്ള കുറ്റം. അതേസമയം താന്‍ സിവില്‍ നിയമങ്ങളെയല്ല, സഭാ നിയമങ്ങളെയാണ് പിന്തുടരുന്നതെന്ന് പറഞ്ഞതോടെ ഈ കേസ് നിയമപരമായ സംവാദങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം കര്‍ഷകരുടെ വായ്പ തട്ടിയെടുത്ത കേസിന് ഫാ. തോമസ് പീലിയാനിക്കലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയും ഇന്നലെ കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തിരിക്കുന്നത്. സീറോ മലബാര്‍ കത്തോലിക്ക സഭയുടെ ചങ്ങനാശേരി അതിരൂപതയില്‍ നിന്നുമാണ് കര്‍ഷകര്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനായി പീലിയാനിക്കല്‍ കുട്ടനാട്ടില്‍ എത്തിയത്. കുറഞ്ഞൊരു കാലം കൊണ്ടുതന്നെ കര്‍ഷകര്‍ക്കിടയില്‍ ജനപ്രീതി നേടി. കുട്ടനാട് വികസന സമിതിയുടെ പേരിലായിരുന്നു പീലിയാനിക്കലിന്റെ പ്രവര്‍ത്തനം. സമിതിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു പീലിയാനിക്കല്‍. കര്‍ഷകര്‍ക്കിടയില്‍ നിരവധി സ്വാശ്രസംഘങ്ങളുണ്ടാക്കി കര്‍ഷകരുടെ വ്യാജ ഒപ്പ് ഉപയോഗിച്ച് വിവിധ ബാങ്കുകളില്‍ നിന്നായി 150 കോടിയിലേറെ രൂപയുടെ കാര്‍ഷിക വായ്പയാണ് ഈ പാതിരി തട്ടിയെടുത്തത്. പീലിയാനിക്കലിനെ കൂടാതെ കാവാലം സ്വദേശിയും വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവുമായ എന്‍സിപി നേതാവ് അഡ്വ. റോജോ ജോസഫും കുട്ടനാട് വികസന സമിതി ഓഫീസ് ജീവനക്കാരി ത്രേസ്യാമ്മ എന്നിവരും കേസില്‍ പ്രതികളാണ്.

http://www.azhimukham.com/newswrap-no-hell-exists-says-pope-writes-sajukomban/

കര്‍ഷകരെ കബളിപ്പിക്കാന്‍ രൂപീകരിച്ച തട്ടിപ്പ് സമിതിയാണ് ഇതെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. ഇതിന് സമാനമായ സംഘടനയായിരുന്നു വയനാട്ടിലെ ഇന്‍ഫാം. അതിന്റെ നടത്തിപ്പുകാരനായിരുന്നു പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന റോബിന്‍ വടക്കുംചേരി. ഇന്‍ഫാം ഇപ്പോള്‍ നിര്‍ജ്ജീവമാണ്. പീലിയാനിക്കലിനെതിരെ ഈ വര്‍ഷം തുടക്കത്തില്‍ തന്നെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ സഭയുടെ പേരില്‍ നടത്തുന്ന തട്ടിപ്പുകളെക്കുറിച്ച് പ്രതികരിക്കാന്‍ കത്തോലിക്ക സഭ തയ്യാറായില്ല. നിങ്ങളില്‍ കുറ്റം ചെയ്യാത്തവര്‍ ഇവളെ കല്ലെറിയട്ടെയെന്ന യേശു ക്രിസ്തുവിന്റെ വചനങ്ങളില്‍ വിശ്വസിക്കുന്ന സഭയ്ക്ക്, കുഞ്ഞാടുകള്‍ ചെയ്യുന്ന കുറ്റങ്ങള്‍ മാത്രമേ പൊറുക്കാതിരിക്കാന്‍ പറ്റൂ, ഇടയന്മാരുടെ കുറ്റങ്ങള്‍ ഒരു കുറ്റമേയല്ലെന്ന് നേരത്തെ തന്നെ അവര്‍ തെളിയിച്ചതാണല്ലോ.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

http://www.azhimukham.com/priyanka-chopra-grand-mother-funeral-controversy-indu-azhimukham/

http://www.azhimukham.com/kerala-four-priests-arrested-sofar-this-year-for-raping-children/

http://www.azhimukham.com/father-therakam-whatsapp-post-against-media-on-kottiyur-case/

http://www.azhimukham.com/kerala-syro-malabar-ernakulam-angamaly-archdiocese-land-scam-no-compromise-with-allegations-mar-george-alencherry/

http://www.azhimukham.com/trending-zacharia-writes-about-joseph-pulikkunnel/

Next Story

Related Stories