UPDATES

ട്രെന്‍ഡിങ്ങ്

സഭ സാത്താന്റെ കൂടെയെന്ന് വീണ്ടും തെളിയിച്ചു

പ്രതികാരം അരുതെന്നാണ് വിശുദ്ധ ബൈബിൾ പറയുന്നതെങ്കിലും തങ്ങൾക്കിതു ബാധകമല്ലെന്ന മട്ടിലാണ് ക്രൈസ്തവ സഭ മേലധികാരികളുടെ പോക്ക്

കെ എ ആന്റണി

കെ എ ആന്റണി

പ്രതികാരം അരുതെന്നാണ് വിശുദ്ധ ബൈബിൾ പറയുന്നതെങ്കിലും തങ്ങൾക്കിതു ബാധകമല്ലെന്ന മട്ടിലാണ് ക്രൈസ്തവ സഭ മേലധികാരികളുടെ പോക്കെന്ന് ഒരിക്കൽക്കൂടി അടിവരയിടുന്നതായി ജലന്ധർ ബിഷപ്പിനാൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്കു നീതിതേടി സഹ കന്യാസ്ത്രീകൾ നടത്തിയ സമരത്തെ പിന്തുണച്ചതിന്റെ പേരിൽ സിസ്റ്റർ ലുസിക്കും യൂഹന്നാൻ റമ്പാനുമെതിരെയുള്ള നടപടി. സുറിയാനി ക്രിസ്ത്യാനി സഭയുടെ മാനന്തവാടി രൂപതയുടെ കീഴിലുള്ള കന്യാസ്ത്രിയാണ് സിസ്റ്റർ ലൂസി. യൂഹന്നാൻ റമ്പാൻ യാക്കോബായ സഭയിൽ പെട്ടയാളും. തങ്ങൾ കൂടി അംഗങ്ങളായ സഭയെ തള്ളിപ്പറയുകയോ താറടിച്ചു കാണിക്കുകയോ ചെയ്തതിന്റെ പേരിലല്ല ഇവർ ഇരുവരും ഇപ്പോൾ ക്രൂശിക്കപ്പെടുന്നത്, മറിച്ചു ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്ത തങ്ങളുടെ സഹോദരിക്ക് നീതി ലഭ്യമാക്കാൻ വേണ്ടി നടന്ന ഐതിഹാസിക സമര വേദിയിൽ പോവുകയും സമരം ചെയ്ത സന്യാസിനികൾക്കു പിന്തുണ അറിയിക്കുകയും ചെയ്തതിന്റെ പേരിലാണ്. നിങ്ങൾ നിന്ദിതരും പീഡിതരുമായവർക്കുവേണ്ടി നിലകൊള്ളണമെന്നു പഠിപ്പിച്ച യേശു ക്രിസ്തുവിന്റെ പേര് പറഞ്ഞു അധികാര ചിഹ്നങ്ങൾ പേറുന്ന സഭാ മേലധികാരികളാണ് യേശുവിന്റെ വചനങ്ങൾക്ക് കടക വിരുദ്ധമായ നിലപാട് സ്വീകരിച്ചിരിക്കുന്നതെന്നതാണ് വലിയ വിരോധാഭാസം.

ഇടവകയിലെ വിശ്വാസികളുടെ എതിർപ്പിനെ തുടർന്നാണ് വേദപാഠം പഠിപ്പിക്കുന്നതിൽ നിന്നും കുർബാന അപ്പം നൽകുന്നതിൽ നിന്നും സിസ്റ്റർ ലൂസിയെ മാറ്റി നിറുത്തിയതെന്നും ഈ വിലക്ക് താൽക്കാലികം മാത്രമാണെന്നുമായിരുന്നു ഇടവക വികാരിയുടെ വിശദീകരണക്കുറിപ്പ്. എന്നാൽ വിലക്ക് താൽക്കാലികമല്ലെന്നും സിസ്റ്ററെ അവർ അംഗമായ സന്യാസിനി സമൂഹത്തിൽ നിന്നുതന്നെ പുറത്താക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു തുടർന്നുള്ള നടപടികൾ. യൂഹന്നാൻ റമ്പാനെ പൊതു പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് മാത്രമേ വിലക്കിയിട്ടുള്ളു എന്ന യാക്കോബായ സഭയുടെ വിശദീകരണത്തെയും ഇതേ രീതിയിൽ തന്നെ കണ്ടാൽ മതിയാകും.

സിസ്റ്റർ ലുസിക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത് സുറിയാനി റീത്തിൽ പെട്ട മാന്തവാടി രൂപതയും സിസ്റ്റർ അംഗമായ ഫ്രാൻസിസ്കൻ ക്ളാരിസ്റ്റ് കോൺഗ്രിഗേഷനുമാണെങ്കിൽ യൂഹന്നാൻ റമ്പാന്റെ ചിറകരിഞ്ഞത് യാക്കോബായ സഭയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയാക്കിയ പുരോഹിതന് രാജ്യം വിട്ടു പോകുന്നതിനടക്കമുള്ള എല്ലാവിധ ഒത്താശകളും ചെയ്തു കൊടുത്തവരാണ് സിസ്റ്റർക്കെതിരെ നടപടിയെടുത്തവരെങ്കിൽ കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് പറഞ്ഞു പേടിപ്പിച്ചു സാധുവായ ഒരു വീട്ടമ്മയെ ലൈംഗികമായി ചൂഷണം ചെയ്ത ഒരു സംഘം പുരോഹിതന്മാരെ സംരക്ഷിക്കാൻ മുതിർന്നവരാണ് രണ്ടാമത്തെ വിഭാഗം. പുരോഹിതൻ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതി ചേർക്കപ്പെട്ട ഒരു പുരോഹിതനെയും രണ്ടു കന്യാസ്ത്രീകളെയും അവരുടെ സ്ഥാനങ്ങളിൽ ഇപ്പോഴും സംരക്ഷിക്കുന്നവരാണ് സമര സ്ഥലത്തുപോയെന്ന നിസ്സാര കാരണം പറഞ്ഞു മറ്റൊരു കന്യാസ്ത്രീയെ പുകച്ചു പുറത്തു ചാടിക്കാൻ വ്യഗ്രത കാട്ടുന്നത്. കുറ്റവാളികൾക്ക് പൂച്ചെണ്ടും നീതിക്കൊപ്പം നിൽക്കുന്നവർക്ക് കല്ലേറും നൽകുന്ന ഇക്കൂട്ടർ ചുരുങ്ങിയ പക്ഷം ഒരു കാര്യമെങ്കിലും വ്യകതമാക്കേണ്ടതുണ്ട്. അതായതു സഭയിപ്പോൾ സാത്താനൊപ്പമോ അതോ നന്മയുടെ ഭാഗത്തോയെന്ന്. ഇക്കാര്യം നിങ്ങൾ വ്യക്തമാക്കിയാലും ഇല്ലെങ്കിലും യേശുവോ ദൈവമോ അല്ല മറിച്ചു സാത്താനാണ് നിങ്ങളിൽ ഭൂരിഭാഗത്തേയും നയിക്കുന്നതെന്ന് ഏറെക്കുറെ വെളിപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

ഫ്രാങ്കോ മുളയ്ക്കല്‍ മുളപ്പിച്ചതും പഠിപ്പിച്ചതും

ഈ പിതാവിന്റെ വാക്കുകള്‍ കേരളം കേള്‍ക്കണം; അവളെന്റെ മകളാണ്; കാര്യം പറയുന്നവരെ മഹറോന്‍ ചൊല്ലി പുറത്താക്കുന്ന പരിപാടി ഇനി നടക്കില്ല

പീഡിക്കപ്പെട്ട കന്യാസ്ത്രീക്കു വേണ്ടി മിണ്ടാത്തവര്‍ എത്ര വേഗമാണ് എനിക്കെതിരെ നടപടിയെടുത്തത്; സി. ലൂസി സംസാരിക്കുന്നു

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍