TopTop
Begin typing your search above and press return to search.

ചതിക്കെണികളുടെ പിന്നാമ്പുറ കഥകൾ അറ്റ്ലസ് രാമചന്ദ്രന്‍ വെളിപ്പെടുത്തുമെന്ന് കരുതുന്നു; 'കുമ്മനടി' ആരോപണത്തിന് മറുപടിയുമായി ശോഭാ സുരേന്ദ്രന്‍

ചതിക്കെണികളുടെ പിന്നാമ്പുറ കഥകൾ അറ്റ്ലസ് രാമചന്ദ്രന്‍ വെളിപ്പെടുത്തുമെന്ന് കരുതുന്നു;
അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിന് സഹായിച്ച കേന്ദ്ര സർക്കാരിന് നന്ദി പറഞ്ഞു ഫെയ്സ്ബൂക് പോസ്റ്റിട്ട ബി ജെ പി നേതാവ് ശോഭ സുരേന്ദ്രന് ട്രോളർമാരുടെ വക ഷോക് ട്രീറ്റ്മെന്റ്.

"അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം സാർത്ഥകമാക്കാൻ സഹായിച്ച കേന്ദ്രസർക്കാരിന് നന്ദി. ഇതിനായി അഹോരാത്രം യത്നിച്ച ബഹുമാന്യരായ കേന്ദ്ര മന്ത്രിമാർ വി കെ സിങ്, സുഷമാ സ്വരാജ്, മറ്റ് കേന്ദ്ര നേതാക്കൾ ആയ മുരളീധർ റാവു, രാം മാധവ് എന്നിവർക്കും ഒപ്പം ഇത് ശ്രദ്ധയിൽ പെടുത്തിയ എൻ ആർ ഐ സെൽ കൺവീനർ ഹരികുമാർ, മുൻ സംസ്ഥാന അധ്യക്ഷൻ ശ്രീ കുമ്മനം രാജശേഖരൻ, ബി ജെ പി നാഷണൽ എക്സിക്യൂട്ടിവ് മെമ്പർ അരവിന്ദ് മേനോൻ എന്നീ സന്മനസ്സുകൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു." ഇതായിരുന്നു ശോഭ സുരേന്ദ്രന്റെ പോസ്റ്റ്.

എന്നാൽ 2015 ആഗസ്റ്റ് 22 ന് അറസ്റ്റിലായ അറ്റ്ലസ് രാമചന്ദ്രനെ കോടതി ശിക്ഷിച്ചത് 3 വർഷത്തേക്ക്. 2018 ആഗസ്റ്റ് 21 ന് ശിക്ഷാ കാലാവധി കഴിഞ്ഞ് അദ്ദേഹം പുറത്തിറങ്ങാനിരിക്കെ റംസാൻ പ്രമാണിച്ച് ഇന്നലെ വിട്ടയച്ചു. 74 ദിവസം മുന്നേയുള്ള റിലീസിംഗ്. ഇതിൽ കേന്ദ്ര ഗവൺമെന്റിനോ ബി ജെ പിക്കോ ഒരു റോളുമില്ല എന്ന് പി കെ സുരേഷ് കുമാർ എന്നയാൾ തിരിച്ചടിച്ചതോടെയാണ് പോസ്റ്റിൽ പൊങ്കാല ആരംഭിച്ചത്. ഖത്തറിന് ലോകകപ്പ് വേദി നേടി കൊടുത്തതും, ബുർജ് ഖലീഫ ഉണ്ടാക്കിയതും ബി ജെ പി ആണെന്ന് ട്രോളര്‍മാര്‍ പരിഹസിക്കുന്നു.

നേരത്തെ ചെങ്ങന്നൂരിൽ രണ്ടായിരം വോട്ടിനു ബി ജെ പി ജയിക്കും എന്ന് അവകാശപ്പെട്ട ശോഭ സുരേന്ദ്രൻ ആ പ്രവചനത്തിന്റെ പേരിലും വ്യാപകമായി ട്രോൾ ചെയ്യപ്പെട്ടിരുന്നു. "ഇത് ചെറിയ കളിയല്ല ഷാനി" എന്ന ശോഭ സുരേന്ദ്രന്റെ ചാനൽ ചർച്ചയിലെ വെല്ലുവിളി ട്രോളർമാരുടെ സ്ഥിരം പ്രയോഗം ആയി മാറി കഴിഞ്ഞു.

അതേസമയം അറ്റ്ലസ് വിഷയത്തില്‍ വിശദീകരണവുമായി വീണ്ടും ശോഭ സുരേന്ദ്രൻ രംഗത്ത് വന്നു. അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിൽ കേന്ദ്രസർക്കാരും ബി ജെ പി യും വഹിച്ച പങ്ക് അദ്ദേഹം തന്നെ സാവകാശത്തിൽ വെളിപ്പെടുത്തുമല്ലോ എന്നു കരുതിയാണ് അതിലേക്കൊന്നും കടക്കാതെ അതിനായി യത്നിച്ചവർക്ക് നന്ദി രേഖപ്പെടുത്തുക മാത്രം ചെയ്തതെന്നും, തന്റെയും ബി ജെ പി നേതാക്കളുടെയും ഇടപെടലുകളെ കുറിച്ച് നേരത്തെ തന്നെ വാർത്തകൾ ഉണ്ടായിരുന്നതായും അവർ പറഞ്ഞു.

"ആദ്യമായി സംസാരിച്ച നാൾ തൊട്ടു അദ്ദേഹത്തിന്റെ മോചനദിവസം വരേക്കും എൻ ആർ ഐ സെൽ പ്രഭാരി എന്ന നിലയിലും ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എന്ന നിലയിലും എന്നാൽ കഴിയും വിധം പരിശ്രമിക്കാൻ സാധിച്ചു എന്ന ചാരിതാർത്ഥ്യം എനിക്കുണ്ട്. " ശോഭ സുരേന്ദ്രൻ തന്റെ ഫെയ്സ്ബൂക് പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിൽ കേന്ദ്രസർക്കാരും ബി ജെ പി യും വഹിച്ച പങ്ക് അദ്ദേഹം തന്നെ സാവകാശത്തിൽ വെളിപ്പെടുത്തുമല്ലോ എന്നു കരുതിയാണ് അതിലേക്കൊന്നും കടക്കാതെ അതിനായി യത്നിച്ചവർക്ക് നന്ദി രേഖപ്പെടുത്തുക മാത്രം ചെയ്തത്. എന്നാൽ അപ്പോഴും അതിലും വിവാദം ഉണ്ടാക്കാനും ഇതൊക്കെ വെറും വീമ്പു പറച്ചിൽ ആണെന്നും ചിലർ പറയുന്നതും പ്രചരിപ്പിക്കുന്നതും ശ്രദ്ധയിൽ പെട്ടത് കൊണ്ടാണ് ഈ വിശദമായ കുറിപ്പ് ഇടുന്നത്.

അറ്റ്‌ലസ് രാമചന്ദ്രന്റെ കേസിനെ പറ്റി പത്രമാധ്യമങ്ങളിൽ നിന്നും അറിഞ്ഞിരുന്നു എന്നല്ലാതെ വിശദാംശങ്ങൾ ഒന്നും ഞാനും അറിഞ്ഞിരുന്നില്ല, 2017 മേയ് 17നു അദ്ദേഹത്തിന്റെ പത്നി ശ്രീമതി ഇന്ദിര രാമചന്ദ്രൻ ഫോണിൽ ബന്ധപെടുന്നത് വരെ. വലിയ ചതിക്കെണികളുടെ പിന്നാമ്പുറ കഥകൾ ആണ് അന്നെന്നോടാ അമ്മ കരഞ്ഞു കൊണ്ടു പറഞ്ഞത്. അതിലേക്കൊന്നും ഇപ്പോൾ ഞാൻ കടക്കുന്നില്ല. അതൊക്കെ അദ്ദേഹം തന്നെ വെളിപ്പെടുത്തുമെന്നു ഞാൻ കരുതുന്നു. എൻ ആർ ഐ സെൽ പ്രഭാരി കൂടി ആയ ഞാൻ എന്നാൽ കഴിയുന്ന എല്ലാ സഹായങ്ങളും ആ അമ്മയ്ക്ക് വാഗ്ധാനം ചെയ്തു. തൊട്ടടുത്ത ദിവസം തന്നെ ഞാൻ ഡൽഹിയിൽ പോയി ബി ജെ പി ദേശീയ ജനറൽ സെക്രട്ടറി ശ്രീ മുരളീധര റാവുവിനെ കണ്ട് കാര്യങ്ങൾ എല്ലാം വിശദമായി ധരിപ്പിച്ചു. അദ്ദേഹത്തിന്റെ കൂടെ അപ്പോൾ തന്നെ കേന്ദ്രമന്ത്രി ശ്രീമതി സുഷമാ സ്വരാജിനെ ചെന്നു കണ്ടു. രോഗാവസ്ഥയിൽ ക്ഷീണിതയായിരുന്നിട്ടു പോലും എല്ലാം കേൾക്കുകയും അപ്പോൾ തന്നെ അംബാസിഡർ ശ്രീ നവദ്വീപ്സിങ് സൂരിയെയും കോണ്സുലേറ്റ് ജനറൽ വിപുലിനെയും വിളിച്ചു ചുമതലകൾ ഏൽപ്പിച്ചു. 22 ബാങ്കുകളുമായും, 6 വ്യക്തികളുമായും ആണ് കേസുകൾ ഉണ്ടായിരുന്നതെന്ന് അപ്പോഴേ അറിയാൻ കഴിഞ്ഞു. നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്നു കൊണ്ടും ഉള്ള എല്ലാ സഹായങ്ങളും സുഷമാജി ഞങ്ങൾക്ക് ഉറപ്പു തന്നു. കേന്ദ്രമന്ത്രിസഭയിൽ നിന്നു ഇതിനാവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു കിട്ടാൻ ബി ജെ പി യുടെ ആ സമയത്തെ സംസ്ഥാന അധ്യക്ഷനായ കുമ്മനം രാജശേഖരൻജിയും എം എൽ എ ശ്രീ ഓ രാജഗോപാൽജിയും സമ്മർദ്ദം ചെലുത്തുകയും ചെയ്തു. ഇതിനെ ഒക്കെ തുടർന്ന് ദേശീയ ജനറൽ സെക്രട്ടറി ശ്രീ രാം മാധവ് നേരിട്ട് ഗൾഫിൽ പോയി ഇന്ദിരാ രാമചന്ദ്രനെ സന്ദർശിക്കുകയും ഒപ്പം അവിടെയുള്ള ഗൾഫിലെ ഉന്നതാധികാരികളുമായി പലപ്പോഴായി അനേകം ചർച്ചകൾ നടത്തുകയും ചെയ്തു. തുടർന്നാണ് 22 ബാങ്കുകളിൽ 19 എണ്ണം സഹകരിക്കാമെന്ന് സമ്മതിച്ചത്. കേന്ദ്രമന്ത്രി ശ്രീ വി കെ സിംഗ്‌ ജിയും ഇതിനിടയിൽ പലപ്പോഴായി സഹായങ്ങൾ ചെയ്തു തന്നു. തുടർന്നു ബാക്കി ഉണ്ടായ 3 ബാങ്കുകൾ കൂടെ ഒത്തുതീർപ്പിന് സമ്മതിച്ചു. അതിനോടൊപ്പം പിന്നീട് ഞങ്ങൾ നടത്തിയ ചർച്ചകളുടെ ഫലമായി പണം നൽകാനുള്ള 6 പേരിൽ അഞ്ചു പേരും ഒത്തുതീർപ്പിന് സന്നദ്ധത അറിയിച്ചു. ഒരാളുമായുള്ള ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കുകയുമായിരുന്നു. അന്തിമഘട്ട ചർച്ചകൾക്ക് നേതൃത്വം കൊടുത്തത് ബി ജെ പി നാഷണൽ എക്സിക്യൂട്ടിവ് മെമ്പർ ശ്രീ അരവിന്ദ് മേനോൻജി ആയിരുന്നു. അതിന്റെ കൂടി പൂർണ്ണതയിൽ ആണ് അദ്ദേഹത്തിന് ഇന്നിപ്പോൾ മോചനം സാധ്യം ആയത്.

അവസാന ആളുമായുള്ള ചർച്ച നടക്കുന്നതിനിടയിൽ അത് വരെ ഉള്ള എല്ലാ കാര്യങ്ങളും ഈ കഴിഞ്ഞ മാർച്ച് 4 കേരളശബ്ദം വാരികയിൽ ഞാൻ കൊടുത്ത അഭിമുഖത്തിൽ വിശദമായി പറഞ്ഞിട്ടുള്ളതാണ്. ഇതിപ്പോൾ ചുരുക്കി പറഞ്ഞു എന്നു മാത്രം. ആദ്യമായി സംസാരിച്ച നാൾ തൊട്ടു അദ്ദേഹത്തിന്റെ മോചനദിവസം വരേക്കും എൻ ആർ ഐ സെൽ പ്രഭാരി എന്ന നിലയിലും ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എന്ന നിലയിലും എന്നാൽ കഴിയും വിധം പരിശ്രമിക്കാൻ സാധിച്ചു എന്ന ചാരിതാർത്ഥ്യം എനിക്കുണ്ട്. ഇപ്പോഴത്തെ കേന്ദ്ര സർക്കാരിന്റെ കാലാവധി കഴിയും മുമ്പ് തന്നെ അദ്ദേഹത്തെ പുറത്തെത്തിക്കാൻ കഴിയും എന്ന ഉറച്ച വിശ്വാസം അന്ന് കേരളശബ്ദത്തിൽ തന്നെ ഞാൻ പ്രകടിപ്പിച്ചിരുന്നു .ആ വിശ്വാസം ഇന്ന് സത്യമായിരിക്കുന്നു. എൻ ആർ ഐ സെൽ കൺവീനർ ശ്രീ ഹരികുമാറിനും ശ്രീ ചന്ദ്രപ്രകാശിനും കൂടി ഈ സമയം നന്ദി അറിയിക്കുന്നു.

പിന്നെ സഖാക്കളോട് ഒരു വാക്ക്, കേന്ദ്രസർക്കാർ പദ്ധതികൾ നിങ്ങളുടെ നേതാക്കന്മാർ പേരു മാറ്റി തട്ടിയെടുക്കുന്ന പോലെ അർഹിക്കാത്തത് തട്ടിയെടുക്കേണ്ട കാര്യം ഞങ്ങൾക്കില്ല. അത് നിങ്ങൾ കണ്ടു ശീലിച്ചത് കൊണ്ടാണ് നിങ്ങൾക്ക് കാണുന്നതെല്ലാം അത് പോലെ തോന്നുന്നതും. അത് ഞങ്ങളുടെ തെറ്റല്ല. നിങ്ങളുടെ പരാജയം മാത്രം ആണ്. നിങ്ങളുടെ ഗതികേട് എന്നും പറയാം. കേരളത്തിലെ ഇടതു വലതു മുന്നണികൾ അദ്ദേഹത്തിന്റെ നല്ല കാലത്ത് അടുത്ത ബന്ധം പുലർത്തിയിരുന്നു, എന്നാൽ ബിസിനസ്സിൽ വീഴ്ച പറ്റിയ സമയത്ത് സഹായത്തിനാരെയും കണ്ടില്ല എന്നത് സത്യം മാത്രം. കഴിഞ്ഞ ഇരുപത്തഞ്ചു മാസത്തോളമായി ഇതിനു വേണ്ടി പ്രവൃത്തിച്ചിരുന്നു എങ്കിലും പുരപ്പുറത്ത് കയറി വിളിച്ചു കൂവുന്ന സ്വഭാവം ഞങ്ങൾക്കില്ലാത്തത് കൊണ്ടാണ് ഇതൊന്നും പറഞ്ഞു കൊണ്ടിരിക്കാഞ്ഞത്. പക്ഷെ ഇപ്പോൾ നിങ്ങൾ പറയിപ്പിച്ചതാണ് ഞങ്ങളെ കൊണ്ട്..

എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി.

കേരളശബ്ദത്തിന്റെ അഭിമുഖത്തിന്റെ താളുകൾ ഇതിനോടൊപ്പം ചേർക്കുന്നു..അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

http://www.azhimukham.com/atlas-jewelry-group-closing-31st-december-failed-repay-debts-fall-of-business-empire/

http://www.azhimukham.com/news-update-gold-business-man-atlas-ramachandran-reacted-in-interview-after-released-dubai-jail/Next Story

Related Stories