Top

'ഇനി മുതൽ ഈ സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണോ എന്നന്വേഷിക്കുക നിങ്ങളുടെ ചുമതലയല്ല'; ഫാസിസത്തിന്റെ വരവ്

ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് സമകാലിക സംഭവങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു. രാജ്യത്ത് ഇന്ന് നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള സമാനതകളുള്ളത് അടിയന്തിരാവസ്ഥ കാലത്തോട് മാത്രം. ഒന്നിനു പിറകെ ഒന്നായി ജനാധിപത്യ അവകാശങ്ങളും ജനാധിപത്യ സമൂഹവും ലക്ഷ്യം വെയ്ക്കപ്പെടുന്നു. 'അര്‍ബന്‍ നക്സലുകൾ' എന്നാരോപിച്ച് അറിയപ്പെടുന്ന പൗരാവകാശ പ്രവർത്തകരും എഴുത്തുകാരും അഭിഭാഷകരുമടങ്ങുന്ന അഞ്ചുപേരുടെ അറസ്റ്റും, സർവ്വകലാശാലാ അധ്യാപകരടക്കമുള്ളവരുടെ വീടുകളിൽ നടന്ന റെയ്ഡും, ഗോസംരക്ഷണമെന്ന പേരിൽ തുടർ സംഭവങ്ങളായി മാറുന്ന ആൾക്കൂട്ട കൊലകളും, നരേന്ദ്ര മോദിയുടെ കടുത്ത വിമർശകനായ മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിന്റെ അറസ്റ്റും, വാജ്പേയിയെ ആക്ഷേപിച്ചെന്നാരോപിച്ച് സർവ്വകലാശാലാ അധ്യാപകനായ സഞ്ജയ്കുമാറിനെതിരെ ബിഹാറിലെ മോത്തിഹാരിയിൽ നടന്ന ആൾക്കൂട്ട ആക്രമണങ്ങളുമെല്ലാം ഏറ്റവും അവസാനത്തെ ഉദാഹരണങ്ങൾ മാത്രം.

നരേന്ദ്ര മോദി അധികാരത്തിലേറിയ 2014 മുതൽ, വ്യത്യസ്ത രീതിയിൽ നടപ്പിലാക്കിയ ‘സ്ട്രാറ്റജിക് ഓപ്പറേഷനു'കളിലൂടെ പൊതുസമൂഹം ഏതുതരം കടന്നാക്രമണത്തോടും പരുവപ്പെടുന്ന അവസ്ഥയിലേയ്ക്ക് എത്തിയിരിക്കുന്നു. നോട്ട് നിരോധനവും ഗോവധ നിരോധനവും ഗോരക്ഷകരെന്ന പേരിൽ അക്രമി സംഘങ്ങൾ നടത്തുന്ന കൊലപാതകങ്ങളുമെല്ലാം രാജ്യ താത്പര്യങ്ങളും മതതാത്പര്യങ്ങളും സംരക്ഷിക്കാനുള്ള ചില കടുത്ത നടപടികളായി വ്യാഖ്യാനിക്കപ്പെടുന്നു.

അനുദിനം ഫാസിസ്റ്റുവത്ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഭരണകൂടത്തിന്റെ മർദ്ദനമുറകളാൽ, സാമൂഹിക പ്രതികരണങ്ങളെ മരവിപ്പിച്ചു നിർത്താനും സംഭവിക്കുന്നതിലൊന്നും അസാധാരണമായി ഒന്നുമില്ലെന്ന ധാരണയിലേക്ക് പൊതുസമൂഹത്തെ നയിക്കാനും കഴിയുന്നു. ജനാധിപത്യ സമൂഹത്തിന്റെയും വ്യക്തികളുടെയും പ്രതികരണ ബോധം പൂർണ്ണമായും മരവിപ്പിക്കുന്ന ഈ സാഹചര്യമാണ് ഫാസിസ്റ്റ് ശക്തികൾ ഏറ്റവും അഭികാമ്യമായി കാണുന്നത്.

പൊതുജനങ്ങളുടെ പ്രതികരണത്തിന്റെ തോത് മനസ്സിലാക്കുകയെന്ന ലക്ഷ്യത്തോടെ ഘട്ടംഘട്ടമായും തന്ത്രപരവുമായാണ് ഫാസിസ്റ്റ് ഭരണകൂടങ്ങൾ തങ്ങളുടെ ഏറ്റവും തീവ്രമായ നയങ്ങൾ നടപ്പിലാക്കുന്നത്. ഹിറ്റ്ലറുടെ നേതൃത്വത്തിൽ നാസി ഭരണകൂടം ജർമ്മനിയിൽ നടപ്പാക്കിയ നയങ്ങളെക്കുറിച്ച് വിഖ്യാതനായ ഓസ്ട്രിയൻ എഴുത്തുകാരൻ സ്റ്റീഫൻ സ്വൈയ്ഗ് തന്റെ ആത്മകഥയായ ‘ഇന്നലെത്തെ ലോക'ത്തിൽ എഴുതുന്നു; 'ഒരു നേരം ഒരു ഗുളിക മാത്രം, പിന്നീട് അതിന്റെ ആഘാതം എത്രയെന്നറിയാനുള്ള കാത്തിരിപ്പ്; ലോക മന:സാക്ഷിക്ക് ആ ഡോസ് താങ്ങാൻ കഴിയുമോയെന്ന് അറിഞ്ഞതിനു ശേഷം അടുത്തത്. ഒന്നിനു പിറകെ ഒന്നായി ഡോസ് വർദ്ധിപ്പിക്കുകയും അവസാനമാകുമ്പോഴേക്കും യൂറോപ്പ് ഒന്നാകെ പൂർണ്ണമായും തകർന്ന് തരിപ്പണമാകുകയും ചെയ്തു".


ഹിറ്റ്ലറുടെ ആദ്യകാല പ്രസംഗങ്ങളിലെയും പുസ്തകങ്ങളിലെയും തീവ്ര ആശയങ്ങളെ, വാചാടോപമെന്നാക്ഷേപിച്ച് യൂറോപ്പിലെ പണ്ഡിതന്മാർ അവഗണിച്ചതിനെപ്പറ്റിയും ജർമ്മനിയിലെ ഭരണഘടനയ്ക്കും ശക്തമായ നിയമസംവിധാനത്തിനും മുമ്പിൽ ഹിറ്റ്ലർ ഒരു ഭീഷണിയല്ലായെന്നും നാസി പ്രസ്ഥാനം, തനിയേ തകർന്നില്ലാതാവുമെന്നതടക്കമുള്ള ആശയങ്ങൾ പങ്കുവെച്ച യൂറോപ്യൻ മാധ്യമങ്ങളുടെ സമീപനത്തെക്കുറിച്ചും സ്വൈയ്ഗ് പ്രതിപാദിക്കുന്നുണ്ട്. ഉദാസീനമായ ആ മനോഭാവത്തിന് ദശലക്ഷങ്ങളുടെ ജീവനാണ് ലോകത്തിന് വിലയായി നല്‍കേണ്ടി വന്നത്. നരേന്ദ്ര മോദിയുടെ ഭരണത്തിൻ കീഴിൽ, ഇന്ത്യയിലരങ്ങേറിയ നിരവധിയായ സംഭവ വികാസങ്ങളോട് വലിയൊരു വിഭാഗം ബുദ്ധിജീവികളും മാധ്യമങ്ങളും സ്വീകരിച്ച സമീപനങ്ങൾ, സ്വൈയ്ഗിന്റെ വാക്കുകളെ അങ്ങേയറ്റം പ്രസക്തമാക്കുന്നു.

'കള്ളപ്പണത്തിനെതിരായ മിന്നലാക്രമണം' എന്നാണ് ഇന്ത്യയിലെ കോർപ്പറേറ്റ് മാധ്യമങ്ങൾ നോട്ടു നിരോധനത്തെ വാഴ്ത്തിയത്. നിരോധിച്ച നോട്ടുകളിൽ 99.03 ശതമാനവും തിരിച്ചെത്തിയെന്ന വാർത്തകൾ പുറത്തുവന്നതിനു ശേഷവും മാധ്യമങ്ങളുടെ വാഴ്ത്തിപ്പാടലുകൾക്ക് യാതൊരു മാറ്റവുമില്ല. ‘പച്ചയ്ക്കു കൊളുത്തുന്നതിനു മുമ്പ് അമ്പതു ദിവസം തരൂ’ എന്ന രോദനത്തെ പറ്റി അന്തിച്ചർച്ചകളും ആക്രോശങ്ങളുമില്ല. 8.26 ശതമാനമായി വർദ്ധിച്ച വളർച്ചാ നിരക്കിനെക്കുറിച്ചുളള അവകാശ വാദങ്ങൾ, പക്ഷേ ശതകോടികളായി വർദ്ധിച്ചു കൊണ്ടിരിക്കുന്ന റവന്യൂ കമ്മിയെപ്പറ്റി സമ്പൂർണ്ണ നിശ്ശബ്ദത പാലിക്കുന്നു. ഇതോടൊപ്പം തന്നെ ഓർക്കേണ്ടതാണ്, എഴുത്തുകാരേയും സാംസ്ക്കാരിക പ്രവർത്തകരെയും കൊലപ്പെടുത്തിയതിൽ സുപ്രധാന പങ്കുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയ സനാതൻ സൻസ്തയും അവർ നടത്താനുദ്ദേശിച്ച വിധ്വംസക പ്രവർത്തനങ്ങളെയും സംബന്ധിച്ചുണ്ടായ വെളിപ്പെടുത്തലുകൾ. ഈ കാര്യങ്ങളെല്ലാം പൊതുമണ്ഡലത്തിൽ ചർച്ചചെയ്യപ്പെടരുതെന്ന ഗൂഢോദ്ദേശ്യം കൂടിയാണ് വരവരറാവുവും ഗൗതം നവ്ഖാലയും അരുൺ ഫെരേരയും വെർനൻ ഗോൺസാൽവസും സുധാ ഭരദ്വാജുമടക്കമുള്ളവരുടെ അറസ്റ്റിലേയ്ക്ക് നയിച്ചതെന്നു വേണം മനസ്സിലാക്കാൻ. ‘ശ്രദ്ധ തിരിച്ചു’ ഭരിക്കുകയെന്ന ഹിന്ദുത്വ ഭരണകൂടത്തിന്റെ തന്ത്രങ്ങൾ, ഇത്തരത്തിൽ പലരീതിയിലാണ് നടപ്പിലാക്കപ്പെടുന്നത്. ഭൂരിപക്ഷ വർഗ്ഗീയതയേയും മധ്യവര്‍ഗ്ഗത്തിന്റെ ആഗ്രഹാഭിലാഷങ്ങളെയും താലോലിക്കുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളും പദ്ധതികളും ഒന്നിനു പിറകെ ഒന്നായി പ്രഖ്യാപിക്കപ്പെടുന്നു. പ്രഖ്യാപനങ്ങൾ മാത്രമായി ഒതുങ്ങുന്ന ഈ പദ്ധതികൾക്ക് എന്തു സംഭവിക്കുന്നുവെന്നത് ചർച്ചാവിഷയമാകാത്ത രീതിയിലാണ് സംഭവങ്ങളുടെ ഘോഷയാത്രകൾ. തത്സമയം ലഭിക്കുന്ന വാർത്താനിർമ്മിതികളിൽ അഭിരമിക്കുന്ന പൊതുജന മനസ്സിന്റെ ദുർബ്ബലമായ ഓർമ്മകളാണ് ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നയങ്ങളിലെ കാപട്യങ്ങളും ജനവിരുദ്ധതയും ചോദ്യംചെയ്യപ്പെടാത്തവയാക്കി മാറ്റുന്നത്.

ഹിറ്റ്ലറുടെ ഭരണത്തിൽ കീഴിൽ ജർമ്മനിയിലങ്ങോളമിങ്ങോളം തടങ്കൽ പാളയങ്ങളും കോൺസട്രേഷൻ ക്യാംപുകളും സ്ഥാപിക്കപ്പെടുന്നുവെന്ന വാർത്ത വിശ്വസിക്കാൻ ബഹുഭൂരിപക്ഷം ആളുകളും തയ്യാറായിരുന്നില്ല. ഫാസിസ്റ്റ് ഭരണകൂടങ്ങളുടെയും സമൂഹങ്ങളും രൂപമെടുക്കുന്നതിലേക്ക് നയിക്കുന്ന കടന്നാക്രമണങ്ങളും അതു നല്കുന്ന ആപത് സൂചനകളും പലപ്പോഴും അവഗണിക്കപ്പെട്ടുവെന്ന് ചരിത്രം ഓർമ്മിപ്പിക്കുന്നു. ഇന്ത്യയിലും കഴിഞ്ഞ മൂന്നു ദശകങ്ങളിലായി നടക്കുന്ന സംഭവവികാസങ്ങളിൽ ഇത്തരം നിരവധിയായ വിപദ് സൂചനകൾ കാണാൻ കഴിയും: ദേശരാഷ്ട്രത്തിനെതിരായ കലാപം നടത്തുന്നവരായി ഇടതുപക്ഷമടക്കമുള്ള ജനാധിപത്യ സംഘടനകളെയും പൗരാവകാശ പ്രവർത്തകരെയും ചിത്രീകരിക്കുന്നു, ഭരണകൂടത്തിന്റെ തീവ്ര ദേശീയതാ നാട്യങ്ങളെ ചോദ്യം ചെയ്യുന്ന വിദ്യാർത്ഥികളെയും അക്കാദമിക സമൂഹത്തെയും ദേശദ്രോഹികളായി മുദ്രകുത്തുകയും ജയിലിലടക്കുകയും ചെയ്യുന്നു, രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളായ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ ഭരണകൂടത്തിന്റെ ഭാഗമായുള്ളവർ തന്നെ അപവാദങ്ങളും വിദ്വേഷപ്രചരണങ്ങളും അഴിച്ചു വിടുന്നു, ദേശീയപ്രസ്ഥാനത്തിന്റേതടക്കമുള്ള രാഷ്ട്രചരിത്രത്തെ വക്രീകരിക്കുകയും മാറ്റിയെഴുതുന്ന ചരിത്രത്തെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാക്കാനുമുള്ള ശ്രമങ്ങൾ ഊർജ്ജിതമായി പുരോഗമിക്കുന്നു, ഉന്നതവിദ്യാഭ്യാസത്തെയടക്കം വർഗ്ഗീയവല്ക്കരിക്കാനും വാണിജ്യവല്ക്കരിക്കാനുമുള്ള ശ്രമങ്ങൾ നിരന്തരം നടക്കുന്നു, ന്യായാധിപന്മാരും നീതിന്യായ വ്യവസ്ഥയുമടക്കമുള്ള ഭരണകൂട സ്ഥാപനങ്ങളെ ചൊല്‍പ്പടിക്ക് നിർത്താനും നിയന്ത്രിക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്നു, വിയോജിപ്പിന്റെ ശബ്ദം ഉയർത്തുന്നവരെ നിശ്ശബ്ദരാക്കാനും ഉന്മൂലനം ചെയ്യാനുമുള്ള ശ്രമങ്ങൾ തുടരുന്നു, രാജ്യത്തിന്റെ സംസ്കാരവുമായി ബന്ധപ്പെട്ട സമസ്ത കാര്യങ്ങളും ഏകശിലാ ക്രമത്തിലേയ്ക്ക് ചുരുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു, അപര വിദ്വേഷത്തിലധിഷ്ഠിതമായ രാഷ്ട്രീയവും ആശയസംഹിതകളും സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചുരപ്രചാരം നേടുന്നു, വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ പ്രയോഗങ്ങളായി ആൾക്കൂട്ട കൊലപാതകങ്ങൾ ആവർത്തിക്കപ്പെടുന്നു, ദളിത്-ന്യൂനപക്ഷ വിഭാഗങ്ങളെ ദേശീയതയുടെ അപരങ്ങളായി ചിത്രീകരിക്കുകയും നിരന്തരം വേട്ടയാടപ്പെടുകയും ചെയ്യുന്നു, ദശലക്ഷക്കണക്കിനു പൗരന്മാരുടെ പൗരത്വം റദ്ദാക്കപ്പെടുകയും രാജ്യത്തിനുള്ളിൽത്തന്നെ അഭയാർത്ഥികളാകേണ്ട സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു, ജനാധിപത്യ സംവിധാനത്തിന്റെ ബഹുസ്വരത ഉറപ്പു വരുത്തുന്ന ഫെഡറൽ തത്വങ്ങൾ നഗ്നമായി ലംഘിക്കപ്പെടുകയും ഒരുമിച്ചുള്ള തെരഞ്ഞെടുപ്പടക്കമുള്ള ജനാധിപത്യവിരുദ്ധ നയങ്ങൾക്കായി കളമൊരുങ്ങുകയും ചെയ്യുന്നു. കഴിഞ്ഞ മൂന്നു ദശകങ്ങളായി ഇന്ത്യൻ പൊതുമണ്ഡലത്തിൽ സംഭവിച്ചുകൊണ്ടിരിയ്ക്കുന്നതും മോദി ഭരണത്തിൻ കീഴിൽ വർദ്ധിത വീര്യത്തോടെ നടപ്പിലാക്കപ്പെട്ടു കൊണ്ടിരിയ്ക്കുന്നതുമായ ഈ കാര്യങ്ങൾ, ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് നല്കുന്നത് അങ്ങേയറ്റത്തെ വിപൽസൂചനകളാണ്.

ജനാധിപത്യ സംവിധാനത്തെ നിലനിർത്തുന്ന അടിസ്ഥാന മൂല്യങ്ങളിലൊന്നാണ് വിയോജിക്കാനുള്ള അവകാശം. വിയോജിക്കാനുള്ള അവകാശങ്ങൾ ചോദ്യം ചെയ്യപ്പെടുമ്പോൾ ജനാധിപത്യം തന്നെയാണ് റദ്ദു ചെയ്യപ്പെടുന്നത്. ദേശീയതയെയും രാജ്യസ്നേഹത്തെയും സംബന്ധിച്ച ഭരണകൂട വ്യാഖ്യാനങ്ങൾ ചോദ്യങ്ങളില്ലാതെ സ്വീകരിക്കപ്പെടുകയും വാഴ്ത്തപ്പെടുകയും ചെയ്യണമെന്ന ശാഠ്യങ്ങളും ഏകാധിപത്യ ക്രമങ്ങളുടെ പ്രത്യേകതയാണ്. ദളിത്- ന്യൂനപക്ഷ വിഭാഗങ്ങളും പൗരാവകാശപ്രവർത്തകരും ഇടതുപക്ഷമടക്കമുള്ള ജനാധിപത്യവാദികളും മുന്നോട്ട് വെയ്ക്കുന്ന ദേശീയതാ വിമർശങ്ങൾ, ഹിന്ദുത്വവാദികൾക്ക് അസഹനീയമായിത്തീരുന്നു.

ഭീമാ-കോറിഗാവ്, സംഘപരിവാറിന്റെ കണ്ണിലെ കരടായിത്തീരുന്നതിനുള്ള കാരണവും ഇതു തന്നെയാണ്. എന്നാൽ ഏൽഗാർ പരിഷത് സംഘടിപ്പിച്ച ഭീമാ-കോറിഗാവ് അനുസ്മരണച്ചടങ്ങിന്റെ സംഘാടകരോ അതിൽ പങ്കെടുത്തവരോ അല്ല ഇപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തികൾ. സുപ്രീംകോടതിയുടെ സമയോചിതമായ ഇടപെടലിലൂടെ പോലീസ് കസ്റ്റഡിയിൽ നിന്നും ഈ അഞ്ചുപേരും ഒഴിവാക്കപ്പെട്ടുവെങ്കിലും വീട്ടുതടങ്കലിൽ തുടരേണ്ടി വരുന്നുവെന്നത് ഒട്ടും ആശ്വാസകരമായ കാര്യമല്ല. അപ്രഖ്യാപിത അടിയന്തിരാവസ്ഥ, പ്രഖ്യാപിതമായതിനേക്കാൾ ഭീതിദമായിത്തീരുന്ന സാഹചര്യമാണിത്. ഭരണകൂടത്തെയും ഭരണകൂട പ്രത്യയശാസ്ത്രങ്ങളെയും വിമർശനവിധേയമാക്കുന്ന ആർക്കു നേരേയും ഇത്തരം നടപടികൾ ആവർത്തിക്കപ്പെട്ടേക്കാം. വിയോജിപ്പിന്റെ ശബ്ദങ്ങളെ നിശ്ശബ്ദരാക്കുകയെന്ന സംഘപരിവാർ അജണ്ട, ഭരണകൂട കാർമ്മികത്വത്തിൽത്തന്നെ നടപ്പിലാക്കപ്പെടുകയാണെന്നു ന്യായമായും സംശയിക്കേണ്ടി വരും.

1933ലെ വസന്ത കാലത്ത്, ജർമ്മനിയിലെ ബവേറിയ പ്രവിശ്യയിലെ വിദ്യാഭ്യാസ- സാംസ്ക്കാരിക വകുപ്പ് മന്ത്രിയായ ഹൻസ് ഷേം, മ്യൂണിക് സർവ്വകലാശാലയിൽ നടന്ന ഒരു യോഗത്തിൽ സർവ്വകലാശാല അധ്യാപകരോട് ഇങ്ങനെ ആഹ്വാനം ചെയ്തു: ‘"ഇനി മുതൽ ഏതെങ്കിലും കാര്യങ്ങൾ സത്യമാണോ അല്ലയോ എന്നന്വേഷിക്കുക നിങ്ങളുടെ ചുമതലയല്ല. പകരം അതു ദേശീയ ഭരണകൂടത്തിന്റെ നയങ്ങളുമായി ഒത്തുപോകുന്നുണ്ടോ എന്ന് പരിശോധിക്കുക മാത്രം ചെയ്യുക", ഭരണകൂടവ്യാഖ്യാനങ്ങൾ മാത്രം അനുവദിക്കപ്പെടുകയും വിയോജിപ്പിന്റെ ശബ്ദങ്ങൾ തൊണ്ടയിൽ കുരുങ്ങിയ നിലവിളികളായി അവശേഷിക്കുകയും ചെയ്യുമ്പോൾ, ജനാധിപത്യത്തിന്റെ സുരക്ഷാ വാൽവുകൾ ഒന്നൊന്നായി അടയ്ക്കപ്പെടുകയാണെന്നു വേണം മനസ്സിലാക്കാൻ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories