Top

വികാരം ഇളക്കിവിടുന്നവര്‍ ആരൊക്കെ? പി എസ് ശ്രീധരന്‍ പിള്ള മുതല്‍ ദീപാ രാഹുല്‍ ഈശ്വര്‍ വരെ കളിക്കുന്നത് തീക്കളി

വികാരം ഇളക്കിവിടുന്നവര്‍ ആരൊക്കെ? പി എസ് ശ്രീധരന്‍ പിള്ള മുതല്‍ ദീപാ രാഹുല്‍ ഈശ്വര്‍ വരെ കളിക്കുന്നത് തീക്കളി
'ഇതു ശരിയല്ല, രാഹുൽ ജയിലിൽ കിടക്കുന്നതു നമുക്കുവേണ്ടി' തന്ത്രി കുടുംബാംഗം രാഹുൽ ഈശ്വറിന്റെ ഭാര്യ വിലപിക്കുന്നു. സർക്കാർ ഹിന്ദു സമൂഹത്തെ വെല്ലുവിളിക്കുന്നുവെന്നും കനത്ത വില നൽകേണ്ടി വരുമെന്നും ബി ജെ പി നേതാവ് കെ സുരേന്ദ്രൻ ഭീഷണി മുഴക്കുന്നു. ശബരിമലയിൽ എത്തുന്ന വിശ്വാസികളായ യുവതികൾക്ക് സംരക്ഷണം നല്കണമെന്നേ സുപ്രീം കോടതി പറഞ്ഞിട്ടുള്ളുവെന്നും അവരെ പോലീസ് യൂണിഫോമിൽ സന്നിധാനത്തിൽ എത്തിക്കണമെന്നും പറഞ്ഞിട്ടില്ലല്ലോ എന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. ശബരിമല വിഷയത്തിൽ ആർ എസ് എസിനും ബി ജെ പിക്കും വഴിയൊരുക്കുകയാണ് സംസ്ഥാന സർക്കാരും സി പി എമ്മും എന്ന് കോൺഗ്രസ് നേതാവും കേരളത്തിലെ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. ഇത്രയും ശബരിമല വിഷയുമായി ഇന്ന് പുറത്തുവന്ന പ്രതികരണങ്ങളിൽ ചിലതു മാത്രം.

ആദ്യം രാഹുൽ ഈശ്വറിന്റെ പ്രിയതമയുടെ പ്രതികരണത്തിലേക്ക്. തന്റെ ഭർത്താവിനെ എന്തിനാണ് പോലീസ് അറസ്റ്റു ചെയ്തതെന്നു അറിയാത്ത ഒരാളെ പോലെ തുടങ്ങി രാഹുൽ ജയിലിൽ കിടക്കുന്നതു നമുക്കുവേണ്ടിയാണെന്നു പറയുന്നിടത്തു നിന്നും രാഹുലിന്റെ ഭാര്യയുടെ വിലാപത്തിനു പിന്നിലെ ലക്‌ഷ്യം വ്യക്തമാണ്. സുപ്രീം കോടതി വിധി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പറയുക മാത്രമല്ല, ശബരിമലയിൽ കലാപം വിതക്കാൻ ബോധപൂര്‍വ്വമായ ശ്രമം നടത്തുന്നുവെന്ന് ആരോപിച്ചുകൂടിയാണ് രാഹുലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തതും കോടതി പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തതും. പോലീസിന്റെ ഈ നടപടിക്കെതിരെ സ്വാഭാവികമായും രാഹുലിന്റെ ഭാര്യക്ക് കോടതിയെ സമീപിക്കാവുന്നതേയുള്ളു എന്നിരിക്കെ ഭർത്താവിന്റെ കസ്റ്റഡി ചൂണ്ടിക്കാട്ടി പൊതുവികാരം ഇളക്കിവിടാനുള്ള ഒരു രണ്ടാം കിട സൂത്രമായി മാത്രമേ ഈ വിലാപത്തെ കാണാനാവൂ എന്ന് മാന്യ സഹോദരിയോട്‌ പറയാതെ വയ്യ.

തന്റെ ഭർത്താവിനെ കസ്റ്റഡിയിൽ എടുത്തതുപോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടു ഭൂ മാതാ ആക്ടിവിസ്റ്റായ തൃപ്തി ദേശായിയെ പുണെ പോലീസ് അറസ്റ്റു ചെയ്ത വിവരമൊന്നും ദീപ അറിഞ്ഞിട്ടുണ്ടാവില്ലേ. ഒരു പക്ഷെ സംഘി സഹോദരങ്ങൾ പറഞ്ഞിട്ടുണ്ടാവില്ല. ഇതേ പുണെ പോലീസ് തന്നെ കവിയും ആക്ടിവിസ്റ്റുമായ വരവര റാവു അടക്കമുള്ളവരെ പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന് ആരോപിച്ചു അറസ്റ്റു ചെയ്തതും താങ്കൾ അറിയാത്ത കാര്യമാകാൻ ഇടയില്ല. ഒരു പക്ഷെ ഭർത്താവ് ഒരു പഴയകാല ചാനൽ പ്രവർത്തകനായിരുന്നതിനാൽ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നവരൊക്കെ പുറംലോകം കാണില്ലെന്ന അടിയന്തിരാവസ്ഥക്കാലത്തെ കേരളത്തിന്റെ ചരിത്രവും ബി ജെ പി ഭരണം നടത്തുന്ന ഇന്നത്തെ മഹാരാഷ്ട്രയിലെ പുത്തൻ വാർത്തകളും കണവൻ പറഞ്ഞറിഞ്ഞത് കൊണ്ടാണെങ്കിൽ, ഭയക്കേണ്ട രാഹുലിന് ഒരു പോറൽ പോലും ഏൽക്കാൻ പോകുന്നില്ല. ഇതു പ്രബുദ്ധ കേരളമാണ്. ബി ജെ പി ഭരിക്കുന്ന നാടല്ല.

പി എസ് ശ്രീധരൻ പിള്ളയുടെ മനസ്സിലിരിപ്പു എന്താണെന്ന് അറിയാൻ മഷി നോട്ടമൊന്നും വേണ്ട. കുമ്മനം പോയ ഒഴിവിൽ വീണുകിട്ടിയ രണ്ടാമൂഴം ആടിത്തിമിർക്കുകയാണ് പിള്ളേച്ചൻ. ശബരിമല ചുട്ടെരിച്ചിട്ടായാലും കേരളത്തിൽ ബി ജെ പിയെ അധികാരത്തിൽ എത്തിച്ചേ അടങ്ങൂ എന്ന വാശിയിൽ തന്നെയാണ് അദ്ദേഹമെന്ന് ഇതിനകം തന്നെ ഏതാണ്ട് വ്യക്തം. കോടതിയും ഭരണഘടനയും അറിയാത്ത ആളല്ല പിള്ളേച്ചൻ. ഇന്നലെ ആർ എസ് എസ് സർസംഘ് ചാലക് മോഹൻ ഭഗത് നിലപാട് മാറ്റിയെങ്കിലും ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തരായ വനിതകൾക്ക് സംരക്ഷണം നൽകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചത് അദ്ദേഹത്തിന് അറിയാത്ത കാര്യവുമല്ല. എങ്കിലും ആഞ്ഞു പിടിച്ചു കേരളത്തിലെ ഇടതു സർക്കാരിനെ വീഴ്ത്താൻ കഴിഞ്ഞാൽ അത് തന്റെ കൂടി നേട്ടമായി വിലയിരുത്തപ്പെടുമെന്നും ഇനി അതിനു കഴിഞ്ഞില്ലെങ്കിൽ കൂടി ഒരു പക്ഷെ തന്റെ മുന്‍ഗാമിയെ പോലെ ഒരു ഗവർണർ സ്ഥാനമോ അല്ലെങ്കിൽ ഒരു കേന്ദ്രമന്ത്രി സ്ഥാനമോ ഉറപ്പെന്നും കരുതുന്നുണ്ടാവും.

പക്ഷെ ബി ജെ പി സംസ്ഥാന അധ്യക്ഷ സ്ഥാനം വല്ലാതെ മോഹിച്ചുപോയ കെ സുരേന്ദ്രൻ എന്തുകണ്ടിട്ടാണ്‌ കളിക്കുന്നതെന്നു മനസ്സിലാവുന്നില്ല. അടുത്ത തവണ കാസർഗോഡ് സീറ്റിൽ ടിക്കറ്റ് ഉറപ്പില്ലാത്ത സുരേന്ദ്രന്റെ ഏക ലക്ഷ്യം ഒരു പക്ഷെ തന്റെ സീറ്റു ഭദ്രമാക്കുക മാത്രമാവും.

ഏറെ രസകരം മിനുട്ടിനു മിനുട്ടിനു വ്യത്യസ്ത അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കാര്യം തന്നെ. ശബരിമല വിഷയത്തിൽ ആർ എസ് എസ്സും കേന്ദ്ര ബി ജെ പിയും സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തപ്പോൾ അഴകൊഴമ്പൻ നിലപാട് സ്വീകരിച്ച ചെന്നിത്തല വളരെ പെട്ടെന്നായിരുന്നു അയ്യപ്പ ഭക്തരുടെ വികാരത്തിന്റെ പേര് പറഞ്ഞു രംഗത്ത് വന്നത്. ഒടുവിൽ മണ്ണും ചാരി നിന്ന ബി ജെ പി അയ്യപ്പനെ ഹൈജാക്ക് ചെയ്തു ശബരിമലയിൽ കലാപത്തിനൊരുങ്ങുമ്പോൾ സംസ്ഥാന സർക്കാരിനെ കുറ്റം പറഞ്ഞു സ്വയം ശപിക്കുന്ന ഗതികേടിലേക്കു എത്തിയെന്നു തോന്നിപ്പിക്കുന്ന രീതിയിലുള്ള ഒരു പ്രതികരണം തന്നെയാണ് അദ്ദേഹം ഇന്ന് നടത്തിയിരിക്കുന്നത്. അതിനിടയിൽ കെ പി സി സി എസ്‌സിക്യൂട്ടീവ് കമ്മിറ്റി അംഗംകൂടിയായ രാമൻ പിള്ള ആർ എസ് എസ് സംഘടിപ്പിച്ച പ്രതിക്ഷേധ യോഗം ഉദ്ഘാടനം ചെയ്തതും എ ഐ സി സി ടിയാനെ കയ്യോടെ പുറത്താക്കിയതും ചെന്നിത്തല കൂടി അറിഞ്ഞുകൊണ്ട് തന്നെയാണോ എന്നറിയില്ല. ഇനിയെങ്ങനെ ആണെങ്കിൽ തന്നെ എല്ലാം ബി ജെ പി - ആർ എസ് എസ് ശക്തികളുടെ താലത്തിൽ വെച്ച് കൊടുക്കുന്നത് ആരെന്നു അദ്ദഹം ഒരിക്കൽക്കൂടി ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു.

https://www.azhimukham.com/newsupdates-rahana-fathima-and-kadakampalli-surendran-arguments/

https://www.azhimukham.com/trending-facebookdiary-sabarimala-women-entry-protest-issue-must-be-handled-carefully-vk-jobish-writes/

https://www.azhimukham.com/trending-deepa-rahul-easwar-facebook-live/

https://www.azhimukham.com/offbeat-i-entered-sabarimala-many-times-reveals-lakshmyrajeev/

Next Story

Related Stories