Top

ഇഎംഎസ് അന്നു പറഞ്ഞതും പിണറായി ഇപ്പോള്‍ പറയുന്നതുമെല്ലാം ഒന്നു തന്നെ; ആരാധാന സ്വാതന്ത്ര്യത്തെ വിലമതിക്കുന്നവരാണ് കമ്യൂണിസ്റ്റുകാര്‍

ഇഎംഎസ് അന്നു പറഞ്ഞതും പിണറായി ഇപ്പോള്‍ പറയുന്നതുമെല്ലാം ഒന്നു തന്നെ; ആരാധാന സ്വാതന്ത്ര്യത്തെ വിലമതിക്കുന്നവരാണ് കമ്യൂണിസ്റ്റുകാര്‍
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രിം കോടതി ഭരണഘടന ബഞ്ച് വിധി പുറപ്പെടുവിച്ചതിനു പിന്നില്‍ കമ്യൂണിസ്റ്റ് സര്‍ക്കാരാണ് എന്ന നിലയില്‍ കേരളത്തില്‍ പ്രചാരണം ശക്തമാകുന്നുണ്ട്. ശബരിമല വിഷയം രാഷ്ട്രീയമായി ഉപയോഗിച്ച് നേട്ടം കൊയ്യാന്‍ ശ്രമം നടത്തുന്ന സംഘപരിവാര്‍ സംഘടനകളും കോണ്‍ഗ്രസ് പോലുള്ള ദേശീയ രാഷ്ട്രീയ പാര്‍ട്ടികളും സുപ്രിം കോടതി വിധി സംസ്ഥാന സര്‍ക്കാരിന്റെ ചുമലലില്‍ വച്ച് കെട്ടി വലിയ തോതില്‍ വിശ്വാസി സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് തെരുവില്‍ ഇറക്കുമ്പോള്‍ ഇടതുപക്ഷ സര്‍ക്കാരിനെതിരേ നിരന്തരം ആരോപിക്കുന്ന കുറ്റം കമ്യൂണിസ്റ്റുകാര്‍ നിരീശ്വരവാദികളും ക്ഷേത്രങ്ങള്‍ ഇല്ലാതാകണമെന്ന് ആഗ്രഹിക്കുന്നവരും ആണെന്നാണ്. ഈ പ്രചാരണത്തിന് നിലവിലെ സാഹചര്യത്തില്‍ വേരോട്ടം കിട്ടുന്നുമുണ്ട്.

ശബരിമല കേസില്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ (വിഎസ് സര്‍ക്കാരും പിണറായി സര്‍ക്കാരും) നല്‍കിയിട്ടുള്ള സത്യവാങ്മൂലത്തില്‍, സ്ത്രീ പ്രവേശനത്തില്‍ യാതൊരുവിധ സ്വാര്‍ത്ഥ്യതാത്പര്യങ്ങളും തങ്ങള്‍ക്കില്ലെന്നും സ്ത്രീ-പുരുഷ തുല്യത വാഗ്ദാനം ചെയ്യുന്ന ഭരണഘടന നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്ന് ഉറപ്പിച്ചു പറയുമ്പോള്‍ തന്നെ, ക്ഷേത്ര വിശ്വാസങ്ങളും ആചാരങ്ങളും സംബന്ധിയായ കാര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന വിഭാഗങ്ങളുടെയെല്ലാം അഭിപ്രായങ്ങള്‍ കേള്‍ക്കണമെന്നും അതിനായി ഒരു കമ്മീഷനെ നിയോഗിക്കാന്‍ കോടതി തയ്യാറാകണമെന്നുമായിരുന്നു അപേക്ഷിച്ചത്. ഈ സത്യവാങ്മൂലത്തില്‍ തന്നെ ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കോ പ്രത്യേകിച്ച് സിപിഎമ്മിനോ സ്ത്രീ പ്രവേശനത്തില്‍ സംഘപരിവാറോ കോണ്‍ഗ്രസോ പറയുന്നതുപോലെ യാതൊരു വിധ ദുരുദ്ദേശങ്ങളും ഇല്ലെന്ന് വ്യക്തമാണ്. നീണ്ട 12 വര്‍ഷത്തിനു ശേഷം എല്ലാ തലത്തിലും നിന്നുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേട്ട ശേഷം സുപ്രിം കോടതി ഭരണഘടനയുടെ മൂല്യം സംരക്ഷിച്ചുകൊണ്ട് വിധി പറഞ്ഞപ്പോള്‍ അത് നടപ്പക്കാന്‍ ബാധ്യതപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളുമായി മുന്നോട്ടു പോകുന്നു എന്നതുമാത്രമാണ് ഇവിടെ കാണാനാകുന്നത്. എന്നാല്‍ ഉത്തരവാദിത്തപ്പെട്ട ഒരു സര്‍ക്കാര്‍ ചെയ്യേണ്ട കാര്യം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അതും വര്‍ഗീയമായും രാഷ്ട്രീയമായും തെറ്റിദ്ധാരണകള്‍ പരത്തിക്കൊണ്ട് ഉപയോഗപ്പെടുത്തുന്നവരുടെ നീക്കങ്ങളാണ് തെരുവുകളിലെ വിശ്വാസ ഘോഷയാത്രകള്‍.

കമ്യൂണിസ്റ്റുകാര്‍ നിരീശ്വരവാദികളും ദൈവ സങ്കല്‍പ്പത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുമാണെന്നു ആരോപിക്കുന്നവര്‍, കാലങ്ങളായി കമ്യൂണിസ്റ്റ് നേതാക്കള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന വിശ്വാസ സംബന്ധിയായ കാഴ്ച്ചപ്പാടുകള്‍ ബോധപൂര്‍വം മറച്ചു പിടിക്കുകയാണ്. തങ്ങള്‍ ദൈവവിശ്വാസികള്‍ അല്ലാതായിരിക്കുമ്പോള്‍ തന്നെ വിശ്വാസികളുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നവരാണെന്നും ഒരു മതവിശ്വാസത്തിന്റെ മേല്‍ മറ്റൊരു സംഘം കടന്നു കയറുകയും എതിര്‍പ്പുകള്‍ ഉയര്‍ത്തുകയും ചെയ്താല്‍ അത് തടയാനും കമ്യൂണിസ്റ്റുകാര്‍ ഉണ്ടാകുമെന്നും ഉറപ്പിച്ചു പറഞ്ഞ നേതാക്കള്‍ കേരളത്തില്‍ മുന്‍പും ഇപ്പോഴും ഉണ്ട്. ശബരിമല സ്ത്രീ പ്രവേശന വിധി തെരുവില്‍ കലാപമുണ്ടാക്കാന്‍ ഉപയോഗപ്പെടുത്തുന്നവരുടെ ചുറ്റും കൂടുന്നവര്‍, തങ്ങള്‍ കേള്‍ക്കുന്ന സര്‍ക്കാര്‍ വിരുദ്ധ/കമ്യൂണിസ്റ്റ് വിരുദ്ധ നുണകള്‍ക്ക് അപ്പുറത്ത് വിശ്വാസികളെയും വിശ്വാസങ്ങളെയും സംബന്ധിച്ച് കമ്യൂണിസ്റ്റ് നേതാക്കള്‍ കേരളത്തോട് പരസ്യമായി വിളിച്ചു പറഞ്ഞിട്ടുള്ള വസ്തുതകള്‍ കൂടി അറിയാന്‍ ശ്രമിക്കണം.

1987 ഫെബ്രുവരി പത്താം തീയതി പുറത്തിറങ്ങിയ പത്രങ്ങളില്‍, അന്ന് സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായിരുന്ന ഇഎംഎസ് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന പൊതുയോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചപ്പോള്‍ ആരാധനാ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് പറഞ്ഞകാര്യങ്ങള്‍ വാര്‍ത്തയായിട്ടുണ്ട്. അതിപ്രകാരമായിരുന്നു; കമ്യൂണിസ്റ്റുകാര്‍ ദൈവവിശ്വാസികളല്ലെങ്കിലും ആരുടെയും ആരാധന സ്വാതന്ത്ര്യത്തെ എതിര്‍ക്കുകയില്ല. മറിച്ച് ആരുടെയെങ്കിലും ആരാധാന സ്വാതന്ത്ര്യത്തെ എതിര്‍ക്കുന്നവരെ വച്ച് പൊറുപ്പിക്കുകയുമില്ല. മുസ്ലിം സമുദായത്തിനു നേരെ ആര്‍എസ്എസ്സുകാര്‍ കുറുവടിയും ബോംബുമായി വന്നപ്പോഴൊക്കെ വിരിമാറു കാട്ടി കൊടുക്കാന്‍ തയ്യാറായത് കമ്യൂണിസ്റ്റുകാരാണെന്ന കാര്യം മുസ്ലിം സമുദായം മറക്കരുത്. അയോധ്യയില്‍ പള്ളിയാണെന്നു ആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കും അമ്പലമാണെന്ന് വിശ്വസിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്കും ഒന്നിച്ച് ആരാധിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുകയാണ് വേണ്ടത്.
ഇഎംഎസ്സ് അന്നു പറഞ്ഞ അതേ കാര്യം തന്നെയാണ് ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന മുതലെടുപ്പ് രാഷ്ട്രീയത്തിനെതിരേ മുഖ്യമന്ത്രി പിണറായി വിജയനും പറയുന്നത്. ശബരിമലയ്ക്ക് വേണ്ടിയെന്നു പറഞ്ഞു നടക്കുന്ന സമരങ്ങള്‍ നാടിന്റെ ഒരുമയെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണെന്നാണ് പിണറായി വിജയന്‍ ചൂണ്ടിക്കാണിക്കുന്നത്. സര്‍ക്കാരിന്റെ നിലപാടല്ല സുപ്രിം കോടതി വിധിയിലേക്ക് നയിച്ചതെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്ന പിണറായി ഈ വിധിയെ കേരളത്തിന്റെ നവോഥാന ചരിത്രം കൂടി വിലയിരുത്തി വേണം കാണണെന്നു കൂടി ഓര്‍മിപ്പിക്കുന്നുണ്ട്.

https://www.azhimukham.com/updates-chief-minister-says-sabarimala-protesters-trying-for-breaking-unity-of-state/

ശബരിമല വിധിയെ തുടര്‍ന്ന് ഇടതുപക്ഷ വിശ്വാസികള്‍ പോലും ഹിന്ദുത്വ നിലപാടുകളിലേക്ക് മാറിപ്പോവുകയാണ്. കമ്യൂണിസ്റ്റ് ആശയങ്ങളെക്കുറിച്ച് അറിഞ്ഞിട്ടുള്ളവര്‍ കൂടിയാണ് ഈ കോടതി വിധി സംസ്ഥാന സര്‍ക്കാര്‍ കാരണമായി വന്നതാണെന്ന് വിശ്വസിക്കുന്നതും. സാധാരണ ജനങ്ങളെ ശബരിമല വിധി കമ്യൂണിസ്റ്റ് വിരുദ്ധതയുമായി കൂട്ടിക്കുഴച്ച് മസ്തിഷ്‌കപ്രക്ഷാളനം നടത്തി തങ്ങളുടെ വലയില്‍ വീഴ്ത്തി സംഘപരിവാര്‍ സന്തോഷിക്കുമ്പോള്‍, വിശ്വാസികളെന്ന പേരില്‍ ആള്‍ക്കൂട്ടങ്ങള്‍ തെരുവില്‍ ഇറങ്ങുന്നത് കണ്ട് ഭയപ്പാടോടെ ബ്രാഞ്ച് സെക്രട്ടറിമാരും ലോക്കല്‍ സെക്രട്ടറിമാരുമൊക്കെ പാര്‍ട്ടി നിലപാടുകള്‍ ജനത്തിനോട് വിശദീകരിച്ചു കൊടുക്കാന്‍ കഴിയാതെ പരാജിതരായി നില്‍ക്കുകയാണ്. കമ്മ്യൂണിസം കാലഹരണപ്പെട്ട ആശയമാണെന്നു പറയുന്നവര്‍, അതിന്റെ തകര്‍ച്ചയുടെ കാരണമായി പറയുന്നത് ആരാധാന സ്വാതന്ത്ര്യത്തിലും ദൈവ വിശ്വാസത്തിലും കമ്യൂണിസ്റ്റുകാര്‍ കൈകടത്തി നടത്തിയ പ്രവര്‍ത്തനങ്ങളാണ്. റഷ്യയിലും മറ്റും കമ്യൂണിസം തകര്‍ന്നത് മത വികാരത്തില്‍ നിന്നേറ്റ തിരിച്ചടിയാണെന്ന പ്രചാരണമാണ് ശബരിമല വിഷയത്തില്‍ പോലും പ്രചരിപ്പിക്കുന്നത്. സി.പി.എം ആരാധനാ സ്വാതന്ത്രിന് എതിരായതിനാല്‍ താന്‍ പാര്‍ട്ടി വിട്ട് ഹിന്ദുത്വ ആശയങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നുവെന്ന് പറയുന്ന മുന്‍ കമ്യൂണിസ്റ്റുകാരുടെ എണ്ണം കൂടുമ്പോഴും ഓര്‍ക്കേണ്ടത് വിശ്വാസികളെയും ആരാധാന സ്വാതന്ത്ര്യത്തെയും കുറിച്ച് ഇ.എം.എസും എകെജിയുമൊക്കെ പറഞ്ഞിരുന്നതും ചെയ്തിരുന്നതുമായ കാര്യങ്ങള്‍ തന്നെയാണ് ഇ.കെ.നായനാരും വി.എസ്.അച്യുതാനന്ദനും പിണറായിയുമൊക്കെ തന്നെ വിശ്വാസികള്‍ അല്ലാതായിരിക്കുമ്പോള്‍ തന്നെ വിശ്വാസികളുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാകാതെ പിന്തുടര്‍ന്നിരുന്നതും എന്നതാണ്. ശബരിമല സ്ത്രീ പ്രവേശനത്തിന് അനുകൂലമായി കോടതിയില്‍ സത്യവാങ്മൂലം കൊടുത്തത് വിഎസ് സര്‍ക്കാരാണെന്ന നുണ പ്രചരണം നടത്തുന്നവരും അത് വിശ്വസിക്കുന്നവരും ഓര്‍ക്കേണ്ടതുണ്ട്, മുഖ്യമന്ത്രിയായിരിക്കെ ശബരിമലയില്‍ നടന്ന് കയറിയ വി.എസ് അച്യുതാനന്ദന്‍ ഒരുതരത്തിലും വിശ്വാസത്തെയോ ആചാരത്തെയോ തകിടം മറിക്കാന്‍ ശ്രമിച്ച കമ്യൂണിസ്റ്റ് നേതാവ് ആയിരുന്നില്ലെന്ന്!

ശബരിമലയില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്നുവെന്ന് ശങ്കിക്കുന്നവരുണ്ടെങ്കില്‍, കമ്യൂണിസ്റ്റുകാരന്റെ 'ഗൗരവം' കടിച്ചു പിടിച്ചു നടക്കുന്നവരുടെ വരട്ടുവാദങ്ങള്‍ കൊണ്ട് ഇപ്പോഴിവിടെ ഒരു കാര്യമില്ല. കമ്യൂണിസം വിശ്വാസങ്ങളോടല്ല, അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടുമാണ് പോരാട്ടം നത്തുന്നതെന്ന് ഈ പ്രസ്ഥാനത്തിന്റെ ആശയങ്ങളും കാഴ്ച്ചപ്പാടുകളും മുന്‍നിര്‍ത്തി സാമാന്യജനങ്ങളെ ബോധ്യപ്പെടുത്തണം. ഒപ്പം മതവികാരമെന്ന മുതലെടുപ്പിലൂടെ വര്‍ഗീയ രാഷ്ട്രീയം കളിക്കുന്നവരെ വെളിപ്പെടുത്തുകയും വേണം. ഈ തെറ്റിദ്ധാരണകള്‍ മാറ്റിയാല്‍ പുരോഗമന മുന്നേറ്റങ്ങളുടെ പതാകവാഹകരെന്ന നിലയില്‍ കമ്യൂണിസ്റ്റുകാര്‍ക്ക് അഭിമാനം കൊള്ളാന്‍ മറ്റൊരവസരമായി ശബരിമല വിധി മാറുകയും ചെയ്യും.

https://www.azhimukham.com/trending-sabarimala-women-entry-protest-history-analysis-prasanth-alappuzha-wrtes/

https://www.azhimukham.com/trending-sabarimala-women-entry-mathrbhumi-discussion-sreechitharan-speaks/

https://www.azhimukham.com/trending-sabarimala-woman-entry-some-doubts-and-its-answers/

https://www.azhimukham.com/offbeat-who-will-stop-save-sabarimala-protest-writes-kaantony/

Next Story

Related Stories