TopTop
Begin typing your search above and press return to search.

സുധാകരന്റേത് വര്‍ണവെറി തന്നെയാണ്; അറിവില്ലായ്മ ഉള്ളത് കമ്മ്യൂണിസത്തെക്കുറിച്ചും

സുധാകരന്റേത് വര്‍ണവെറി തന്നെയാണ്; അറിവില്ലായ്മ ഉള്ളത് കമ്മ്യൂണിസത്തെക്കുറിച്ചും
കേരളത്തില്‍ നിലവിലുള്ള മന്ത്രിമാരില്‍ സത്യസന്ധനെന്നും നേരേവാ നേരേപോ നിലപാടുള്ളയാളെന്നുമൊക്കെയാണ് ജി സുധാകരന്‍ വിശേഷിപ്പിക്കപ്പെടുന്നത്. അത് സത്യമാണെന്ന് അദ്ദേഹം പല വിഷയങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്ന അഭിപ്രായങ്ങളിലൂടെയും തെളിഞ്ഞിട്ടുണ്ട്. വിവാദങ്ങളാകുമ്പോള്‍ അറിവില്ലായ്മ എന്ന് പറഞ്ഞ് തലയൂരുന്നതും അദ്ദേഹത്തിന്റെ പതിവാണ്. എന്നാല്‍ സുധാകരന്‍ ഇപ്പോള്‍ പിടിച്ചിരിക്കുന്ന പുലിവാലിനെ അറിവില്ലായ്മയെന്ന് ഒരു കാരണവശാലും വിശേഷിപ്പിക്കാനാകില്ല. കടുത്ത വര്‍ണവെറിയാണ് തന്റെ കാസര്‍ഗോഡ് പ്രസംഗത്തിലൂടെ സുധാകരന്‍ പുറത്തുവിട്ടിരിക്കുന്നത് എന്നതാണ് അതിന് കാരണം.

കാസര്‍ഗോഡ് പൊതുമരാമത്ത് പ്രവര്‍ത്തികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് ഒരു ഇടതുപക്ഷ മന്ത്രിയില്‍ നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത വിധത്തിലുള്ള പരാമര്‍ശം സുധാകരനില്‍ നിന്നുണ്ടായത്. കേരളത്തില്‍ കെഎസ്ടിപി റോഡ് നിര്‍മാണം വിലയിരുത്താനെത്തുന്ന ലോക ബാങ്ക് ടീം ലീഡര്‍ ഡോ. ബര്‍ണാര്‍ഡ് അരിട്വയെ ആക്ഷേപിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രസംഗം. 'ഞാന്‍ മന്ത്രിയായ ശേഷം നാലുതവണ ലോക ബാങ്കിന്റെ പ്രതിനിധികള്‍ എന്നെ കാണാന്‍ വന്നു. ഇവിടുത്തെ ടീം ലീഡര്‍. അയാള്‍ ആഫ്രിക്കന്‍ അമേരിക്കനാണ്. എന്നുവച്ചാല്‍ ഒബാമയുടെ വംശം. അയാള്‍ നീഗ്രോയാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അടിമകളായി അമേരിക്കയില്‍ എത്തി പണിചെയ്തു. അടിമത്തം അവസാനിച്ചപ്പോള്‍ സ്വതന്ത്രരായി. അതിന്റെ ഭാഗമായുള്ള ഉദ്യോഗസ്ഥനാണ്'- എന്നതായിരുന്നു സുധാകരന്റെ പ്രസംഗത്തിലെ വിവാദ ഭാഗം. ലോകബാങ്കിന്റെ സഹായം ആവശ്യമില്ലെന്നും സുധാകരന്‍ ഇവിടെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് സുധാകരന്‍ തന്റെ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞെങ്കിലും ലോകബാങ്ക് ഇത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. സുധാകരന്റെ വാക്കുകള്‍ ഗൗരവമായി കാണുന്നെന്നാണ് ലോകബാങ്ക് ഉന്നത ഉദ്യോഗസ്ഥര്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് കത്തയച്ചിരിക്കുന്നത്. ഇതിനേക്കാള്‍ കൗതുകം, നീഗ്രോ എന്ന വിശേഷണം ഉപയോഗിക്കാന്‍ പാടില്ലാത്തതാണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു എന്നാണ് സുധാകരന്റെ ക്ഷമാപണത്തില്‍ പറയുന്നത്.

വിഷയത്തില്‍ അയവുവരുത്താത്ത ലോകബാങ്കിന്റെ നടപടിയില്‍ യാതൊരു അത്ഭുതവുമില്ല. വര്‍ണവെറിക്കെതിരായി ലോകവ്യാപകമായി പ്രചരണം നടക്കുമ്പോള്‍ അതൊരു ക്ഷമാപണത്തില്‍ അവസാനിക്കുന്നതല്ല എന്നതാണ് അവരുടെ നിലപാട്. അതും സുധാകരനെപ്പോലെ ഒരു കമ്മ്യൂണിസ്റ്റ് നേതാവില്‍ നിന്നും സംഭവിക്കുമ്പോള്‍ അവരുടെ നിലപാട് കടുക്കും. സുധാകരന്റേത് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാടായി അവര്‍ കണക്കാക്കുന്നത് അതിനാലാണ്. കെഎസ്ടിപി പദ്ധതിക്കുള്ള വായ്പയ്ക്കു പുറമെ കേരളം അപേക്ഷിക്കാനിരിക്കുന്ന മറ്റ് പദ്ധതികള്‍ക്ക് വായ്പ നല്‍കുന്നതും പുനഃപരിശോധിക്കേണ്ടി വരുമെന്നും അവരുടെ കത്തില്‍ പറയുന്നുണ്ട്.

അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച് സാധാരണക്കാരിലൂടെ വളര്‍ന്നു വന്ന പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. കേരളത്തില്‍ ചിന്താശേഷിയുള്ള ഒരു സമൂഹം വളര്‍ന്നു വന്നതിനാലാണ് ഇന്നും തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സാധിക്കുന്നത്. ജാതി ചിന്തകള്‍ക്കും വംശീയ വിദ്വേഷങ്ങള്‍ക്കും വര്‍ണവെറിയ്ക്കുമെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിക്കുന്ന കമ്മ്യൂണിസ്റ്റുകളുടെ കൂട്ടത്തിലാണ് സുധാകരന്റെയും സ്ഥാനം. അടിസ്ഥാനവര്‍ഗ്ഗത്തെ ഒപ്പം നിര്‍ത്താന്‍ ഉത്തരവാദിത്വപ്പെട്ട ഒരു കമ്മ്യൂണിസ്റ്റ്, ഒരു വ്യക്തിയെ നീഗ്രോയെന്ന് വിളിച്ചത് അറിവില്ലായ്മ കൊണ്ടാണെന്ന് കരുതാന്‍ സാധിക്കാത്തത് അതിനാലാണ്.അടുത്തിടെ സുധാകരനും മറ്റൊരു സിപിഎം മന്ത്രി തോമസ് ഐസകും ചേര്‍ന്ന് ശൃംഗേരി മഠാധിപതിയെ കാഴ്ചദ്രവ്യങ്ങളുമായി സന്ദര്‍ശിച്ചതും വിവാദമായിരുന്നു. ഏറെ ഭവ്യതയോടെ തന്നെ മഠാധിപതിയില്‍ നിന്നും പ്രസാദമായി ആപ്പിള്‍ വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചപ്പോള്‍ തനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ ഊച്ചാളികളും ഭീരുക്കളുമാണെന്നാണ് സുധാകരന്‍ പ്രതികരിച്ചത്. ഇപ്പോഴത്തെ നീഗ്രോ പരാമര്‍ശവും മഠാധിപതിയെ സന്ദര്‍ശിച്ചതും കൂട്ടിവായിക്കുമ്പോള്‍ സുധാകരന്‍ പറഞ്ഞ അറിവില്ലായ്മ സത്യമാണെന്ന് മനസിലാക്കാം. എന്നാല്‍ ആ അറിവില്ലായ്മ തന്റെ പരാമര്‍ശങ്ങളെക്കുറിച്ചുള്ളതല്ല, മറിച്ച് കമ്മ്യൂണിസത്തെക്കുറിച്ചാണെന്ന് പറയേണ്ടി വരും.

പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും മതവിശ്വാസത്തിന് കാലാനുസൃതമായ മാറ്റം വരുമെന്നത് അംഗീകരിക്കുമ്പോഴും മതത്തിന് അതീതമാണ് സിപിഎം നേതാക്കള്‍ എന്നാണ് വയ്പ്പ്. തികഞ്ഞ കമ്മ്യൂണിസ്റ്റെന്ന് ഊണിലും ഉറക്കത്തിലും ഊറ്റം കൊള്ളുന്ന സുധാകരന്‍ പലപ്പോഴും മതത്തെ തള്ളിപ്പറഞ്ഞിട്ടുള്ളതുമാണ്. അതേ സുധാകരനാണ് ഒരു മഠാധിപതിയെ കാഴ്ചദ്രവ്യങ്ങളുമായി സന്ദര്‍ശിച്ച് വിവാദത്തിലായതും ഇപ്പോള്‍ നീഗ്രോ പരാമര്‍ശം നടത്തിയിരിക്കുന്നതും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലകൊള്ളുന്നത് അടിസ്ഥാന വര്‍ഗ്ഗത്തിനൊപ്പമാണെന്ന അടിസ്ഥാന തത്വം പോലും അദ്ദേഹം അറിയില്ലെന്ന് നടിച്ചിരിക്കുകയാണ് ഇവിടെ.

അതിലും ഗുരുതരമായ വീഴ്ചയാണ് സിപിഎമ്മിന്റെ ഭാഗത്തു നിന്നുണ്ടായത്. പിന്നീട് മാധ്യമസൃഷ്ടിയെന്ന് തെളിഞ്ഞെങ്കിലും പെമ്പിള ഒരുമൈ സമരത്തെക്കുറിച്ച് മന്ത്രി എംഎം മണി നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ തള്ളിപ്പറയാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായിട്ടുണ്ട്. എന്നാല്‍ ഇവിടെ അതും സംഭവിച്ചിട്ടില്ല. എന്നും വര്‍ണവെറിയ്‌ക്കെതിരെ നിലപാടെടുത്തിട്ടുള്ള ഇടതുപക്ഷം സുധാകരന്റെ പ്രസ്താവനയെക്കുറിച്ച് നിശബ്ദത പാലിക്കുന്നത് എന്തിനാണ്? ലോകബാങ്ക് അധികൃതര്‍ പറയുന്നതുപോലെ സുധാകരന്റെ നിലപാട് സര്‍ക്കാര്‍ നിലപാടാണോയെന്ന് വ്യക്തമാക്കാന്‍ പിണറായി സര്‍ക്കാരിന് ബാധ്യതയുണ്ട്.

മാനുഷിക പരിഗണനകളിലും ജാതിമതേതര ചിന്തകളിലും എന്നും മുന്നിലെന്ന് ഊറ്റംകൊള്ളുന്ന മലയാളികള്‍ക്ക് ഏറെ നാണക്കേടാണ് സുധാകരന്‍ ഈ പരാമര്‍ശത്തിലൂടെ വരുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും ഈ വിഷയം ചര്‍ച്ച ചെയ്യുകയാണെന്ന് വരുമ്പോള്‍ നാണക്കേടിന്റെ ആഴം വര്‍ദ്ധിക്കുന്നു. ഒരു മാപ്പ് പറച്ചിലില്‍ പ്രശ്‌നം അവസാനിക്കാത്തതും അതിനാലാണ്.

Next Story

Related Stories