TopTop
Begin typing your search above and press return to search.

'ദേവ ഭാഷ'യായ സംസ്‌കൃതം കമ്മ്യൂണിസ്റ്റ് പാർട്ടി പരിപോഷിപ്പിക്കണോ?

'ദേവ ഭാഷ'യായ സംസ്‌കൃതം പഠിക്കാനും പരിപോഷിക്കാനും മതം കറുപ്പാണ് എന്ന് അഭിപ്രായപ്പെട്ട കാറൽ മാർക്സിന്റെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 'ആശീർവാദത്തോടെ' ഒരു സംസ്‌കൃത സംഘം ഉണ്ടെന്നു അറിഞ്ഞത് ഇന്നലെയാണ്. അപ്പോൾ തുടങ്ങിയ സംശയമാണ് അങ്ങനെ ഒരു സംഘം തൊഴിലാളി വർഗ്ഗ പാർട്ടിക്ക് ആവശ്യം ഉണ്ടോ എന്നുള്ളത്. കേരളത്തിലെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ആകട്ടെ അങ്ങനെയൊരു സംഘവുമായി ഒരു ബന്ധമില്ല എന്ന് കർക്കശമായി ഈ ലേഖകനോട് പറഞ്ഞെങ്കിലും പാർട്ടി മെമ്പര്‍മാർ ഒരുപാടുപേർ സംഘത്തിൽ ഉണ്ടെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി സെക്രട്ടറി പറഞ്ഞത് ഹിന്ദുത്വവാദികൾ രാമായണത്തിനെ വക്രീകരിച്ചു വർഗ്ഗീയ ചേരിതിരിവുകൾ ഉണ്ടാക്കുന്നതിനെ ചെറുക്കാനാണ് ഇതെന്നാണ്.

രാമനെ കമ്മ്യുണിസ്റ്റ് പാർട്ടി സ്വന്തമാക്കട്ടെ. തൊഴിലാളി വർഗ്ഗ രാമായണം ഉണ്ടാകട്ടെ. രാമന് ലങ്കയിലേക്ക് പോകാൻ പാലം പണിത വാനരസേനയുടെ അധ്വാനത്തെ അംഗീകരിക്കട്ടെ. എന്തും ആകട്ടെ. പാർട്ടി കേഡര്‍മാർ യഥാർത്ഥ രാമനെ തിരിച്ചറിയട്ടെ. രാമ നാമം ജപിക്കട്ടെ.

നമുക്ക് സംസ്‌കൃത സംഘത്തിലേക്ക് വരാം. അത്തരം ഒരു സംഘം കമ്മ്യുണിസ്റ്റ് പാർട്ടിക്കു ആവശ്യം ഉണ്ടോ? ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്. അതിപ്പോൾ ഹിന്ദുത്വവാദികൾ രാമനെയും രാമായണത്തിനെയും സംസ്കൃതത്തെയും ദുരുപയോഗം ചെയ്യുന്നു എന്ന് എത്രത്തോളം വേവലാതി ഉണ്ടായാൽ പോലും. ഇനി സംസ്കൃതത്തിലേക്കു വരാം. സംസ്‌കൃതം ദേവനാഗിരിയിൽ നിന്നും വന്ന ഭാഷ എന്നാണ് പറയപ്പെടുന്നത്. ദേവനാഗിരി എന്നാൽ ദേവന്മാരുടെ നഗരം. അതായതു ആര്യന്മാരുടെ വരവോടുകൂടി പ്രശസ്തി കിട്ടിയ വെളുത്ത ദൈവങ്ങളുടെ നഗരത്തിലെ ഭാഷ. അല്ലാതെ ബംഗാളി സംസാരിക്കുന്ന ബംഗ്ലയോ ഓഡിയക്കാരൻ സംസാരിക്കുന്ന ഒറിയ പോലെ ഭൂമിയിൽ ഉള്ള ഭാഷ അല്ല സംസ്‌കൃതം എന്ന് ചുരുക്കം.

സംസ്‌കൃതം ഒരിക്കലും ഒരു അടുക്കള ഭാഷ അല്ലായിരുന്നു. പ്രാചീന കാലത്തു പാടത്തു പണിയെടുത്തിരുന്നവരും ആടുമാടുകളെ മേച്ചു ജീവിതം മുന്നോട്ടു നയിച്ചിരുന്നവരും ഒരിക്കലും സംസ്‌കൃതം ഉപയോഗിച്ചിരുന്നില്ല എന്നു തന്നെയാണ് ചരിത്രകാരന്മാരും ഭാഷ പണ്ഡിതന്മാരും പറയുന്നത്.

അടുക്കള ഭാഷയെന്നാൽ ദൈനംദിന ജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന ഭാഷ. ഏറ്റവും രസകരമായ വസ്‌തുത സംസ്‌കൃതം പഠിച്ച സവർണ്ണർ അല്ലെങ്കിൽ വേദം അറിയാവുന്ന 'ശ്രേഷ്ടർ' പോലും ദൈനംദിന ജീവിതത്തിൽ സംസ്‌കൃതം ഉപയോഗിച്ചിരുന്നില്ല. പൂജയുടെ സമയത്തു പോലും വെണ്ണയും തീർത്ഥവും വേണമെങ്കിൽ അവർ പ്രാകൃത ഭാഷാ അല്ലെങ്കിൽ അടുക്കള ഭാഷയാണ് ഉപയോഗിച്ചിരുന്നത്.

പതിനൊന്നാം നൂറ്റാണ്ടിൽ ഇന്ത്യൻ നിഘണ്ടു കര്‍ത്താവ് ആചാര്യ യാദവപ്രകാശ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കാൻ പറ്റിയ സംസ്‌കൃത വാക്കുകൾ കണ്ടെത്തി അല്ലെങ്കിൽ സമാഹരിച്ചു. പക്ഷെ ഒന്നും തന്നെ അത്ര ഹിറ്റായില്ല എന്നതാണ് വസ്തുത ഈ നൂറ്റാണ്ടിൽ നമ്മുടെ ഒദ്യോഗിക ചാനലിന് ദൂരദർശൻ എന്ന സംസ്‌കൃത വാക്ക് ഉപയോഗിച്ചു. അത് ഹിറ്റായി. നമ്മൾ അംഗീകരിച്ചു. പക്ഷെ സിഗരറ്റിനു ധൂമ്ര വാത്രിക എന്നാണ് ആരെങ്കിലും പറയാൻ പറഞ്ഞാൽ നമ്മൾ സമ്മതിക്കുമോ. അത് സാധാരണ ജീവിതത്തിൽ ഉപയോഗിക്കാൻ പറ്റുമോ.

ഗണിത ശാസ്ത്രജ്ഞൻ രാമാനുജൻ അച്ഛനോട് സംസാരിച്ചിരുന്നത് സംസ്‌കൃതത്തിലും അമ്മയോട് തമിഴിലുമാണ്. അതായത് സംസ്‌കൃതം അടുക്കള ഭാഷയേ ആയിരുന്നില്ല എന്നർത്ഥം. 1952ൽ സമൂഹ്യശാസ്‌ത്രജ്ഞന്‍ ശ്രീനിവാസ് ആണ് ആദ്യം സംസ്കൃതവല്കരണം എന്ന വാക്ക് രൂപപ്പെടുത്തിയത്. വേദങ്ങൾ സാധരണക്കാരന്റെ ജീവിതത്തിൽ എങ്ങനെ സ്വാധീനിച്ചു, സ്വാധീനിക്കുന്നു എന്ന് വിശദമാക്കാനാണ് സംസ്കൃതവല്കരണം എന്ന വാക്ക് രൂപപ്പെടുത്തിയത്.

സംസ്കൃതവൽക്കരണം താഴ്ന്ന 'ജാതിക്കാരന്‍റെ' ദൈവങ്ങളെ കൈവശപ്പെടുത്തുകയാണ് ഉണ്ടായത്. ഉദാഹരണം മുരുകനെ സ്കന്ദൻ ആക്കിയത് സംസ്കൃതവല്കരണം ആണ്. എല്ലാം വാമൊഴി ആയിരുന്നു അന്നത്തെ ഭാരതത്തിൽ ഋഗ്വേദം പോലും വാമൊഴി ആയിരുന്നു. പിന്നീടാണ് അത് ക്രോഡീകരിക്കപ്പെട്ടത്. ക്രിസ്തുവിനു 150 വർഷങ്ങൾ മുൻപ് വരെ പോലും പ്രാകൃത ഭാഷ ആയിരുന്നു ഉപയോഗിച്ചിരുന്നത്. ശേഷമാണ് സംസ്‌കൃതം പ്രശസ്തി ആർജിക്കുന്നത്. 'ശ്രേഷ്ടത' കൈവരിക്കുന്നത്.

സംസ്‌കൃതം യഥാർത്ഥത്തിൽ പ്രാകൃത ഭാഷയായ ആനയുടെ പുറത്തിരിക്കുന്ന പാപ്പാൻ മാത്രമാണ് അല്ലെങ്കിൽ ആനയെ നിയന്ത്രിക്കുന്ന പാപ്പാനാണ് എന്ന് പറയാം.

അപ്പോൾ പറഞ്ഞു വരുന്നത് ദേവന്മാരുടെ ഭാഷയായ സംസ്‌കൃതം പഠിക്കാനും പരിപോഷിക്കാനും കമ്മ്യുണിസ്റ്റ് പാർട്ടിക്ക് ആവശ്യം ഉണ്ടോ? സാധാരണക്കാരൻറെ ആനയല്ലേ കമ്മ്യുണിസ്റ്റ് പാർട്ടി ആകേണ്ടത്. അല്ലാതെ ആനപ്പുറത്തു ഇരിക്കുന്ന പാപ്പാൻ അല്ലല്ലോ അല്ലെ.

https://www.azhimukham.com/india-why-ramayana-is-of-indias-not-sangh-parivars/

https://www.azhimukham.com/newswrap-cuture-cpm-decides-to-celebrate-ramayana-month-writes-sajukomban/

Next Story

Related Stories