TopTop

അകത്തുള്ളവരും പുറത്തുള്ളവരും അഥവാ മണിയാശാനും ട്രംപും തമ്മിലെന്ത്?

അകത്തുള്ളവരും പുറത്തുള്ളവരും അഥവാ മണിയാശാനും ട്രംപും തമ്മിലെന്ത്?
വായില്‍ വെള്ളിക്കരണ്ടിയുമായി പിറന്ന ആളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അച്ഛന്‍ ജര്‍മ്മന്‍ വംശജനാണ്. അച്ഛന്റെ മുത്തച്ഛന്‍ 19-ാം നൂറ്റാണ്ടില്‍ അമേരിക്കയിലേക്ക് കുടിയേറി. തുടര്‍ന്ന് നാട്ടില്‍ തിരിച്ചു പോയി അച്ഛന്റെ മുത്തശ്ശിയെ വിവാഹം കഴിച്ച് വീണ്ടും മടങ്ങിയെത്തി. അമേരിക്കയില്‍ റിയല്‍ എസ്‌റ്റേറ്റ് കച്ചവടം നടത്തി. കുടുംബം പച്ചപിടിച്ചു. അച്ഛനാകട്ടെ കുടുംബ വ്യാപാരം തുടരുകയും കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്തു. ട്രംപിന്റെ അമ്മ സ്‌കോട്ട്‌ലന്റിലാണ് പിറന്നത്. 1930ല്‍ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. ട്രംപിന്റെ അച്ഛനുമായുള്ള വിവാഹം നടക്കുന്നത് 1936ല്‍. ട്രംപ് ജനിക്കുന്നത് 1946 ജൂണ്‍ 14നാണ്. അദ്ദേഹം വിദ്യാഭ്യാസ ശേഷം കുടുംബ വ്യാപാരത്തിന്റെ ചുമതല ഏറ്റെടുക്കുകയും വിജയത്തിന്റെ പരകോടിയിലെത്തുകയും ചെയ്തു. ഇടയ്ക്ക് പാപ്പരായെങ്കിലും സ്വയപ്രയത്‌നത്താല്‍ തന്റെ സാമ്രാജ്യം തിരിച്ചു പിടിക്കുകയും ചെയ്തു. എക്കാലത്തും മുതലാളിത്തത്തിന്റെ വക്താവായിരുന്നു അദ്ദേഹം. കമ്മ്യൂണിസത്തിന്റെ ആജന്മ ശത്രുവും. രാഷ്ട്രീയ മോഹം തോന്നിയപ്പോള്‍ സ്വാഭാവികമായും അദ്ദേഹം വലതുപക്ഷ റിപബ്ലിക്കന്‍ പാര്‍ട്ടി തിരഞ്ഞെടുത്തു. അവിടെ പാരമ്പര്യമുണ്ടായിരുന്നവരെ കടത്തിവെട്ടി പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി. തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റുമായി. ജീവിതത്തിലെ ഓരോ നീക്കങ്ങളും കൃത്യമായി കണക്കുകൂട്ടി മുന്നോട്ട് പോകുന്ന ആളാണ് ഡൊണാള്‍ഡ് ട്രംപ്.

പരമ ദാരിദ്രത്തിലേക്കാണ് മുണ്ടയ്ക്കല്‍ മാധവന്‍ മണി ജനിച്ചുവീണത്. കോട്ടയം ജില്ലയിലെ കിടങ്ങൂരിലായിരുന്നു ജനനം. അന്നത്തെ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഭക്ഷ്യോല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി മലമ്പ്രദേശങ്ങളിലേക്ക് കുടിയേറി കാടുവെട്ടിത്തെളിച്ച് കൃഷിയിറക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന കാലമായിരുന്നു അത്. അങ്ങനെ മണിക്ക് ആറ് വയുള്ളപ്പോള്‍ പത്തു മക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബം ഇടുക്കിയിലേക്ക് കുടിയേറി. ഭാഗ്യാന്വേഷണം വേണ്ട പോലെ വിജയിച്ചില്ല. ദാരിദ്ര്യം മൂലം പ്രാഥമിക വിദ്യാഭ്യാസത്തിന് അപ്പുറത്തേക്ക് പഠിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. കുടുംബം പുലര്‍ത്തുന്നതിനായി കൗമാരകാലം മുതല്‍ കൂലിപ്പണിക്ക് പോകേണ്ട അവസ്ഥയിലായിരുന്നു അദ്ദേഹം. ചുമടെടുപ്പ് മുതല്‍ ചെയ്യാത്ത തൊഴിലുകളില്ല. എന്നാലും ഇടതുപക്ഷ രാഷ്ട്രീയത്തോടുള്ള അഭിനിവേശം വിട്ടുകളഞ്ഞില്ല. അദ്ധ്വാനത്തോടൊപ്പം പാര്‍ട്ടി പ്രവര്‍ത്തനവും തുടര്‍ന്നു. സ്വാഭാവികമായും തൊഴിലാളികള്‍ക്കിടയിലായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം. തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ അവകാശങ്ങള്‍ക്കായി അദ്ദേഹം പോരാടി. ഇടുക്കിയില്‍ തൊഴിലാളി പ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. അടിയന്തിരാവസ്ഥ കാലത്തെ ജയില്‍വാസം ഉള്‍പ്പെടെ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ പേരില്‍ നിരവധി പോലീസ് കേസുകളില്‍ പ്രതിയായി. പാര്‍ട്ടിയില്‍ പടിപടിയായി വളര്‍ന്ന മണി 1985ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) ഇടുക്കി ജില്ല സെക്രട്ടറിയായി. പല തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാമായിരുന്നെങ്കിലും ഒഴിഞ്ഞ് നിന്നു. ഒടുവില്‍ 1996ല്‍ ഉടമ്പഞ്ചോല നിയമസഭ മണ്ഡലത്തില്‍ നിന്നും ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാചയപ്പെട്ടു. ജില്ല സെക്രട്ടറി സ്ഥാനത്ത് മുപ്പത് വര്‍ഷം തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ മുഴുകി. 2016ല്‍ മേയില്‍ ഉടുമ്പഞ്ചോലയില്‍ തന്നെ മത്സരിച്ച് എംഎല്‍എ ആയി നിയമസഭയിലെത്തി. ആറ് മാസത്തിന് ശേഷം സംസ്ഥാനത്തിന്റെ വൈദ്യുതി മന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തു.

ലോകത്തിന്റെ രണ്ട് കോണില്‍ ജീവിക്കുന്ന രണ്ട് വ്യക്തികളടെ ജീവിതരേഖ ചിത്രങ്ങളാണ് മുകളില്‍ കുറിച്ചത്. പ്രത്യക്ഷത്തില്‍ യാതൊരു സാമ്യവുമില്ലാത്ത ജീവിത പരിസരങ്ങള്‍. പ്രത്യശാസ്ത്ര കാഴ്ചപ്പാടുകള്‍. പക്ഷെ അമേരിക്കയും ഇടുക്കിയും തമ്മില്‍ അത്ഭുതകരമായ ഒരു സാദൃശ്യമണ്ട്. അവിടവിടങ്ങളിലെ ഗോത്രവര്‍ഗ്ഗങ്ങള്‍ ഒഴികെ മറ്റെല്ലാവരും അങ്ങോട്ട് കുടിയേറിയവരാണ്. പല പല കാരണങ്ങളാല്‍.ഇതെഴുന്ന ആള്‍ കുറച്ചുകാലം കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടറായി പണിയെടുത്തിരുന്നു. അന്ന് ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. ഒരു സ്റ്റാന്‍ഡില്‍ ബസ് പിടിച്ചിട്ടിരിക്കുകയാണ്. കുറച്ച് ആളുകള്‍ കയറിയിട്ടുണ്ട്. പുറപ്പെടാന്‍ സമയം ആകാത്തതിനാലോ അല്ലെങ്കില്‍ കുറച്ച് ആളുകള്‍ കൂടി വരട്ടെ എന്ന് കരുതിയോ ഒരു അഞ്ച് മിനിട്ട് വണ്ടി അവിടെ ഒന്ന് പിടിച്ചിട്ടു എന്ന് സങ്കല്‍പിക്കുക. യാത്രക്കാരുടെ പ്രതിഷേധം ഒരു മുറുമുറുപ്പില്‍ തുടങ്ങും. ആവലാതികളാണ്. ഇതെപ്പോള്‍ പോകുമോ എന്തോ? എത്തിയിട്ട് കുറച്ചു കാര്യങ്ങള്‍ ഉണ്ടായിരുന്നു, അങ്ങനെയങ്ങനെ. ഏന്ത് സംഭവിച്ചാലും ആരുവന്നാലും ഇല്ലെങ്കിലും ബസ് അതിന്റെ സമയമാകുമ്പോള്‍ പുറപ്പെടുന്നു. സ്ഥിരം ഒരു റൂട്ടില്‍ ജോലിക്ക് പോയിട്ടുള്ളവരാണെങ്കില്‍ അറിയാവുന്ന കൗതുകകരമായ ഒരു കാര്യമുണ്ട്. ഇന്ന് ബസില്‍ നേരത്തെ കയറി പുറപ്പെടാന്‍ തിരക്ക് കാണിച്ച വ്യക്തിക്ക് പിറ്റെ ദിവസം അല്‍പം താമസിക്കുകയും ബസ് കിട്ടുകയും ചെയ്തില്ലെങ്കില്‍ പിന്നെ കാണുമ്പോള്‍ കേള്‍ക്കേണ്ടി വരുന്ന പരിഭവമുണ്ടല്ലോ. പറഞ്ഞാല്‍ തീരില്ല.

ഇനി ഡൊണാള്‍ഡ് ട്രംപിലേക്ക്. ബസില്‍ ആദ്യം സീറ്റ് പിടിച്ചവരില്‍ അദ്ദേഹത്തിന്റെ കുടുംബവും ഉണ്ടായിരുന്നു. ആ മണ്ണിന്റെ പച്ചയില്‍ തഴയ്ക്കുകയും ചെയ്തു. മുതലാളിത്തത്തിന്റെ വക്താവായതിനാല്‍ സ്വാഭാവികമായും ലാഭക്കണ്ണുള്ള കച്ചവടക്കാരനാണ് അദ്ദേഹം. നമ്മള്‍ ഒരു സ്ഥാനത്തെത്തിയ സ്ഥിതിക്ക് ഇനി മറ്റുള്ളവര്‍ അമേരിക്കയിലേക്ക് വരരുത് എന്ന് അദ്ദേഹത്തിന് സ്വാഭാവികമായും പറയാം. ജീവിതകാലം മുഴുവന്‍ പിന്തുടര്‍ന്ന പ്രത്യയശാസ്ത്രം അങ്ങനെ തീരുമാനിക്കാന്‍ അദ്ദേഹത്തിന് അവകാശം നല്‍കുന്നുണ്ട്. മാത്രമല്ല, മറ്റ് രാജ്യങ്ങളില്‍ കെട്ടിപ്പൊക്കിയിരിക്കുന്ന ട്രംപ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റുകള്‍ക്കും മറ്റും നല്ലത് അവരൊക്കെ അവരവരുടെ നാടുകളില്‍ തന്നെ താമസിക്കുന്നതാണ്. അതില്‍ അഭയാര്‍ത്ഥി എന്നോ തൊഴില്‍ തെണ്ടിയെന്നോ വ്യത്യാസമില്ല. അവരെല്ലാം അദ്ദേഹത്തിന് പുറം രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

Read More: പ്രായം, ഗ്രാമീണം, വിപ്ലവത്തഴമ്പ്, പിന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടിയും ആശാന്മാരും

ഇനി, മണി ആശാനിലേക്ക് വരാം. അദ്ദേഹം ഒരു രാജ്യം ഭരിക്കുന്നില്ല. പക്ഷെ ഒരു സംസ്ഥാന മന്ത്രിയാണ് താനും. ഇന്നലെ ഒരു പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞത് പുറത്തുനിന്നും വന്നവരാണ് ഇടുക്കിയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നത് എന്നാണ്. ചരിത്രം പഠിച്ചിരിക്കണം എന്നതാണ് ഒരു കമ്മ്യൂണിസ്റ്റുകാരന്‍ ചെയ്യേണ്ട ആദ്യം പാഠം എന്നതിനാല്‍ സ്വന്തം ചരിത്രം വ്യക്തമായി മനസില്‍ വച്ചുകൊണ്ടാവണം അങ്ങനെ പറഞ്ഞത് എന്ന് വിശ്വസിക്കാനേ തരമുള്ളു. പക്ഷെ കേരളം ഇടുക്കിയാണെന്ന് അദ്ദേഹം തെറ്റിധരിക്കരുത്.

ഇടുക്കിയിലുള്ളവരൊഴികെയുള്ളവരെല്ലാം പുറത്തുള്ളവരാണെങ്കില്‍, പുറത്തുള്ള ജനകോടികളുടെ മന്ത്രിയായി അവരുടെ നികുതിപ്പണത്തിന്റെ ചിലവില്‍ തെക്ക്-വടക്ക് കറങ്ങുകയും ഉണ്ടുപാര്‍ത്ത് ജീവിക്കുകയും ചെയ്യരുത്. ഇടുക്കിക്ക് പുറത്തുള്ള ഒരു വനം വെട്ടിവെളിപ്പിക്കണമെന്ന് പറയരുത്. എന്തിന് ഇടുക്കിക്ക് വെളിയിലുള്ള ഒരു പ്രശ്‌നത്തിലും തലയിടരുത്. ട്രംപിന്റെത് സ്വാഭാവിക ലാഭേച്ഛയാണ്. മുതലാളിത്ത രാജ്യത്തിന്റെ തലവന് അതാകാം. പ്രത്യേകിച്ചും പണമുണ്ടാക്കലും ജീവിതവിജയങ്ങളും മാത്രമാണ് ബാക്കിപത്രം എന്ന വിശ്വസിക്കുന്ന ഒരാള്‍ക്ക്. എന്നാല്‍ ജലത്തിലെ മത്സ്യത്തെ പോലെ ജനങ്ങള്‍ക്കിടയില്‍ നില്‍ക്കണമെന്നും സാര്‍വദേശിയ കാഴ്ചപ്പാടുകള്‍ ഉണ്ടായിരിക്കണമെന്നും വായിച്ചു പഠിച്ച ഒരു കമ്മ്യൂണിസ്റ്റുകാരന് പുറത്തുള്ളവരില്ല. ഇനി കമ്മ്യൂണിസ്റ്റ് അല്ലെങ്കില്‍ പോലും ഒര സംസ്ഥാനത്തിന്റെ മന്ത്രിയെ സംബന്ധിച്ചിടത്തോളം ആ സംസ്ഥാനത്തുള്ളവരെല്ലാം, ആ രാജ്യത്തുള്ളവരെല്ലാം അകത്തുള്ളവര്‍ തന്നെയാണ്. അങ്ങനെയല്ലെന്ന് കരുതുന്നെങ്കില്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തോടും ഇരിക്കുന്ന പദവിയോടും കാണിക്കുന്ന വിശ്വാസവഞ്ചനയാണത്. എല്ലാറ്റിലുമുപരി ആത്മവഞ്ചനയും.

Read More:അത്ര ഗ്രാമീണനല്ല എംഎം മണി

എല്ലാ സമരങ്ങളോടും പരമ പച്ഛമാണ് ഡൊണാള്‍ഡ് ട്രംപിന്. അദ്ദേഹത്തിന് അതാവാം. തൊഴിലാളികളും അവരുടെ അദ്ധ്വാനവും ലാഭത്തിന് വേണ്ടിയുള്ളത് മാത്രമാണെന്ന് വിശ്വസിക്കുന്ന ആളാണ് അദ്ദേഹം. തൊഴിലാളികള്‍ അദ്ധ്വാനിക്കാന്‍ ജനിച്ചവരാണ്. അദ്ധ്വാനിക്കുകയും രാഷ്ട്രവികസനത്തില്‍ മുതല്‍ക്കൂട്ടുകയുമാണ് അവരുടെ കര്‍മ്മം. അതുകൊണ്ട് തന്നെ പ്രകൃതി വിഭവങ്ങളും ലാഭത്തിന് വേണ്ടി ചൂഷണം ചെയ്യപ്പെടേണ്ട ഒന്ന് മാത്രമാണ്. ഇന്നിലാണ് ലാഭം നിലനില്‍ക്കുന്നത്. നാളെ എന്നൊന്നില്ല. അതുകൊണ്ടാണ് ആഗോള ഭൗമദിനത്തില്‍ ശാസ്ത്രത്തോടുള്ള ട്രംപിന്റെ അവഹേളനത്തിനെതിരെ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ പ്രതിഷേധ പ്രകടനം നടത്തിയ ദിവസം തന്നെ വളരെക്കാലമായി അടഞ്ഞുകിടന്നിരുന്ന അമേരിക്കന്‍ കല്‍ക്കരിപ്പാടങ്ങളില്‍ ഖനനം പുനഃരാരംഭിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.

സ്വന്തം പാര്‍ട്ടിക്കാര്‍ ഏറ്റെടുക്കുയും നടത്തുകയും ചെയ്യുന്ന സമരങ്ങള്‍ മാത്രമല്ല ഒരു കമ്മ്യൂണിസ്റ്റുകാരന്റെ സമരം. ജീവിതം തന്നെ അയാള്‍ക്ക് ഒരു സമരമാണ്. അമരാവതി സമരം ഏറ്റെടുത്തുകൊണ്ട് മണിയുടെ നേതാവ് എകെ ഗോപാലന്‍ അത് തെളിയിച്ചിട്ടുണ്ട്. അപ്പോള്‍ ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി പാവപ്പെട്ട കുറെ തോട്ടം തൊഴിലാളികള്‍ ചെയ്ത സമരത്തെ തള്ളിപ്പറയരുത്. അതും സ്ത്രീകള്‍. സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും വനിത നേതാക്കളും സമരസ്ഥലത്തെത്തി, സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റോഡില്‍ കുത്തിയിരുന്നിട്ട് അധികകാലമായിട്ടില്ലാത്തതിനാല്‍, പ്രത്യേകിച്ചും. ആ സമയത്താണോ എം എം മണി എന്ന സംസ്ഥാന മന്ത്രി അവിടെ സംഭവിച്ചുവെന്ന് അവകാശപ്പെടുന്ന 'മറ്റ് കാര്യങ്ങള്‍' നടന്നതെന്ന് ഇതെഴുതുന്ന ആള്‍ക്കറിയില്ല. മാത്രമല്ല, പെമ്പിളൈ ഒരുമയിലെ സ്ത്രീകള്‍ നടത്തിയ സമരത്തിന്റെ പിന്നില്‍ നടന്ന കാര്യങ്ങളെ കുറിച്ച് പറയുമ്പോള്‍ ഒരു കാര്യം കൂടി അങ്ങ് ഓര്‍ക്കണം. പലോറ മാത എന്ന സ്ത്രീ വിറ്റ് ആടിന്റെ വിലയുടെ പലിശ എണ്ണി എണ്ണി വാങ്ങിയാണ് അങ്ങയെ പോലുള്ളവര്‍ ഇപ്പോള്‍ ഇരിക്കുന്ന കസേരയില്‍ ആസനം പൂഴ്ത്തിയിരിക്കുന്നതെന്ന്. അവര്‍ക്ക് പിറകെ വന്ന നിരവധി സ്ത്രീകള്‍ ഇതുപോലെ സമരങ്ങള്‍ നടത്തിയപ്പോള്‍ പുറത്തുനിന്ന് അവിടെ 'മറ്റ് കാര്യങ്ങള്‍' നടക്കുന്നു എന്ന് കൂവി നടന്ന ധാരാളം ആള്‍ക്കാര്‍ ഉണ്ടായിരുന്നുവെന്ന്. എം എം മണി എന്ന കമ്മ്യൂണിസ്റ്റുകാരന് പാര്‍ട്ടിയാവണം വലുത്. അതിന്റെ ചരിത്രമാവണം വലുത്. ഏറ്റവും പ്രധാനമായി ആ പാര്‍ട്ടിയെ വളര്‍ത്തിയ ജനങ്ങളാവണം വലുത്. അല്ലാതെ സമരക്കാര്‍ ഏഴയലത്ത് അടുപ്പിക്കാതിരുന്ന സ്ഥലം എം എല്‍ എ രാജേന്ദ്രനാവരുത്.ഒരു മുതലാളിത്ത വിശ്വാസിക്ക് എതിരാളിയെ തെറിവിളിക്കാം. കാരണം, അവരെ സംബന്ധിച്ചിടത്തോളം എതിരാളികള്‍ വധിക്കപ്പെടേണ്ടവര്‍ മാത്രമാണ്. എന്നാല്‍ ഉന്മൂലന സിദ്ധാന്തം വെടിഞ്ഞ് സംവാദരാഷ്ട്രീയത്തിന്റെ വക്താവായ മണിയാശാന് അത് പറ്റില്ല. എതിരാളികളോട് തര്‍ക്കിച്ചും അവരെ പഠിപ്പിച്ചും സ്വന്തം പ്രത്യയശാസ്ത്ര വിശ്വാസത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് അദ്ദേഹം നടത്തേണ്ടത്. ഒടുവില്‍ അവരുടെ ശബ്ദം സംഗീതം പോലെ സ്വന്തം ചെവികളില്‍ പതിയുകയും വേണം. അല്ലെങ്കില്‍ സ്വന്തം നെഞ്ചില്‍ കുത്തി ഞാനൊരു കമ്മ്യൂണിസ്റ്റുകാരനാണ് എന്ന് ഇടയ്ക്കിടെ പറയുന്നത് വെറും ആത്മവഞ്ചനയായി മാറും. അല്ല മാറിക്കഴിഞ്ഞു. ഇനി അതൊരു കോമാളിത്തരമാക്കി മാറ്റാതിരിക്കാനാണ് അങ്ങ് പരിശ്രമിക്കേണ്ടത്.

പരിസ്ഥിതി സംരക്ഷിക്കുന്നതാണ് കമ്മ്യൂണിസം. പ്രകൃതി അമിത ചൂഷണം മുതലാളിത്തത്തിന്റെ ഉല്‍പന്നമാണെന്നും അവരുടെ ആര്‍ത്തിയാണെന്നും മറ്റേ താടിക്കാരന്‍ പണ്ടേ പറഞ്ഞുവെച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പരിസ്ഥിതി ഒരു ശാസ്ത്രമാണെന്നും നാളേക്കുള്ള കരുതിവെക്കലാണ് മനുഷ്യജീവിതത്തെ മുന്നോട്ട് നയിക്കുന്നതെന്നും മനസിലാക്കണം. നമ്മള്‍ അന്ധവിശ്വാസികളാവരുത്. ശാസ്ത്രബോധമുള്ളവരായിരിക്കണം. അതല്ല, മറ്റെ ചങ്ങാതിയുടെ വഴിക്കാണ് നമ്മളുമെങ്കില്‍ അതാവാം. പക്ഷെ ഇടയ്ക്കിടയ്ക്ക് മൈക്കിന്റെ മുന്നില്‍ നെഞ്ചില്‍ കുത്താതെ ട്രംപിനെ പോലെ കാര്യം തുറന്ന് പറഞ്ഞാല്‍ മതി. ഓരോരോ ജന്മങ്ങള്‍!

Next Story

Related Stories