UPDATES

ജാതി കേരളം; പന്തളം ബാലനെ മലയാള സിനിമ പുറത്താക്കിയത് ഇങ്ങനെ

കറുത്ത നിറമുള്ള ആളുകള്‍ പാടിയാലും കാതിന് ഇമ്പം നല്‍കുന്ന സംഗീതം ആര് പാടുന്നുവോ അവരെ അംഗീകരിക്കുന്ന സംസ്‌ക്കാരമാണ് വേണ്ടത്

‘ഒരു പരിപാടിക്കിടെ ലാലേട്ടന്‍ ‘പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തളം ബാലന്റെ ഗാനമേള’ എന്ന ചൊല്ല് പറയാനിടയായി. ഞാന്‍ അടുത്തിരിക്കുന്ന അദ്ദേഹത്തിന്റെ സുഹൃത്തിന് എന്റെ വിസിറ്റിംഗ് കാര്‍ഡ് കൊടുത്തിട്ട് പറഞ്ഞു, ‘ആ ആള്‍ ഞാനാണ്’. പിന്നീട് മോഹന്‍ലാല്‍ എന്നെ വിളിപ്പിച്ചു.’

80-കളുടെ അവസാനവും 90-കളുടെ ആദ്യവും ഗാനമേള സദസുകളെ ആവേശം കൊള്ളിച്ച പന്തളം ബാലന്റെ കഥ മേല്‍ പഴഞ്ചൊല്ല് പോലെ അത്ര ലളിതമല്ല. കോലം തുള്ളല്‍ കലാകാരന്മാരുടെ കുടുംബത്തില്‍ നിന്ന് തിരുവനന്തപുരം സംഗീത കോളേജില്‍ പഠിക്കാനെത്തിയ പന്തളം ബാലന് ആ പേര് നല്‍കുന്നതും സിനിമാഗാന രംഗത്തേക്ക് അവതരിപ്പിക്കുകയും ചെയ്യുന്നത് ജി ദേവരാജന്‍ മാസ്റ്ററാണ്. പി.എ ബക്കറിന്റെ സഖാവ്: വിപ്ലവത്തിന്റെ ശുക്രനക്ഷത്രം എന്ന സിനിമയ്ക്കു വേണ്ടി പാടിത്തുടങ്ങിയ പന്തളം ബാലനോട് പക്ഷേ സിനിമാ ലോകം കനിവു കാട്ടിയില്ല. ജാതി തന്നെ ഇവിടെയും വില്ലന്‍. എന്നാല്‍ ഗാനമേള സ്റ്റേജുകളിലെ മിന്നും താരമായി പന്തളം ബാലന്‍ മാറി. 8000 വേദികള്‍ പൂര്‍ത്തിയാക്കിയ തന്റെ സംഗീത ജീവിതത്തെ കുറിച്ചും സിനിമാ ഗാന മേഖലയിലെ ജാതി വിവേചനങ്ങളെ കുറിച്ചും പന്തളം ബാലന്‍ സംസാരിക്കുന്നു.

‘കണക്ക് അധ്യാപകനായിരുന്നു അച്ഛന്‍. ഞാന്‍ പാട്ടുകാരനാകണം എന്ന് അച്ഛന് വലിയ ആഗ്രഹമായിരുന്നു. അങ്ങനെ സ്‌കൂളില്‍ നിന്നു എന്നെ സബ് ജില്ലയില്‍ പാടാന്‍ കൊണ്ട് പോയി. അന്ന് സ്റ്റേജില്‍ കയറി രണ്ട് വരി പാടിയിട്ട് കറങ്ങിക്കറങ്ങി നിന്നിട്ട് ഞാന്‍ ഇറങ്ങിപ്പോന്നു. ആള്‍ക്കാരെ കണ്ടപ്പോള്‍ പാട്ട് മറന്നുപോയി. ഇന്നിപ്പോള്‍ ലക്ഷക്കണക്കിനു ആളുകള്‍ നിന്നാലും നമുക്ക് വിഷയമല്ല.’ പേരൂര്‍ക്കട വഴയിലയിലെ വീട്ടിലിരുന്ന് പന്തളം ബാലന്‍ പറഞ്ഞു.

‘ഒരു പാട്ട് പൂര്‍ണ്ണമായി സ്റ്റേജില്‍ പാടിയത് ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. ‘ശരറാന്തല്‍ തിരിതാഴും’ എന്ന പാട്ടാണ് അന്ന് പാടിയത്. ഒന്‍പതാം ക്ലാസ്സില്‍ എത്തിയപ്പോഴാണ് അച്ഛന്റെ സുഹൃത്തായിരുന്ന വെണ്മണി സുകുമാരന്‍ സാര്‍ എന്നെ പാട്ട് പഠിപ്പിക്കുന്നത്. ആദ്യഗുരു എപ്പോഴും ആദ്യ ഗുരു തന്നെയാണ്. പലരും ആദ്യം പഠിപ്പിച്ചത് ആരാണെന്ന് ചോദിച്ചാല്‍ ഇവിടത്തെ ഏറ്റവും പ്രശസ്തരായിട്ടുള്ള ആളുകളുടെ പേര് പറയും. അത് ഗുരുത്വദോഷമാണ്. ഞാന്‍ ദേവരാജന്‍ മാഷുടെ അടുത്ത് പഠിച്ചിട്ടുണ്ട്. ചേര്‍ത്തല ആര്‍ ഗോപാലന്‍ നായര്‍, അമ്പലപ്പുഴ വിജയന്‍ സാര്‍, ഇരിഞ്ഞാലക്കുട വിജയകുമാര്‍ സാര്‍ ഇവരുടെ അടുത്തൊക്കെ കുറച്ചു കുറച്ചു പഠിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ബിഷപ്പ് പെരേര ഹാളിലാണ് ഞാന്‍ ആദ്യമായി ഒരു പൊതുപരിപാടിക്ക് പാടുന്നത്. സിതാര ട്രൂപ്പില്‍ പാടുന്ന സമയത്ത്. ‘നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍’ എന്ന പാട്ടാണ് അന്ന് പാടിയത്. ആദ്യമൊക്കെ എനിക്ക് ഒരു പാട്ടേ തരുമായിരുന്നുള്ളൂ. പിന്നെ ഒന്നായി, രണ്ടായി, ട്രൂപ്പിലെ ലീഡ് സിംഗറായി. ആ രീതിയിലുള്ള ആദ്യത്തെ വേദി കൊല്ലത്തെ ആനന്ദവല്ലി ക്ഷേത്രത്തിലായിരുന്നു. പിന്നീട് ഞാന്‍ ഒരു ദിവസം അഞ്ചും ആറും വേദികളില്‍ ഒക്കെ പാടി. ഇപ്പോള്‍ 8000 സ്റ്റേജ് തികഞ്ഞു.’

1986-ലാണ് പന്തളം ബാലന്‍ തിരുവനന്തപുരം സംഗീത കോളേജില്‍ പഠിക്കാന്‍ വരുന്നത്. പഠനം കഴിഞ്ഞിട്ടും പക്ഷേ ബാലന്‍ തിരുവനന്തപുരം വിട്ടു പോയില്ല. ഏഴു വര്‍ഷത്തെ കോഴ്‌സായിരുന്നു. പത്താം ക്ലാസ്സ് കഴിഞ്ഞ ഉടനെ ഗാനഭൂഷന്‍ പഠിക്കാന്‍ വേണ്ടി നേരെ ഇങ്ങോട്ട് വരികയായിരുന്നു.

തിരുവനന്തപുരം സംഗീത കോളേജിലെ പഠനവും ദേവരാജന്‍ മാസ്റ്ററും
സംഗീത കോളേജില്‍ ‘സംസ്‌കാര’ എന്നൊരു സംഘടനയുണ്ടായിരുന്നു. അതിന്റെ വാര്‍ഷികത്തോടനുബന്ധിച്ചാണ് ആദ്യമായി ഒരു പാട്ട് പാടിയത്. ആ പാട്ട് കേട്ടിട്ടാണ് പിന്നീട് തിരുവനന്തപുരത്തെ പ്രശസ്തമായ ‘സിത്താര’ എന്ന ട്രൂപ്പ് എന്നെ വിളിക്കുന്നത്. മോഹന്‍ സിത്താരയൊക്കെ ആയിരുന്നു അതിന്റെ ആളുകള്‍. പിന്നീട് സിപിഎമ്മിന്റെ പതിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് തിരുവനന്തപുരത്തു നടന്നപ്പോള്‍ ദേവരാജന്‍ മാസ്റ്ററുമായി ബന്ധപ്പെടാനും അദ്ദേഹത്തിന്റെ ക്വയറില്‍ പാടാനും അവസരം ഉണ്ടായി. പിന്നീട് 1989-ല്‍ പി എ ബക്കര്‍ സംവിധാനം ചെയ്ത ‘സഖാവ്: വിപ്ലവത്തിന്റെ ശുക്രനക്ഷത്രം’ എന്ന സിനിമയില്‍ രണ്ട് പാട്ട് പാടി. ആ സിനിമയിലോട്ട് എന്റെ പേര് നിര്‍ദ്ദേശിച്ചത് ദേവരാജന്‍ മാഷാണ്. പി കൃഷ്ണപ്പിള്ളയുടെ കഥയായിരുന്നു ആ സിനിമ.

അതുവരെ ബാലന്‍ എന്നായിരുന്നു എന്റെ പേര്. പിന്നീട് ദേവരാജന്‍ മാഷാണ് പന്തളം ബാലന്‍ എന്ന പേര് തന്നത്. പിന്നീട് മാഷുടെ തന്നെ കുറെ ഡോക്യുമെന്ററികളില്‍ പാടിയിട്ടുണ്ട്. തുടര്‍ന്ന് ഗോത്രം എന്ന സിനിമയില്‍ പാടി. സ്വാതിതിരുനാള്‍, സ്‌നേഹിച്ചുതീരാത്ത ഗന്ധര്‍വ്വന്‍, ഇന്ദുലേഖ തുടങ്ങിയ നാടകങ്ങളില്‍ പാടി. വര്‍ഷങ്ങള്‍ക്ക് ശേഷം മാഷ് ചെയ്ത നാടകങ്ങളായിരുന്നു അത്. അതിനു ശേഷം ദേവരാജന്‍ മാഷുടെ ക്വയറില്‍ ലീഡ് സിംഗര്‍ ആയിട്ട് എന്നെ തിരഞ്ഞെടുത്തു. ഇന്നത്തെ സംഗീത സംവിധായകന്‍ എം ജയചന്ദ്രനും ഞാനും ഒക്കെ ഒരുമിച്ചായിരുന്നു. എം ജയചന്ദ്രന്‍ എന്റെ പിറകില്‍ ഇരുന്നു പാടിയ ആളാണ്. പക്ഷേ ഇന്ന് മുന്നിലാണ്. അതുപോലെ തന്നെ മാധുരിയമ്മയുടെ ഗാനമേളകളില്‍ മെയില്‍ സിംഗേഴ്സ് ആയിട്ട് എം ജയചന്ദ്രനും ഞാനുമാണ് പാടിക്കൊണ്ടിരുന്നത്. രവീന്ദ്രന്‍ മാഷുമായി നല്ല ബന്ധമായിരുന്നു. ഞങ്ങള്‍ വല്യ കൂട്ടായിരുന്നു. പകല്‍പ്പൂരം, എന്റെ ഹൃദയത്തിന്റെ ഉടമ, ചേരി തുടങ്ങിയ സിനിമകളിലും രണ്ട് മൂന്നു സീരിയലുകളിലും മാഷുടെ കൂടെ പാടിയിട്ടുണ്ട്.

പന്തളം ബാലന്‍ ബാലചന്ദ്രനായപ്പോള്‍
1989-ല്‍ സിനിമയില്‍ പാടിയപ്പോള്‍ സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടും എന്നൊക്കെ ഞാന്‍ കരുതി. അന്ന് വളരെ കുറച്ചു പാട്ടുകാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആരും എന്നെ വേണ്ട രീതിയില്‍ പരിഗണിച്ചില്ല. ഞാന്‍ ആരോടും ചാന്‍സ് ചോദിക്കാന്‍ പോയതും ഇല്ല. 1992, 93 കാലം കാസറ്റുകളുടെ കാലമായിരുന്നു. അന്ന് രഞ്ജിനി, തരംഗിണി തുടങ്ങി രണ്ടു മൂന്നു കാസറ്റുകളെ ഉണ്ടായിരുന്നുള്ളൂ. വളരെ അപ്രതീക്ഷിതമായി എനിക്ക് രഞ്ജിനി കാസറ്റില്‍ പാടാന്‍ അവസരം കിട്ടി. മുമ്പ് അവിടെ പാടിക്കൊണ്ടിരുന്നത് കെ.ജി മാര്‍ക്കോസായിരുന്നു. അതിനു ശേഷം എം ജി ശ്രീകുമാര്‍. അതിനു ശേഷം എന്നെയാണ് പാടാന്‍ വിളിച്ചത്. സംഗീത സംവിധായകന്‍ ബേണി ഇഗ്‌നേഷ്യസ് ആയിരുന്നു.

ആ ശബരിമല സീസണില്‍ തരംഗിണിയുടെ കന്നി അയ്യപ്പന്‍ എന്ന കാസറ്റായിരുന്നു ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടത്. വീണ്ടും അവരുടെ കുറെ കാസറ്റുകളില്‍ പാടി. പിന്നീട് ഇവര്‍ പന്തളം ബാലന്‍ എന്ന പേര് വളരെ ഓള്‍ഡ് ആണെന്നൊക്കെ പറഞ്ഞു. എനിക്കു ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അവര്‍ ബാലചന്ദ്രന്‍ എന്നാക്കി. പക്ഷേ അതുകൊണ്ട് പ്രത്യേകിച്ചു ഗുണം ഒന്നും ഉണ്ടായില്ല. പിന്നെ അവരുമായുള്ള കോണ്‍ടാക്ട് ഒക്കെ കഴിഞ്ഞു. ക്രമേണ കാസറ്റിന്റെ ആ ട്രന്റ് അങ്ങ് മാറി. അന്നൊക്കെ ഒരു കാസറ്റില്‍ പത്തു പാട്ടുകള്‍ ഉണ്ടെങ്കില്‍ ഏഴു പാട്ട് മെയിലും മൂന്നു പാട്ട് ഫീമെയിലും ആയിരുന്നു പാടിയിരുന്നത്. ഇപ്പോള്‍ ഒരു കാസറ്റില്‍ പത്തുപേരൊക്കെയാണ് പാടുന്നത്.

ഗാനമേളകളുടെ സുവര്‍ണ്ണകാലം
സിനിമകളില്‍ അവസരം കിട്ടാതിരിക്കുന്ന സമയത്താണ് ഗാനമേളകളില്‍ സജീവമാകുന്നത്. ഏറ്റവും നല്ല കുറെ പാട്ടുകള്‍ ഉണ്ടായ സമയമായിരുന്നു അത്. ഞാന്‍ മംഗളത്തില്‍ പാടിയിട്ടുണ്ട്. കലാഭവനില്‍ പാടിയിട്ടുണ്ട്. സിംങ്ങിഗ് ബേര്‍ഡ്, സിത്താര, സ്വാതി ഇങ്ങനെ കുറെ ട്രൂപ്പുകള്‍ ഉണ്ട്. ഇതിലൊക്കെ പാടി. ഞാന്‍ സിത്താരയില്‍ പാടുകയാണെങ്കില്‍ ഇവിടുന്ന് കാസര്‍ഗോഡ് വരെ പോയാലും എനിക്ക് ഒരു പാട്ടേ തരുമായിരുന്നുള്ളൂ. എനിക്ക് അതിനേക്കാള്‍ കൂടുതല്‍ പാടാന്‍ സാധിക്കുമായിരുന്നു. അതെനിക്ക് അറിയാം. നമ്മുടെ കയ്യില്‍ പൈസയും മറ്റ് കാര്യങ്ങളും ഒന്നും ഇല്ലാത്തത് കൊണ്ട് കുറെക്കാലം അങ്ങനെ പോയി.

പല ട്രൂപ്പുകളില്‍ നിന്നും പല തരത്തിലുള്ള അനുഭവങ്ങള്‍ എനിക്ക് ഉണ്ടായിട്ടുണ്ട്. സ്‌നേഹമായിട്ട് പെരുമാറുന്ന അനുഭവങ്ങളും വിഷമം ഉണ്ടാക്കുന്ന അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതൊക്കെ മനസ്സില്‍ ഒതുക്കി വെച്ചുകൊണ്ട് 1992-ല്‍ സ്വന്തമായി ഒരു ട്രൂപ്പ് തുടങ്ങി. അന്നെനിക്ക് 19 വയസ്സാണ്. തിരുവനന്തപുരത്ത് വിനായക ടൂറിസ്റ്റ് ഹോമില്‍ ഒരു റൂം എടുത്തു. റൂമിന്റെ വാടക കൊടുക്കണമെങ്കില്‍ ഞാന്‍ പോയി പാടിയിട്ടു കൊടുക്കണം. ആര്‍ട്ടിസ്റ്റുകളെ തിരിച്ചു വിടണമെങ്കില്‍ ഞാന്‍ മറ്റെവിടെയെങ്കിലും പോയി പാടണം. മറ്റുള്ള പാട്ടുകാര്‍ക്ക് പാടാന്‍ എളുപ്പമല്ലാത്ത രവീന്ദ്രന്‍ മാഷുടെ അല്ലെങ്കില്‍ ദേവരാജന്‍ മാഷുടെ സെമി ക്ലാസ്സിക്കല്‍ പാട്ടുകള്‍ കൂടുതലും ഞാന്‍ തന്നെ എടുത്തു പാടി. ആ സമയത്ത് ജനങ്ങള്‍ അത് നന്നായിട്ട് സ്വീകരിച്ചു. അത് ഇന്നും സ്വീകരിക്കുന്നുണ്ട്. ഉദാഹരണമായിട്ടു പ്രമധവനം, രാമകഥാ, ഹരിമുരളീരവം, നക്ഷത്ര ദീപങ്ങള്‍, കാട്ടിലെ പാഴ്മുളന്തണ്ട്, ഈശ്വരന്‍ ഒരിക്കല്‍ വിരുന്നിന് പോയി, ശ്രീലതികകള്‍ ഇങ്ങനെയൊക്കെയുള്ള പാട്ടുകള്‍. ഇതെല്ലാം കൂടെ ഒരുമിച്ചു കേള്‍ക്കാന്‍ പറ്റിയ ഒരു ഗാനമേള ഇതേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴാണെങ്കിലും ഇത്തരം പാട്ടുകള്‍ പാടാന്‍ പറ്റുന്നുണ്ട്. അതിനുവേണ്ടി ഞാന്‍ നിരന്തരം സാധകം ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. മറ്റൊരു ജോലി അറിഞ്ഞു കൂടാത്തത് കൊണ്ടും സംഗീതത്തെ അങ്ങേയറ്റം സ്‌നേഹിക്കുന്നതുകൊണ്ടുമാണ് അത്. എന്നാലും എന്റെ പരിശ്രമത്തിന് അനുസരിച്ചുള്ള ഫലം കിട്ടിയിട്ടുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല.

അമേരിക്കയും മോഹന്‍ലാലും
2003-ല്‍ എനിക്ക് അമേരിക്കയില്‍ പോകാന്‍ ഒരവസരം കിട്ടി. പിന്നീട് ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരികെ വരുന്നത്. അമേരിക്കയില്‍ ഒരുപാട് ഗാനമേളകളില്‍ പങ്കെടുത്തു. അമേരിക്കയില്‍ മലയാളികള്‍ എവിടെയുണ്ടോ അവിടെയെല്ലാം ഞാന്‍ പോയിട്ടുണ്ട്. അവിടെ വെച്ച് മോഹന്‍ലാലിനെ പരിചയപ്പെടാന്‍ പറ്റി. ഒരു പരിപാടിക്കിടെ ലാലേട്ടന്‍ ‘പടപേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തളം ബാലന്റെ ഗാനമേള’ എന്ന ചൊല്ല് പറയാനിടയായി. ഞാന്‍ അടുത്തിരിക്കുന്ന അദ്ദേഹത്തിന്റെ സുഹൃത്തിന് എന്റെ വിസിറ്റിംഗ് കാര്‍ഡ് കൊടുത്തിട്ട് പറഞ്ഞു. ആ ആള്‍ ഞാനാണെന്ന്. പിന്നീട് മോഹന്‍ലാല്‍ എന്നെ വിളിപ്പിച്ചു. ഒന്നിച്ച് ഫോട്ടോ ഒക്കെ എടുത്തു. നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം വിസ്മയക്കാഴ്ചകള്‍ എന്ന പംക്തിയില്‍ എന്നെപ്പറ്റി എഴുതി.

2011-ലാണ് പന്തളം ബാലന്‍ നാട്ടിലേക്ക് തിരിച്ചു വന്നത്. തിരിച്ചു നാട്ടില്‍ വന്നതിനു ശേഷം വളരെ ശക്തമായ രീതിയില്‍ തന്നെ സംഗീത രംഗത്തേക്ക് തിരിച്ചു വന്നു. സാധാരണ ഒരു കലാകാരനും അങ്ങനെ തിരിച്ചു വരാന്‍ പറ്റിയിട്ടില്ല. ബാലന്‍ ചേട്ടന്റെ സിംഹാസനം അവിടെ ഒഴിഞ്ഞു കിടപ്പുണ്ടെന്ന് പറഞ്ഞവരും ഇനി അങ്ങോട്ട് വന്നിട്ട് കാര്യമില്ല എന്നു പറഞ്ഞവരും ഉണ്ടായിരുന്നു- പന്തളം ബാലന്‍ ഓര്‍മ്മിക്കുന്നു.

ജാതി എന്ന വില്ലന്‍
കലയില്‍ തീര്‍ച്ചയായിട്ടും ജാതിയുണ്ട്. സത്യത്തില്‍ കഴിഞ്ഞ അമ്പതുവര്‍ഷങ്ങളിലേക്കാള്‍ കൂടുതല്‍ ജാതി ശക്തിയാര്‍ജ്ജിച്ച് വരികയാണ്. മതസംഘടനകളും ജാതിസംഘടനകളും കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ‘ഒരു ജാതി ഒരു മതം ഒരു ദൈവം’, എനിക്കു തോന്നുന്നത് ഇങ്ങനെയൊക്കെ പറയുന്നവര്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ ജാതിയും മതവും ഒക്കെ മനസ്സില്‍ കൊണ്ട് നടക്കുന്നത് എന്നാണ്. ഞാന്‍ കരുതിയത് സംവരണാടിസ്ഥാനത്തില്‍ കാര്യങ്ങള്‍ ഒക്കെ നടക്കുന്നതു കൊണ്ട് ഇതൊക്കെ മാറിവരും എന്നുള്ളതായിരുന്നു. ഇപ്പോള്‍ സംവരണം മാറ്റണം എന്നു പറയുന്നു. സംവരണം മാറ്റിയാല്‍ എങ്ങനെ ജാതിവ്യവസ്ഥ മാറും. സംവരണം എല്ലാവര്‍ക്കും വേണം. ശരിയാണ്. പക്ഷേ ജാതി വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് സംവരണം കൊടുത്തിരിക്കുന്നത്. എല്ലാവരും സാമ്പത്തികമായി ഉയരട്ടെ എന്നാണ് ഞാന്‍ കരുതുന്നത്.

കറുത്ത നിറമുള്ള ആളുകള്‍ പാടിയാലും കാതിന് ഇമ്പം നല്‍കുന്ന സംഗീതം ആര് പാടുന്നുവോ അവരെ അംഗീകരിക്കുന്ന സംസ്‌ക്കാരമാണ് വേണ്ടത്. തൊട്ടടുത്ത് തമിഴ്‌നാട്ടില്‍ അധികം പാട്ടുകാരും പിന്നോക്ക സമുദായത്തില്‍ പെടുന്നവരാണ്. അവരൊക്കെ ഉന്നതിയിലും പ്രശസ്തിയിലുമാണ് നില്‍ക്കുന്നത്. എന്തേ കേരളത്തില്‍ ഇത് സാധ്യമല്ലാതായി. അഥവാ ഈ പിന്നോക്കാവസ്ഥയില്‍ നിന്ന് ഒരാള്‍ രക്ഷപ്പെട്ടാലും അവന്‍ പിന്നീട് പിറകോട്ട് നോക്കാറും ഇല്ല. അങ്ങനെ ചിന്തിക്കാത്ത സംഗീത സംവിധായകരും ഡയറക്‌ടേഴ്‌സും ഒക്കെയാണ് നമുക്കിടയില്‍ ഉള്ളത്.

സിനിമ എപ്പോഴും ഒരു ജാതി മേല്‍ക്കോയ്മയുടെ ഭാഗമാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. തീര്‍ച്ചയായും നമ്മുടെ പകുതി കഴിവില്ലാത്തവര്‍ പാടുകയും പ്രതിഫലം വാങ്ങുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ നമ്മള്‍ അവഗണിക്കപ്പെടുന്നു. പഠിക്കുന്ന കാലത്തും ഇത്തരം ജാതി വിവേചനം ഉണ്ടായിട്ടുണ്ട്. കര്‍ണ്ണാടക സംഗീതം എന്നുപറഞ്ഞാല്‍ ഒരു മേല്‍ക്കോയ്മയുടെ ഭാഗമാണെന്നാണ് പറയപ്പെടുന്നത്. ഞാന്‍ പഠിച്ചിറങ്ങിയിട്ട് പത്തിരുപത്തിയഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്റെ കൂടെ പഠിച്ച പലര്‍ക്കും ജോലിയില്ല. ഇവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഒറ്റ കലാകാരന്മാര്‍ പോലും ഉണ്ടായിരുന്നില്ല. കര്‍ണ്ണാടക സംഗീതം കടല്‍ കടന്നെത്തിച്ചത് നെയ്യാറ്റിന്‍കര വാസുദേവന്‍ എന്ന മഹാനായ സംഗീതജ്ഞനാണ്. സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ കര്‍ണ്ണാടക സംഗീജ്ഞന്‍ അദ്ദേഹമായിരുന്നു. അദ്ദേഹത്തിന് അവസാനം എന്തായിരുന്നു ഗതി. അദ്ദേഹം ഇങ്ങനെ ഒരു വിഭാഗത്തില്‍ പെട്ട ആളായിരുന്നു എന്നത് പലര്‍ക്കും അറിഞ്ഞു കൂടാ. ലെനിന്‍ രാജേന്ദ്രനും മോഹന്‍ സിത്താരയും ഒക്കെ ഇങ്ങനെ വളര്‍ന്ന് വന്ന കലാകാരന്‍മാരാണ്. അവര്‍ ആരെയെങ്കിലും കൈ പിടിച്ച് ഉയര്‍ത്തിയതായി അറിയില്ല. എപ്പോഴും നമുക്കൊരു ഗോഡ് ഫാദര്‍ ഉണ്ടായിരിക്കണം. നമ്മളെ പ്രൊമോട്ട് ചെയ്യാനും നമ്മളെ സംരക്ഷിക്കാനും. നമുക്കു ചുറ്റിലുമുള്ള ഓരോരുത്തരുടെയും വളര്‍ച്ച നോക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ക്കെല്ലാം ഒരു ഗോഡ് ഫാദര്‍ ഉണ്ടെന്ന് കാണാം. എനിക്കങ്ങനെ പ്രത്യേകിച്ച് ആരും ഉണ്ടായില്ല.

കലാഭവന്‍ മണി
കലാഭവന്‍ മണിയുമായി നല്ല അടുപ്പം ഉണ്ടായിരുന്നു. ഞാന്‍ പാടിത്തുടങ്ങുന്ന കാലത്ത് മണി ഫീല്‍ഡില്‍ പോലും ഇല്ല. എന്റെ ഗാനമേള കേള്‍ക്കാന്‍ വേണ്ടിയിട്ടു പന്തളം എന്‍എസ്എസ് കോളേജ് ഗ്രൗണ്ടില്‍ പട്ടിണി കിടന്നു പാട്ടുകേട്ട കാര്യമൊക്കെ മണിയും അനിയനും പറയാറുണ്ട്. സല്ലാപം സിനിമയില്‍ മണി അഭിനയിച്ചു കഴിഞ്ഞപ്പോഴാണ് ഇങ്ങനെ ഒരു കലാകാരനെ പറ്റി ഞാന്‍ കേള്‍ക്കുന്നതും അറിയുന്നതും. പിന്നെ അവിടുന്നങ്ങോട്ട് ഉദിച്ചുയര്‍ന്ന ഒരു നക്ഷത്രം പോലെയായിരുന്നു മണി. ആര്‍ക്കും പിടിച്ചാല്‍ കിട്ടാത്ത വളര്‍ച്ച എന്നൊക്കെ പറയില്ലേ, അതുപോലെ. കലാകാരന്‍ ജനകീയനാകണം. ഒരുപാട് കാര്യങ്ങള്‍ മണി സമൂഹത്തിനു വേണ്ടി ചെയ്തിട്ടുണ്ട്. മണിയുടെ സാമ്പത്തികം കൊണ്ട് ജീവിച്ച ഒരുപാട് പേരുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം വേണം എന്നാവശ്യപ്പെട്ട് ചെറുവിരല്‍ അനക്കാന്‍ ആരും ഉണ്ടായില്ല; അദ്ദേഹത്തിന്റെ കുടുംബം അല്ലാതെ. നല്ലൊരു സുഹൃത്ത് ഇല്ലാതെ പോയതുകൊണ്ട് മാത്രമാണ് അദ്ദേഹത്തിന് അങ്ങനെ ഒരു ഗതി വന്നത്.

കലാകാരന്‍മാര്‍ക്ക് വേണ്ടി പ്രതികരിക്കാന്‍ ഇവിടെ ആരും ഇല്ല
ഗാനമേളയുമായി ബന്ധപ്പെട്ട് പലസ്ഥലങ്ങളില്‍ നിന്നും പല രീതിയില്‍ ഉള്ള ദുരനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഈ അടുത്ത കാലത്ത് അസീസ് എന്ന കലാകാരന് ഉണ്ടായ ദുരനുഭവം കണ്ടില്ലേ. മുക്കാല്‍ മണിക്കൂര്‍ വൈകി എന്ന കാരണം പറഞ്ഞാണ് അസീസിനെ അവര്‍ ആക്രമിച്ചത്. എന്നാല്‍ 9 മണിക്ക് തുടങ്ങേണ്ട പരിപാടി സംഘാടകരുടെ ഭാഗത്ത് നിന്നുള്ള പ്രശ്‌നങ്ങള്‍ കാരണം ഒരു മണിക്കൊക്കെ നടന്ന സംഭവങ്ങള്‍ ഒക്കെയുണ്ട്. അതിനൊക്കെ ആര് സമാധാനം പറയും. ഞങ്ങള്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി അക്കാര്യം ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ട് വന്നു. കലാരംഗത്ത് നിന്ന് ആരും അതിനെക്കുറിച്ച് പ്രതികരിച്ചില്ല. സാധാരണക്കാരായ കലാകാരന്‍മാര്‍ക്ക് വേണ്ടി പ്രതികരിക്കാന്‍ ഇവിടെ ആരും ഇല്ല. പൊതുവേ കലാകാരന്‍മാര്‍ പത്രം വായിക്കില്ല. ടി വി കാണില്ല. സമൂഹത്തോട് ഒരു പ്രതിബദ്ധതയില്ല. പ്രതിഫലം വാങ്ങിക്കുക, പോക്കറ്റില്‍ നിറയ്ക്കുക എന്നല്ലാതെ വേറെ ഒരു കാര്യത്തെപ്പറ്റിയും ബോധം ഇല്ല. അത് മാറണം. അത് മാറാന്‍ വേണ്ടി കലാകാരന്‍ ശ്രമിക്കണം.

റിയാലിറ്റി ഷോകളില്‍ ഇല്ലാതാകുന്ന സംഗീതം
റിയാലിറ്റി ഷോകള്‍ വന്നതുകൊണ്ട് ഇടക്കാലത്ത് നല്ല സംഗീതം ഇല്ലാതാവുകയും പെര്‍ഫോമന്‍സിന് പ്രാധാന്യം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. റിയാലിറ്റി ഷോകള്‍ കുട്ടികളുടെ വളര്‍ച്ച പിറകോട്ടാക്കുകയാണ് ചെയ്തത്. അവര്‍ എവിടെ നിന്നെങ്കിലും രണ്ടോ മൂന്നോ പാട്ടും പഠിച്ചു വന്നിട്ട് ചാനലില്‍ മൂന്നോ നാലോ മാസം നിന്ന് സൗണ്ട് ബൂസ്റ്റ് ചെയ്തു പുറത്തുവരും. പുറത്തിറങ്ങി പാടുമ്പോഴാണ് മനസ്സിലാകുക. രാഗങ്ങള്‍ കൃത്യമായി പഠിച്ച് സ്വരങ്ങള്‍ക്കനുസരിച്ച് പാടാത്ത ആരും അധികകാലം നിലനില്‍ക്കില്ല. യേശുദാസ് ഈ പ്രായത്തിലും നിലനില്‍ക്കുന്നത് എന്തു കൊണ്ടാണ്. അദ്ദേഹം ഓരോ കച്ചേരിക്കും പുതിയ പുതിയ കീര്‍ത്തനങ്ങള്‍ പഠിച്ചാണ് പാടുന്നത്. അങ്ങനെ ശാസ്ത്രീയ സംഗീതത്തിന്റെ അടിത്തറയില്ലാത്ത ഒരാള്‍ക്കും ഒരുപാട് ദൂരം സഞ്ചരിക്കാന്‍ പറ്റത്തില്ല. ടെക്‌നോളജിക്ക് അനുസരിച്ചു അപ്‌ഗ്രേഡ് ചെയ്തില്ലെങ്കില്‍ അതിനു നിലനില്‍പ്പില്ലല്ലോ. അതുപോലെ തന്നെയാണ് സംഗീതവും. സംഗീതം ഒരു നിമിഷം കൊണ്ടൊന്നും പഠിച്ചു തീര്‍ക്കാന്‍ പറ്റുന്ന ഒന്നല്ല. സംഗീതം ഒരു അനന്തസാഗരമാണ്. ഇപ്പോഴത്തെ രക്ഷിതാക്കള്‍ക്ക് കുട്ടികള്‍ പഠിക്കുന്നതിന് മുമ്പ് അരങ്ങേറ്റം നടത്തണം. സംഗീതം മാത്രമല്ല മോഹിനിയാട്ടം, കുച്ചുപ്പുടി, ഭരതനാട്യം, മൃദംഗം എല്ലാ തരത്തിലുള്ള കലാരൂപങ്ങളും പക്കാ ഡെഡിക്കേഷനോട് കൂടി പഠിക്കേണ്ട കലാരൂപങ്ങളാണ്.

റിയാലിറ്റി ഷോയും മറ്റും വന്നതോടെ ഒരുപാട് പാട്ടുകാരായി. 75 ശതമാനം പെണ്‍കുട്ടികളാണ് പാടുന്നത്. തീര്‍ച്ചയായിട്ടും ട്രെന്റ് മാറി. പക്ഷേ ഇപ്പോഴും ഞാന്‍ ആ ലെവലില്‍ നിന്നൊന്നും മാറിയിട്ടില്ല, എന്റെ പരിപാടികള്‍ കേള്‍ക്കാന്‍ വേണ്ടി നില്‍ക്കുന്ന ഒരുപാട് പേരുണ്ട്. നല്ല സംഗീതം എപ്പോഴും മലയാളികള്‍ സ്വീകരിക്കുന്നുണ്ട്.

‘അകന്നകന്ന് അകലെ നീ’
ഞാനുള്‍പ്പെടെയുള്ള പാട്ടുകാര്‍ എല്ലാം തന്നെ മറ്റൊരാള്‍ പാടിയ പാട്ട് ജീവിക്കാന്‍ വേണ്ടി പാടുന്നവരാണ്. അതില്‍ ഐഡന്റിറ്റി ഒന്നും ഇല്ല. നമ്മള്‍ ആ പാട്ട് അതുപോലെ പാടുന്നു. ഗാനമേള എന്നു പറയുന്നത് ഒരു മിമിക്രി പോലെയാണ്. അതിനോടു എത്രശതമാനം നീതി പുലര്‍ത്തുന്നു എന്നതിനനുസരിച്ചാണ് ജനം വിലയിരുത്തുന്നത്. ഒരു രാഗം നമ്മള്‍ പഠിച്ചിട്ടു സ്വന്തമായിട്ട് പാടുന്നതിനാണ് എപ്പോഴും നിലനില്‍പ്പുള്ളത്. അതുകൊണ്ട് ഞാന്‍ ഇപ്പോള്‍ ചെയ്യുന്ന കാര്യം എന്താണെന്ന് വെച്ചാല്‍ സ്വന്തമായിസംഗീത സംവിധാനം ചെയ്യുക എന്നുള്ളതാണ്.

ഞാന്‍ ഈ അടുത്ത് ‘അകന്നകന്ന് അകലെ നീ’ എന്ന ഒരു ആല്‍ബം ചെയ്തു. അത് യൂട്യൂബിലും ഫേസ്ബുക്കിലും ഒക്കെ ഇട്ടപ്പോള്‍ ഒരുപാട് പേര്‍ കണ്ടു. ഒരുലക്ഷത്തി നാല്‍പ്പതിനായിരത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു. വേറൊന്നും കൊണ്ടല്ല. നമ്മുടേതായ ഒരു ഐഡന്റിറ്റിിയാണല്ലോ നമുക്ക് വേണ്ടത്. ജനങ്ങള്‍ ആഗ്രഹിക്കുന്ന നല്ല പാട്ടുകള്‍ ജനങ്ങള്‍ക്ക് കൊടുക്കണം എന്നാണ് എന്റെ ആഗ്രഹം. അതാണ് എന്റെ ആത്മസംതൃപ്തി എന്ന് പറയുന്നത്. പലരും പറയും ഞാന്‍ ഇവിടെനിന്നു മാറി നിന്ന ആ പത്തു കൊല്ലം ഇവിടെ ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു എന്ന്. ഞാന്‍ ഇവിടെ ഉണ്ടായിരുന്നാലും ഇല്ലെങ്കിലും ഒന്നും സംഭവിക്കുമായിരുന്നില്ല. എപ്പോള്‍ എനിക്കു കിട്ടുന്നതെല്ലാം ബോണസ് ആണ്. ഞാന്‍ അവിടെയായിരിക്കുമ്പോഴും എന്റെ പാഷന്‍ മ്യൂസിക് ആയതുകൊണ്ട് ഞാന്‍ എന്നും പ്രാക്ടീസ് ചെയ്യുമായിരുന്നു. ഇപ്പൊഴും എല്ലാ ദിവസവും ഞാന്‍ മൂന്നു മണിക്കൂര്‍ പ്രാക്ടീസ് ചെയ്യാറുണ്ട്.

അടിസ്ഥാനപരമായി നമ്മള്‍ക്ക് സംഗീതത്തില്‍ ഒരുപാട് ദൂരം പോകണമെങ്കില്‍ പഠിക്കുക, പുതിയ പുതിയ രാഗങ്ങള്‍ അറിയുക, രാഗങ്ങളുടെ സഞ്ചാര രീതി മനസ്സിലാക്കുക, കച്ചേരി പാടുക. യേശുദാസ് അദ്ദേഹത്തിന്റെ ഇത്രയും പ്രായത്തിനിടയ്ക്ക് ഒരുപാട് കച്ചേരികള്‍ പാടിയിട്ടുണ്ട്. ഇപ്പോഴും പാടുന്നുണ്ട്. നേരെ മറിച്ച് മറ്റുള്ള ഗായകര്‍ എത്ര കച്ചേരി പാടിയിട്ടുണ്ടെന്ന് നോക്കിയാല്‍ മതി. അതിനു ശേഷം വന്ന ഗായകരില്‍ പലരും പാട്ടിന്റെ സംസ്‌കാരം തന്നെ മാറ്റിക്കൊണ്ടിരിക്കുകയാണ്. നേരത്തെ തന്നെ സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്ത പാട്ട് സ്റ്റേജില്‍ കൊണ്ട് വന്നിട്ട് പാട്ടിനൊപ്പം ചുണ്ടനക്കുകയാണ് ചെയ്യുന്നത്.

ആ ആല്‍ബത്തിലെ രണ്ട് പാട്ടുകളെ ഞാന്‍ പാടിയിട്ടുള്ളൂ. അതില്‍ ഒരു പാട്ട് ഞാന്‍ തന്നെ പാടി ഞാന്‍ തന്നെ അഭിനയിച്ച് ഈ വീടും ഈ മൊമെന്റോസ് ഒക്കെ കാണിച്ച് ഞാന്‍ ഇട്ടു. വേറൊന്നിനും അല്ല. ആരും എനിക്ക് പാട്ട് തരുന്നില്ല, എന്തുകൊണ്ട് പാട്ട് തരുന്നില്ല എന്ന ചോദ്യമാണ് ഞാന്‍ ഉന്നയിക്കുന്നത്. തീര്‍ച്ചയായിട്ടും ഈ വിവേചനം എന്നു പറയുന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യമാണ്. ഞാനെന്നല്ല എന്നെപ്പോലെ കഴിവുള്ള ഒരുപാട് പാട്ടുകാര്‍ ഉണ്ട്. എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ സ്വന്തമായി പൈസ മുടക്കി ഒരു ആല്‍ബം ഇറക്കുമ്പോഴേക്ക് എന്റെ പാട്ടുകള്‍ ജനങ്ങള്‍ കേള്‍ക്കുകയാണ്. ഇപ്പോള്‍ പണ്ടത്തെ പോലെ അല്ല. ഒരുപാട് വാതിലുകള്‍ തുറന്നു കിടപ്പുണ്ട്. സോഷ്യല്‍ മീഡിയ ഉള്ളത് കൊണ്ട് ജനങ്ങള്‍ അത് ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. നല്ലതിനെ നല്ലതെന്നു പറയാനും ശക്തമായ പിന്തുണ തരാനും ആളുകള്‍ ഉണ്ട്. ഒരു പാട്ട് ഒന്നരലക്ഷം, രണ്ട് ലക്ഷം ആളുകള്‍ കേള്‍ക്കുക എന്നു പറയുമ്പോള്‍ തന്നെ വലിയ കാര്യമാണ്.

സര്‍ക്കാരും അവഗണിക്കുന്നു
ഈ അടുത്ത ദിവസങ്ങളിലാണ് കേരള ഗവണ്‍മെന്റിന്റെ അറുപതാം വാര്‍ഷികം നടക്കുന്നത്. മലയാളത്തിലെ പാട്ടുകളെയും ഞങ്ങളെപ്പോലുള്ള കലാകാരന്മാരേയും അവഗണിച്ചു കൊണ്ടാണ് ഇത്തരത്തിലുള്ള ഒരു പരിപാടികള്‍ നടക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ ഭാഷ മലയാളമാണ്. മലയാളത്തിലെ നല്ല പാട്ടുകള്‍ കേള്‍ക്കാന്‍ അവര്‍ക്ക് തീര്‍ച്ചയായിട്ടും ആഗ്രഹം ഉണ്ടാകും. അങ്ങനെയുള്ള പാട്ടുകള്‍ പാടിയ ഒരുപാട് പേരുണ്ട്. മാര്‍ക്കോസ് ഉണ്ട്, ഇടവ ബഷീര്‍ ഉണ്ട്, സതീഷ് ബാബു ഉണ്ട്, കല്ലറ ഗോപന്‍ ഉണ്ട്, ഞാനുണ്ട് അങ്ങനെ ഒത്തിരി പേരുണ്ട്. ഞങ്ങളൊക്കെ നല്ല മലയാളം പാടി പേരെടുത്തവരാണ്. കുറച്ചു ദിവസം മുമ്പ് ഒരു പരിപാടിക്ക് പോയപ്പോള്‍ ഇന്നലെ ജനിച്ച, മലയാളം കുറച്ചു കുറച്ചു സംസാരിക്കുന്ന ആളുകള്‍ ഒക്കെയാണ് അവിടെ പാടുന്നത്. സ്വാഭാവികമായിട്ടും കാലത്തിന്റെ വ്യത്യാസം ആയിരിക്കാം.

പലപ്പോഴും ഇങ്ങനെയുള്ള കാര്യങ്ങള്‍ പറയുന്നതു കൊണ്ട് നമുക്ക് ഒരുപാട് ശത്രുക്കളും ഉണ്ടാകുന്നുണ്ട്. ഫേസ്ബുക്ക്, വാട്‌സ് ആപ് പോലുള്ള സോഷ്യല്‍ മീഡിയയില്‍ കൂടി ഞാന്‍ എന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താറുണ്ട്. ഞാന്‍ എണ്ണായിരം വേദി തികച്ചെങ്കില്‍ അത് മറ്റാരും എന്നെ സഹായിച്ചിട്ടു കിട്ടിയതൊന്നും അല്ല. നമ്മള്‍ തന്നെ കണ്ടെത്തിയ വേദികളാണ്. ദേവരാജന്‍ മാഷ് അവാര്‍ഡ്, ബ്രഹ്മാനന്ദ പുരസ്‌ക്കാരം, വയലാര്‍ പുരസ്‌ക്കാരം, ലൈഫ് ടൈം അചീവ്‌മെന്റ് അവാര്‍ഡ്, എണ്ണായിരം വേദി തികച്ചതിനുള്ള ഫിഷറീസ് വകുപ്പിന്റെ അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ എന്നെ തേടി വന്നിട്ടുണ്ട്.

ഞാന്‍ ഒരു ചെറിയ കലാകാരനാണ്. എനിക്കു പറ്റുന്ന സഹായങ്ങള്‍ ഞാന്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്യാറുമുണ്ട്. ഞാന്‍ ഏത് സംഘടന വിളിച്ചാലും പോകാറുണ്ട്. നമ്മുടെ കയ്യിലുള്ള ഈ ചെറിയ സംഗീതം കൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും ഗുണം കിട്ടുകയാണെങ്കില്‍ അത് ചെയ്യുക എന്നുള്ളതാണ്. അല്ലെങ്കില്‍ ഒരു മനുഷ്യന്‍ എങ്ങനെയാണ് വ്യത്യസ്തനാകുന്നത്. ഒരു കലാകാരന്‍ സ്വന്തമായിട്ട് കീശ വീര്‍പ്പിക്കാന്‍ വേണ്ടി മാത്രം ജീവിച്ചാല്‍ പോര എന്നാണ് എന്റെ വിശ്വാസം. എന്റെ കൂടെ സെക്രട്ടറിയായി വര്‍ക്ക് ചെയ്ത ഒരു ദേവരാജന്‍ ഉണ്ടായിരുന്നു. പെട്ടെന്നു സ്‌ട്രോക്ക് വന്നു മരിച്ചുപോയി. രണ്ടു ചെറിയ കുഞ്ഞുങ്ങളുണ്ടായിരുന്നു. ഞാന്‍ അവിടുത്തെ ചെറുപ്പക്കാരുമായി ബന്ധപ്പെട്ട് പ്രോഗ്രാം നടത്തിയി പത്തുലക്ഷം രൂപ കളക്ട് ചെയ്തു കൊടുത്തു. പിന്നെ എന്റെ ചേച്ചിയുടെ മകന്‍ മരത്തില്‍ നിന്നു വീണു തളര്‍ന്ന് കിടപ്പിലായി. ഞങ്ങള്‍ പന്തളത്ത് ഒരു പ്രോഗ്രാം ചെയ്ത് എട്ട് ലക്ഷം രൂപ കളക്ട് ചെയ്തു കൊടുത്തു. പിന്നെ തിരുവനന്തപുരത്ത് നടക്കുന്ന മിക്ക സാംസ്‌കാരിക പരിപാടികളിലും ഞാന്‍ പോയി പാടാറുണ്ട്. പ്രതിഫലം നോക്കിയിട്ടൊന്നുമല്ല പാടുന്നത്. എന്നെ വെച്ചു മുതലെടുക്കുന്നവരോട് ഞാന്‍ കൃത്യമായി പറയും, ഞാന്‍ പാടുന്നതിന് ഇത്ര പൈസയാണ്. അതില്‍ പകുതി പൈസ ചാരിറ്റിക്ക് തരാം. പകുതി പൈസ എനിക്കു വേണം എന്ന്.

ചില ആളുകള്‍ ഞാന്‍ പാട്ടുകാരനാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല ആശ്ചര്യത്തോടെ പാടുമോ എന്ന് ചോദിക്കും. മനഃപൂര്‍വ്വം തന്നെ ചോദിക്കുന്നതാണത്. അത്തരക്കാരോട് സമയം കിട്ടുകയാണെങ്കില്‍ ഒന്നു യൂട്യൂബ് നോക്കാനാണ് ഞാന്‍ പറയാറ്.’ പന്തളം ബാലന്‍ പറഞ്ഞു നിര്‍ത്തി.

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍