TopTop
Begin typing your search above and press return to search.

കോണ്‍ഗ്രസിലെ വൃദ്ധ ജന്മികളും ആന്റി ബയോട്ടിക്ക് യുവാക്കളും തമ്മിലുള്ള അവകാശപ്പോര്

കോണ്‍ഗ്രസിലെ വൃദ്ധ ജന്മികളും ആന്റി ബയോട്ടിക്ക് യുവാക്കളും തമ്മിലുള്ള അവകാശപ്പോര്

അധികാര സ്ഥാനങ്ങളില്‍ 'വൃദ്ധ ജന്മികള്‍'ക്കുള്ള കുത്തകാവകാശത്തിനെതിരേ കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ വിശുദ്ധ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സംഭവിച്ച കനത്ത തോല്‍വിയില്‍ മുതിര്‍ന്ന നേതാക്കന്മാരുടെ പിടിപ്പുകേടിനെതിരേ ഉയര്‍ന്ന മുറുമുറുപ്പ് ഒഴിവു വരുന്ന രാജ്യസഭ സീറ്റിലേക്ക് യുവാക്കളെയോ പുതുമുഖങ്ങളെയോ പരിഗണിക്കണമെന്നും പി ജെ കുര്യനെപോലെ ഒരാളെ ഇനിയും ലോക്‌സഭയിലേക്ക് അയക്കരുതെന്നും പരസ്യമായി പ്രസ്തവനയിറക്കുന്നതിലേക്ക് വി ടി ബല്‍റാം, ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, അനില്‍ അക്കര, റോജി എം ജോണ്‍ തുടങ്ങിയ യുവ എംഎല്‍എമാരും കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കളും കച്ചമുറുക്കി എത്തുന്നതില്‍ വരെ എത്തിനില്‍ക്കുന്നു.

യുവനേതാക്കന്മാരുടെ ആവശ്യവും അവര്‍ ഉയര്‍ത്തിയിരിക്കുന്ന വിഷയവും കോണ്‍ഗ്രസ് രാഷ്ട്രീയം നിരീക്ഷിച്ചുവരുന്നവരെ സംബന്ധിച്ച് ന്യായവും യുക്തിയുള്ളതുമാണ്. കോണ്‍ഗ്രസ് രാജ്യത്താകമാനം ശക്തമായ തിരിച്ചുവരവ് നടത്തേണ്ട സാഹചര്യത്തില്‍, ആ പാര്‍ട്ടിക്ക് ഏറെ സ്വാധീനമുള്ള കേരളത്തില്‍ ഇനിയും പഴയ തലമുറ നേതാക്കളെ മാത്രം ആശ്രയിക്കുന്നത് രാഷ്ട്രീയമായി മണ്ടത്തരമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇരുപതും മുപ്പതും വര്‍ഷളായി അധികാരകേന്ദ്രങ്ങളില്‍ തുടര്‍ന്നുപോകുന്നവരെ ഇനി മാറ്റി നിര്‍ത്തി, അവിടേക്ക് പുതിയ ആളുകളെ കൊണ്ടുവരേണ്ടത് നേതൃത്വം ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണ്, ബല്‍റാമിനെ പോലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നതും അതാണ്.

പക്ഷേ, കോണ്‍ഗ്രസിനെ വൃദ്ധസദനമാക്കരുതെന്നും യുവാക്കളെ തഴയരുതെന്നുമൊക്കെ അലമുറയിടേണ്ട ഗതികേടിലേക്ക് കോണ്‍ഗ്രസിലെ യുവരക്തങ്ങളും വിദ്യാര്‍ത്ഥി/യുവജന സംഘടന നേതാക്കളും എത്തിച്ചേര്‍ന്നത് എന്തുകൊണ്ടാണ്? കര്‍മഫലം! ഇന്നത്തെ പ്രതിസന്ധിയിലേക്ക് സ്വയം എത്തിച്ചേര്‍ന്നവരാണ് കേരളത്തിലെ കെഎസ് യു/യൂത്ത്‌കോണ്‍ഗ്രസ് പ്രസ്ഥാനങ്ങള്‍.

1957 ല്‍ ബാലറ്റിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍, കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ഒരു ഫാഷന്‍ എന്നപോലെ യുവാക്കളുടെ ഒഴുക്ക് ഉണ്ടായി വന്നു. അതിനെ പ്രതിരോധിക്കാന്‍, ഇടതു-സോഷ്യലിസ്റ്റ് നിലപാടുകളുമായി യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇടയിലേക്ക് ഇറങ്ങിച്ചെന്ന് വിജയിച്ചവരാണ് വയലാര്‍ രവിയും എ കെ ആന്റണിയുമെല്ലാം. സ്വന്തം നേതാക്കളോടും വെല്ലുവിളിച്ചും തര്‍ക്കിച്ചും തന്നെയാണ് കെഎസ് യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നേതാക്കള്‍ ആ പ്രസ്ഥാനങ്ങള്‍ക്ക് കേരളത്തില്‍ വേരോട്ടം ഉണ്ടാക്കിയത്. സാക്ഷാല്‍ നെഹ്‌റുവിനെ തന്നെ വിമര്‍ശിക്കാനും ഇംഎംഎസ്സിനോട് ബൗദ്ധിക സംവാദം നടത്താനുമൊക്കെ അന്നാ സംഘടനയില്‍ ഒരു എം ഒ ജോണ്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ ഔദാര്യത്തിലായിരുന്നില്ല അന്നത്തെ യൂത്ത് കോണ്‍ഗ്രസുകാരോ കെഎസ്‌യുക്കാരോ വളര്‍ന്നത്. എറണാകുളം ഡിസിസി ഓഫിസിന്റെ മുകള്‍ നിലയില്‍ നിലത്ത് വര്‍ത്തമാന പത്രം വിരിച്ച് കിടന്നിരുന്ന, അന്നത്തെ കെഎസ്‌യു പ്രസിഡന്റ് ആയിരുന്ന വയലാര്‍ രവിയോട് നാളെ മുതല്‍ ഇവിടെ വന്ന് കിടക്കരുതെന്ന് പറഞ്ഞ് ഇറക്കി വിട്ടത് ഡിസിസി പ്രസിഡന്റ് ആയിരുന്ന ആളായിരുന്നു. സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം ഉണ്ടായ കാലത്ത് സമരം ചെയ്യാതെ പോയി കൃഷി ചെയ്യാന്‍ അന്നത്തെ മന്ത്രി പറഞ്ഞപ്പോള്‍ കെഎസ് യു പ്രസിഡന്റ് ആയിരുന്ന ഉമ്മന്‍ ചാണ്ടിയാണ് ഓണത്തിന് ഒരു പറ നെല്ല് എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രവര്‍ത്തകരെ കൂട്ടി നെല്‍ കൃഷി ചെയ്ത്, വിളഞ്ഞ നെല്ല് അതേ കൃഷി മന്ത്രിയെ കൊണ്ട് തന്നെ കൊയ്ത് ഉദ്ഘാടനം ചെയ്യിപ്പിച്ചത്. കെഎസ്ആര്‍ടിസി ബസ് കഴുകി കൊടുത്തും, വിദ്യാര്‍ത്ഥികളുടെ സൗജന്യ യാത്രയ്ക്കു വേണ്ടിയും ഫീസ് ഏകീകരണത്തിനവേണ്ടിയുമൊക്കെ സമരം ചെയ്ത് വിജയിച്ച ചരിത്രവും കെഎസ് യുവിനും യൂത്ത് കോണ്‍ഗ്രസിനുമുണ്ട്.

കെഎസ് യുവിനും യൂത്ത് കോണ്‍ഗ്രസിനും ഇത്തരം അനുഭവങ്ങളും അവരുടേതുമാത്രമായ ചരിത്രവും ഏറെയുള്ളപ്പോള്‍, പോയ കാലത്തിന്റെ മേന്മ പറഞ്ഞിരുന്ന് ഊരിവീഴാറായ ഉത്തരക്കോലിലേക്ക് നോക്കി വെറുതെ നെടുവീര്‍പ്പിടുക മാത്രമാണ് ഇന്നത്തെ യുവജന/വിദ്യാര്‍ത്ഥി നേതാക്കന്മാര്‍ ചെയ്യുന്നത്. അവിടെയാണ് ഇപ്പോള്‍ അവര്‍ ഉയര്‍ത്തിയിരിക്കുന്ന യുവരക്താവകാശം ഒരു തമാശയായി തോന്നുന്നതും.

തങ്ങളുടെ മുന്‍ഗാമികള്‍ നേടിയെടുക്കുകയായിരുന്നു സ്ഥാനമാനങ്ങള്‍ എങ്കില്‍ ഇന്നത്തെ കെഎസ് യുക്കാരും യൂത്തു കോണ്‍ഗ്രസുകാരും വെറും ഭാഗ്യാന്വേഷികള്‍ മാത്രമാണ്. തങ്ങളുടെ നേതാക്കന്മാര്‍ സമ്മാനിക്കുന്ന സ്ഥാനങ്ങള്‍ പ്രതീക്ഷിച്ചിരിക്കുന്ന ഭാഗ്യാന്വേഷികള്‍. അതിനെ അവര്‍ക്ക് കഴിയൂ, അല്ലാതെ അവകാശം പോലെ ഏതെങ്കിലും സ്ഥാനം ചോദിച്ചു വാങ്ങാന്‍ അവര്‍ക്ക് എന്ത് ധാര്‍മികതയാണുള്ളത്?

കെഎസ്‌യു/ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമാര്‍ക്ക് സംവരണംപോലെ കൊടുക്കുന്ന നിയമസഭ സീറ്റ് കിട്ടിയതിന്റെ ഭാഗ്യത്തിലാണ് ഷാഫി പറമ്പില്‍ നിയമസഭയില്‍ എത്തിയത്. കെഎസ് യു പ്രസിഡന്റും ജോര്‍ജ് ഈഡന്റെ മകനും ആയതിന്റെ ഭാഗ്യമാണ് ഹൈബിക്ക് എറണാകുളത്ത് സീറ്റ് കിട്ടുന്നത്. രാഹുല്‍ ഗാന്ധിയുമായി സ്ഥാപിച്ച ബന്ധത്തിന്റെ പുറത്താണ് തൃത്താലയില്‍ ബല്‍റാമിനും സീറ്റ് കിട്ടുന്നത്. വൃദ്ധര്‍ക്കെതിരേ വിശുദ്ധയുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ഓരോരുത്തരും അധികാര കേന്ദ്രങ്ങളിലേക്ക് എത്തിയതെങ്ങനെയാണെന്ന് പരിശോധിച്ചാല്‍ തീരും അവരോടുള്ള ബഹുമാനം.

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായ ഡീന്‍ കുര്യാക്കോസ് ഇപ്പോള്‍ കാണിക്കുന്ന വീറും വാശിയും ഒരു ജനാധിപത്യ യുവജന പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ എന്ന നിലയില്‍ നിന്നുകൊണ്ട് കാണിച്ചിട്ടുണ്ടോ? ജാതിയും വര്‍ഗീയതയും ശക്തി പ്രാപിക്കുന്ന സമൂഹത്തില്‍ അതിനെതിരേ ബദല്‍ രാഷ്ട്രീയം ഉയര്‍ത്താന്‍ ഡീനിന് തന്റെ പ്രസ്ഥാനം കൊണ്ട് സാധിച്ചോ? ഇല്ലെന്നു മാത്രമല്ല, അതിനോട് സമരസപ്പെട്ട് നിന്നുകൊണ്ട് തന്റെ താത്പര്യം സംരക്ഷിക്കാന്‍ നോക്കിയ യുവനേതാവ് മാത്രമാണ് ഡീന്‍. ജനകീയനും പ്രവര്‍ത്തന പാരമ്പര്യവുമുള്ള ഒരു സിറ്റിംഗ് എംപിയെ ഇനിയും ഇവിടെ മത്സരിപ്പിക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ലെന്ന് പരസ്യമായ വെല്ലുവിളിയുമായി ഒരു സമുദായത്തിന്റെ ആത്മീയാചാര്യന്മാര്‍ എന്നു പറയുന്നവര്‍ രംഗത്തു വന്നപ്പോള്‍ അതിനെതിരേ യൂത്ത് കോണ്‍ഗ്രസ് എന്ത് നിലപാടാണ് സ്വീകരിച്ചത്? യുപിഎ സര്‍ക്കാര്‍ നിയോഗിച്ച ഒരു കമ്മിറ്റിയുടെ റിപ്പോര്‍ട്ട് നടപ്പില്ലാക്കണം എന്നാവശ്യപ്പെട്ടയാള്‍ക്കെതിരേ കുരിശുയുദ്ധം പ്രഖ്യാപിച്ചവരുടെ ഭീഷണിക്കു മുന്നില്‍ പാര്‍ട്ടി വഴങ്ങി കൊടുത്തപ്പോള്‍ ഡീന്‍ കുര്യാക്കോസ് എന്താണ് ചെയ്തത്? ആ അവസരം തനിക്ക് അനുകൂലമാക്കിയെടുത്തു.

രണ്ട് വര്‍ഷം കൂടുമ്പോള്‍ പുനഃസംഘടന നടക്കുന്ന കീഴ് വഴക്കം തുടര്‍ന്നിരുന്ന ഘട്ടത്തില്‍ എ ഗ്രൂപ്പിന് കിട്ടിയ മേധാവിത്വത്തില്‍ പ്രസിഡന്റ് സ്ഥാനം കൈയില്‍ വന്ന ഡീന്‍ കുര്യാക്കോസ് അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും യൂത്ത് കോണ്‍ഗ്രസില്‍ സംഘടന തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാകാത്തയാളാണ്. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പ വരെ ഈ കമ്മിറ്റിയെ നീട്ടിക്കൊണ്ടുപോയി ഒരിക്കല്‍ കൂടി തനിക്ക് ഒരു സീറ്റ് തരപ്പെടുത്തിയെടുക്കാന്‍ ആഗ്രഹിക്കുന്ന യുവനേതാവാണ് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പിടിച്ചെടുക്കലിനെതിരേ ശബ്ദിക്കുന്നതെന്നോര്‍ക്കണം.

തങ്ങള്‍ എന്ത് ചെയ്യുന്നു എന്നാലോചിച്ചാല്‍ ഇവിടുത്തെ കെഎസ് യുക്കാര്‍ക്കും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കും സ്വയം ലജ്ജ തോന്നും. വൈകാരികമായി വൃദ്ധരായവരാണ് കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി/യുവജനപ്രസ്ഥാന നേതാക്കന്മാര്‍. വി എം സുധീരന്റെ യുവത്വം പോലും അവര്‍ക്ക് ഇല്ലെന്നതാണ് സത്യം. ക്ലിനിക്കലിയാണവര്‍ യുവാക്കളായിരിക്കുന്നത്. യുവത്വം നിലനിര്‍ത്താന്‍ ഏത് ആന്റി ബയോട്ടിക്കാണ് കഴിക്കേണ്ടതെന്ന് ഡോക്ടര്‍മാരോട് അഭിപ്രായം തേടുന്നവരാണ് കോണ്‍ഗ്രസിലെ യുവനേതാക്കളെന്ന് പരിഹാസം ഉയര്‍ത്തിയിട്ടുള്ളത് അതേ പാര്‍ട്ടിയിലുള്ളവര്‍ തന്നെയാണ്. ഹൃദയം കൊണ്ടല്ലാതെ, ബുദ്ധികൊണ്ട് മാത്രം രാഷ്ട്രീയ പ്രവര്‍ത്തനം തയ്യാറാകുന്നവര്‍ അേ്രത കോണ്‍ഗ്രസിലെ യുവാക്കള്‍!

നാളെയും ഈ പ്രസ്ഥാനം ഇവിടെ വേണമെന്ന് ഓര്‍ക്കണമെന്നാണ് ബല്‍റാമിനെ പോലുള്ളവര്‍ അഭ്യര്‍ത്ഥിക്കുന്നത്. കെട്ടികിടക്കുന്ന തടാകമാകരുത്, പുതുരക്തങ്ങള്‍ വരണം, പുതിയ നീര്‍ച്ചാലുകള്‍ ഉണ്ടാകട്ടെ എന്നൊക്കെ ഇതിനു മുമ്പും ഓര്‍മപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, അങ്ങനെ വരുന്ന പുതുരക്തങ്ങള്‍ക്ക് അതിനുള്ള എന്ത് യോഗ്യയാണ് ഉള്ളതെന്നു കൂടി പറയണം. ഇ കെ നയനാരെ തോല്‍പ്പിക്കാന്‍ ഒരു കടന്നപ്പള്ളി രാമചന്ദ്രന്‍ ഉണ്ടായിരുന്നപോലെ, തണ്ടാരെ മുട്ടുകുത്തിക്കാന്‍ ഒരു എ കെ ആന്റണി ഉണ്ടായിരുന്നപോലെ ഇന്നത്തെ യൂത്തുകാര്‍ക്കോ സ്റ്റുഡന്റ് യൂണിയന്‍കാര്‍ക്കോ ആരാണ് ഒരാളുള്ളത്? ജി സുധാകരന്‍ എന്ന നേതാവിനെ പോലും തോല്‍പ്പിക്കാന്‍ കെല്‍പ്പില്ലാത്ത പ്രസിഡന്റായിരുന്നു യൂത്ത് കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. പുതുരക്തങ്ങള്‍ വരണം എന്നു പറയുന്നവര്‍, അവര്‍ വന്ന് കഴിഞ്ഞിട്ട് എന്ത് ചെയ്യും എന്നു കൂടി പറഞ്ഞു തരണം.

യൂത്ത് കോണ്‍ഗ്രസിന്റെ യോഗത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വരുമ്പോള്‍ ചേരി തിരിഞ്ഞ് മുദ്രാവാക്യം വിളിക്കുന്നവരാണ് ഇപ്പോഴും യൂത്ത് കോണ്‍ഗ്രസുകാര്‍. നേതാക്കന്മാരുടെ ഫാന്‍സ് ആയാണ് അവരിപ്പോഴും സ്വയം കാണുന്നത്. സ്വന്തം ശബ്ദം ഉയര്‍ത്തി വളര്‍ന്നു വരാന്‍ ഈ സംഘടനയ്ക്ക് ഇപ്പോള്‍ കഴിയാത്തതിന്റെ കാരണവും അതാണ്. കേരളത്തിലെ ഏത് സാമൂഹിക/രാഷ്ട്രീയപ്രശ്‌നങ്ങളിലാണ്് കെഎസ്‌യുവോ യൂത്ത് കോണ്‍ഗ്രസോ സജീവമായി ഇടപെടുന്നതും അതിലൊരു റിസള്‍ട്ട് ഉണ്ടാക്കുന്നതും? മാനേജ്‌മെന്റ് സ്ഥാപനങ്ങിളില്‍ മാത്രമല്ല, എയ്ഡഡ് സ്ഥാപനങ്ങളില്‍ പോലും വിദ്യാര്‍ത്ഥികള്‍ ചൂഷണത്തിന് വിധേയമാകുമ്പോള്‍, വിദ്യാര്‍ത്ഥികളിലും യുവാക്കളിലും ജാതിമതവര്‍ഗീയ ചിന്തകള്‍ ശക്തിപ്രാപിക്കുമ്പോള്‍, രാജ്യത്തിന്റെ ജനാധിപത്യസംവിധാനം തകര്‍ക്കപ്പെടുമ്പോള്‍; എവിടെയാണ് കെസ്‌യുവോ യൂത്ത് കോണ്‍ഗ്രസോ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റിയതായി കണ്ടിട്ടുള്ളത്? പൊലീസിനെതിരേ സമരം ചെയ്ത് തലപൊട്ടിയതിന്റെയോ രണ്ട് ദിവസം നിരാഹര സമരം കിടന്ന് വയറൊട്ടിയതിന്റെയോ ചിത്രങ്ങള്‍ എടുപ്പിച്ച് ഫെയ്‌സ്ബുക്കില്‍ ഇട്ട് ആളാകുന്നതല്ല, ഒരു നേതാവിന്റെ ക്വാളിറ്റിയെന്ന് ഇനിയും മനസിലാകാത്തവരാണോ അതോ അതൊക്കെയോ ഞങ്ങളെക്കൊണ്ട് നടക്കൂ എന്ന് സ്വയം ബോധ്യം വന്നവരാണോ കെഎസ് യു/ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റുമാരടക്കമുള്ള നേതാക്കളെന്ന് വ്യക്തത വന്നിട്ടില്ല.

പാര്‍ലമെന്റിലോക്കോ നിയമസഭയിലേക്കോ യുവാക്കളെ പരിഗണിക്കൂ എന്നു പറയുന്നവര്‍ പൊതുസമൂഹത്തില്‍ നിന്നുള്ള യുവജനങ്ങളെയും വിദ്യാര്‍ത്ഥികളെയും കോണ്‍ഗ്രസ് രാഷ്ട്രീത്തിലേക്ക് ക്ഷണിക്കുന്നത്, നിങ്ങള്‍ കെഎസ് യുവിലും യൂത്ത് കോണ്‍ഗ്രസിലും ചേരൂ, നാളെ നിങ്ങള്‍ക്ക് പാര്‍ലമെന്റ്/ അസംബ്ലി സീറ്റുകള്‍ കിട്ടും എന്ന വാഗ്ദാനം നല്‍കിയാണോ? രാഷ്ട്രത്തിന്റെ പുനര്‍നിര്‍മാണത്തില്‍ പങ്കാളിയാകാന്‍ ഈ പ്രസ്ഥാനങ്ങളില്‍ അണി ചേരൂ എന്നു യുവജനതയോട് പറയാന്‍ കെഎസ് യുക്കാര്‍ക്കോ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കോ ആര്‍ജ്ജവം ഉണ്ടാകുമോ? അങ്ങനെ പറയാന്‍ സമകാലിക വിഷയങ്ങളില്‍ പ്രശംസനീയമാംവണ്ണം തങ്ങള്‍ പങ്കാളികളാകുന്നതിന്റെ സാക്ഷ്യം കാണിക്കാന്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി/യുവജന നേതാക്കന്മാര്‍ക്ക് കഴിഞ്ഞിരിക്കണം. 24 രൂപ രാഷ്ട്രീയം(ഒരു വെള്ള മുണ്ടും ഖദര്‍ ഷര്‍ട്ടും തേച്ച് കിട്ടുന്നതിന് മുടക്കേണ്ട പണം) നടത്തുന്ന ഒരു നേതാവിനും അതിന് കഴിയില്ല. തങ്ങളുടെ ഉത്തരവാദിത്വം എന്താണെന്ന് മനസിലാക്കാതെ നിങ്ങള്‍ പോകുമ്പോഴാണ് 57 ലെ ചെറുപ്പക്കാര്‍ തന്നെ 2018 ലും കോണ്‍ഗ്രസിലെ ചെറുപ്പക്കാരായി നില്‍ക്കുന്നത്.

ഇതുവരെ കേരളത്തില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നിര്‍ത്തിയ സ്ഥാനാര്‍ത്ഥികളുടെ അഞ്ചിരട്ടിയോളം പേരേ ഇടതുപക്ഷം മത്സരിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ താക്കോല്‍ സ്ഥാനങ്ങളെല്ലാം ചിലര്‍ തങ്ങളുടെ കുത്തകാവകാശമായി കൊണ്ടുനടക്കാന്‍ തുടങ്ങിയിട്ട് അരനൂറ്റാണ്ടോളമായിട്ടുണ്ട്. അവര്‍ ഇപ്പോഴും അങ്ങനെ തുടരുന്നുണ്ടെങ്കില്‍ അത് പുതിയ രക്തങ്ങളുടെ പിടിപ്പുകേട് കൊണ്ടുമാത്രമല്ല, അതിനുള്ള അര്‍ഹത ഇല്ലാത്തതുമൂലം കൂടിയാണ്. പനമ്പള്ളി ഗോവിന്ദ മേനോനും സി കേവശവനുമൊക്കെ എതിരായി ശബ്ദം കോണ്‍ഗ്രസില്‍ ഉയര്‍ന്നപ്പോള്‍ ആ നേതാക്കന്മാരാരും തന്നെ ഇരുപത്തിയഞ്ചും മുപ്പതും വര്‍ഷങ്ങള്‍ പാര്‍ലമെന്ററി രംഗത്ത് കുത്തകക്കാരായി നില്‍ക്കുകയൊന്നുമായിരുന്നില്ല. പക്ഷേ, അവര്‍ മാറി നില്‍ക്കണം എന്നു പറയാന്‍ അര്‍ഹതയുള്ളവരായിരുന്നു എതിര്‍പക്ഷത്ത്. ഇന്നത്തെ സ്ഥിതി അതല്ല. നാട്ടിലെ ഒരു സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനം തൊട്ട് പാര്‍ലമെന്റ് സീറ്റ് വരെ തന്റെ നേതാവ് വിളിച്ചു തരുന്നതും കാത്ത് പള്ളിയിലും അമ്പലത്തിലും പോയി പ്രാര്‍ത്ഥിച്ചു നടക്കുന്ന ഭാഗ്യാന്വേഷികള്‍ മാത്രമാണ് ഇന്നുള്ളത്. പി ജെ കുര്യനെ പോലുള്ളവര്‍ പാര്‍ലമെന്ററി രംഗത്ത് നിന്ന് മാറി നില്‍ക്കേണ്ടവര്‍ തന്നെയാണ്. അത് നേതൃത്വം തന്നെ മനസിലാക്കേണ്ട കാര്യമാണ്. എന്നാല്‍ പി ജെ കുര്യനെതിരേ ശബ്ദം ഉയര്‍ത്തിയവര്‍ അദ്ദേഹത്തിനു പകരം നിശ്ചയിക്കുന്ന മുഖങ്ങളുടെ യോഗ്യത എന്താണെന്നു കൂടി പറയണം. വി ടി ബല്‍റാമിനെ പോലുള്ളവര്‍ മുന്നോട്ടു വച്ചിരിക്കുന്ന ലിസ്റ്റില്‍ ഉള്ളവരുടെ യോഗ്യത പറയൂ. കരിങ്കല്‍ ക്വാറി ഉടമകള്‍ക്കുവേണ്ടിയും കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്കും വേണ്ടിയും വക്കാലത്ത് ഏറ്റെടുക്കുന്നവരെയുള്‍പ്പെടെയാണ് യോഗ്യരായ പകരക്കാരായി ബല്‍റാമും മറ്റ് സഹകരണസംഘക്കാരും മുന്നില്‍ നിര്‍ത്തുന്നത്. ഇതില്‍ നിന്നു തന്നെ ഇവരുടെയെല്ലാം രാഷ്ട്രീയ സത്യസന്ധത മനസിലാക്കാവുന്നതാണ്.

കോണ്‍ഗ്രസ് രക്ഷപ്പെടാന്‍ വൃദ്ധര്‍ മാറിയതുകൊണ്ട് മാത്രം കാര്യമില്ല, വൃദ്ധത്വം ബാധിച്ച മനസുകള്‍ ആണ് മാറേണ്ടത്. അതിന് തയ്യാറാകുന്നില്ലെങ്കില്‍ എന്നോ കേട്ടൊരു കഥയായി ഈ പ്രസ്ഥാനം മാറിപ്പോകും.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

http://www.azhimukham.com/keralam-who-will-save-congress-writes-saju/

Next Story

Related Stories