TopTop
Begin typing your search above and press return to search.

ഒരു സ്ത്രീ സ്വന്തം ഇഷ്ടപ്രകാരം പുരുഷന്റെ കൂടെ പൊറുത്താൽ എന്തു സംഭവിക്കുമെന്നാണ് കോടതി കരുതുന്നത്?

ഒരു സ്ത്രീ സ്വന്തം ഇഷ്ടപ്രകാരം പുരുഷന്റെ കൂടെ പൊറുത്താൽ എന്തു സംഭവിക്കുമെന്നാണ് കോടതി കരുതുന്നത്?

ഹേബിയസ് കോർപ്പസ് എന്നാൽ പ്രൊഡ്യൂസ് ദി ബോഡി എന്നാണ് അർഥം. നിയമവിരുദ്ധമായി കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്ന ഒരാളെ കോടതിയിൽ ഹാജരാക്കാനും നിയമപരമായി വിട്ടുകിട്ടാനുമുള്ള അവകാശമാണ് അത്.

23 വയസുള്ള ഒരു സ്ത്രീ (പെൺകുട്ടിയോ? ഏതു വകയിൽ!) ഇഷ്ടപ്പെട്ട പുരുഷനൊപ്പം താമസിക്കുന്നതിലും ഒരുമിച്ചു ജീവിക്കുന്നതിലും നിയമപരമായി തെറ്റൊന്നും ഇല്ല എന്ന് മാത്രമല്ല, ഭരണഘടന അനുവദിക്കുന്ന, ജീവിക്കുവാനുള്ള അവകാശത്തിന്റെ ഭാഗമാണ്, അതിനു വിവാഹം വേണ്ട എന്ന് പറഞ്ഞത് 2001-ൽ പായൽ കാട്ടാരയും സൂപ്രണ്ടും തമ്മിലുള്ള കേസിൽ സുപ്രീംകോടതിയാണ്. സംശയമുള്ളവർ 2010-ലെ ഖുശ്ബു കേസിലെ വിധിയും വായിച്ചു നോക്കേണ്ടതാണ്. അപ്പോഴാണ് രണ്ട് ഹൈക്കോടതി ജഡ്ജിമാർക്ക് 23-കാരിയുടെ അവകാശം സംബന്ധിച്ച് സംശയം ഉണ്ടാകുന്നത്. വ്യക്തിയുടെ കസ്റ്റഡി കാമുകന് കൊടുക്കണോ അച്ഛന് കൊടുക്കണോ എന്നതാണ് കോടതിയുടെ മുന്നിലെ ചോദ്യം!കസ്റ്റഡി ചോദിക്കാൻ ഇതെന്താ വിവാഹമോചനക്കേസിലെ കുട്ടികളോ? തീരുമാനമെടുക്കാൻ കെൽപ്പുള്ള പൗരയാണ്. അവർ ഹിന്ദുവായിരുന്നിരിക്കാം, മുസ്‌ലിം ആയി മതം മാറിയിരിക്കാം, മുസ്‌ലീം യുവാവുമായി ഇസ്‌ലാം വ്യക്തിനിയമം അനുസരിച്ചല്ലാതെ വിവാഹം കഴിച്ചിരിക്കാം, ഇതൊന്നും അവർക്കിഷ്ടമുള്ള ഒരാളോടൊപ്പം കഴിയുന്നതിനുള്ള അവളുടെ മൗലികാവകാശം ലംഘിക്കാൻ ഹൈക്കോടതിക്ക് അധികാരം നൽകുന്നില്ല.

മാതാപിതാക്കൾക്ക് മക്കളുടെ വിവാഹത്തിൽ എന്താണ് അവകാശം? ഇസ്‌ലാം വിശ്വാസം അനുസരിച്ച് ഉണ്ടത്രേ. സ്ത്രീയ്ക്ക് സ്വത്വമില്ലാത്ത, അവൾക്കു കസ്റ്റോഡിയൻ ഇല്ലാതെ നടക്കാത്ത പരിപാടിയാണ് ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം വിവാഹം. ഹിന്ദു വിവാഹ നിയമത്തിൽ അങ്ങനെയൊന്ന് ഇല്ലല്ലോ. എന്നാൽ ഈ പാട്രിയാർക്കിയൽ കോടതികൾ നിയമത്തെ ദുർവ്യാഖ്യാനിച്ച് എന്തൊക്കെ എഴുതി പിടിപ്പിച്ചിരിക്കുന്നു.

“Girls below the age of 21 years are not capable of forming a rational judgment as to the suitability of the boy, who is love. It is relevant to mention that those girls, who are suffering from hormonal imbalance! easily fall prey to boys and fall in love, marry and repent at leisure.”

അവിനാശും കർണ്ണാടക സംസ്ഥാനവും തമ്മിലുള്ള കേസിൽ 2011-ല്‍ കർണ്ണാടക ഹൈക്കോടതി എഴുതിയതാണ്. *

"The parents of the girl (less than 21 years old) are interested in selecting a suitable boy and see that the girl leads a happy married life. Since the Hindu Marriage Act does not deal with love marriages, in our view, it is high time that the Parliament shall take note of sufferings and turmoil of such girls and their parents and amend the law suitably.”

തീർന്നില്ല മൊഴി മുത്തുകൾ. അതിനുള്ള നിയമസാധ്യത കൂടി ജഡ്ജിയദ്യം വിശദമാക്കുന്നുണ്ട്.

“The word solemnized used in Section 5 of the Hindu Marriage Act indicates that marriage may be performed subject to conditions. It does not say who are the persons to perform marriage and whether consent of parents of boy and girl is required or not? In our opinion, it appears to us that the Parliament had not taken

into account love marriages when the Bill was introduced. Should we interpret the word solemnized to the effect that marriage may be performed by the respective parents of the bridegroom and the bride and thus their consent is necessary?”

മനസിലായോ? ആരൊക്കെ തമ്മിലായിരിക്കണം വിവാഹത്തിലെ സമ്മതം എന്ന് എടുത്തു പറയാത്തതിനാൽ, ഹിന്ദുവിന് വിവാഹം കഴിക്കാൻ അച്ഛനമ്മമാരുടെ സമ്മതം വേണമെന്ന് ഞങ്ങൾ വ്യാഖ്യാനിക്കട്ടെ എന്ന്! നിയമം ഉണ്ടാക്കിയവര്‍ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത (ദുർ)വ്യാഖ്യാനം! അപ്പോൾപ്പിന്നെ മുസ്‌ലീം വ്യക്തിനിയമം ഇങ്ങനെ വ്യാഖ്യാനിച്ചതിൽ അത്ഭുതമുണ്ടോ?

മാതാപിതാക്കളുടെ ആശീർവാദത്തോടെ മാത്രം നടത്തുന്ന സ്റ്റാറ്റസ്ക്വൊ വിവാഹങ്ങളിലൂടെ ജാതിവ്യവസ്ഥയെ നിലനിർത്തുന്ന അമ്മാവൻ സിൻഡ്രോം ആണ് ഇന്ത്യൻ ജുഡീഷ്യറിയിലെ ഒരു വിഭാഗത്തിന് എന്ന് പറഞ്ഞാൽ, എനിക്കെതിരെ കോടതിയലക്ഷ്യം എടുക്കരുത്. 6 മാസം ജയിലിൽ കിടക്കാൻ ബുദ്ധിമുട്ടുണ്ടായിട്ടല്ല, ജോലി പോയാൽ ജീവിക്കാൻ വേറെ വഴി അറിയില്ല. അതുകൊണ്ട് മുൻ‌കൂർ മാപ്പു പറഞ്ഞിരിക്കുന്നു.

ആണിന് ചീത്തയാകാം, പെണ്ണ് ചീത്തയാകാതിരിക്കാനുള്ള ഉത്തരവാദിത്വം ഹൈക്കോടതിക്കുണ്ടെന്നാണ് കാലാകാലങ്ങളിൽ ഹേബിയസ് കോർപ്പസ് ബെഞ്ച് ഇട്ടിട്ടുള്ള വിധിന്യായങ്ങൾ നോക്കിയാൽ തോന്നുക. ഈ ആണ് ശരിയല്ല, അതുകൊണ്ടു പെണ്ണിനെ അവന്റെ കൂടെ വിടാൻ കഴിയില്ല. മാതാപിതാക്കളുടെ കൂടെ വിടണം എന്ന വിധിന്യായങ്ങൾ എണ്ണിയാൽ ഒടുങ്ങില്ല. ഈ ആണിനെ അങ്ങനെ കയറൂരി വിടാമോ? അവനെപ്പറ്റി കോടതിക്ക് ആശങ്ക ഒന്നുമില്ലേ? അവൻ ഇനിയും 'പെൺകുട്ടി'കളെ 'ചീത്ത'യാക്കില്ലേ എന്നീ ആശങ്കകൾ ഒന്നും കോടതിയ്ക്ക് അധികം ഉണ്ടായി കണ്ടിട്ടില്ല. കോടതികളുടെ കണ്ണിലെ നല്ലതും ചീത്തയുമുണ്ട് - അതിനു നിയമവുമായി പുലബന്ധം പോലും ഉണ്ടാകാറില്ല, തികച്ചും വ്യക്തിയധിഷ്ഠിതമായ പാട്രിയാർക്കൽ, ഏറിയപങ്കും മതപരമായ കാഴ്ചപ്പാടുകൾ ആണവ.

സ്വാതന്ത്ര്യം എന്നാൽ നല്ലതാവാൻ മാത്രമല്ല ചീത്തയാവാനും കൂടിയുള്ള സ്വാതന്ത്ര്യമാണെന്ന് ഈ കോടതികൾക്ക് സമ്മതിക്കാൻ വയ്യ. അച്ഛനമ്മമാരുടെ ആഗ്രഹത്തിന് വിരുദ്ധമായി ഒരു സ്ത്രീ ഒരു പുരുഷന്റെ കൂടെ പൊറുത്താൽ എന്ത് സംഭവിക്കുമെന്നാണ് കോടതി കരുതുന്നത്? അവളുടെ സുരക്ഷയിൽ ആശങ്കയുണ്ടെങ്കിൽ സുരക്ഷ ഒരുക്കുകയല്ലേ കോടതിയുടെ കടമ? ഹേബിയസ് ബെഞ്ചിൽ ഇരുന്ന് വിവാഹങ്ങളുടെ ന്യായാന്യായങ്ങൾ പരിശോധിക്കുന്നതും റദ്ദാക്കുന്നതും ആർട്ടിക്കിൾ 226 നൽകുന്ന അധികാരത്തിന്റെ നല്ല വിനിയോഗമാണെന്ന് കോടതിക്ക് ഉറപ്പുപറയാൻ കഴിയുമോ?

കാമുകനുമായി കോടതിയിൽ വരുന്ന സ്ത്രീയോട് അച്ഛന്റെ കൂടെ പോകാൻ നിർബന്ധിക്കുന്നത്, അല്ലെങ്കിൽ നീ അനുഭവിക്കും എന്ന് ഭീഷണിപ്പെടുത്തുന്നത്, കാമുകനോട് പിൻവാങ്ങിയില്ലെങ്കിൽ റേപ്പിനു കേസെടുക്കും എന്ന് ഭീഷണിപ്പെടുത്തുന്നത് ഒക്കെ ഉണ്ടായിട്ടില്ലേ? പ്രായപൂർത്തിയായ ആളുടെ ധാർമ്മിക ശരിതെറ്റുകൾ തീരുമാനിക്കാൻ ഏതു ഭരണഘടനാ വ്യവസ്ഥ അനുസരിച്ചാണ് കോടതികൾക്ക് അധികാരമുള്ളത്? ആർട്ടിക്കിൾ 39(f) വലിച്ചു നീട്ടുന്നതിലും ദുരുപയോഗിക്കുന്നതിലും ഒരു പരിധിയില്ലേ?

ഹൈക്കോടതിയുടെ ഹേബിയസ് കോർപ്പസ് ജൂറിസ്ഡിക്ഷനിൽ ഇരുന്ന ന്യായാധിപർ എത്ര പാട്രിയാർക്കൽ ആയാണ് കാലാകാലങ്ങളായി വിധികൾ പറയുന്നത്, എത്രയാണ് സ്ത്രീകൾക്ക് നീതി നിഷേധിക്കുന്നത്, സ്ത്രീവിരുദ്ധമായ പുരുഷാധിപത്യ സമൂഹത്തിന് ഒപ്പം ചേർന്ന് നിലപാട് സ്വീകരിക്കുന്നത്, പൊതുബോധത്തിനൊപ്പം നീങ്ങുന്നത് എന്നൊക്കെയുള്ളത് ഒരു ഗവേഷണ വിഷയമാണ്. ഇന്ത്യയിലെ മറ്റു കോടതികളെ അപേക്ഷിച്ചു നോക്കിയാൽ കേരളാ ഹൈക്കോടതി ഇതിൽ ഏറെ ഭേദമാണെന്നും കാണാം. സാമൂഹികശാസ്ത്ര / ജെന്‍ഡർ പഠന ഗവേഷകർ ആരെങ്കിലും എന്റെ ഈ അഭിപ്രായം ഗൗരവമായി എടുക്കണം. ഒരു പഠനം നടത്തണം.

ആർട്ടിക്കിൾ 39 (എഫ്) പിണറായി വിജയനും ഒന്ന് വായിക്കണം. ആ സ്ത്രീ അങ്ങേയ്ക്ക് എഴുതിയ കത്ത് പ്രകാരം, അവളിന്നു കോടതിവിധിച്ച വീട്ടു തടവിലാണ്. ജസ്റ്റിസ് ശങ്കരന്റെ ലൗ ജിഹാദ് അസംബന്ധ വിധികൾ കേരളത്തിൽ സംഘപരിവാറിന് ഉണ്ടാക്കി കൊടുത്ത മാർക്കറ്റ് ചില്ലറയല്ല. ഇത് അടുത്ത ആയുധമാവാൻ സമ്മതിക്കരുത്. ഇതിന്റെ വസ്തുതകൾ അന്വേഷിച്ച് അടിയന്തിരമായി പുറത്തു കൊണ്ടുവരണം.ആവശ്യമെങ്കിൽ ഈ വിധിക്കെതിരെ അപ്പീൽ നൽകണം. ഇന്നാട്ടിലെ ചെറുപ്പക്കാരുടെ കൂടി വോട്ടാണ് ഈ സർക്കാർ.

Suggested reading: http://docs.manupatra.in/…/FDBC0C3C-BE0F-4417-9D21-CAEA8B83…

(ഹരീഷ് ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories