TopTop
Begin typing your search above and press return to search.

തിലോത്തമനെ വെട്ടി കാനത്തിനു സി. ദിവാകരന്‍ ചെക്ക് പറയുമോ?

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ സിപിഐയില്‍ പുതിയ നീക്കങ്ങള്‍ നടക്കുന്നതായ് സൂചന. തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ കാനത്തിനെതിരേ ഉയര്‍ന്ന രൂക്ഷ വിമര്‍ശനം ഇതിന്റെ ആദ്യ പടിയായാണ് വിലയിരുത്തപ്പെടുന്നത്. പാര്‍ട്ടിയില്‍ വാക്കിന് മറുവാക്കില്ലാതെ തുടര്‍ന്നുവന്ന കാനത്തിന്റെ ആധിപത്യത്തിന് മങ്ങലേല്‍ക്കാന്‍ പോകുന്നുവെന്നാണ് സൂചനകള്‍.

തിങ്കളാഴ്ച നടന്ന തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പാര്‍ട്ടി രാഷ്ട്രീയ റിപ്പോര്‍ട്ടിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ രൂക്ഷ വിമര്‍ശനമാണ് സെക്രട്ടറിക്കെതിരേ ഉണ്ടായത്. അന്ധമായ സിപിഎം വിമര്‍ശനം പാര്‍ട്ടിക്ക് ദോഷമാകും എന്നാണ് ഒരുപക്ഷത്തിന്റെ വാദം. ബാലകൃഷണപിള്ളയെ പിന്തുണച്ച് രംഗത്ത് വന്ന കാനം കെ.എം മാണിയെ എതിര്‍ക്കുന്നത് ശരിയല്ല എന്നുവരെ അഭിപ്രായ പ്രകടനങ്ങള്‍ ഉണ്ടായി. മന്ത്രിമാര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

സിപിഎമ്മിനോട് മൃദു സമീപനം വച്ചു പുലര്‍ത്തുന്ന നേതാക്കളാണ് തിരുവനന്തപുരത്ത് അധികവുമുള്ളത് എന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകാതെ ഒതുക്കി തീര്‍ക്കാന്‍ സംഘടനാ തലത്തില്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

ഭക്ഷ്യമന്ത്രി പി. തിലോത്തമനെതിരേ ഉണ്ടായിരിക്കുന്ന പടയൊരുക്കത്തിനു പിന്നില്‍ സി ദിവാകരന്‍ പക്ഷമാണ് എന്നാണ് പറയുന്നത്. രണ്ടാമതും മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് രംഗത്തെത്തിയ ദിവാകരനെ ഒഴിവാക്കിയാണ് കാനം രാജേന്ദ്രന്‍ തന്റെ അടുത്തയാളായ പി. തിലോത്തമന് ഭക്ഷ്യമന്ത്രി പദവി നല്‍കിയത്. എന്നാല്‍ മന്ത്രി പൂര്‍ണ പരാജയമാണ് എന്നാണ് പാര്‍ട്ടിക്കാരുടെ മൊത്തത്തിലുള്ള അഭിപ്രായം. ഇത് മുതലെടുത്ത് വീണു കിട്ടിയ അവസരം ഉപയോഗിക്കാനാണ് സിപിഎമ്മിനോട് മൃദുസമീപനം വച്ചു പുലര്‍ത്തുന്ന ദിവാകര പക്ഷം തയ്യാറെടുക്കുന്നത്. മുന്‍ഗാമിയായ ദിവാകരന് മാനക്കേടുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളാണ് തിലോത്തമന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് എന്ന ഒരു വിഭാഗം സമ്മേളന പ്രതിനിധികളുടെ ആരോപണങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്.

മന്ത്രി പി. തിലോത്തമനെതിരെ ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ സി ദിവാകനാണ് എന്ന് തിലോത്തമനെ അനുകൂലിക്കുന്നവര്‍ ആരോപണം ഉന്നയിച്ചതും പാര്‍ട്ടി വലിയ പ്രശ്‌നത്തിലേക്കാണ് പോകുന്നത് എന്നതിന്റെ സൂചന തരുന്നു. കാനം പക്ഷത്തിന്റെ ശക്തനായ വക്താവായാണ് തിലോത്തമന്‍ പാര്‍ട്ടിയില്‍ അറിയപ്പെടുന്നത്.

കെ.ഇ ഇസ്മായിലിനെ ഒതുക്കി പാര്‍ട്ടി സെക്രട്ടറി ആയതിന് ശേഷം കാനം വലിയ ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങള്‍ ഒന്നും നേരിട്ടിരുന്നില്ല. ചന്ദ്രപ്പന് ശേഷം വന്ന മികച്ച സംസ്ഥാന സെക്രട്ടറി എന്ന പേരും നേടി. കാനം കാലത്തില്‍ പാര്‍ട്ടി പഴയ അവസ്ഥയില്‍ നിന്ന് മാറി സഞ്ചരിച്ചതും വളര്‍ന്നതും കാനത്തിനെ സിപിഐയില്‍ അതികായനാക്കി. എന്നാല്‍ കാനത്തിന്റെ ചില നടപടികളില്‍ ശക്തമായ അമര്‍ഷം പല നേതാക്കളിലും നിലനില്‍ക്കുന്നുമുണ്ട്. ആദ്യമായാണ് ജില്ലാ സമ്മേളനത്തില്‍ കാനം രാജേന്ദ്രന് എതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നത്. നടന്നു വന്ന ജില്ലാ സമ്മേളനങ്ങളിലെല്ലാം കാനത്തെക്കുറിച്ച് നല്ല അഭിപ്രായങ്ങള്‍ മാത്രം പറഞ്ഞപ്പോള്‍ തിരുവനന്തപുരത്ത് നേരെ മറിച്ചായി സ്ഥിതി. മാത്രവുമല്ല മന്ത്രിമാര്‍ക്ക് വരെ രൂക്ഷ വിമര്‍ശനവും ഏല്‍ക്കേണ്ടിവന്നു. കെ.ഇയെ നിഷ്പ്രഭനാക്കിയ കാനത്തിന് പുതിയ എതിരാളി സി ദിവാകനാണോ എന്നാണ് സിപിഐക്കാര്‍ തലപുകഞ്ഞാലോചിക്കുന്നത്.

കാനത്തിന്റെ നിര്‍ദേശപ്രകാരം മന്ത്രിയാക്കിയ തിലോത്തമനെ പിന്‍വലിച്ചാല്‍ അത് ആയുധമാക്കി മുന്നോട്ടുവരാന്‍ കെ.ഇ ഇസ്മായിലിന് സാധിക്കും. ഇസ്മായിലിനൊപ്പം സി ദിവാകര പക്ഷം കൂടി കൈകോര്‍ത്താല്‍ ഗ്രൂപ്പില്ലാതെ താന്‍ പാര്‍ട്ടിയെ മുന്നോട്ടു നയിക്കുകയാണ് എന്ന കാനത്തിന്റെ അവകാശവാദം തകര്‍ക്കപ്പെടുകയും പാര്‍ട്ടി പ്രതിസന്ധിയിലാകുകയും ചെയ്യും. കാനത്തെ അടിക്കാന്‍ വടികാത്തിരിക്കുന്ന സിപിഎമ്മും വീണുകിട്ടുന്ന അവസരം വിട്ടു കളയുകയില്ല. ഇസ്മായിലിനും ദിവാകരനും സിപിഎം രഹസ്യമായി പിന്തുണ നല്‍കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.


Next Story

Related Stories