TopTop
Begin typing your search above and press return to search.

അന്ന് തടഞ്ഞു, ഇന്നിപ്പോള്‍ മകനെയോര്‍ത്ത് അഭിമാനിക്കുകയാണ് ഈ ഉമ്മ; ഫല്‍ഹാന്റെ കളിയും ജീവിതവും: ഭാഗം 2

അന്ന് തടഞ്ഞു, ഇന്നിപ്പോള്‍ മകനെയോര്‍ത്ത് അഭിമാനിക്കുകയാണ് ഈ ഉമ്മ; ഫല്‍ഹാന്റെ കളിയും ജീവിതവും: ഭാഗം 2

കണ്ണടച്ചു മുന്നോട്ട് നടക്കാന്‍ ശ്രമിച്ചിട്ടുണ്ടോ? ആദ്യ ഒന്നു രണ്ട് ചുവടുകള്‍ വച്ചു കഴിയുമ്പോള്‍ നെഞ്ചിലേക്ക് ഭയം ഉരുണ്ടു കൂടും. കണ്‍പോളകള്‍ മേല്‍പ്പോട്ട് ഉയര്‍ത്താന്‍ വെപ്രാളം തുടങ്ങും. അടുത്ത ചുവട് തെറ്റുമോ എന്ന ആശങ്കയില്‍ ആ നടത്തം നിലയ്ക്കും... കാഴ്ചയില്ലാത്ത അവസ്ഥ എത്രത്തോളം ബുദ്ധിമുട്ടാണെന്ന് മനസിലാക്കാന്‍ ഇങ്ങനെ കുറച്ച് സമയം സ്വയമൊന്ന് ഇരുട്ടിലായാല്‍ മതി. അപ്പോള്‍ കണ്ണിലെ വെട്ടം എന്നന്നേക്കുമായി നിലച്ചവരുടെ ജീവിതമോ? അവരെയോര്‍ത്ത് സഹതപിക്കാന്‍ വരട്ടെ, വിധിയെ പഴിക്കാനും. കാഴ്ചയില്ലെങ്കില്‍ ഒന്നിനും ആകില്ലെന്ന തോന്നലും ഭയവും കാഴ്ചയുള്ളവര്‍ക്കു മാത്രമാണ്. പക്ഷേ, കണ്ണുകളില്‍ നിന്നും അടര്‍ന്നു പോയെങ്കിലും തങ്ങളുടെ ജീവിതം പ്രകാശത്തില്‍ നിര്‍ത്താന്‍ കഴിവുള്ളവരാണ് കാഴ്ചയില്ലാത്തവര്‍. അവര്‍ സ്വന്തം ശരീരം തന്നെയാണ് കാഴ്ചയ്ക്ക് ഉപാധിയാക്കുന്നത്. ചെറുനിശ്വാസങ്ങളില്‍ നിന്നും പോലും അവര്‍ കാഴ്ചകള്‍ കാണും. അതുകൊണ്ട് കാഴ്ചയില്ലാത്തവരുടെ ജീവിതം മൊത്തം ഇരുട്ടില്‍ മുങ്ങിക്കിടക്കുകയാണെന്ന് കരുതരുത്. അതില്‍ എന്തെങ്കിലും സംശയം തോന്നുന്നവരുണ്ടെങ്കില്‍ അവരുടേയും കൂടി മുന്നിലേക്കാണ് ഞങ്ങള്‍ മട്ടാഞ്ചേരിക്കാരന്‍ ഫല്‍ഹാനെ അവതരിപ്പിക്കുന്നത്. ആദ്യ ഭാഗം ഇവിടെ വായിക്കാം-

ഇരുട്ട് ഫൗള്‍ ചെയ്തു വീഴ്ത്തിയിട്ടും ജീവിതത്തിലും ഫുട്‌ബോളിലും ജയിക്കാനായി മുന്നേറുന്ന ഫല്‍ഹാന്‍

ഭാഗം 2

കുട്ടിയായിരിക്കുമ്പോള്‍ വന്ന ചുഴലിദീനമാണ് ഫല്‍ഹാന്റെ കണ്ണുകളിലെ വെളിച്ചം അണയ്ക്കുന്നതിന് കാരണമായത്. രോഗത്തിന് കഴിച്ച മരുന്നുകളുടെ പാര്‍ശ്വഫലം. ആദ്യം ദേഹമാകെ തടിക്കുകയായിരുന്നു. പിന്നീടത് ഗുരുതരമായ മറ്റ് ചിആരോഗ്യപ്രശ്‌നങ്ങളായി മാറി. ചികിത്സയ്ക്കിടയില്‍ ഡോക്ടര്‍ പറഞ്ഞത് ആളെ കിട്ടിയാലും ഏതെങ്കിലുമൊരു അവയവം നഷ്ടമായേക്കാമെന്നായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ മാസങ്ങളോളം ചികിത്സ തേടിയെങ്കിലും പ്രയോജനം ഉണ്ടായില്ല. പതിയെ ഫല്‍ഹാന്റെ നഖം ഊരി പോരാന്‍ തുടങ്ങി. അതിനു പിന്നാലെയായിരുന്നു എന്നെന്നേക്കുമായി ഒന്നര വയസുമാത്രം പ്രായമുള്ള ആ കുഞ്ഞിന്റെ കണ്ണുകളില്‍ ഇരുളടഞ്ഞത്.

കാഴ്ച നഷ്ടപ്പെട്ടെന്നറിഞ്ഞിട്ടും ആദ്യത്തെ പതര്‍ച്ചയില്‍ നിന്നും ആ ചെറുപ്രായത്തില്‍ തന്നെ ഫല്‍ഹാന്‍ മോചനം നേടി. ജീവിതത്തെ കുറിച്ച് സ്വപ്‌നങ്ങള്‍ കണ്ടു. അത് യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടി പ്രയത്‌നിച്ചു. വിദ്യാഭ്യാസം നേടണമെന്നതായിരുന്നു ജീവിത വിജയത്തിനായി ആദ്യം മനസില്‍ കുറിച്ചിട്ട ലക്ഷ്യം. ആലുവയിലെ സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡില്‍ ഏഴാം ക്ലാസ് വരെ പഠിച്ചു. എട്ടു മുതല്‍ പത്ത് വരെ പുന്നമരേശി ഗവണ്‍മെന്റ് സ്‌കൂളില്‍. ഹയര്‍ സെക്കന്‍ഡറി പഠനം കോഴിക്കോട് കുളത്തറയിലെ സ്‌പെഷ്യല്‍ സ്‌കൂളിലായിരുന്നു. തൃശൂര്‍ എസ്‌കെവിസിയില്‍ ബിഎ ഹിസ്റ്റഹി പഠിച്ചു. പിന്നീട് ടിടിസി പഠനം കോട്ടയത്തെ ഡിസ്ട്രിക്ട് ഇന്‍സിറ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് സെന്ററിലും പൂര്‍ത്തിയാക്കി. ഇന്നിപ്പോള്‍ ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (ടെറ്റ്) പരീക്ഷയും പാസായി നില്‍ക്കുകയാണ് ഫല്‍ഹാന്‍.

കാഴ്ചയില്ലാത്തവന്‍ എന്ന അനുകമ്പയില്‍ കഴിയാന്‍ തയ്യാറല്ല ഫല്‍ഹാന്‍. തന്റെ പരിമിതികളെ അയാള്‍ അതിജീവിക്കുകയാണ്. ഫല്‍ഹാനോട് സംസാരിക്കുമ്പോള്‍, അയാളുടെ പ്രവര്‍ത്തികളെ കുറിച്ച് കേള്‍ക്കുമ്പോള്‍ നമുക്കൊരിക്കലും തോന്നില്ല, ഫല്‍ഹാന്‍ കാഴ്ചയില്ലാത്ത ഒരാളാണെന്ന്. മട്ടാഞ്ചേരി കപ്പലണ്ടി മുക്കിലെ ഒന്നാമത്തെ നിലയിലെ വീട്ടിലേക്കുള്ള കോണ്‍ക്രീറ്റ് സ്‌റ്റെപ്പുകള്‍ തപ്പും തടവുമില്ലാതെ കാഴ്ചയുള്ളവര്‍ കേറുന്നതിനെക്കാള്‍ വേഗത്തില്‍ കയറി ഇറങ്ങും. അനുജനുമൊത്ത് പ്രഭാതത്തില്‍ സൈക്കിള്‍ സവാരി നടത്തുന്നത് ഫല്‍ഹാന് ഒരു ഹരമായിരുന്നു. സൈക്കിള്‍ സവാരിയെന്ന് പറയുമ്പോള്‍ കരുതും കാഴ്ചയുള്ള അനുജന്‍ സൈക്കിള്‍ ചവിട്ടുകയും ഫല്‍ഹാന്‍ വെറുതെ പുറകില്‍ ഇരിക്കുകയുമാണ് ചെയ്യുന്നതെന്ന്; അങ്ങനെയല്ല. സൈക്കിള്‍ സീറ്റില്‍ ഇരിക്കുന്നത് ഫല്‍ഹാനാണ്. അനുജന്‍ ഫിര്‍ദോസിനെ മുന്നിലിരുത്തും. ചേട്ടന്‍ ഞാനാണ് എന്ന ഭാവത്തില്‍. സൈക്കിള്‍ സവാരിയെന്ന് അതിനെ വിശേഷിപ്പിക്കാമോ എന്നറിയില്ല. തീ പാറും വേഗത്തിലാണ് കാഴ്ചയില്ലാത്ത ഫല്‍ഹാന്‍ മട്ടാഞ്ചേരിയിലൂടെ അനുജനെയും കയറ്റി പറക്കുന്നത്. കാണുന്നവര്‍ പറയും, കാഴ്ചയില്ലാഞ്ഞിട്ടും ദേ അവന്‍ പോകുന്ന പോക്കു കണ്ടോ... എന്നാല്‍ ഈ സൈക്കിള്‍ ചവിട്ടിന് പിന്നിലൊരു രഹസ്യമുണ്ടെന്ന് ഫല്‍ഹാന്‍ പറയുന്നു. ഞാന്‍ പെഡല്‍ ചവിട്ടുന്നു എന്നേ ഉള്ളൂ, ഹാന്‍ഡിലില്‍ വെറുതെ കൈവയ്ക്കുക മാത്രമാണ്. അനുജനാണ് ഹാന്‍ഡില്‍ ബാലന്‍സ് ചെയ്യുന്നത്.

സംസാരിച്ചിരിക്കുന്നതിനിടയില്‍ ഫല്‍ഹാന്റെ ഒരു ചോദ്യം ശരിക്കും ഞെട്ടിച്ചു, എന്തേ ചായയും സ്‌നാക്‌സും കഴിക്കാത്തത്? ഫല്‍ഹാന്‍ എങ്ങനെ മനസിലായി, അതായിരുന്നു അമ്പരപ്പ്. കാഴ്ചയില്ലന്നെയുള്ളൂ. കേള്‍ക്കാം. ചായ കുടിച്ചെങ്കില്‍ ഗ്ലാസ് ടേബിളില്‍ നിന്നെടുത്ത് വയ്ക്കുന്ന ശബ്ദം കേട്ടേനെ, അത് കേട്ടില്ല. സ്‌നാക്‌സ് കടിക്കുന്ന കറുമുറ ശബ്ദവും കേട്ടില്ല. അതുകൊണ്ട് ചോദിച്ചതാണ്. കാഴ്ചയില്ലാത്തവരുടെ കാഴ്ച കാതുകളിലാണ്. അതു സസൂക്ഷ്മം ശ്രദ്ധിച്ചാല്‍ ഞങ്ങള്‍ക്കും നല്ല കാഴ്ച ലഭിക്കും; അമ്പരപ്പ് മാറ്റിക്കൊണ്ട് ഫല്‍ഹാന്‍ പറഞ്ഞു. എനിക്ക് കാഴ്ചയില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, നിങ്ങള്‍ക്കൊക്കെ ചെയ്യാന്‍ കഴിയുന്നതൊക്കെ എനിക്കും ആകുമെന്നു തന്നെയാണ് എന്റെ വിശ്വാസം; ഫല്‍ഹാന്‍ ചിരിയോടെ പറയുന്നു.

പ്രതീക്ഷയായി ഉരുണ്ടു വന്ന ഫുട്‌ബോള്‍

കാഴ്ചയില്ലാത്തൊരു പയ്യന്റെ ഉള്ളിലൊരിക്കലും തോന്നില്ലെന്നു കരുതുന്നൊരു മോഹം ചെറുപ്രായത്തില്‍ ഫല്‍ഹാന്റെ ഉള്ളില്‍ കൂടുകൂട്ടി. അത് ഫുട്‌ബോള്‍ ആയിരുന്നു. കൂട്ടുകാര്‍ കളിക്കുന്നിടത്ത് പോയിരുന്നാണ് കാല്‍പന്ത് കളിയോടുള്ള ഹരം ഫല്‍ഹാനില്‍ കേറുന്നത്. നാട്ടില്‍ ഫുട്‌ബോള്‍ ക്ലബുകളുണ്ടായിരുന്നു. പക്ഷേ, അവിടെയൊന്നും പോയി കളിക്കാന്‍ കഴിയില്ലല്ലോ. കാണാനാകാത്ത ഒരാളെ എങ്ങനെയാണ് കൂടെ കളിപ്പിക്കാന്‍ മറ്റുള്ളവര്‍ തയ്യാറാവുക. എന്നാല്‍ അനുജന്‍ ഫിര്‍ദോസിന്റെ ചങ്ങാതിമാര്‍ ഫല്‍ഹനെയും കളിക്കാന്‍ കൂട്ടി. വലിയ മൈതാനങ്ങളിലൊന്നുമല്ല, ഇടവഴികളിലും ചെറിയ പറമ്പുമൊക്കെയായിരുന്നു കളിസ്ഥലങ്ങള്‍. ഫല്‍ഹാന് ഫുട്‌ബോളിനോട് ഇഷ്ടമുണ്ടെന്ന് മനസിലാക്കിയാണ് ഫിര്‍ദോസും കൂട്ടരും കളിക്കാന്‍ കൂടെകൂട്ടിയത്. പക്ഷെ കളിക്കളത്തിലിറങ്ങി ഒരു മൂലയ്ക്കു നില്‍ക്കാമെന്നതല്ലാതെ ലക്ഷ്യം തെറ്റി പോലും ഒരു പന്ത് കാലില്‍ വരില്ല എന്ന അവസ്ഥയായിരുന്നു. ഇങ്ങനെ തൂണുപോലെ വന്നിവിടെ നില്‍ക്കുന്നതെന്തിനാണെന്ന് പലതവണ ചിന്തിച്ചിട്ടുണ്ട്. പക്ഷേ, ഫുട്‌ബോളിനോടുള്ള ഇഷ്ടം പോകുന്നുമില്ല. പിന്നെ പിന്നെ, വെറുതെ വന്നുള്ള ആ നില്‍പ്പ് ശരിക്കും മടുത്തപ്പോള്‍ സ്വയം ഒഴിഞ്ഞു പോരുകയും ചെയ്തു. കളിക്കാന്‍ കഴിയാത്തതിനാല്‍ ഭയങ്കര സങ്കടമായിരുന്നു. പക്ഷെ ഫുട്ബോളിനോടുള്ള ആവേശം ഒരല്‍പം പോലും കുറഞ്ഞുമില്ല. "ഒരിക്കല്‍ ഞാനും ഫുട്‌ബോള്‍ കളിക്കും; ആ വാശിയുണ്ടായിരുന്നു". ഫല്‍ഹാന്‍ അതില്‍ വിജയിക്കുകയും ചെയ്തു.

ഉള്ളിലെ മോഹം മുന്നോട്ടു തട്ടി വളര്‍ത്താന്‍ ഫല്‍ഹാന്‍ ശ്രമിക്കുമ്പോഴും ഉമ്മ നാസിലയ്ക്ക് ഉള്ളില്‍ ഭയമായിരുന്നു. കാഴ്ചയില്ലാത്തതുമാത്രമല്ല, ആരോഗ്യപ്രശ്‌നങ്ങളുമുണ്ട്. അതുകൊണ്ട് ഫല്‍ഹാന്റെ കാര്യത്തില്‍ നാസില അതീവശ്രദ്ധാലുവായിരുന്നു. ഒരു ദിവസം ഫുട്‌ബോള്‍ കളിക്കാന്‍ പോയ ഫല്‍ഹാന്‍ രാത്രി വീട്ടിലെത്തിയത് ചോര പൊടിയുന്ന ചുണ്ടുകളുമായാണ്. മുഖത്തും കൈകളിലുമായി പല ഇടങ്ങളിലായി പരിക്കുകള്‍ വേറെയും. അങ്ങനെയൊരു അവസ്ഥയില്‍ ഫല്‍ഹാനെ കാണുന്നത് നാസിലയ്ക്ക് നെഞ്ച് പൊട്ടുന്ന വേദനായായിരുന്നു. അതുകൊണ്ട് കാഴ്ചയില്ലാത്ത മകനെ ഫുട്‌ബോള്‍ കളിയില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ ആവുന്നതും ആ ഉമ്മ ശ്രമിച്ചു. എന്നാല്‍ അവന്‍ അതനുസരിച്ചില്ല. ഉമ്മ വിടില്ലെന്നറിയാവുന്നതുകൊണ്ട് വീട്ടില്‍ അറിയാതെ കളിക്കാന്‍ പോയി. ഇന്നിപ്പോള്‍ അതേ മകന്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കി നില്‍ക്കുമ്പോള്‍ ആ ഉമ്മയുടെ കണ്ണും മനസും ഒരുപോലെ നിറയുന്നുണ്ട്.

http://www.azhimukham.com/offbeat-cs-flhan-a-visually-challenged-youths-inspirational-life-and-football-career-by-amal-joy/

"വളരെ ശ്രദ്ധിച്ചായിരുന്നു ഞാനവനെ വളര്‍ത്തിയത്. ഫുട്‌ബോള്‍ കളിയോട് അവനുള്ള താത്പര്യം മനസിലായിട്ടും അതില്‍ നിന്നവനെ പിന്തിരിപ്പിക്കാനായിരുന്നു ഞാന്‍ ശ്രമിച്ചതും. അപകടം പിടിച്ച കളിയാണ് ഫുട്‌ബോള്‍, പലപ്പോഴും ചുണ്ടും കാലുമൊക്കെ പൊട്ടി വീട്ടിലേക്ക് വന്നിട്ടുണ്ട്. ഒരമ്മയെന്ന നിലയില്‍ എനിക്ക് അവനെ നിരുത്സാഹപ്പെടുത്താനേ സാധിക്കുമായിരുന്നുള്ളൂ. അവന്‍ അപ്പോള്‍ എന്നോടു പറയുന്നത്; 'ഉമ്മ എന്നെ ഇങ്ങനെ കളിക്കാന്‍ വിടാതെ വീട്ടില്‍ തന്നെ ഇരുത്തിയാല്‍ എനിക്കെവിടെയും എത്താന്‍ കഴിയില്ല' എന്നായിരുന്നു. ഫുട്‌ബോളിന്റെ പേരില്‍ എന്നോടവന്‍ പലവട്ടം വഴക്കുണ്ടാക്കി. ഇന്നിപ്പോള്‍ ഫല്‍ഹാന്റെ നേട്ടങ്ങള്‍ കാണുമ്പോള്‍ അഭിമാനമാണ്. ഇരുട്ടിന്റെ ലോകത്തില്‍ നിന്ന് എല്ലാവര്‍ക്കും വെളിച്ചത്തിന്റെ സന്ദേശം നല്‍കാന്‍ അവന് സാധിക്കുന്നു". ഫല്‍ഹാനെ പോലെ ശരീരിക പ്രശ്‌നങ്ങളുള്ളവരെ ബലഹിനരാണെന്ന് പഠിപ്പിക്കാതെ എല്ലാവരും അവരെ പ്രോത്സാഹിപ്പിക്കണമെന്നാണ് ഫല്‍ഹാനിലൂടെ താന്‍ പഠിച്ചതും മറ്റുള്ളവരോട് പറയാനുള്ള കാര്യമെന്നും നാസില പറയുന്നു.

പക്ഷേ ഒരു പരിഭവം നാസില പറഞ്ഞു. രാജ്യത്തിന് വേണ്ടി കളിച്ചാലും വലിയ പ്രതിഫലമൊന്നും ഇവര്‍ക്ക് കിട്ടുന്നില്ല. സര്‍ക്കാരുകള്‍ ഇവര്‍ക്ക് മുന്നില്‍ കണ്ണടയ്ക്കുന്നു. ഒരു ജോലി പോലും ഫല്‍ഹാനെ പോലുള്ളവര്‍ക്ക് ലഭിക്കുന്നില്ല. ഇവര്‍ക്കും കുടുംബമുണ്ട്. അവരെ നോക്കണമെന്നും സര്‍ക്കാരുകള്‍ ചിന്തിക്കണം; നാസിലയുടെ അപേക്ഷയാണിത്.

(തുടരും)

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.


Next Story

Related Stories