TopTop
Begin typing your search above and press return to search.

സൈബർ ലോകത്തെ ഗൗരികൾ

സൈബർ ലോകത്തെ ഗൗരികൾ
അവൾ അരുണ, കൈ ഞരമ്പുകൾ അറുത്തു രക്തം ഒഴുകുമ്പോഴും അവൾ വേദന അറിഞ്ഞില്ല, ഉള്ളിലെ വേദന, അപമാനം അതിനോളം പോരില്ലല്ലോ എത്ര വലിയ മുറിവും. 'കല്ല് കൊണ്ട് ഏൽക്കുന്ന മുറിവുണങ്ങും, ചൊല്ലുകൊണ്ടേൽക്കുന്ന മുറിവുണങ്ങില്ല'. സഹപാഠിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ താഴെ എഴുതിയ കമന്റിൽ പ്രകോപിതരായ ചിലർ അരുണയെ, അപമാനത്തിന്റെ ചുഴിയിലേക്കെറിയുന്ന തരത്തിൽ അധിക്ഷേപിച്ചു. അവളുടെ സഹോദരനൊപ്പം നിൽക്കുന്ന ഫോട്ടോ മോർഫ്സ് ചെയ്തത് അവളെ ടാഗ് ചെയ്തു കാണിച്ചിട്ട് പോലും അവർ അടങ്ങിയില്ല. വെർബൽ റേപ്പ്, അറക്കുന്ന വാക്കുകൾ കൊണ്ട് ആ സംഘം അവളെ തകർത്തു കളഞ്ഞു. ചോര ഇറ്റിറ്റ് വീഴുമ്പോഴും, മരണം അടുത്തെത്തുമ്പോഴും അവൾക്കു സ്വയമേ അറപ്പാണ് തോന്നിയത്. വാക്കുകൊണ്ട് ചില മനോരോഗികൾ തീർത്ത അഴുക്ക് അവളുടെ ജീവൻ കവർന്നിരുന്നു.

ഇത് ഒരു കഥയല്ല, നടന്ന ജീവിതമാണ്. പേര് സങ്കല്‍പ്പികം ആണെങ്കിലും സന്ദർഭങ്ങൾ സത്യമാണ്. ഒന്നല്ല ഒരായിരം അരുണമാർ ഇനി ഈ നാട്ടിൽ ഉണ്ടാകും എന്നതിന്റെ തെളിവാണ്, രണ്ടായിരത്തി പന്ത്രണ്ടിൽ ഹിന്ദുസ്ഥാൻ ടൈംസിൽ വന്ന സൈബർ അധിക്ഷേപത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട്. സൈബർ ഹരാസ്സ്മെന്റിൽ ഇന്ത്യ ലോകരാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് എന്നാണ് മൈക്രോസോഫ്റ്റിന്റെ സർവ്വേ പറയുന്നത്. (53% കുഞ്ഞുങ്ങൾ സൈബർ ബുള്ളിയിങ്ങിന്റെ ഇരകളാണ്).

പലപ്പോഴും സാമൂഹ്യദ്രോഹികൾക്കു ഒളിഞ്ഞിരുന്നു ആക്രമിക്കാൻ അവർ ഇഷ്ടപ്പെടുന്ന ഇടമായി ഫേസ്ബുക്ക് പോലെയുള്ള സാമൂഹിക മാധ്യമങ്ങൾ മാറിയിരിക്കുന്നു. പിടിക്കപ്പെടില്ല എന്ന ധാരണ, ഇനി പിടിക്കപ്പെട്ടാലും സൈബർ ലോകത്തിൽ തെളിവുകളുടെ അഭാവത്തിൽ രക്ഷപ്പെടാം എന്ന മോഹം, ഇവയെല്ലാം അങ്ങനെയുള്ളവരുടെ മനോവൈകല്യങ്ങൾക്കു കാരണമാകുന്നു.

ഇവ അല്പമെങ്കിലും തിരിച്ചറിഞ്ഞതുകൊണ്ടാകണം നമ്മുടെ ഗവണ്മെന്റ് (The Ministry of Women and Child Development ), സൈബർ ബുള്ളിയിങ് റിപ്പോർട്ട് ചെയ്യാനുള്ള പ്രത്യേക ഹെല്പ് ലൈന്‍ 2017ല്‍ തുടങ്ങിയത്. അതുപോലെ രണ്ടായിരത്തി പതിനാറിൽ മേനക ഗാന്ധി തുടക്കമിട്ട #IAMTROLLED #HELPMEWCD തുടങ്ങിയവ ഈ തിരിച്ചറിവിന്റെ തെളിവുകളാണ്. ഇങ്ങനെ പല കാമ്പയിനുകൾ സർക്കാർ തലങ്ങളിൽ തുടക്കമിടുന്നുണ്ടെങ്കിലും, ഇവയെക്കുറിച്ചു സാധാരണ ജനങ്ങളെ ബോധവത്കരിക്കാൻ ഗവൺമെന്റിന് ഫലപ്രദമായി സാധിച്ചോ എന്നുള്ളത് ഇന്നും ചോദ്യചിഹ്നമാണ്. അതോടൊപ്പം ഇവയെത്രത്തോളം ഫലപ്രദം ആണ് എന്നതും സംശയകരം തന്നെ. കാരണം നാൾക്കുനാൾ വർധിച്ചു വരുന്ന സൈബർ ക്രൈമുകൾ തന്നെ.

അടുത്ത കാലങ്ങളിലായി ഫേസ്ബുക്ക് ഉപയോഗിക്കുന്ന സ്ത്രീകൾക്ക് നേരെ, അവരുടെ അഭിപ്രായ സ്വാതന്ത്രത്തിനു നേരെ ആഞ്ഞടിക്കുന്ന തെമ്മാടിക്കൂട്ടങ്ങൾ പെരുകുകയാണ്. ഉദാഹരണമായി അടുത്തയിടെ അല്ലു അർജുൻ എന്ന നടന്റെ സിനിമയെ കുറിച്ച് ഫേസ്ബുക്കില്‍ കമന്‍റിട്ട പ്രശസ്ത നിരൂപക അപര്‍ണയ്ക്ക് നേരെ നടന്ന ക്രൂരമായ സൈബർ ആക്രമണം. അതിൽ ബലാത്സംഗ ഭീഷണി മുഴക്കി അറസ്റ്റിലായ വ്യക്തി ഒരു ചെറുപ്പക്കാരനായിരുന്നു എന്നതാണ് ഭയം ഉണ്ടാക്കുന്നത്.

മറ്റൊരു കാര്യം, ചില സൈബർ വെർബൽ ബുള്ളിയിങ് ഫേസ്ബുക്കിൽ വളർന്നു പന്തലിക്കുകയും, അസഭ്യം പറഞ്ഞു സ്ത്രീകളെയും കുഞ്ഞുങ്ങളെ പോലും അപമാനിക്കുന്ന വ്യക്തികളെ സംരക്ഷിക്കുകയും ചെയ്യുന്നു എന്നതാണ്. കേട്ടാൽ അറക്കുന്ന ഭാഷയിൽ സ്ത്രീ പുരുഷ ഭേദമില്ലാതെ, കുഞ്ഞുങ്ങളെന്നോ വൃദ്ധരെന്നോ നോട്ടമില്ലാതെ, വ്യക്തികളുടെ മേൽ അസഭ്യവർഷം നടത്തുന്ന ഇത്തരം ഗ്രൂപ്പുകൾക്കെതിരെ പല പരാതികൾ പോയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്.

ദൌര്‍ഭാഗ്യവശാൽ പോക്സോ ചുമത്തപ്പെട്ടവർ പോലും ജാമ്യത്തിലിറങ്ങുകയും പിന്നീട് പരാതിക്കാരുടെ ഫോട്ടോകൾ മോർഫ് ചെയ്തു ഫേസ്ബുക്കിൽ പ്രചരിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങൾ അനവധിയാണ്.
ഇവക്കെതിരെ അധികാരികൾ മെല്ലെപ്പോക്ക് സമീപനം സ്വീകരിച്ചാൽ അത് വളരെ വലിയ സാമൂഹിക പ്രത്യഘാതത്തിനാണ് ഇടയാക്കുക. ഗൗരി ലങ്കേഷിനെ പോലെ വസ്തുതകൾ ലോകത്തിനു മുൻപിൽ തുറന്നു പറയുന്നവർ, അഭിപ്രായ സ്വാതന്ത്ര്യത്തിനു ജീവന്റെ വില നൽകേണ്ടി വരുന്നവർ അനവധിയാണ് ഇന്ന് ഇന്ത്യയിൽ. വ്യത്യസ്തമല്ല സൈബർ ലോകത്തും സ്ഥിതി. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൂരമായി വെര്‍ബല്‍ ഹരാസ്മെന്‍റ് ചെയ്യപ്പെടുന്ന, ഒരു കൂട്ടം മനുഷ്യർ ഇന്ന് നമുക്ക് ചുറ്റിനും ജീവിക്കുന്നുണ്ട്.

അവസാനമായി പറയട്ടെ, ഡൽഹിയിൽ ഓടുന്ന ബസിൽ വെച്ചു നിർഭയ ക്രൂരമായി ബലാത്സംഗം ചെയ്തു കൊല്ലപ്പെട്ടപ്പോൾ, കുട്ടിക്കുറ്റവാളി അടക്കം പറഞ്ഞത്, അവൾ പ്രതികരിച്ചതുകൊണ്ടാണ് അവളുടെ ഉള്ളിൽ കമ്പി കുത്തിയിറക്കി അന്തരീകാവയവങ്ങൾ പുറത്തെടുത്തത് എന്നാണ്. ലൈംഗിക സഫലീകരണത്തിനും അപ്പുറം, ആ പെൺകുട്ടിയുടെ, ചെറുത്തു നിൽപ്പ്, നിലപാട് ആയിരുന്നു ക്രൂരമായ, മനസാക്ഷിയെ മരവിപ്പിക്കുന്ന ആ കൊലപാതകത്തിൽ കലാശിച്ചത്. അതേ ചെറുത്തുനിൽപ്പിന്റെ വിലയാണ് കേട്ടാൽ അറക്കുന്ന അശ്ലീലങ്ങളുമായി, മോര്‍ഫ് ചെയ്ത ചിത്രങ്ങളിലൂടെ ഇന്ന് സ്ത്രീകളും കുട്ടികളും അടക്കം സാമൂഹിക മാധ്യമങ്ങളിൽ അനുഭവിക്കുന്നത്. ഇനിയെങ്കിലും അധികാരികൾ കണ്ണ് തുറന്നില്ലെങ്കിൽ, തക്കതായ ശിക്ഷ, തക്കതായ സമയത്തു തന്നെ നൽകിയില്ലെങ്കിൽ ഈ നാട്ടിൽ അരുണമാർ തുടര്‍ക്കഥയാകും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

http://www.azhimukham.com/i-dont-afraid-my-nudity-my-body-is-not-my-weekness/

http://www.azhimukham.com/trending-youth-arrested-for-cyber-harrasment-against-aparna/

http://www.azhimukham.com/kerala-dr-sherin-responding-to-the-allegations-on-patients-death-and-mobocracy/

http://www.azhimukham.com/offbeat-when-cpim-mouthpiece-deshabhimani-praises-moral-policing-by-hasna/

http://www.azhimukham.com/social-networking-sites-face-book-twitter-women-preetha/

http://www.azhimukham.com/trending-when-woman-talks-about-pornvideo/

http://www.azhimukham.com/women-gender-equality-patriarchy-malayalai-religion-feminism-maya/

http://www.azhimukham.com/cyber-bulliying-quotation-kerala-mafia-azhimukham/

http://www.azhimukham.com/trending-mammootty-and-allu-arjun-fans-attack-on-parvathy-and-aparna-by-arun/

http://www.azhimukham.com/film-jipsa-putuppanam-writing-about-recent-trend-about-film-criticism-becoming-social-media-viral/


Next Story

Related Stories