ട്രെന്‍ഡിങ്ങ്

58 വര്‍ഷം മുന്‍പ് സംരക്ഷണം നല്‍കിയ ആസാം റൈഫിള്‍സ് ഭടനെ ദലൈ ലാമ കണ്ടുമുട്ടിയപ്പോള്‍

Print Friendly, PDF & Email

വൈകാരികമായിരുന്നു ആ കൂടിക്കാഴ്ച

A A A

Print Friendly, PDF & Email

58 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ചരിത്രപരവും വൈകാരികവുമായ ആ കൂടിക്കാഴ്ച. 1959ല്‍ ടിബറ്റില്‍ നിന്നും രക്ഷപ്പെടുമ്പോള്‍ തനിക്ക് സംരക്ഷണം നല്‍കിയ അഞ്ച് ആസാം റൈഫിള്‍സ് സുരക്ഷഭടന്മാരില്‍ ഒരാളുമായാണ് ടിബറ്റന്‍ ആത്മീയനേതാവ് ദലൈ ലാമ ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയത്. ആസാം റൈഫിള്‍സില്‍ നിന്നും വിരമിച്ച ജവാന്‍ നരേന്‍ ചന്ദ്ര ദാസുമായി ഇന്നലെ ഗുവാഹത്തിയില്‍ ആസം സര്‍ക്കാര്‍ സംഘടിപ്പിച്ച നമാമി ബ്രഹ്മപുത്ര നദി ഉത്സവത്തിലെ സംവാദത്തിനിടയിലായിരുന്നു കൂടിക്കാഴ്ച.

‘വളരെ നന്ദി…58 വര്‍ഷം മുമ്പ് ഇന്ത്യയിലേക്കുള്ള എന്റെ യാത്രയില്‍ അംഗരക്ഷകരായിരുന്ന ആസാം റൈഫിള്‍സിലെ ഇത്രയും മുതിര്‍ന്ന ഒരംഗത്തെ കണ്ടുമുട്ടാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ട്,’ എന്ന് നരേന്‍ ചന്ദ്ര ദാസിനെ പുണര്‍ന്നുകൊണ്ട് ലാമ പറഞ്ഞു. നിങ്ങളുടെ മുഖത്ത് നോക്കുമ്പോഴാണ് തനിക്കും ഇത്രയും പ്രായമായെന്ന് തിരിച്ചറിയുന്നതെന്ന് വൈകാരിക സ്വരത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ സേനയില്‍ ചേര്‍ന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് 1959ല്‍ ലാമയ്ക്ക് സായുധ സുരക്ഷ നല്‍കുന്ന സംഘത്തിലെ അംഗമായി തിരഞ്ഞെടുക്കപ്പെട്ടതെന്ന് ആസാം റൈഫിള്‍സിന്റെ യൂണിഫോമില്‍ എത്തിയ 76 കാരനായ ദാസ് ഓര്‍മ്മിക്കുന്നു. അരണാചല്‍ പ്രദേശിലെ തവാംഗില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം ചൈന അതിര്‍ത്തിയിലുള്ള ലുംഗ്ലയില്‍ ദാസ് നിയമിക്കപ്പെട്ട സമയമായിരുന്നു അത്. ആസാം റൈഫിള്‍സിലെ ഒമ്പതാം പ്ലാറ്റൂണ്‍, ദലൈ ലാമയെ ചൈനീസ് ആക്രമണത്തില്‍ നിന്നും സുതാംഗ്‌ബോയില്‍ വച്ച് രക്ഷിച്ച് ഷാക്തിയില്‍ ദാസ് അടങ്ങുന്ന അഞ്ചംഗ സംഘത്തിന് കൈമാറുകയായിരുന്നു. അവര്‍ അദ്ദേഹത്തെ ലുംഗ്ലയില്‍ എത്തിക്കുകയായിരുന്നു. മറ്റൊരു സംഘം സുരക്ഷ ഭടന്മാരുടെ അകമ്പടിയോടെ ലാമ അവിടെ നിന്നും താവംഗിലേക്ക് രക്ഷപ്പെട്ടു.

യാത്രയ്ക്കിടയില്‍ ദലൈ ലാമയുമായി എന്താണ് സംസാരിച്ചതെന്ന് ചോദിച്ചപ്പോള്‍, തങ്ങള്‍ക്ക് അദ്ദേഹവുമായി സംസാരിക്കാനോ ഇടപഴകാനോ അനുവാദമുണ്ടായിരുന്നില്ലെന്ന് ദാസ് പറഞ്ഞു. യാത്രയുടെ ഒരു ഭാഗത്ത് അദ്ദേഹത്തെ സംരക്ഷിക്കുക മാത്രമായിരുന്നു തങ്ങളുടെ ചുമതലയെന്നും ദാസ് കൂട്ടിച്ചേര്‍ത്തു. ദലൈ ലാമ ഒരു പട്ടുഷാള്‍ ദാസിന് സമ്മാനമായി നല്‍കി. തന്റെ ഇന്ത്യ യാത്രയ്ക്കിടയില്‍ എടുത്ത ഒരു പഴയ ഫോട്ടോ ഒപ്പിട്ട് ലാമ ആസാം റൈഫിള്‍സിന് സമ്മാനമായി നല്‍കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍