Top

'സ്ഥലത്തെ പ്രധാന കോഴി'; ഡോ. ഫ്രാങ്കോ അറസ്റ്റില്‍; ട്രോളില്‍ നിലതെറ്റി ദീപിക

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ആരോപണവിധേയനായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത് വാര്‍ത്തയാക്കിപ്പോള്‍ ശരിക്കും 'പെട്ടത്' ദീപിക ദിനപത്രമാണ്. ഫ്രാങ്കോയുടെ അറസ്റ്റ് വാര്‍ത്തയോടൊപ്പം തന്നെ വന്ന 'കോഴി' പരസ്യം സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍ അല്‍പം മസാലയും കൂടി ചേര്‍ത്ത് പൊലിപ്പിച്ചപ്പോള്‍ ദീപികയ്ക്ക്‌ നിലതെറ്റി.

ശനിയാഴ്ച കൊച്ചി എഡീഷനില്‍ നിന്ന് എത്തിയ ദീപിക പത്രം കണ്ടവര്‍ കണ്ടവര്‍ ആര്‍ത്ത് ചിരിക്കുകയായിരുന്നു. കാരണം വെറെ ഒന്നുമല്ല. 'ഡോ. ഫ്രാങ്കോ അറസ്റ്റില്‍' എന്ന വാര്‍ത്തയോടൊപ്പം തന്നെ അടുത്ത കോളത്തില്‍ വന്ന 'സ്ഥലത്തെ പ്രധാന കോഴി' എന്ന തലക്കെട്ടോട് കൂടിയുള്ള പരസ്യം ദ്വയാര്‍ത്ഥത്തോടെയാണ് വായനക്കാര്‍ സ്വീകരിച്ചത്.

സ്ത്രീകളെ ശല്യപ്പെടുത്തുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന ആളുകളെ 'കോഴി' എന്ന് വിളിച്ച് കളിയാക്കുന്നത് പതിവാണ്. ബോധപൂര്‍വമോ അല്ലാതായോ ദീപികയിയിലെ ഫ്രാങ്കോയുടെ അറസ്റ്റ് വാര്‍ത്തയ്‌ക്കൊപ്പമുള്ള കോഴി പരസ്യം മാനേജ്‌മെന്റിന് ഇപ്പോള്‍ വലിയ തലവേദനയായിരിക്കുകയാണ്. പത്രത്തിന്റെ ഫോട്ടോ ഉള്‍പ്പടെ ഇട്ടാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാര്‍ ദീപികയുടെ വാര്‍ത്ത ആഘോഷിച്ചത്.കൊച്ചിയിലെ പരസ്യ വിഭാഗത്തിന്റെ ചുമതലയുള്ളവര്‍ ബോധപൂര്‍വം പരസ്യം നല്‍കിയതാണെന്നും, അതല്ല അവര്‍ ശ്രദ്ധിക്കാതെ ഇട്ടതാണെന്നുമൊക്കെയുള്ള സൂചനകളുമായി ദീപികയുടെ 'ഫ്രാങ്കോ' 'കോഴി' വാര്‍ത്ത കൊഴുക്കുകയാണ്.

സംഭവത്തില്‍ ദീപികയുടെ പ്രതികരണത്തിനായ് ചീഫ് എഡിറ്റര്‍ ഫാ. ബോബി അലക്‌സുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അദ്ദേഹത്തെ ലഭിച്ചില്ല. അസോസിയേറ്റ് എഡിറ്റര്‍ ടി.സി മാത്യു പ്രതികരിച്ചത്, "ആ വിഷയത്തില്‍ പ്രതികരിക്കാനോ കമന്റ് ചെയ്യാനോ എനിക്ക് അനുവാദമില്ല" എന്നാണ്. ചീഫ് ന്യൂസ് എഡിറ്റര്‍ സജി സിറിയക്ക്, "ഞാന്‍ അവധിയിലാണ്, സംഭവത്തെക്കുറിച്ച് വിശദമായി അറിഞ്ഞിട്ടില്ലാത്തതിനാല്‍ പ്രതികരിക്കാനില്ല" എന്നും വ്യക്തമാക്കി.

എന്നാല്‍ പേര് വെളിപ്പെടുത്തരുതെന്ന് വ്യക്തമാക്കി ദീപികയിലെ ഒരു മുതിര്‍ന്ന പത്രാധിപ സമിതിയംഗം പ്രതികരിച്ചത് ഇങ്ങനെയാണ്: "ദീപിക പോലൊരു പത്രത്തില്‍ ഒരിക്കലും വരാന്‍ പാടില്ലാത്ത കാര്യം തന്നെയായിരുന്നു അത്, മാനേജ്മെന്റ്റ് അക്കാര്യം വളരെ ഗൌരവമായി തന്നെയാണ് എടുത്തിട്ടുള്ളതും. തമാശയൊക്കെ ആവാം, പക്ഷേ 90 ശതമാനത്തിലധികവും വിശ്വാസികളായ ക്രൈസ്തവര്‍ വരിക്കാരായ ഒരു പത്രം ഇങ്ങനെ ചെയ്യുമ്പോള്‍ പ്രശ്നമാണ്. ബിഷപ്പിന്റെ കാര്യം കൊണ്ട് തന്നെ ആകെ പ്രശ്നത്തിലായിരിക്കുമ്പോഴാണ്‌ ഇങ്ങനെ ഒന്ന്. അത് ബോധപൂര്‍വം ചെയ്തതാണെങ്കില്‍ നടപടി ഉണ്ടായാലും അത്ഭുതപ്പെടാനില്ല".


Also Read: ‘ഞങ്ങളുടെ ഭാവി ഇനി എന്താകുമെന്ന് അറിയില്ല, എന്തും നേരിടും’: ചരിത്ര സമരവിജയത്തിന്റെ ആത്മവിശ്വാസത്തോടെ അവര്‍ മടങ്ങി

രണ്ടര മാസത്തിലേറെയായി വിവാദത്തിലുള്ള ബലാത്സംഗക്കേസില്‍ ഫ്രാങ്കോയ്ക്ക് പ്രത്യക്ഷത്തില്‍ പിന്തുണ നല്‍കിയില്ലെങ്കിലും പല നിലപാടുകളിലൂടെ കന്യാസ്ത്രീകളെ എതിര്‍ത്തു കൊണ്ടുള്ള വാര്‍ത്തകള്‍ക്ക് മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു ദീപിക. ഇതും ഒരു കാരണമായി ദീപികയ്‌ക്കെതിരെയുള്ള ട്രോളിന്. ദീപികയ്‌ക്കെതിരെ വരുന്ന കമന്റുകളാണ് ചിലതാണ് ഇത്..

"സഭയുടെ പത്രം ദീപിക ഇത്രയും നാളും വാര്‍ത്ത മുക്കി... ദീപിക വാര്‍ത്ത ഇട്ടപ്പോള്‍ ഇങ്ങനെയും ആയിപ്പോയി.. വാര്‍ത്തയും, പരസ്യവും ഇതുപോലെ ഒത്തു വരുന്നത് സ്വപ്നങ്ങളില്‍ മാത്രം.."

"ദീപിക തങ്ങളുടെ ബിഷപ്പിനെ അങ്ങനെ സ്ഥലത്തെ പ്രധാന കോഴിയാക്കി. യാദൃശ്ചികതക്ക് നല്ല നമസ്‌കാരം."

'ഫാദര്‍' എന്ന സ്ഥാനപ്പേര് ഒഴിവാക്കി ഡോക്ടര്‍ എന്നു മാത്രമാക്കി. അതു പോട്ടെ! തൊട്ടുതാഴെയുള്ള പരസ്യം, ഇത് ഇപ്പൊള്‍ വേണമായിരുന്നോടേയ്...

https://www.azhimukham.com/news-update-nun-protest-in-kochi-wind-up/

Next Story

Related Stories