Top

കണ്ണട വേണം, മുരുകന്‍ കാട്ടാക്കടയ്ക്ക് മാത്രമല്ല; ബ്രിട്ടാസിനും ശ്രീകണ്ഠന്‍ നായര്‍ക്കുമെല്ലാം

കണ്ണട വേണം, മുരുകന്‍ കാട്ടാക്കടയ്ക്ക് മാത്രമല്ല; ബ്രിട്ടാസിനും ശ്രീകണ്ഠന്‍ നായര്‍ക്കുമെല്ലാം
2014 ആഗസ്ത് 18നു യു ടൂബില്‍ അപ്ലോഡ് ചെയ്ത മുരുകന്‍ കാട്ടാക്കടയുടെ കണ്ണട എന്ന കവിത ഇതുവരേക്കും 13 ലക്ഷത്തില്‍ അധികം ആളുകള്‍ കേട്ടു കഴിഞ്ഞു. കടമ്മനിട്ടയുടെയും ഡി വിനയചന്ദ്രന്റെയും ചുള്ളിക്കാടിന്റെയും ചൊല്‍കാഴ്ചകള്‍ മലയാളിയുടെ കാവ്യലോകത്തെ കോരിത്തരിപ്പിച്ച കാല്‍ നൂറ്റാണ്ടിനിപ്പുറം സൈബര്‍ കാലത്തെ ജനപ്രിയ കാവ്യോദയങ്ങളില്‍ പ്രധാനിയാണ് മുരുകന്‍ കാട്ടാക്കട. സിപിഎം സമ്മേളനങ്ങളിലെ സ്ഥിരം കാവ്യാവതാരകനായ അദ്ദേഹം അതിലൂടെ വലിയ ജനാവലിയുടെ ആരാധന ഏറ്റുവാങ്ങി. കണ്ണട എന്ന കവിത ഓരോ എസ് എഫ് ഐക്കാരനും കാമ്പസില്‍ ഏറ്റുച്ചൊല്ലി. (കോട്ടയത്തു നിന്നും സാം മാത്യു എന്ന ‘യുവകവി’ പൂമരം എന്ന കവിതയുമായി വരുന്നത് വരെ).

‘എല്ലാവര്‍ക്കും തിമിരം, എല്ലാവര്‍ക്കും തിമിരം
മങ്ങിയ കാഴ്ചകള്‍ കണ്ടുമടുത്തു കണ്ണടകള്‍ വേണം...’ എന്ന കവിത തീര്‍ച്ചയായും ആഗോള വത്ക്കരണത്തിന്റെയും മതതീവ്രവാദത്തിന്റെയും ഫാസിസത്തിന്റെയും ഭീതിദമായ കാലത്തെ കുറിച്ചുള്ള ആകുലതകളുടെ ഏറ്റവും തെളിച്ചമുള്ള ആവിഷ്ക്കാരമാണ്. ഇടതു പോരാട്ട രക്തം സിരകളിലൂടെ ഒഴുകുന്ന യുവാക്കള്‍ അതുകൊണ്ടു തന്നെ ഈ കവിതയെ നെഞ്ചേറ്റി ലാളിച്ചതില്‍ അത്ഭുതപ്പെടാനില്ല.

തിരുവനന്തപുരം എസ് എം വി ഹൈ സ്കൂളിലെ അദ്ധ്യാപകനായിരുന്ന മുരുകന്‍ കാട്ടാക്കട ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പിന്റെ കുട്ടികള്‍ക്കുള്ള ചാനലായ വിക്ടേഴ്സിന്റെ മേധാവി കൂടിയാണ്. തീര്‍ച്ചയായും അദ്ദേഹത്തിന് അര്‍ഹത പെട്ട പദവി തന്നെ. അതറിഞ്ഞു നല്കിയിരിക്കുകയാണ് ഇടതു സര്‍ക്കാര്‍.എന്നാല്‍ കഴിഞ്ഞ ദിവസം ഒരു ജനതയുടെ ആത്മാവിഷ്കാരമായ ചാനലില്‍ വന്നിരുന്നു ‘മാന്യമാഹാജനങ്ങളെ’ എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായ ട്രാന്‍സ്ജെന്‍ഡറിനെ ഉടുവസ്ത്രത്തിന്റെ രാഷ്ട്രീയം പഠിപ്പിക്കാന്‍ ശ്രമിച്ചതോടെ കവിയെന്ന നിലയിലും അദ്ധ്യാപകന്‍ എന്ന നിലയിലും നിന്നു അഗാധമായ ഗര്‍ത്തത്തില്‍ പോയി പതിച്ചിരിക്കുകയാണ് മുരുകന്‍ കാട്ടാക്കട.

‘സരിതയെ അടയാളപ്പെടുത്തുമ്പോള്‍’ എന്ന വിഷയത്തില്‍ സംസാരിച്ച ട്രാന്‍സ്ജെന്‍ഡര്‍ ശ്യാമയെ കവി ഉപദേശിച്ചു തുടങ്ങിയത് ഇങ്ങനെ;

മുരുകന്‍ കാട്ടാക്കട: പ്രസംഗം നന്നായിരുന്നു. വസ്ത്രധാരണം അതിമനോഹരമായിരിക്കുന്നു. (ശ്യാമ: താങ്ക് യു സര്‍) ശ്യാമം എന്ന വാക്കിന് കറുപ്പ് എന്നൊരര്‍ത്ഥം ഉണ്ട്. ശ്യാമ വര്‍ണമെന്നാല്‍ കൃഷ്ണ വര്‍ണ്ണം എന്നാണ്. ശ്യാമ എന്ന പേരിട്ടത് ആരാണ്?

ശ്യാമ: എന്റെ പേര് ശ്യാം എന്നായിരുന്നു... ഞാന്‍ തന്നെയാണ് ശ്യാമ എന്നാക്കിയത്.

മുരുകന്‍: ഞാന്‍ ഒരു കാര്യം പറയട്ടെ. കഴിഞ്ഞ പ്രാവശ്യം വസ്ത്രധാരണം ശ്രദ്ധിച്ചു. ഇതുപോലെ വേണം, ശ്യാമ ഇപ്പോള്‍ നില്‍ക്കുന്നതുപോലെ ഡ്രെസ്സ് ഇടണം. ശ്യാമയ്ക്ക് ആരെയൊക്കെ സ്വാധീനിക്കാന്‍ കഴിയുമോ,ശ്യാമ പ്രിയപ്പെട്ടവരായി കാണുന്ന എല്ലാവരോടും (ശ്യാമ ഇടപെട്ട് എന്തോ പറയാന്‍ ശ്രമിക്കുന്നു. കേരളത്തില്‍... എന്നു പറഞ്ഞു നിര്‍ത്തുന്നു) പറയേണ്ട ഒരു കാര്യം ഉണ്ട്. ആ വസ്ത്രധാരണം വൃത്തികേടാണ്. അന്ന് അത് ഞാന്‍ പറയാത്തത് ശ്യാമയ്ക്ക് വേദനിക്കാതിരിക്കാനാണ്. നിങ്ങളെ എങ്ങനെ എങ്കിലും ആരെങ്കിലും തിരിച്ചറിയുന്നുണ്ടെങ്കില്‍ അതിന്റെ കുറ്റം വസ്ത്രധാരണത്തിനാണ്.ഇത്രയും പറഞ്ഞതിന് ശേഷമാണ് മുരുകന്‍ കാട്ടാക്കട ശ്യാമയുടെ പ്രസംഗത്തിന്റെ മൂല്യ വിചാരത്തിലേക്ക് കടന്നത്.

അതിന്റെ ചുരുക്കം ഇങ്ങനെ; തോന്നുമ്പോ തോന്നുമ്പോ തന്നെ ഉപദ്രവിച്ചവരുടെ പട്ടിക മാറ്റി പറയുന്ന ഒരാളല്ലെങ്കില്‍ സരിത ശക്തയായ സ്ത്രീയുടെ അടയാളപ്പെടുത്തലാണ്. ഒരു സ്ത്രീക്ക് പറയാന്‍ സാധിക്കുന്നതിലും ശക്തമായി ചില കാര്യങ്ങള്‍ സമൂഹത്തിലേക്ക് വിളിച്ചു പറഞ്ഞയാളാണ് സരിത.

ഇത്രയും പറഞ്ഞതിന് ശേഷം അദ്ദേഹം ഇങ്ങനെ കൂടി കൂട്ടിച്ചേര്‍ക്കുന്നു, “ഒരു പ്രസംഗത്തിന് വിഷയമാക്കാന്‍ പറ്റാത്ത കാര്യമാണ് സരിത എന്നു ഞാന്‍ വിചാരിക്കുന്നില്ല. എന്നാല്‍ ഈ വിഷയം ശ്യാമയ്ക്ക് എങ്ങനെ കിട്ടി എന്ന കാര്യത്തില്‍ എനിക്കു ആശങ്കയുണ്ട്”

എന്താണ് കവി മാഷെ ആ ആശങ്ക? കുറച്ചു കൂടി വ്യക്തമാക്കാമോ? വല്ലാത്തൊരു മങ്ങല്‍...

അതേ, മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തു കണ്ണടകള്‍ വേണം... ഒരിക്കല്‍ കൂടി ചൊല്ലാം നമുക്ക്..

http://www.azhimukham.com/trending-viral-murukankattakkada-defames-transgender-kairalitv-show/

ഇത്തരം ലിംഗ പദവി വിരുദ്ധ സംസ്കാര വിരുദ്ധ വംശീയ പരാമര്‍ശങ്ങളുടെ നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ ടെലിവിഷന്‍ ഷോകളില്‍ നിന്നും എടുത്തു കാണിക്കാനുണ്ടാകും. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ അവഹേളിക്കപ്പെട്ട ഒരു വ്യക്തി ചിലപ്പോള്‍ സംവിധായകനും നടനുമായ സന്തോഷ് പണ്ഡിറ്റ് ആയിരിക്കും.

മുന്‍പൊരിക്കല്‍ ഫ്ലവേഴ്സ് ചാനലിന്റെ ശ്രീകണ്ഠന്‍ നായര്‍ ഷോയില്‍ സന്തോഷ് പണ്ഡിറ്റിനെ ചില മിമിക്രി കലാകാരന്‍മാരുടെ ഇടയില്‍ ഇരുത്തി നടത്തിയ വംശീയ അധിക്ഷേപങ്ങള്‍ ഓര്‍ക്കുക.

ആ ഷോയില്‍ സന്തോഷിനെ കുറിച്ചു പറഞ്ഞ ചില വാചകങ്ങൾ ഇതാ;

വിരൂപനായ സൂപ്പർസ്റ്റാർ വരെ ഉണ്ടായി
ഈച്ച അഭിനയിച്ച സ്ഥിതിക്കു സന്തോഷിനും ചാൻസ് ഉണ്ട്
ആക്രമിക്കപ്പെടേണ്ടെങ്കിൽ ”എന്നിൽ ഔഷധഗുണമില്ല എന്ന പ്ലക്കാർഡ് പിടിച്ചു നടക്ക് –തുടങ്ങിയവ.

തന്റെ ജെ ബി ജംഗ്ഷന്‍ ഷോയില്‍ ജോണ്‍ ബ്രിട്ടാസ് സന്തോഷ് പണ്ഡിറ്റിനെ അഭിസംബോധന ചെയ്യുന്ന പ്രയോഗങ്ങളിലും അടങ്ങിയിരിക്കുന്ന ഇകഴ്ത്തലിന്റെ ധ്വനി ഏറെ വിമര്‍ശന വിധേയമായിരുന്നു. മറ്റുള്ളവരെ താങ്കള്‍ എന്നു അഭിസംബോധന ചെയ്യുമ്പോള്‍ സന്തോഷിനെ ‘എടോ താൻ മിണ്ടല്ലേ’, ‘നീ അവിടിരിക്കെടോ’, ‘പോടോ’ എന്നൊക്കെയാണ് അഭിസംബോധന ചെയ്തത്.

http://www.azhimukham.com/santhosh-pandit-victim-of-mobocracy-morality-culrure-hegemony-aparna/

മറ്റൊരു അപമാര്യാദയുടെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം നടി മീരാ വാസുദേവ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്.

താന്‍ ജെബി ജംഗ്ഷനില്‍ പറഞ്ഞ വാചകങ്ങള്‍ വളച്ചൊടിച്ചുവെന്നും ഫ്ളോറില്‍ താന്‍ കാണാത്ത ക്ലിപ്പുകള്‍ സെന്‍സേഷന്‍ ഉണ്ടാക്കുന്നതിനായി, എയര്‍ ചെയ്തപ്പോള്‍ കൂട്ടിച്ചേര്‍ത്തുവെന്നുമുള്ള ആരോപണങ്ങളാണ് മീര വാസുദേവന്‍ ഉന്നയിച്ചത്. “ആരെങ്കിലും നമ്മളോട് മോശമായി പെരുമാറിയാല്‍ നമ്മള്‍ മോശക്കാരാവുകയല്ല, നമ്മളോട് അങ്ങനെ പെരുമാറുന്നവരുടെ തനിനിറം വെളിവാകുകയാണ് ചെയ്യുക” – ബ്രിട്ടാസിനേയും കൈരളിയേയും കടന്നാക്രമിച്ച് മീര പറഞ്ഞു.

http://www.azhimukham.com/viral-meeravasudevan-slams-johnbrittas-jbjunction-kairali/

ബ്രിട്ടാസോ ശ്രീകണ്ഠന്‍ നായരോ എവിടെയെങ്കിലും തങ്ങളുടെ ഭാഗത്ത് നിന്നും തെറ്റ് സംഭവിച്ചു എന്നു പറഞ്ഞു ഖേദ പ്രകടനം നടത്തിയതായി അറിയില്ല.

എന്നാല്‍ തന്റെ വാക്കുകളിലെ തെറ്റ് മനസിലാക്കിയ മുരുകന്‍ കാട്ടാക്കട ഫേസ്ബുക്കിലൂടെ നടത്തിയ ഖേദ പ്രകടനം ഉന്നതമായ ജനാധിപത്യ മൂല്യമായി പരിഗണിക്കുന്നു. ആദ്യം സംഭവിച്ചത് ഒരു കവി എന്ന നിലയ്ക്കും അദ്ധ്യാപകനെന്ന നിയ്ക്കും കുട്ടികളില്‍ അറിവ് പകരാന്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാഭ്യാസ ചാനലിന്റെ മേധാവി എന്ന നിലയ്ക്കും സംഭവിക്കാന്‍ പാടില്ലാത്തതാണെങ്കില്‍ കൂടി.http://www.azhimukham.com/sam-mathew-poem-sakhav-rape-culture-john-brittas-anaswara-korattiswaroopam/
Next Story

Related Stories