TopTop
Begin typing your search above and press return to search.

നോട്ട് നിരോധനം; മോദിയുടെ 'പരാജയമല്ല'; കോര്‍പ്പറേറ്റ് - ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ 'വിജയകരമായ' പരീക്ഷണം

നോട്ട് നിരോധനം; മോദിയുടെ പരാജയമല്ല; കോര്‍പ്പറേറ്റ് - ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിജയകരമായ പരീക്ഷണം

മറവികൾക്കെതിരായ ഓർമ്മകളുടെ കലാപത്തിന്റെ പേരാണ് രാഷ്ട്രീയം. ഓർമകൾക്ക് ഹ്രസ്വമായ ജീവിതം മാത്രമുള്ള ഒരു സത്യാനന്തര കാലത്ത് നോട്ട് നിരോധനം പോലും മഹത്തായൊരു നടപടിയായി വ്യാഖ്യാനിക്കപ്പെടുകയാണ്. അതിനായി പുതിയ കഥകളും കണക്കുകളും സൃഷ്ടിക്കപ്പെടുന്നു.

2016 നവംബർ മുതലിങ്ങോട്ട് നോട്ട് നിരോധനത്തിന്റെ ലക്ഷ്യങ്ങളെയും നേട്ടങ്ങളെയും കുറിച്ചുള്ള അവകാശവാദങ്ങൾ നിരന്തരം മാറ്റിക്കൊണ്ടിരിക്കുകയാണ് സംഘപരിവാർ. അതുകൊണ്ടുതന്നെ ഓരോ തവണയും നാം മറുപടിയും പറയേണ്ടതുണ്ട്.

2016 നവംബർ 8 ന് രാത്രി 8 മണിക്ക് നടത്തിയ പ്രഖ്യാപനത്തിലാണ് പ്രചാരത്തിലിരുന്ന നോട്ടുകളുടെ 86.4% വരുന്ന 500 ന്റെയും 1000 ന്റെയും നോട്ടുകൾ മോദി പിൻവലിക്കുന്നത്. 1978 ലെ നോട്ടുനിരോധന ശേഷം നിരോധിച്ച നോട്ടുകളുടെ 25% നോട്ടുകളും തിരിച്ചെത്തിയിരുന്നില്ല. ഇതാവർത്തിക്കുമെന്ന പ്രതീക്ഷയാണ് സംഘപരിവാർ ഉപദേശകർക്കും മോദിക്കും ഉണ്ടായിരുന്നത്.

എസ് ബി ഐയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവും സംഘപരിവാർ ചിന്തകനുമായ സൗമ്യകാന്തി ഘോഷ് ബിസിനസ്സ് സ്റ്റാൻഡേർഡിൽ ലേഖനമെഴുതി പ്രഖ്യാപിച്ചു -"2 മുതൽ 4 ലക്ഷം കോടി രൂപ എന്തായാലും തിരിച്ചു വരാൻ പോകുന്നില്ല". നോട്ട് നിരോധനത്തെ ന്യായീകരിച്ചുകൊണ്ട് 2016 നവംബർ 15 നു സുപ്രീം കോടതിയിൽ അറ്റോർണി ജനറൽ പറഞ്ഞത് 'ജനം 10 - 11 ലക്ഷം കോടി രൂപ മാത്രമേ ബാങ്കിൽ നിക്ഷേപിക്കൂ ബാക്കി 4 - 5 ലക്ഷം കോടി രൂപ ജമ്മു കാശ്മീരിലും, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും തീവ്രവാദി പ്രസ്ഥാനങ്ങൾ ഉപയോഗിക്കുകയാണ്, അവ ഇതോടെ ഇല്ലാതാകും' എന്ന ന്യായമാണ്. ഈ പ്രതീക്ഷയിൽ തന്നെയാണ് "എനിക്ക് അൻപത് ദിവസം തരൂ..." എന്ന് ഗോവയിൽ വച്ച് പ്രധാനമന്ത്രി പറഞ്ഞതും. എന്നാൽ ദിവസങ്ങൾക്കകം തന്നെ ഈ പ്രതീക്ഷ അസ്ഥാനത്താണെന്ന് അവർക്ക് ബോധ്യപ്പെട്ടപ്പോളാണ് ഡിജിറ്റൽ ഇന്ത്യ പോലുള്ള പുതിയ ന്യായ വാദങ്ങളുമായി അവർ പ്രത്യക്ഷപ്പെട്ടത്. ആ നോട്ടുകളിൽ 99.3% നോട്ടുകളും തിരിച്ചെത്തിയതായി ഇപ്പോൾ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നു.

നാല് പ്രഖ്യാപിത ലക്ഷ്യങ്ങളാണ് 2016 നവംബർ 8 ന്റെ നോട്ടു നിരോധന പ്രഖ്യാപനത്തിൽ ഉണ്ടായിരുന്നത്. 1)കള്ളനോട്ട് ഇല്ലാതാക്കുക 2) കള്ളപ്പണം ഇല്ലാതാക്കുക 3) ഭീകരപ്രവർത്തനത്തിന്റെ വേരറക്കുക 4)അഴിമതി മുക്ത ഭാരതം സൃഷ്ടിക്കുക. ഇതിൽ ഓരോ ലക്ഷ്യത്തിന്റെയും അവസ്ഥ എന്താണെന്ന് നോക്കാം.

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിട്യൂട്ടിന്റെ പഠന പ്രകാരം മൊത്തം നോട്ടുകളുടെ 0.025 % മാത്രമാണ് കള്ളനോട്ടുകൾ ഉണ്ടായിരുന്നത്, ഇതാകട്ടെ അങ്ങേയറ്റം 400 കോടി രൂപ വരും. 2015-16 ൽ ഇന്ത്യയിലെ ബാങ്കുകളും പോലീസും ആകെ കണ്ടെത്തിയ കള്ളനോട്ടുകൾ മൊത്തം നോട്ടിന്റെ 0.002 % (500 രൂപ), 0.009 % (1000 രൂപ) ഉം ആണ്. നോട്ടു നിരോധിച്ച നവംബർ 8 മുതൽ 2017 ഡിസംബർ 31 വരെ 21.54 കോടിയുടെ കള്ളനോട്ടുകളാണ് സർക്കാർ പിടിച്ചെടുത്തത്. ഇതിൽ പുതിയ 2000 രൂപയുടെ 39,604 നോട്ടുകളും ഉൾപ്പെടും. ഏറ്റവും കൂടുതൽ കള്ളനോട്ടുകൾ പിടിച്ചെടുത്തതാകട്ടെ മോദിയുടെ സ്വന്തം ഗുജറാത്തിൽ നിന്നും. യഥാർത്ഥത്തിൽ മുൻവർഷങ്ങളേക്കാൾ കുറവാണ് ഇക്കാലയളവിൽ പിടിച്ചെടുത്ത കള്ളനോട്ടുകൾ. നവംബർ 8 മുതൽ മൂന്നു മാസത്തിലേറെ നീണ്ടുനിന്ന ബാങ്കുകളിലെ ക്യൂവിനും, തിരക്കുകൾക്കുമിടയിൽ വരുന്ന നോട്ടുകളെ വേണ്ടപോലെ പരിശോധിക്കാൻ പോലും ബാങ്ക് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ലെന്നതിന്റെ തെളിവാണ് പതിവിലും കുറഞ്ഞ കള്ളനോട്ട് പിടിച്ചെടുക്കൽ. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ തികച്ചും അപ്രസക്തമായ വളരെ ചെറിയ ഭാഗം കള്ളനോട്ടുകളെ പിടിച്ചെടുക്കാൻ പോലും നോട്ട് നിരോധനത്തിന് കഴിഞ്ഞില്ലെന്നു മാത്രമല്ല 2000 ന്റെ നോട്ട് വന്നതോടെ കള്ളനോട്ടടിക്കാർക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാവുകയും ചെയ്തു.

രണ്ടാമത്തെ ലക്‌ഷ്യം കള്ളപ്പണമായിരുന്നു. വ്യവസ്ഥാപിത മാർഗ്ഗങ്ങളിലൂടെയല്ലാതെ സമ്പാദിക്കപ്പെടുന്ന ഏത് സമ്പത്തും കള്ളപ്പണമാണ്. കള്ളപ്പണം എന്നാണു പേരെങ്കിലും ഇതിലെ ചെറിയൊരു ഭാഗം മാത്രമേ പണ രൂപത്തിൽ ഉള്ളൂ (കള്ളനോട്ടല്ല). മഹാ ഭൂരിപക്ഷം കള്ളപ്പണവും റിയൽ എസ്റ്റേറ്റ്, ജ്വല്ലറി, ഓഹരികൾ, വിദേശ നിക്ഷേപങ്ങൾ തുടങ്ങിയ രൂപങ്ങളിലാണ് ശേഖരിക്കപ്പെടുക. കമ്മീഷൻ വാങ്ങുന്ന ഡോക്ടർ, കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥർ, അഴിമതിക്കാരായ രാഷ്ട്രീയക്കാർ, ഇൻവോയ്‌സ്‌ കുറച്ചു കാണിക്കുന്ന വ്യാപാരികൾ, യഥാർത്ഥ വിലയിൽ കുറച്ച് ഭൂമി രജിസ്ട്രർ ചെയ്യുന്നവർ തുടങ്ങി നിത്യജീവിതത്തിന്റെ സമസ്ത മേഖലകളിലും വ്യാപിച്ചു കിടക്കുന്ന ഒന്നാണ് കള്ളപ്പണം. ഏതാണ്ട് 150 ലക്ഷം കോടിയുടെ ജി ഡി പിയാണ് ഇന്ത്യയുടേത്. ധനവകുപ്പിന്റെ പഠനങ്ങൾ പോലും ജി ഡി പി യുടെ 20% വരും കള്ളപ്പണം എന്ന് കണക്കാക്കിയിരിക്കുന്നു. എന്നാൽ കള്ളപ്പണത്തെക്കുറിച്ച് ഏറ്റവും ആധികാരികമായ പഠനങ്ങൾ നടത്തിയ ഡോ. എൻ എസ് അരുൺ കുമാർ പറയുന്നത് ജി ഡി പി യുടെ 63 % ലേറെ വരും കള്ളപ്പണം എന്നാണു. ഏതാണ്ട് 95 ലക്ഷം കോടിയുടെ മൂല്യം. ഈ കള്ളപ്പണത്തിന്റെ ഒരു ചെറിയ അംശം മാത്രമാണ് നോട്ട് രൂപത്തിൽ ഉണ്ടാകുക. സർക്കാർ കണക്കുകൾ പ്രകാരം പോലും അത് ജി ഡി പി യുടെ 5% ൽ താഴെ മാത്രമേ ഉണ്ടാകൂ. അതായത് ഇനി യാഥാർത്ഥത്തിൽ നോട്ട് നിരോധനത്തിന് നോട്ട് രൂപത്തിലെ കള്ളപ്പണം പിടിക്കാനായാൽ പോലും അതിന് അതിവിപുലമായ ബ്ളാക്ക് എക്കണോമിയെ സ്പർശിക്കാൻ കഴിയില്ല.

സംഘപരിവാർ പ്രചരിപ്പിക്കുന്ന നുണകളിലൊന്ന് തിരിച്ചെത്തിയ നോട്ടുകളിൽ പിഴയൊടുക്കിയ കള്ളപ്പണവും ഉൾപ്പെട്ടിട്ടുണ്ടെന്നാണ്. 2016 ഡിസംബറിലാണ് കള്ളപ്പണക്കാർക്ക് 50% പിഴയടച്ച് കള്ളപ്പണം വെളുപ്പിക്കാനുള്ള അവസരം മോദി സർക്കാർ നൽകിയത്. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന എന്നായിരുന്നു പദ്ധതിയുടെ പേര്. ഇത് പ്രകാരം ഇതുവരെ 4900 കോടി രൂപയുടെ കള്ളപ്പണമാണ് പുറത്ത് വന്നത്. അതിന്റെ 50% ആയ 2450 കോടി രൂപയാണ് സർക്കാരിന് പിഴയിനത്തിൽ ആകെ ലഭിച്ചത്. നോട്ട് നിരോധനത്തിന്റെ ഭാഗമായി പുതിയ നോട്ടുകൾ പ്രിന്റ് ചെയ്യാനും അനുബന്ധ ചെലവുകൾക്കുമായി 21000 കോടി രൂപ റിസർവ്വ് ബാങ്കിന് ചെലവായെന്നോർക്കണം.

മറ്റൊരു അവകാശ വാദം നോട്ട് നിരോധനത്തിന്റെ ഭാഗമായി ഇന്ത്യയിലെ നികുതി ദായകരുടെ എണ്ണത്തിലും നികുതി വരുമാനത്തിലും വൻവർദ്ധനവ് ഉണ്ടായെന്നാണ്. സർക്കാർ കണക്ക് പ്രകാരം 2016-17 സാമ്പത്തിക വർഷം 22% വും 2017 ഏപ്രിൽ-ആഗസ്ത് അർദ്ധവർഷം 25% വും നികുതി വരവിൽ വർദ്ധനയുണ്ടായി. എന്നാൽ വസ്തുതയെന്താണ് ? 2012-13 സാമ്പത്തിക വർഷം 31% വും , 2013-14 ൽ 38% വും വർദ്ധനവുണ്ടായിരുന്ന നികുതി വരവിൽ മോഡി അധികാരമേറ്റ 2014-15 സാമ്പത്തിക വർഷം 15%% വളർച്ചയെ രേഖപ്പെടുത്തിയുള്ളൂ. തുടർന്ന് 2015-16 ൽ ഇത് 27% ആയി വളർന്നു. അതായത് കഴിഞ്ഞ പത്ത് വർഷമായി ഉള്ള നികുതി വരവിലെ വർദ്ധന മാത്രമാണ് നോട്ട് നിരോധനത്തിന് ശേഷവും ഉണ്ടായത്.

മറ്റൊരു വാദം നോട്ട് നിരോധനത്തോടെ കള്ളപ്പണക്കാരെല്ലാം ഭയപ്പെട്ട് നികുതി നൽകാൻ തുടങ്ങി എന്നതാണ്. നികുതിദായകരുടെ എണ്ണത്തിൽ 24% വർദ്ധനവാണ് 2017 ഏപ്രിൽ - ആഗസ്ത് അർദ്ധ വർഷത്തിൽ രേഖപ്പെടുത്തിയത്. 2016 ഏപ്രിൽ - ആഗസ്ത് കാലത്ത് ഇത് 40% കണ്ട് വർദ്ധിച്ചു. (2016 ജൂണിൽ നടപ്പാക്കിയ ഇൻകം ഡിക്ലറേഷൻ പദ്ധതി പ്രകാരം പുതുതായി 64,275 പേരാണ് ഇൻകം ടാക്സ് അടക്കാൻ തയ്യാറായത്. ഇതാകട്ടെ നോട്ട് നിരോധനത്തിന് മുന്നേ നടന്ന പ്രക്രിയയാണ്. ഈ കണക്കും സംഘപരിവാർ ന്യായീകരണ വിദഗ്ദർ കൂടെ കൂട്ടുന്നു). ഈ കണക്കുകൾ ഒറ്റക്കെടുത്താൽ നികുതിദായകരുടെ എണ്ണത്തിൽ വൻ കുതിപ്പ് നേടിയതായി തോന്നാം എന്നാൽ 2013 ഏപ്രിൽ - ആഗസ്ത് കാലത്ത് 52% വും, 2014 ഏപ്രിൽ - ആഗസ്ത് കാലത്ത് 12.5% വും 2015 ഏപ്രിൽ - ആഗസ്ത് കാലത്ത് 16% വും വളർച്ച നികുതിദായകരുടെ എണ്ണത്തിൽ ഉണ്ടായിരുന്നു എന്ന ചരിത്രവും കൂടി മനസ്സിലാക്കിയാലേ നോട്ട് നിരോധനത്തിന് ഈ വളർച്ചയിൽ വലിയ പങ്കില്ലെന്ന് തിരിച്ചറിയാനാവൂ. 2016- 17 സാമ്പത്തിക വർഷം പുതുതായി നികുതിയടക്കാൻ തുടങ്ങിയ 56 ലക്ഷം പേരിൽ 39 ലക്ഷവും അഞ്ചുലക്ഷത്തിൽ താഴെ വരുമാനമുള്ള പരൽമീനുകളായിരുന്നു. ഈ 56 ലക്ഷം പേരുടെ ശരാശരി വരുമാനം വെറും 2.7 ലക്ഷം രൂപയാണ്. അതെ സമയം 2014 സെപ്തംബറിൽ സീറോ ബാലൻസ് അകൗണ്ടുകൾ 76.81% ആയിരുന്നെങ്കിൽ 2017 ആഗസ്തിൽ അത് 21.4% ആയി കുറഞ്ഞു. അതായിരുന്നു ഇന്ത്യയിൽ കള്ളപ്പണം വെളുത്ത വഴി.

ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ് റിസർവ്വ് ബാങ്ക് സർക്കാരിലേക്ക് കൈമാറ്റം ചെയ്യുന്ന മിച്ചമൂല്യത്തിലുണ്ടായ കുറവ്. 2015-16 ൽ 65,876 കോടി രൂപ സർക്കാരിന് കൈമാറിയ റിസർവ്വ് ബാങ്കിന് 2016-17 ൽ നോട്ട് നിരോധന കാലയളവിൽ കൈമാറാനായത് 30,659 കോടി മാത്രമാണ്. ഇന്ത്യയുടെ വികസനത്തിനായി പ്രയോജനപ്പെടുമായിരുന്ന 35,000 കോടി രൂപയോളം ഈയിനത്തിലും നഷ്ടമായി.

ഇതേ കാലയളവിൽ ജി ഡി പി വളർച്ചയിലുണ്ടായ 1.5% കുറവ് നോട്ട് നിരോധനത്തിന്റെ അനന്തര ഫലമാണെന്ന് വലതുപക്ഷ സാമ്പത്തിക ശാസ്ത്രജ്ഞർ പോലും പറയുന്നു. അതാകട്ടെ രണ്ടര ലക്ഷം കോടിയോളം വരുന്ന നഷ്ടമാണ് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥക്ക് ഉണ്ടാക്കിയത്. ഓരോ വർഷവും ഒരു കോടി പുതിയ തൊഴിൽ എന്ന വാഗ്ദാനവുമായി അധികാരത്തിലെത്തിയ മോദി ഈ നടപടികളിലൂടെ ഉള്ള തൊഴിലവസരങ്ങൾ പോലും ഇല്ലാതാക്കുന്ന അവസ്ഥയുണ്ടായി. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എകണോമിയുടെ പഠനപ്രകാരം 2018 ൽ സംഘടിത മേഖലയിലെ തൊഴിലാളികളുടെ എണ്ണം 2017 നേക്കാൾ 0.1% കുറഞ്ഞു.

ഇനി തീവ്രവാദത്തിന്റെ വേരറുക്കുന്ന കാര്യത്തിലോ. ഈ കാലയളവിലാണ് കാശ്മീരിലെ സ്ഥിതി ഏറ്റവും രൂക്ഷമായത്. സൗത്ത് ഏഷ്യ ടെററിസം പോർട്ടലിന്റെ കണക്ക് പ്രകാരം 2016 നു ശേഷം ഇന്ത്യയിലെ തീവ്രവാദ പ്രവർത്തനത്തിൽ ഒരു കുറവും ഉണ്ടായിട്ടില്ല. റാഫേൽ അഴിമതിയുൾപ്പെടെ ചര്‍ച്ച ചെയ്യുന്ന ഈ കാലത്ത് നാലാമത്തെ ലക്ഷ്യമായ അഴിമതിരഹിത ഭാരതത്തെ കുറിച്ച് കൂടുതൽ പറയേണ്ടതില്ലല്ലോ.

ഇങ്ങനെ സമ്പദ്‌വ്യവസ്ഥയുടെ സകല മേഖലയിലും വിപരീത ഫലങ്ങൾ സൃഷ്ടിച്ച നോട്ട് നിരോധനത്തിന്റെ യുക്തി എന്തായിരുന്നു? അതിന്റെ ആഘാതവും ഭീതിയും സൃഷ്ടിക്കുന്ന യുക്തിരാഹിത്യം തന്നെയാണ് നോട്ട് നിരോധനത്തിന്റെ യുക്തി. ഇത്ര വലിയ ഒരു പ്രകടനത്തിലൂടെ തന്റെ വർഗ്ഗ പക്ഷപാതിത്ത പ്രതിച്ഛായയെ മറികടക്കാനും കോടീശ്വരന്മാരെ പോലും കള്ളപ്പണത്തിനെതിരെയുള്ള യുദ്ധത്തിൽ ക്യൂവിൽ നിർത്തുന്ന മിശിഹായായും മോദി വാഴ്ത്തപ്പെട്ടു. മണിക്കൂറുകളോളം ക്യൂവിൽ നിന്ന് വലഞ്ഞ ദരിദ്രരിൽ പോലും ഇത് രാജ്യത്തിനായി തങ്ങൾ നടത്തുന്ന ത്യാഗമാണെന്ന ചിന്ത സൃഷ്ടിക്കാനായി. രാജ്യം എന്നത് അതിലെ ജനങ്ങൾക്കുപരിയായ ഒരു മെറ്റാഫിസിക്കൽ എന്റിറ്റിയാണെന്ന സംഘപരിവാർ ദേശീയതയുടെ പ്രായോഗിക രൂപമായിരുന്നു ഈ പരീക്ഷണം. പക്ഷെ അത് മാത്രം പ്രതീക്ഷിച്ചായിരിക്കില്ല മോദി നോട്ടു നിരോധിക്കുവാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുക.

ഇന്ത്യയിലെ സവിശേഷമായ സാമ്പത്തിക-സാമൂഹിക വികാസത്തിന്റെ ഉല്പന്നമാണ് ശക്തമായ ചെറുകിട ഉത്പാദന വ്യവസ്ഥ. കഴിഞ്ഞ കാൽ നൂറ്റാണ്ടുകാലത്തെ നവലിബറൽ പരിഷ്‌കാരങ്ങൾ ആദ്യം നേരിട്ട് ബാധിച്ചത് കാർഷിക മേഖലയെ ആണെങ്കിൽ താരതമ്യേന രൂക്ഷമായ പ്രതിസന്ധികളിൽ നിന്ന് രക്ഷപ്പെട്ടു നിൽക്കാൻ ചെറുകിട ഉത്പാദന മേഖലക്ക് കഴിഞ്ഞിരുന്നു. മുതലാളിത്ത വ്യവസ്ഥയുടെ വികാസത്തിൽ ചെറുകിട ഉത്പാദന വ്യവസ്ഥയുടെ നശീകരണവും പാപ്പരീകരണവും കോർപ്പറേറ്റ് വളർച്ചക്ക് സുപ്രധാനമാണ്. ഇവിടെയാണ് ചെറുകിട ഉത്പാദന വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച് പാപ്പരീകരിക്കുന്ന നോട്ട് നിരോധനവും ജി എസ് ടിയും കടന്നു വരുന്നത്. ഇന്ത്യയുടെ 85% തൊഴിൽ സേനയും പണിയെടുക്കുന്ന അസംഘടിത മേഖലയിലാണ് നോട്ട് നിരോധനം ഏറ്റവും ദുരിതം വിതച്ചത്.

2017 ൽ ഡൽഹിയിൽ നടന്ന സർവേ പ്രകാരം അസംഘടിത മേഖലയിലെ വരുമാനത്തിൽ 60% കുറവാണ് നോട്ട് നിരോധനത്തിന് ശേഷം ഉണ്ടായത്. ആൾ ഇന്ത്യാ മാനുഫാക്ചേഴ്സ് ഓർഗനൈസേഷന്റെ പഠനപ്രകാരം നോട്ട് നിരോധനത്തിന്റെ ആദ്യ അമ്പതു നാളുകളിൽ 40 - 55 പ്രായത്തിലെ തൊഴിൽ വിഭാഗത്തിൽ 40% വും, 22- 30 പ്രായത്തിലെ തൊഴിൽ വിഭാഗത്തിൽ 32 % വും കുറവുണ്ടായി. 2016 ഡിസംബർ 31 വരെ 47% കുറവാണ് ചെറുകിട കച്ചവടക്കാർ, കുടിൽ വ്യവസായങ്ങൾ എന്നിവരുടെ വരുമാനത്തിൽ ഉണ്ടായത്. 71% വഴിവാണിഭക്കാരും കച്ചവടം പകുതിയിൽ താഴെയായതായി അറിയിച്ചു. മിശ്ര സമ്പദ് വ്യവസ്ഥയിൽ ചെറുകിട ഉൽപാദന മേഖലക്ക് ലഭിച്ചിരുന്ന പരിഗണനകളെ ഇല്ലാതാക്കി വൻകിട കോർപ്പറേറ്റുകൾക്ക് മൂലധന സഞ്ചയത്തിനുള്ള സാധ്യത നവലിബറൽ നയങ്ങൾ സ്വാഭാവികമായും ഉണ്ടാക്കുന്നുണ്ട്. അതിനൊപ്പമാണ് വേഗത്തിലുള്ള തകർക്കൽ ലക്ഷ്യമിടുന്ന ഇത്തരം നടപടികൾ. നോട്ട് നിരോധനത്തിന്റെ ആദ്യ മാസങ്ങളിൽ ഇന്ത്യയിൽ നഗരങ്ങളിലേക്കുള്ള കുടിയേറ്റം കുറയുകയും റിവേഴ്‌സ് മൈഗ്രെഷൻ ആരംഭിക്കുകയും ചെയ്തു. ഇതാകട്ടെ ഗ്രാമങ്ങളിലെ തൊഴിൽലഭ്യതാ പ്രശ്നം രൂക്ഷമാക്കി. ഇന്നും ഇന്ത്യൻ കർഷക ഗ്രാമങ്ങൾ ഈ ആഘാതത്തിൽ നിന്നും കരകയറിയിട്ടില്ല.

ഇന്ത്യയിൽ പ്രധാനമായും രണ്ടു കാർഷിക സീസണുകളാണുള്ളത്. ഖാരിഫ്, റാബി എന്നിവ. ഖാരിഫ് വിളവെടുപ്പും റാബി നിലമൊരുക്കലും നടക്കുന്ന നവംബർ മാസത്തിൽ തന്നെ മോദിയുടെ നോട്ട് നിരോധനവും പ്രഖ്യാപിക്കപ്പെട്ടത് യാദൃശ്ചികമല്ല. ഇന്ത്യയിലെ ചെറുകിട കാർഷിക മേഖലയും ചെറുകിട കാർഷികാനുബന്ധ വ്യവസായങ്ങളും പണത്തിന്റെ റോളിങ് വ്യവസ്ഥയിലാണ് ഓടുന്നത്. ഒരു സീസണിലെ വരുമാനം അടുത്ത സീസണിലെ നിക്ഷേപമാണ്. ഒരു ഘട്ടത്തിൽ വരുമാനം നിലക്കുന്നതോടെ ഈ വ്യവസ്ഥ ആകെ തകരാറിലാകുന്നു. പിന്നീടങ്ങോട്ട് കൃഷി ചെയ്യാൻ പറ്റാതെ കോർപ്പറേറ്റ് കൃഷിക്ക് വിധേയമാക്കേണ്ട സാഹചര്യം ഉണ്ടാകുന്നു. തമിഴ്‌നാട്ടിലും കർണാടകയിലും തക്കാളി വിലയിൽ 60-85 % കുറവാണ് നോട്ട് നിരോധനത്തെ തുടർന്ന് ഉണ്ടായത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും ഉള്ളികൃഷിക്കാർ വിള നശിപ്പിക്കുന്ന അവസ്ഥയുണ്ടായി. കടക്കെണിയിൽ അകപ്പെട്ടിരിക്കുന്ന ഇന്ത്യൻ കർഷക ജനതയെ കൂടുതൽ കടക്കെണിയിലേക്ക് തള്ളിവിടവുകയായിരുന്നു നോട്ട് നിരോധനം.

വികൃതചിത്തനായ ഭരണാധികാരിയുടെ പരാജയപ്പെട്ട പരീക്ഷണം എന്ന നിലക്കല്ല മറിച്ച് തൊഴിലാളി വർഗ്ഗത്തിന് മേൽ നവലിബറൽ - ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ 'വിജയകരമായ' പരീക്ഷണം എന്ന നിലക്കാണ് നോട്ട് നിരോധനത്തെ നാം ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ടത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/national-demonetization-shattered-indian-economy-teamazhimukham/

https://www.azhimukham.com/demonetisation-of-rupee-notes-financial-anarchy-sarathkumar/

https://www.azhimukham.com/trending-four-lessons-to-the-other-nations-to-study-from-modi-governments-foolishness/

Next Story

Related Stories