TopTop
Begin typing your search above and press return to search.

സഹായിച്ചേ അടങ്ങൂ എന്നു ഹണിയും രചനയും; വേണ്ടെന്നു നടി; എഎംഎംഎയുടെ 'ലീഗല്‍ ത്രില്ലര്‍' ആര്‍ക്കുവേണ്ടി?

സഹായിച്ചേ അടങ്ങൂ എന്നു ഹണിയും രചനയും; വേണ്ടെന്നു നടി; എഎംഎംഎയുടെ ലീഗല്‍ ത്രില്ലര്‍ ആര്‍ക്കുവേണ്ടി?

മലയാളത്തിലെ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി വ്യവഹാരങ്ങൾ തുടരവേ ഏറെ ശ്രദ്ധേയമായ ചില നീക്കങ്ങൾ ആണ് ഇന്ന് നടന്നിരിക്കുന്നത്. ഹൈക്കോടതിയില്‍ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്ന രണ്ട് നടിമാര്‍ – ഹണി റോസും രചന നാരായണന്‍ കുട്ടിയും – ആവശ്യപ്പെട്ടിരിക്കുന്നത് പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്നാണ്. അനുഭവ പരിചയമുള്ള മറ്റാരെയെങ്കിലും പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. അതേസമയം സര്‍ക്കാര്‍ തന്നോട് ആലോചിച്ചാണ് പ്രോസിക്യൂട്ടറെ നിയമിച്ചിരിക്കുന്നതെന്നും മാറ്റേണ്ട കാര്യമില്ലെന്നുമുള്ള നിലപാട് നടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യത്തെ സര്‍ക്കാരും എതിര്‍ത്തു. കേസില്‍ എഎംഎംഎയുടെ സഹായം തനിക്ക് ആവശ്യമില്ലെന്നും നിലവിൽ താൻ എ എം എം എ യിൽ അംഗമല്ലെന്നും തുറന്നടിച്ചു.

പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിനു ശേഷമുള്ള ഏറ്റവും നിർണായകമായ ഒരു കോടതി വാദത്തിലേക്കു ശ്രദ്ധ ക്ഷണിക്കുകയാണ്. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ ആവശ്യപ്പെട്ട ദിലീപിന്റെ നടപടി ക്രൂരം ആണെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിക്കുകയും ഹൈക്കോടതി അത് ശരിവെക്കുകയും ചെയ്തത് ഈ കേസിലെ ശ്രദ്ധേയമായ വഴിത്തിരിവുകളിൽ ഒന്നാണ്. ഇവിടെ മുതൽ ദിലീപടങ്ങുന്ന കേസിലെ കുറ്റാരോപിതർക്ക് സർക്കാരിനോടും, പ്രോസിക്യൂട്ടറോടും അഭിപ്രായഭിന്നതകൾ ആരംഭിച്ചിരുന്നിരിക്കണം.

പ്രതിയുടെ ആവശ്യത്തേക്കാള്‍ വലുതാണ് ഇരയുടെ സ്വീകാര്യത. ദിലീപ് ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കാന്‍ വേണ്ടിയാണെന്ന പ്രോസിക്ക്യൂഷന്റെ വാദം ശരി ആണെന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുകയാണ്. അത്രമേൽ ദിലീപിന് വേണ്ടി അരങ്ങിലും, അണിയറയിലും പി ആർ ജോലികൾ യഥേഷ്ടം നടത്തുന്നവരെ കേരളം സമൂഹം ദർശിച്ചു. അത്യന്തം നൊട്ടോറിയസ് ആണെന്ന് സംശയിക്കപ്പെടുന്ന ഒരു വ്യക്തിയെ എ എം എം എ എന്ന സംഘടനയിലേക്ക് തിരിച്ചെടുക്കുന്ന തരത്തിലേക്ക് താര രാജാക്കന്മാരുടെ ഗൂഢ സംഘം അധഃപതിച്ചതും ഞെട്ടലോടെയാണ് നാം കണ്ടത്.

നടിക്കൊപ്പമാണ് എന്നാൽ ദിലീപിന് വേണ്ടി പ്രാർത്ഥിക്കും എന്ന് പറയുന്ന ഒരു മനുഷ്യൻ പ്രസിഡന്റ് ആയിരിക്കുന്ന സംഘടനയുടെ സഹായം ആക്രമിക്കപ്പെട്ട നടി തേടുന്നതായി അറിവില്ല. നടി ഇന്നാവർത്തിച്ച് പറഞ്ഞത് എ എം എം എ യുടെ സഹായം ആവശ്യമില്ലെന്നും, പ്രസ്തുത സംഘടനയിൽ അംഗം അല്ലെന്നും തന്നെ അല്ലെ? മുൻ പ്രസിഡന്റെ ഇന്നസെന്റ് ഒരു സിനിമയിൽ ചോദിക്കുന്ന പോലെ അക്ഷരം ഒന്നും മാറി പോയിട്ടില്ലല്ലോ അല്ലെ? അപ്പോൾ പിന്നെ ഈ ഹർജി ചേരൽ കലാപരിപാടിയും, പ്രോസിക്ക്യൂട്ടറെ മാറ്റുന്ന മിമിക്രിയും എല്ലാം ആരുടെ ബുദ്ധി ആണ്? നടി നടന്മാരുടെ സംഘടനാ ആണെങ്കിലും നല്ല തിരക്കഥ കൃത്തുക്കൾ കൂടി സംഘടനയിൽ ഉണ്ടെന്നറിയുന്നത് പുതിയ വിവരമാണ്.

സാധാരണ കേസുകളിൽ സർക്കാർ ഏകപക്ഷീയമായി ഇടപെടുകയോ, കേസ് അട്ടിമറിക്കാൻ ശ്രമിച്ചാലോ പ്രതി ഭാഗത്തിന് പ്രോസിക്ക്യൂട്ടറെ മാറ്റാൻ നിർദേശം നൽകാം. നിലവിൽ ദിലീപിന്റെ വിചാരണ വേളയിൽ ഒന്നും അത്തരം ഇടപെടലുകൾ ഉള്ളതായി കോടതികൾ ഒന്നും തന്നെ പരാമർശിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഇങ്ങനെ ഒരു 'ഹർജി കളി' 'കേസിനെ മനപ്പൂർവം നീട്ടി കൊണ്ട് പോകാനും ആ ഗ്യാപ്പിൽ വ്യാജ തെളിവുകളും, സാക്ഷികളും കെട്ടിച്ചമക്കാനും ഉള്ള ശ്രമമായിട്ടേ കാണാനാവുകയുള്ളൂ.

ഒരു തരത്തിൽ ഉള്ള സഹായവും പ്രതീക്ഷിക്കുന്നില്ലെന്ന പറഞ്ഞ നടിയുടെ പുറകെ നടന്നു (സുരാജ് വെഞ്ഞാറമൂട് ഒരു സിനിമയിൽ പ്രൊട്ടക്ഷൻ തരാം എന്ന് പറയുന്ന സീൻ മനസ്സിൽ ഓർക്കുക) ഹർജിയും, രണ്ടു പുതിയ കഥാപാത്രങ്ങളും പ്രത്യക്ഷപ്പെടുമ്പോൾ അതിന്റെ യഥാർത്ഥ പൊരുൾ തിരിച്ചറിയാൻ ദിലീപ് സിനിമക്ക് തിരക്കഥ എഴുതുന്ന മനുഷ്യന്മാരുടെ കോമൺസെൻസ് മതിയാകും. അതുകൊണ്ട് ഒട്ടും പ്രിയപ്പെട്ടതല്ലാതായി മാറിയ പ്രിയ താരങ്ങളേ, നിങ്ങളുടെ സിനിമ മാത്രമല്ല ഈ സൈസ് നമ്പറുകൾ കൂടി താങ്ങണം എന്ന് പറഞ്ഞാൽ അതിച്ചിരി കടുപ്പമാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories