Top

വീണ്ടും ചില ഗോപാലകൃഷ്ണ ലീലകള്‍

വീണ്ടും ചില ഗോപാലകൃഷ്ണ ലീലകള്‍
നടിയെ ക്വട്ടേഷൻ നൽകി പീഡിപ്പിച്ചുവെന്ന കേസിലെ പ്രതിയായ ദിലീപ് എന്ന നടനുമായി ബന്ധപ്പെട്ട് മലയാള സിനിമാ ലോകത്ത് പൊട്ടിപ്പുറപ്പെട്ട കലാപം കേസ് തീരും വരെ ഈ പാവം ഞാൻ ആ വഴിക്കൊന്നും ഇല്ലേയെന്നു പറഞ്ഞു ടിയാൻ തന്നെ താര സംഘടനക്കു കത്ത്‌ നൽകിയതോടെ ഒത്തുതീർപ്പിനു കളമൊരുങ്ങി എന്ന മട്ടിലാണ് നമ്മുടെ ചില മാധ്യമങ്ങൾ പോലും ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ചിലരെങ്കിലും ഇതിനെ ഒരു വലിയ രാഷ്ട്രീയ പ്രശ്നമായി ഉയർത്തിക്കാണിക്കാനും ശ്രമിക്കുന്നുണ്ട്. സത്യത്തിൽ അവരിൽ ചിലരുടേത് സ്ഥായിയായ ഇടതുപക്ഷ വിരോധം ആണെങ്കിൽ പോലും ചോദ്യകർത്താക്കളുടെ ഇടതു വിരുദ്ധതക്കും അപ്പുറം നിലവിൽ കേരളം ഭരിക്കുന്ന ഇടതു മുന്നണി, പ്രത്യേകിച്ചും സി പി എം ഈ ചോദ്യത്തിനു മറുപടി പറയേണ്ടതായുണ്ട്. അതിലേക്കു പിന്നീട് വരാം.

മുഖ്യധാര മലയാള സിനിമ കൊച്ചി കേന്ദ്രീകൃതമായ ഒരു അധോലോകത്തിന്റെ നിയന്ത്രണത്തിലാണെന്നുള്ള രീതിയിലുള്ള വാർത്തകൾ അത്ര പുതിയതൊന്നും അല്ല. എന്നാൽ ആരൊക്കെയാണ് മലയാള സിനിമയെ ക്രിമിനലുകളുടെയും ക്വട്ടേഷൻ സംഘങ്ങളുടെയും പിടിയിലേക്ക് എറിഞ്ഞു കൊടുത്തത് എന്ന കാര്യം ഒട്ടും വ്യക്തമല്ല താനും. എങ്കിലും ഒരു കാര്യം ഉറപ്പാണ്, അതായത് ബോളിവുഡിന്റെ പാതയിൽ തന്നെയാണ് മോളിവുഡും പോകുന്നത്. ഇത് ഇങ്ങനെ തന്നെ തുടർന്നാൽ ഡബ്ല്യൂ സി സിയും പുരോഗമന വാദികളും ഉയർത്തുന്ന സ്ത്രീ നീതി എന്നത് കേവലം ഒരു മുദ്രാവാക്യമായി തന്നെ അവശേഷിക്കുകയേ ഉള്ളു. അതേസമയം സിനിമ മേഖലയിലെ ആൺകോയ്മ അനുദിനം കരുത്താർജിക്കുകയും ചെയ്യും.

നടിമാരുടെ പ്രതിക്ഷേധ രാജിക്കും അവർക്കു ഭരണകൂടവും പൊതുസമൂഹവും നൽകിയ പിന്തുണയും കണ്ടു ഭയന്നിട്ടു തന്നെയാണ് ആരോപണ വിധേയനായ നടൻ 'ഞാനൊന്നും അറിഞ്ഞില്ലേ' എന്ന വാദവുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. അയാൾ ഉന്നയിക്കുന്ന ഈ വാദം അത്രകണ്ട് യുക്തി ഭദ്രമല്ല. തന്നെയുമല്ല താര സംഘടനയിലേക്കുള്ള അയാളുടെ തിരിച്ചെഴുന്നെള്ളത്തിനു പിന്നിൽ അയാളും ഉണ്ടായിരുന്നില്ലേ എന്ന സംശയം കൂടുതൽ ബലപ്പെടുത്തുന്നുമുണ്ട്. അയാൾ താര സംഘടനക്കു അയച്ചുവെന്നു പറയപ്പെടുന്ന (മലയാള മനോരമ പ്രസദ്ധീകരിച്ച) കത്തിന്റെ പൂർണ രൂപം ഒന്ന് ഇരുത്തി വായിച്ചാൽ ഇക്കാര്യം ബോധ്യമാകും. പ്രസ്തുത കത്ത് ഇങ്ങനെ:
'സർ, കഴിഞ്ഞ 24നു കൂടിയ അമ്മയുടെ ജനറൽ ബോഡിയിൽ അമ്മയിലെ അംഗമായ എന്നെ പുറത്താക്കുവാൻ എനിക്കു നോട്ടീസ് നൽകാതെയും എന്റെ വിശദീകരണം കേൾക്കാതെയും എടുത്ത അവൈലബിൾ എക്സിക്യൂട്ടീവിന്റെ മുൻ തീരുമാനം നിലനിൽക്കുന്നതല്ല എന്നു തീരുമാനിച്ച വിവരം മാധ്യമങ്ങളിലൂടെ അറിയാൻ ഇടയായി. അതിൽ അമ്മ ഭാരവാഹികൾക്കും സഹപ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തുന്നു.

എന്നാൽ ഞാൻ മനസ്സാവാചാ അറിയാത്തൊരു കേസിന്റെ കെണിയിൽ പെടുത്തപ്പെട്ടിരിക്കുന്നതിനാൽ ഈ കേസിൽ കേരളത്തിലെ പ്രേക്ഷകർക്കും ജങ്ങൾക്കും മുന്നിൽ എന്റെ നിരപരാധിത്വം തെളിയിക്കും വരെ ഒരു സംഘടനയുടെയും പ്രവർത്തനങ്ങളിൽ സജീവമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 'ഫിയോക്' എന്ന സംഘടനക്ക് എഴുതിയ കത്തിൽ ഇതു ഞാൻ സൂചിപ്പിച്ചിരുന്നതാണ്. മലയാള സിനിമയിലെ ഒട്ടേറെ അഭിനേതാക്കൾക്ക് ആശ്രയമായി നിൽക്കുന്ന അമ്മ എന്ന സംഘടനയെ എന്റെ പേരും പറഞ്ഞു പലരും അപമാനിക്കുന്നതു കാണുമ്പോൾ സങ്കടം തോന്നുന്നു. അമ്മയുടെ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നു കൊണ്ട്.
ദിലീപ്'


ഇതാണ് കത്ത്. ഇനിയിപ്പോൾ കത്തിലെ ആദ്യഭാഗം തന്നെ പരിശോധിക്കാം. ആദ്യ കളവ് അവിടെ തന്നെയുണ്ട്. താൻ 'അമ്മ ' എന്ന താര സംഘടനയിലെ വെറും ഒരു മെമ്പർ മാത്രമാണ് എന്നു പറയുന്ന ആ അപ്പാവി അഭിനയത്തിൽ തന്നെ ഒളിഞ്ഞിരിക്കുന്നുണ്ട് കളവിലെ കേമന്‍റെ കലാവിരുത്‌. താര സംഘടനയുടെ രൂപീകരണത്തിനു ചുക്കാൻ പിടിച്ച ദിലീപ് പുറത്താക്കപ്പെടുമ്പോൾ അതേ സംഘടനയുടെ ട്രഷറർ ആയിരുന്നു എന്ന കാര്യം അയാൾ എത്ര ഒളിപ്പിക്കാൻ ശ്രമിച്ചാലും മുഴച്ചു തന്നെ നിൽക്കും. താൻപോലും അറിയാതെ തിരിച്ചെടുത്ത താര സംഘടനയുടെ തീരുമാനത്തിന് നന്ദി അർപ്പിക്കുന്ന പൊട്ടൻ കളിയിലും ദിലീപ് എന്ന ഗോപാലകൃഷണ ലീല അതു വായിക്കുന്നവരെ നോക്കി കണ്ണിറുക്കി പുഞ്ചിരി പൊഴിക്കുന്നുണ്ട്.

എന്നാൽ 'കഥാവശേഷന്റെ' യഥാർത്ഥ മുഖം പ്രകടമാകുന്നത് 'അവൈലബിൾ' എക്സിക്യൂട്ടീവ് എന്ന പദപ്രയോഗത്തിലാണ്. ഒരു കമ്മ്യൂണിസ്റ്റ് ജാർഗൺ ഉപയോഗിക്കുകക വഴി കഴിഞ്ഞ നിയമ സഭ-പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ വിജയം വരിക്കാൻ സി പി എമ്മിനെ സഹായിച്ചത് തന്റെ സ്വന്തം താര സംഘടനയാണെന്ന മുന്നറിയിപ്പു കൂടിയുണ്ട്. താര സംഘടനയുടെ എല്ലാ ഊച്ചാളി ഏർപ്പാടുകൾക്കും നിന്നു കൊടുക്കുന്നുവെന്ന ആരോപണം പ്രധാനമായും നേരിടുന്നത് ആ പാർട്ടി തന്നെ ആകയാൽ, താര സംഘടനയുടെ മുൻ നടത്തിപ്പുകാരനും നിലവിലെ നടത്തിപ്പുകാരുമായ ഒരു എം പി യും ഒരു എം എൽ എ യും സർക്കാരിന്റെ ഭാഗമായി തന്നെ നിൽക്കുന്ന മറ്റൊരു എം എൽ എ യും ആകയാൽ സി പി എം അതിനു മറുപടി പറഞ്ഞേ മതിയാവൂ.

ഇക്കാര്യത്തിൽ സി പി എമ്മിനുള്ളിൽ ഗൗരവതരമായ ചർച്ച നടക്കുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നത്. പക്ഷെ ഇത്തരം ചർച്ചകൾ നടക്കുമ്പോഴും കുറ്റാരോപിതനായ നടനെ കുറ്റവിമുക്തൻ ആവും മുൻപ് സംഘടനയിൽ തിരിച്ചെടുത്ത നടപടിയെ അപലപിച്ച സി പി എം സെക്രട്ടേറിയറ്റ് ജനപ്രതിനിധികളായ ഇന്നസെന്റ്, മുകേഷ്, കെ ബി ഗണേഷ് കുമാർ എന്നിവരെ അവരുടെ രാഷ്ട്രീയം നോക്കി ഒറ്റതിരിഞ്ഞു ആക്രമിക്കുന്നുവെന്ന ആക്ഷേപവും ഉന്നയിച്ചു കണ്ടു. തീർത്തും ലജ്ജാകരമായ ഒരു ആക്ഷേപമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ. തങ്ങൾ നിറുത്തി വിജയിപ്പിച്ചെടുത്ത ഈ ജനപ്രതിനിധികൾ താര സംഘടനക്കുള്ളിൽ ആരോപണ വിധേയനായ നടനൊപ്പം ഉറച്ചു നിൽക്കുന്നവരും പുറത്തു വന്നു പൊട്ടൻ കളിക്കുകയും ചെയ്യുന്നവരാണെന്ന് ഇനിയെന്നാണാവോ പാർട്ടി തിരിച്ചറിയുക? ഇത്തരക്കാരെ ഇനിയും സംരക്ഷിക്കാൻ ശ്രമിച്ചാൽ അതിനു ഭാവിയിൽ പാർട്ടി കനത്ത വില തന്നെ നൽകേണ്ടി വരും എന്ന കാര്യത്തിൽ തർക്കം വേണ്ട.

https://www.azhimukham.com/offbeat-cpim-position-on-amma-organization-ssues-critisized/

https://www.azhimukham.com/kerala-statement-condemning-a-m-m-as-decision-to-revoke-the-expulsion-of-dileep/

https://www.azhimukham.com/offbeat-amma-controversy-mla-bijyo-babu/

https://www.azhimukham.com/cinema-dileeps-returns-to-amma-a-script-executed-very-well/

https://www.azhimukham.com/offbeat-two-confessions-writes-saju/

Next Story

Related Stories