TopTop
Begin typing your search above and press return to search.

അത്ര നിഷ്‌കളങ്കമല്ല ഈ ആള്‍ക്കൂട്ടം; ഭരണഘടനയെപ്പോലും വെല്ലുവിളിക്കുന്നു ഈ മോബോക്രസി

അത്ര നിഷ്‌കളങ്കമല്ല ഈ ആള്‍ക്കൂട്ടം; ഭരണഘടനയെപ്പോലും വെല്ലുവിളിക്കുന്നു ഈ മോബോക്രസി

ആള്‍ക്കൂട്ടത്താല്‍ നിയന്ത്രിക്കപ്പെടുന്ന ഒന്നായി അതിവേഗം രൂപമാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. സാമൂഹിക വീക്ഷണകോണില്‍ വ്യക്തികള്‍ ഇല്ലാതാവുകയും ആക്രമണകാരികളായ, ജനാധിപത്യ മൂല്യവ്യവഹാരങ്ങളെ കാറ്റില്‍ പറത്തുന്ന ആള്‍ക്കൂട്ടങ്ങള്‍ ഉദയം ചെയ്യുകയുമാണ്. ഇത്തരം 'mob frenzy', അസ്വീകാര്യമെന്ന് സമൂഹമനസ്സാക്ഷി വിധിയെഴുതിയ പ്രതിലോമകരമായ നിരവധി വിഷയങ്ങളെ സ്വീകാര്യമാക്കിത്തീര്‍ക്കുകയും തങ്ങളുടെ അഭിപ്രായങ്ങള്‍ നിര്‍ദയം അടിച്ചേല്‍പ്പിക്കുകയും ചെയ്യും.

സോഷ്യല്‍ മീഡിയ അഭിപ്രായ രൂപീകരണത്തെ അനിഷേധ്യമാംവിധം സ്വാധീനിക്കുന്ന ഈ കാലത്ത് ഇത്തരം സൈബര്‍ ആള്‍ക്കൂട്ടത്തിന്റെ ഹുങ്കാരം സൈബറിടങ്ങളിലെ അവശേഷിക്കുന്ന ജനാധിപത്യത്തെ പോലും കശാപ്പ് ചെയ്യും വിധം മാരകമാണ്. ഗുജറാത്ത് കലാപത്തിനു ശേഷം ബിജെപിക്കാര്‍ പോലും പരസ്യമായി നരേന്ദ്ര മോദിയെ അനുകൂലിച്ച് രംഗത്തു വരാതിരിക്കുകയും ദേശീയ നേതാക്കള്‍ കൃത്യമായ അകലം പാലിക്കുകയും ചെയ്തിരുന്നു. പക്ഷെ, 2014 തെരഞ്ഞെടുപ്പിന് മുന്‍പായി ഉയര്‍ന്നു വന്ന വികസനവാദിയെന്ന, കൃത്രിമമായി സൃഷ്ടിക്കപ്പെട്ട പൊതുവികാരം ആള്‍ക്കൂട്ടമായി പരിണമിക്കുകയും, അത്തരം ആള്‍ക്കൂട്ടങ്ങള്‍ കൃത്യമായ രാഷ്ട്രീയ പദ്ധതിയോടെ സൈബറിടങ്ങള്‍ കീഴടക്കുകയും, രാജ്യം കണ്ട ഏറ്റവും വലിയ പ്രചാര പദ്ധതിയുടെ ഫലമായി മോദി അധികാരത്തില്‍ വരികയുമാണുണ്ടായത്. മലയാള സിനിമയെ അടുത്ത കാലത്ത് പിടിച്ച് കുലുക്കിയ, നടിയെ ക്വൊട്ടേഷന്‍ കൊടുത്ത് ആക്രമിച്ച സംഭവത്തെ തുടര്‍ന്ന് നടന്‍ ദിലീപ് അറസ്റ്റിലായതും തുടര്‍ന്നുണ്ടായ ചില സംഭവവികാസങ്ങളും ഈ ആള്‍ക്കൂട്ട മന:ശാസ്ത്രത്തിന്റെ പ്രവര്‍ത്തന രീതികളിലേക്ക് വെളിച്ചം വീശുന്നതാണ്.

പുരുഷാധിപത്യത്തിന്റെ ഈറ്റില്ലമായ മലയാള സിനിമയില്‍, കഥയിലും കഥാപാത്രങ്ങളുടെ കാസ്റ്റിംഗിലുമെല്ലാം സൂപ്പര്‍ താരങ്ങള്‍ ഇടപെടുന്ന രീതിയാണ് നിലവിലുള്ളതെന്നത് പരസ്യമായ രഹസ്യമാണ്. നിലവിലെ യാഥാസ്ഥിതിക-ആണധികാര സാമൂഹ്യപരിസരത്തെ ഒട്ടും പരിക്കേല്‍പ്പിക്കാതെ, അതേപടി നിലനിര്‍ത്താന്‍ പ്രതിജ്ഞാബദ്ധരായ സൂപ്പര്‍താര ലോബിയിലെ ഇളമുറക്കാരനായിരുന്നു ദിലീപ്. ഫാന്‍സ് എന്ന വിഡ്ഢിക്കൂട്ടത്തിന്റെ സംഘബലത്തെ വിദഗ്ധമായി ഉപയോഗിച്ചാണ് മലയാളത്തിലെ 'ഏട്ടന്‍-ഇക്ക' സിംഹാസനങ്ങള്‍ എക്കാലത്തും ഉറപ്പിച്ചു നിര്‍ത്തിപ്പോന്നിട്ടുള്ളത്. ഈ പ്രിവിലേജിലേക്ക് അനായാസം നടന്നു കയറിയ ദിലീപിന്റെ കരിയര്‍ തന്നെ ആ വളര്‍ച്ചയുടെയും രൂപമാറ്റങ്ങളുടെയും ഗ്രാഫ് കൃത്യമായി കാണിച്ചു തരുന്നുണ്ട്.

തൊട്ടടുത്ത വീട്ടിലെ പയ്യന്‍ ഇമേജില്‍ നിന്ന്, ജനപ്രിയനായും സൂപ്പര്‍താരമായും വളര്‍ന്ന താരം, അടുത്ത കാലത്ത് ചെയ്ത സിനിമകളെല്ലാം തന്നെ താരപദവി ഉറപ്പിക്കാനും ആരാധകരെ തൃപ്തിപ്പെടുത്താനുമായി മാത്രം പടച്ചുണ്ടാക്കിയതായിരുന്നുവെന്ന് കാണാം. തന്റെ സിനിമയുടെ 'all in all' താന്‍ മാത്രമായിരിക്കണമെന്ന് നിര്‍ബന്ധബുദ്ധിയുണ്ടെന്നു പോലും തോന്നിപ്പിക്കും വിധമാണ് ചിത്രങ്ങളുടെ പേരുകള്‍ പോലും. നായകനായ, എല്ലാം തികഞ്ഞ താരത്തിലേക്ക് മാത്രം ശ്രദ്ധ ക്ഷണിക്കുന്ന ചില ദിലീപ് ചിത്രങ്ങളുടെ പേരുകള്‍ തന്നെ ശ്രദ്ധിക്കുക. 'കാര്യസ്ഥന്‍', 'ശൃംഗാരവേലന്‍', 'നാടോടി മന്നന്‍', 'ഇവന്‍ മര്യാദരാമന്‍', 'മിസ്റ്റര്‍ മരുമകന്‍' തുടങ്ങിയവ, പേരുകള്‍ സൂചിപ്പിക്കുന്ന പോലെ, ആദ്യാവസാനം ദിലീപിന്റെ ഇമേജിനെ പരിപോഷിപ്പിക്കാന്‍ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടവയാണ്. തമാശക്കാരന്‍ പയ്യന്‍ എന്ന തന്റെ ഇമേജിനെ, ജനപ്രിയതാരം ദിലീപ് എന്ന് മാറ്റിയെടുത്തതിനു ശേഷമാണ് ഫാന്‍സ് എന്ന പ്രതിഭാസം ദിലീപിന് വേണ്ടി അരയും തലയും മുറുക്കി രംഗത്തെത്തുന്നത് എന്നതാണ് വാസ്തവം.

നടിയെ ആക്രമിച്ച സംഭവം പുറത്ത് വന്നയുടന്‍ അഭിപ്രായരൂപീകരണങ്ങളെ കാര്യമായി സ്വാധീനിച്ച വാദഗതികള്‍ പലതും 'അസമയ'ത്തെ പെണ്‍ സഞ്ചാരങ്ങളെയും, അതിന്റെ അപകടങ്ങളെയും കുറിച്ചുള്ള സദാചാര ക്ലാസ്സുകളായാണ് ഫേസ്ബുക് ടൈം ലൈനുകള്‍ തോറും സഞ്ചരിച്ചത്. ഡല്‍ഹി നിര്‍ഭയ സംഭവത്തിലെ പെണ്‍കുട്ടി അര്‍ദ്ധരാത്രി പൊതുസ്ഥലത്ത് എന്തു ചെയ്യുകയായിരുന്നുവെന്ന് ചോദിച്ച അതേ 'ആങ്ങളമാരുടെ ആള്‍ക്കൂട്ട'മായിരുന്നു അതും. നടിയോട് സഹതപിക്കുമ്പോള്‍ പോലും, മലയാള സിനിമയിലെ ക്രിമിനല്‍വത്ക്കരണമെന്ന വിഷയത്തെ ഒട്ടും അംഗീകരിക്കാന്‍ കൂട്ടാക്കാതെയാണ് ചര്‍ച്ചകള്‍ മുന്നേറിയത്. അന്വേഷണം ദിലീപിലെക്കെത്തുകയും നടനെ അറസ്റ്റ് ചെയ്യുകയും കൂടിയായപ്പോള്‍ അത്ഭുതപ്പെടുത്തും വിധം ആള്‍ക്കൂട്ടത്തിന്റെ രോഷം നടനെതിരാവുന്നു. ആദ്യമായി, നടിയോടുള്ള പരസ്യമായ ഐക്യപ്പെടലും, തുടര്‍ന്ന് അക്രമകാരികളായ ആള്‍ക്കൂട്ടം തെരുവുകള്‍ കീഴടക്കുകയുമാണുണ്ടായത്. ദിലീപിന്റെ ഹോട്ടലുകള്‍ അടിച്ചു തകര്‍ക്കുകയും തെളിവെടുപ്പിനിടെ വഴിനീളം അക്രമാസക്തരാവുകയുമുണ്ടായി.

എന്താണ് കഴിഞ്ഞ ചില ദിവസങ്ങളിലായി കാണുന്ന കാഴ്ചകള്‍ എന്നു കൂടി പരിശോധിക്കുമ്പോള്‍ മാത്രമേ ചിത്രം പൂര്‍ണമാവൂ. അതിശയിപ്പിക്കും വിധമാണ് ദിലീപിനനുകൂലമായി ഒരു സഹതാപ തരംഗം ഉരുത്തിരിഞ്ഞു വരുന്നത്. ചില സിനിമാക്കാര്‍ തന്നെ തുടക്കമിട്ട ഈ 'സിമ്പതി വേവ്' വളരെ പെട്ടെന്നു തന്നെ സൈബര്‍ ആള്‍ക്കൂട്ടങ്ങള്‍ ഏറ്റെടുക്കുകയും, നടനനുകൂലമായി അഭിപ്രായരൂപീകരണം നടത്തുകയുമാണ്. സിനിമാലോകത്തെ ആണ്‍കോയ്മയുടെ മുഖത്തേറ്റ ഒരടിയായിട്ടാണ് ഈ അറസ്റ്റ് മോബ് സൈക്കോളജിയെ ബാധിച്ചതെന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കും. ഒറ്റ ദിവസം കൊണ്ട് നടിയോട് ചെയ്ത അക്രമങ്ങള്‍ മറന്നു കൊണ്ടാണ് ഈ വിധം ന്യായീകരണക്കമ്മറ്റികള്‍ രൂപം കൊള്ളുന്നത്. ഇതിനു പിന്നില്‍ ഏതെങ്കിലും പി.ആര്‍ ഏജന്‍സിയുണ്ടോ എന്നു പോലും സംശയം തോന്നിപ്പിക്കും വിധമാണ് പുതിയ സംഭവങ്ങള്‍.

ഈ ആള്‍ക്കൂട്ടം പിന്‍പറ്റുന്ന രാഷ്ട്രീയമെന്താണ്? അവിശ്വസനീയമായ വേഗത്തിലാണ് നായകന്‍ വില്ലനും, അതേ വില്ലന്‍ നായകനുമാവുന്നത്. ഒട്ടും ജനാധിപത്യബോധമോ, ജെന്‍ഡര്‍ മര്യാദകളോ ഇല്ലാത്ത ഈ വെട്ടുകിളിക്കൂട്ടം പൊതു ഇടങ്ങള്‍ കയ്യടക്കുകയും, സംവാദത്തിന്റെ തുറകളെ അരാഷ്ട്രീയവല്‍ക്കരിച്ച് ഉപയോഗശൂന്യമാക്കുന്നതുമാണ് ഇന്നത്തെ കാഴ്ച. നടിയോട് ഒരിക്കല്‍ പോലും ഐക്യപ്പെടാത്ത എത്ര സെലിബ്രിറ്റികളാണ് നടനോട് ഐക്യപ്പെടുന്നതെന്നും ശ്രദ്ധിക്കുക. സല്‍മാന്‍ ഖാന്റെ കാര്‍ കയറി കൊല്ലപ്പെട്ട, തെരുവില്‍ ഉറങ്ങുകയായിരുന്നവരെ തെരുവ് പട്ടികളോടുപമിച്ച ഗായകന്‍ അഭിജീത് ഭട്ടാചാര്യയെ അനുസ്മരിപ്പിക്കും വിധമാണ് നടിയെ മറന്ന് കൊണ്ട്, നടനായി വക്കാലത്തേറ്റെടുത്ത സെളിബ്രിറ്റികളും സൈബര്‍ ആള്‍ക്കൂട്ട ഗുണ്ടകളും പെരുമാറുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍, സക്കറിയ തുടങ്ങിയവര്‍ പോലും ദിലീപിനെ ക്രൂശിക്കുന്നതിനെതിരെ രംഗത്തു വരുമ്പോള്‍, മലയാള സിനിമയില്‍ നടക്കുന്ന മാഫിയാവത്ക്കരണമോ പുരുഷമേധാവിത്തമോ ചര്‍ച്ചകളില്‍ ഇടം പിടിക്കുന്നില്ല. അല്ലെങ്കില്‍, ഇത്തരം ഗൗരവതരമായ വിഷയങ്ങള്‍ മന:പൂര്‍വം തിരസ്‌കരിക്കപ്പെടുകയാണ്.

പ്രഹസമായിരുന്ന 'അമ്മ' മീറ്റിങ്ങിനോടും തുടര്‍ന്നു നടന്ന പത്രസമ്മേളനത്തിലെ 'ക്ഷുഭിത നടനങ്ങ'ളോടും സോഷ്യല്‍ മീഡിയയിലെ പുരുഷാരം നിസ്സംഗതയാണ് പുലര്‍ത്തിയത്. ദൈവമായിക്കണ്ട് ആരാധിക്കുന്ന സൂപ്പര്‍താരങ്ങള്‍ 'ഞാനൊന്നുമറിഞ്ഞില്ലേ'യെന്ന മട്ടില്‍ അന്ന് നിശബ്ദരായപ്പോള്‍, ആള്‍ക്കൂട്ട വിചാരണയ്ക്ക് അവരാരും വിധേയരായില്ലെന്നതും ശ്രദ്ധേയമാണ്. അപ്പോള്‍ ഒരു വസ്തുത സുവ്യക്തമായിരിക്കുന്നു. ഈ സംഘടിത പ്രതിഭാസം, ആണധികാരത്തിന്റെ മൂശയില്‍ വാര്‍ത്ത, അന്ധമായ താരാരാധനയില്‍ നിര്‍മ്മിക്കപ്പെട്ട, അധികാര സ്വരൂപങ്ങളെ ഭയക്കുന്ന വെറും കടലാസു പുലി മാത്രമാണ്. പകല്‍ വെളിച്ചത്തില്‍ കൂകി വിളിക്കുന്നവര്‍ തന്നെ രാത്രി ഫേസ്ബുക്കിലെ 'I support Dillep' എന്ന ഹാഷ് ടാഗ് കാമ്പയിന്‍ നടത്തുന്നു.

ആണധികാരത്തെ ചെറുതായെങ്കിലും ചോദ്യം ചെയ്യുന്ന എന്തിനെയും മലയാളിക്ക് ഭയമാണ്. വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയിലെ നടിമാര്‍ പരിഹാസങ്ങള്‍ക്ക് പാത്രമാവുമ്പോള്‍, 'അമ്മ'യെന്ന ഏറാന്‍മൂളി സംഘത്തിലുള്ളവര്‍ വിശുദ്ധരായി മാറുന്നു. 'അമര്‍ അക്ബര്‍ അന്തോണി' എന്ന നാദിര്‍ഷ ചിത്രത്തിലെ ആള്‍ക്കൂട്ട വിചാരണയെ ഗ്ലോറിഫൈ ചെയ്യുന്ന രംഗം പോലെയാണ് മാധ്യമങ്ങളും വിഷയത്തെ സമീപിച്ചത്. മാധ്യമങ്ങളുടെ ഈ അമിതാവേശം മുതലെടുത്താണ് ദിലീപിന്റെ നന്മകള്‍ വാഴ്ത്തുന്ന നിരവധി പോസ്റ്റുകള്‍ ടൈം ലൈനുകള്‍ കീഴടക്കി തുടങ്ങിയത്. കുറ്റാരോപിതനായ ഏതൊരു വ്യക്തിയും കടന്നു പോവുന്ന അഗ്‌നി പരീക്ഷകളെ താരത്തിനും നേരിടേണ്ടി വരുന്നുള്ളൂ. എന്നിട്ടും കടിച്ച കൊതുകിന്റെ എണ്ണവും ഉപ്പുമാവ് കഴിക്കേണ്ടി വന്ന താരത്തിന്റെ ഗതികേടും മാധ്യമങ്ങളും സൈബര്‍ യോദ്ധാക്കളും ഒരുപോലെ ആഘോഷിക്കുന്നു. ഇത്ര മാന്യമായിട്ടാണോ കേരള പോലീസ് സാധാരണക്കാരായ പ്രതികളോട് പെരുമാറുന്നതെന്നും സ്വയം ചോദിക്കാവുന്നതാണ്. ഈ കേസില്‍ പിന്തുണയര്‍ഹിക്കുന്ന, ആക്രമണത്തിനിരയായ നടിയുടെ ഭാഗം ചേരാന്‍ വിസമ്മതിക്കുകയും ദിലീപ് വേട്ടയാടപ്പെടുന്നുവെന്ന് അലമുറയിടുകയും ചെയ്യുന്നതിലെ വിരോധാഭാസവും വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്.

ഇന്ത്യന്‍ ഭരണഘടനയെത്തന്നെ വെല്ലുവിളിക്കുന്ന തരത്തിലാണ് ആള്‍ക്കൂട്ടങ്ങളുടെ അക്രമ സംഭവങ്ങള്‍ ഒന്നൊന്നായി ദൃശ്യപ്പെടുന്നത്. പശു രാഷ്ട്രീയത്തിന്റെ പേരില്‍ വ്യക്തമായ ന്യൂനപക്ഷ വിരുദ്ധ പ്രചാരണവും കായികമായ ആക്രമണങ്ങളും കൊലപാതകങ്ങളും നടക്കുമ്പോള്‍, പ്രതിസ്ഥാനത്ത് കൃത്യമായ മേല്‍വിലാസമില്ലാത്ത ആള്‍ക്കൂട്ടങ്ങള്‍ മാത്രമാണ്. ഇത്തരം 'മോബോക്രസി'യുടെ കാഴ്ചപ്പെടലാണ് ദിലീപിന്റെ അറസ്റ്റ് മുതല്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. സ്ത്രീകള്‍ ഉള്‍പ്പടെ വലിയൊരു ജനവിഭാഗത്തിന്റെ സ്വതന്ത്രചിന്തയെപ്പോലും റദ്ദു ചെയ്യുന്ന രീതിയില്‍ പ്രതിലോമകരമായ ആശയങ്ങളുടെ വേലിയേറ്റമാണ് ഇത്തരം മോബുകള്‍ സൃഷ്ടിക്കുന്നത്. ആള്‍ക്കൂട്ട പ്രതിഭാസത്തോടൊപ്പം ഫാന്‍സ് അസ്സോസിയേഷനുകളെന്ന, അജണ്ടകളുള്ള സംഘങ്ങള്‍ കൂടി ചേരുമ്പോള്‍ അദൃശ്യമായതും മൂര്‍ച്ചയുള്ളതുമായ ഒരായുധം രൂപപ്പെടുകയാണ്. ഇവിടെ സ്വാഭാവിക നീതി അട്ടിമറിക്കപ്പെടുകയും, കൃത്രിമമായ സഹാനുഭൂതി ഉത്പ്പാദിപ്പിക്കപ്പെടുകയുമാണ്. ഇത് തിരിച്ചറിയാതെയുള്ള ഏതൊരു അഭിപ്രായപ്രകടനവും ഐക്യപ്പെടലും തികച്ചും അനൗചിത്യപരവും മനുഷ്യവിരുദ്ധവുമായി മാത്രമേ കാലം അടയാളപ്പെടുത്തൂ. ആള്‍ക്കൂട്ട-ആഭാസത്തരങ്ങളുടെ ലക്ഷ്യങ്ങളെ തിരിച്ചറിയാന്‍, വരികള്‍ക്കിടയിലൂടെ വായിക്കുക തന്നെ വേണം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories