ട്രെന്‍ഡിങ്ങ്

കേരളം പോലൊരു മതേതര സമൂഹത്തില്‍ ഈദ് ഒരു ആഘോഷം മാത്രമല്ല

ഫാഷിസവല്‍ക്കരിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ പലപ്പോഴും ആഘോഷങ്ങളുടെ മഹത്വവും, സുകൃതവും അടയാളപ്പെടുത്തപ്പെടാതെ പോകുന്നു

‘ഈദ്’ എന്ന അറബി പദത്തെക്കുറിച്ച് ഇബ്‌നു ഹജറുല്‍ ഹൈതമിയെന്ന പ്രവാചക അനുയായി എഴുതുന്നു: ”ഈദിന്റെ നിഷ്പത്തി ‘ഔദി’ല്‍ നിന്നാണ്. അതിന്റെ വിവക്ഷ ആവര്‍ത്തനം എന്നാകുന്നു. പെരുന്നാളിന് ഈ പേര് നല്‍കാന്‍ കാരണം വര്‍ഷാവര്‍ഷം പ്രസ്തുത ദിനം ആവര്‍ത്തിച്ചുവരുന്നു എന്നതാകാം. പെരുന്നാള്‍ ദിനം മുസ്ലിം മനസുകളില്‍ സന്തോഷത്തിന്റെ ആവര്‍ത്തനമായെത്തുന്നു എന്ന നിമിത്തവും ഈ പേരിന് പിന്നില്‍ ചിലര്‍ കാണുന്നുണ്ട്. ചില പണ്ഡിതന്മാരുടെ അഭിപ്രായം പെരുന്നാള്‍ സുദിനങ്ങളില്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ദാസന്മാര്‍ക്ക് മേല്‍ വര്‍ഷിക്കുന്നുവെന്ന അര്‍ഥത്തില്‍ ‘അവാഇദുല്ലാഹ് – അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ എന്ന പദത്തില്‍ നിന്നാണ് ‘ഈദ്’ ഉണ്ടായതെന്നാണ്.

മുസ്ലീങ്ങളുടെ ആഘോഷങ്ങള്‍ മഹത്തായ രണ്ട് ആശയതലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒന്ന് ദൈവികം. രണ്ട് മാനുഷികം. ആഘോഷാവസരത്തില്‍ ദൈവത്തെ മറക്കാതിരിക്കുകയെന്നതാണ് ദൈവിക വശം. വികാരങ്ങള്‍ക്കും കാമനകള്‍ക്കും പിറകെയുള്ള നെട്ടോട്ടമല്ല ഈദ്. തക്ബീറും നമസ്‌കാരവും ദൈവ സാമീപ്യത്തിന്നുതകുന്ന കര്‍മങ്ങളും കൊണ്ടാരംഭിക്കുന്ന പെരുന്നാള്‍ ദിനത്തിന് ആത്മീയമായ ഉള്ളടക്കമുണ്ട്. ആരാധനാകര്‍മങ്ങളും നിയന്ത്രണങ്ങളും ഒഴിവാക്കി സര്‍വതന്ത്ര സ്വതന്ത്രനായി മേഞ്ഞു നടക്കാനുള്ള അനുമതിയല്ല ഈദ് നല്‍കുന്നത് എന്നതാണ് ഇസ്ലാമിക മാനം. കൂടുതല്‍ വിനയാന്വിതനായി സമര്‍പ്പിത മനസോടെ ജീവിക്കാനുള്ള ആഹ്വാനമാണ് ഈദിന്റെ ദൈവിക സന്ദേശം. ആനന്ദവും ആഹ്ളാദവും സന്തോഷവും കളിയും വിനോദവും പാട്ടും പുതുവസ്ത്രവും സുഗന്ധവും പരിമളവും എല്ലാം ചേര്‍ന്ന സദ്ഭാവനയുടെയും സുന്ദരാനുഭൂതികളുടെയും നിറവില്‍ മനുഷ്യ മനസ് അനുഭവിച്ചറിയുന്ന ഒരു മനോഹര പ്രപഞ്ചമുണ്ട്-അതാണ് പെരുന്നാളിന്റെ മാനുഷിക വശം. നോമ്പ് വ്യക്തിനിഷ്ഠമായ ആരാധനയാണെങ്കിലും പെരുന്നാള്‍ ആഘോഷം സാമൂഹ്യപരമായതാണ്. കേരളം പോലൊരു മതേതര സമൂഹത്തില്‍ ഈദിന്റെ സാമൂഹ്യ പ്രസക്തിയും ഇതുതന്നെയാണ്.

വിനോദങ്ങളല്ല ആഘോഷങ്ങള്‍; സാമൂഹിക വൈവിധ്യങ്ങളും, സാംസ്‌കാരിക ചരിത്ര പശ്ചാത്തലങ്ങളും, ആഘോഷങ്ങളുടെ വിനോദ സംഗമങ്ങളെ നൈമിഷിക ആരവങ്ങള്‍ക്കപ്പുറം മനുഷ്യബന്ധങ്ങളുടെ സാന്ദ്രതകളിലേക്ക് കടന്നുചെല്ലാന്‍ പാതകളൊരുക്കുന്നു. ഒരു മതേതര സമൂഹത്തില്‍ ഗാഢമായ സാമൂഹികബന്ധങ്ങളുടെ സ്ഥാപനവും, നവീകരണവും സാധ്യമാക്കുന്ന മാധ്യമങ്ങളില്‍ ഒന്നാണ്, മതപരമെങ്കിലും ആഘോഷങ്ങള്‍. ആഹ്ളാദാഘോഷങ്ങളുടെ നൈമിഷികതകള്‍ക്കപ്പുറം മാനവിക മൂല്യങ്ങളുടെ സ്ഥായീരൂപത്തിന്റെ വിളംബരമാണ് എല്ലാ ആഘോഷങ്ങളുടെയും മാനവധര്‍മ്മം. ആ നിലയില്‍ ആഘോഷനിബദ്ധമായ ഒരു സമൂഹം അതിന്റെ വര്‍ത്തമാനകാല സവിശേഷതകളെ ഭൂതകാലത്തിന്റെ ഉണ്മകളോട് ചേര്‍ത്ത് വരും തലമുറയോട് സംവദിക്കുകയാണ്. ഈ ആഘോഷഹര്‍ഷങ്ങള്‍, സദ്യവട്ടങ്ങള്‍ പുതുതലമുറയുടെ സുഭഗമായ ഓര്‍മ്മകളും, ഗൃഹാതുരത്വങ്ങളുമായി സാംസ്‌കാരികവും, ചരിത്രപരവുമായി സ്വയം നവീകരിച്ചും, അംഗീകരിച്ചും പുനര്‍ജ്ജനികളിലൂടെ കടന്നുപോകുന്നു. അങ്ങനെയാണ് മതേതര സമൂഹങ്ങളിലെ ഈദുല്‍ ഫിത്തര്‍ പോലുള്ള മതാത്മക ആഘോഷങ്ങള്‍ പോലും, നിഷ്‌ക്രമിക്കാത്ത അമരത്വമുള്ള ആഘോഷങ്ങളായി ജന്മാന്തരങ്ങളായി കൈമാറപ്പെടുന്നത്. ഫാഷിസവല്‍ക്കരിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ പലപ്പോഴും അതിന്റെ മഹത്വവും, സുകൃതവും അടയാളപ്പെടുത്തപ്പെടാതെ പോകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

ഭാരതീയരായ നാം ഈ ആഘോഷ പൈതൃകങ്ങളിലെ ഉണ്മയും ഉദ്‌ഘോഷങ്ങളും ഐതീഹ്യങ്ങളാല്‍ ജനകീയമാക്കിയവരാണ്. ഈദുല്‍ ഫിത്വര്‍ എന്ന ചെറിയ പെരുന്നാള്‍ മുസ്ലിം സമൂഹതലങ്ങളില്‍ നിന്ന് വളര്‍ന്ന് ഒരു ജനതയുടെ ആഘോഷമായി പരിണമിക്കുന്നതിന്റെ മാനവികത ഈ ജനകീയവല്‍ക്കരണത്തിന്റെ പരിണിതിയാണ്. നാളുകളും ദിവസങ്ങളും ഭാഷാവ്യാഖ്യാനത്തില്‍ ഒന്നുതന്നെയെങ്കിലും പ്രയോഗത്തില്‍ വ്യത്യാസമുണ്ടെന്ന് തോന്നുന്നു. ആ നിലയില്‍ ദിവസങ്ങള്‍ വ്യക്തിജീവിതത്തിലും, സമൂഹത്തിലും സാധാരണവും, നാളുകള്‍ സംഭവബഹുലവുമാണ്. രാഷ്ട്രീയ സംഭവങ്ങള്‍ മുതല്‍ ജനന – മരണ വിവാഹാദികള്‍ തുടങ്ങി ജാതകക്കുറി വരെ നാളുകളാല്‍ അടയാളപ്പെടുത്തുന്നു. അതെന്തായാലും മുസ്ലിങ്ങള്‍ക്കും അവരോട് ഐക്യപ്പെടുന്ന സമൂഹങ്ങള്‍ക്കും പെരുന്നാള്‍ ഹൃദ്യവും, ആഹ്ളാദഭരിതവുമാകുന്നത് സാമ്പത്തിക പരിമിതികളുടെ പരാധീനതകള്‍ ഒരു ദിവസത്തെ മാത്രം വിസ്മൃതിയിലാഴ്ത്തുന്ന മാസ്മരികത കൊണ്ടല്ല. മറിച്ച്, ജീവിതത്തിലെ കര്‍മ്മോത്സുകമായ ഒരു ആഘോഷ സന്ദര്‍ഭത്തിന്റെ അഭൗമമായ ആത്മീയ ആനന്ദത്തിന്റെ അവസരമായതിലാണ്. ആയുസിന്റെ കണക്ക് പുസ്തകത്തിലെ ജീവിത സന്ദര്‍ഭങ്ങളില്‍ മാനവികതയും, മനുഷ്യസ്‌നേഹവും ഉയര്‍ത്തിപ്പിടിക്കുന്ന നന്മകളിലേക്കുള്ള ജീവിതപരിവര്‍ത്തനത്തിന്റെ പ്രയാണം രേഖപ്പെടുത്തുന്നതിനാലാണ്.

ഈദ് ഒരുമയുടെയും ഐക്യത്തിന്റെയും മഹത്തായ സന്ദേശമാണ് വിളംബരം ചെയ്യുന്നത്. ദേശ-കാലാതിവര്‍ത്തിയായി നിലകൊള്ളുന്ന ഇസ്ലാമിന്റെ മഹിതാശയങ്ങളില്‍ മുന്നോട്ട് പോകുന്ന സമൂഹം ഭൂഖണ്ഡാതിര്‍ത്തികളെ ഭേദിക്കുന്ന മാനവികൈക്യത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. റമദാന്‍ നല്‍കിയ വിശുദ്ധിയുടെ വെളിച്ചം ചുറ്റിലും പ്രസരിപ്പിക്കാന്‍ ബാധ്യസ്ഥരാണ് സര്‍വജനങ്ങളും. ഈദിലൂടെ പ്രക്ഷേപണം ചെയ്ത് തുടങ്ങുന്ന സ്നേഹത്തിന്റെയും ഒരുമയുടെയും സന്ദേശം. കാരുണ്യത്തിന്റെയും ആര്‍ദ്രതയുടെയും അലിവിന്റെയും ദയാവായ്പിന്റെയും സന്ദേശവും പെരുന്നാള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ലോകമെങ്ങും നിര്‍ബാധം നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളുടെയും കൊലവിളികളുടെയും പോരാട്ടങ്ങളുടെയും ഫലമായി അനാഥമായ ബാല്യങ്ങള്‍ ദശലക്ഷക്കണക്കിലാണ്. വിധവകള്‍ അതിലേറെയാണ്. വഴിയാധാരമായി തെരുവിന്റെ മക്കളായി അലയുന്ന ഹതഭാഗ്യര്‍ ദശകോടികള്‍. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ അഭയാര്‍ഥികളായി ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍ വേറെ.

നിരപരാധികളായ യുവാക്കള്‍ ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും മുദ്ര ചാര്‍ത്തപ്പെട്ട് ജയിലറകളില്‍ ദുരിതപൂര്‍ണമായ ദിനരാത്രങ്ങള്‍ കണ്ണീരോടെ ജീവിച്ചു തീര്‍ക്കുമ്പോള്‍ അവര്‍ക്ക് പിറവി നല്‍കിയ കുടുംബങ്ങള്‍ക്ക് എങ്ങനെ സന്തോഷം ലഭിക്കാനാണ്! നിസ്വരായ ആ യുവാക്കളുടെ മാതാപിതാക്കളുടെയും ഉറ്റവരുടെയും ഉടയവരുടെയും മക്കളുടെയും വേദനകള്‍ നമ്മുടെ കൂടി വേദനയായി ഏറ്റുവാങ്ങി അവരുടെ വിമോചനത്തിന് വേണ്ടിയുള്ള പ്രാര്‍ഥനയും പ്രവര്‍ത്തനവും നിരന്തരം നടത്തിക്കൊണ്ടിരിക്കാന്‍ പെരുന്നാള്‍ സൃഷ്ടിക്കുന്ന പുതിയ മനുഷ്യര്‍ക്കാവണം. കണ്ണീരിന്റെയും കഷ്ടപ്പാടിന്റെയും കാളരാത്രികള്‍ക്ക് ശേഷം പുഞ്ചിരിയുടെയും സന്തോഷത്തിന്റെയും അരുണോദയത്തിന് സാക്ഷിയാവുന്ന ഒരു സുദിന സൃഷ്ടിപ്പിന്റെ ഉദ്ഘാടനങ്ങളാണ് ഇത്തരം ആഘോഷ സന്ദര്‍ഭങ്ങള്‍.

എല്ലാ ആഘോഷങ്ങളെയുമെന്നതുപോലെ ഇന്ന് ഉപഭോഗസംസ്‌കാരവും, വിരല്‍ത്തുമ്പിലെത്തുന്ന ആഗോള ആഘോഷ വിപണനങ്ങളും, ഈദിനും ഉപരിപ്ലവകരമായി വര്‍ണ്ണങ്ങള്‍ നല്‍കുകയും, അതിന്റെ ആന്തരാര്‍ത്ഥം ചോര്‍ത്തിക്കളയുകയും ചെയ്യുന്നത് ഒരു ആഗോളീകൃത സമൂഹത്തില്‍ സ്വാഭാവികമായി മാറിയിരിക്കുന്നു. കാരണം ആത്മീയതയുടെ ജനുസിലുള്ള, വിശുദ്ധമാക്കപ്പെട്ടതിനെയെല്ലാം മൂല്യവത്തായ ഉല്‍പ്പന്നങ്ങളാക്കി മാറ്റുവാനുള്ള മാര്‍ക്കറ്റിന്റെ ശേഷി വിസ്മയാവഹമാണ്. ഈ ഉപഭോഗ സംസ്‌കാരങ്ങളെക്കൂടി അതിജീവിക്കുന്നുണ്ട് നമ്മുടെ ഓണവും പെരുന്നാളും വിഷുവും ക്രിസ്മസുമടക്കമുള്ള ആഘോഷങ്ങളെന്നത് ആശ്വാസകരമാണ്. അതിന് നമ്മുടെ സാംസ്‌കാരികവും, മൂല്യവത്തായതുമായ നവോത്ഥാന പൈതൃകങ്ങള്‍ ഉണ്മയും ഊര്‍ജ്ജവും നല്‍കുന്നുണ്ട്.

ഈദ് നല്‍കുന്നത് മനുഷ്യ സ്‌നേഹത്തിന്റെയും, പ്രകൃതിയുടെ പ്രാപഞ്ചിക മാനങ്ങളുടെയും പാഠങ്ങളും സന്ദേശവുമാണ്. മഹാനായ സൂഫി കവി മിര്‍സാ ഗാലിബിന്റെ വരികള്‍ ഉദ്ധരിച്ചുകൊണ്ട് അവസാനിപ്പിക്കട്ടെ –

“സ്വര്‍ഗത്തിലെ തേനിനും വീഞ്ഞിനുമുള്ള കൊതിയാവരുത്
ആരാധനയുടെ അടിസ്ഥാനം
സ്വര്‍ഗത്തെ പൊക്കിയെടുത്ത്
ആരെങ്കിലും നരകത്തിലേക്ക് വലിച്ചെറിയട്ടെ…

ഞാനാരാധിക്കുന്ന ദൈവം
അറിവിന്റെ അതിരുകള്‍ക്കപ്പുറത്താണ്
കാണാന്‍ കഴിയുന്നവര്‍ക്ക് ഖിബില
ലക്ഷ്യത്തിലേക്കുള്ള ചൂണ്ടുപലക മാത്രമാണ്”

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി

കേരള ഹൈക്കോടതിയില്‍ അഭിഭാഷകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍