TopTop
Begin typing your search above and press return to search.

കര്‍ണ്ണാടകയില്‍ ഷാ ഇറങ്ങി; ചെങ്ങന്നൂരില്‍ 'പാപ്പ' തീരുമാനിക്കും

കര്‍ണ്ണാടകയില്‍ ഷാ ഇറങ്ങി; ചെങ്ങന്നൂരില്‍
മെയ് 12നു തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകത്തിലും തെരഞ്ഞെടുപ്പ് തിയതി ഇനിയും പ്രഖ്യാപിക്കപ്പെടാത്ത കേരളത്തിലെ ചെങ്ങന്നൂരിലും ഇത് പരീക്ഷകളുടെയും പരീക്ഷണങ്ങളുടെയും കാലം. കർണാടകത്തിൽ ഭരണത്തുടർച്ചയാണ് കോൺഗ്രസ് ലക്ഷ്യമെങ്കിൽ അട്ടിമറി വിജയത്തിനുള്ള തന്ത്രങ്ങൾ മെനയുന്ന തിരക്കിലാണ് ബി ജെ പിയും ജനതദൾ എസും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടു മുൻപ് പുറത്തുവന്ന അഭിപ്രായ സർവ്വേ മുഖ്യമന്ത്രി സിദ്ധാരാമയ്യ നേതൃത്വം നൽകുന്ന കോൺഗ്രസിന് 127 സീറ്റു ലഭിക്കുമെന്നും പ്രവചിച്ചെങ്കിലും കാര്യങ്ങൾ അത്ര എളുപ്പമല്ലെന്ന വിലയിരുത്തലാണ് പൊതുവേയുള്ളത്. കർണാടകത്തിൽ കോൺഗ്രസ് പരാജയം ഉറപ്പു വരുത്താൻ കഴിഞ്ഞാൽ അത് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭ തിരെഞ്ഞെടുപ്പിൽ തങ്ങൾക്കു മേൽകൈ സമ്മാനിക്കുമെന്ന് കരുതുന്നതിനാൽ ബി ജെ പി അതിന്റെ രാഷ്ട്രീയ തന്ത്രജ്ഞൻ അമിത്ഷായെ തന്നെയാണ് കര്‍ണ്ണാടത്തിലേക്കു അയച്ചിരിക്കുന്നത്. സംസ്ഥാനത്തു ആകെയുള്ള 224 സീറ്റിൽ ഏതാണ്ട് 103 എണ്ണത്തിലും നിർണായക ശക്തിയായ ലിംഗായത്തുകളുടെ പിന്തുണ ഉറപ്പിക്കാനുള്ള അമിത്ഷായുടെ ആദ്യ ശ്രമം വിജയം കണ്ടില്ലെന്നത് ബി ജെ പി ക്യാമ്പിനെ തെല്ലൊന്നുമല്ല അസ്വസ്ഥമാകുന്നത്. ഇനിയിപ്പോൾ ലിംഗായത്തുകളെ ശക്തമായി എതിർക്കുന്ന വീരശൈവ വോട്ടുകൾ ഉറപ്പുവരുത്താനുള്ള തീവ്ര ശ്രമത്തിലാണ് അമിത്ഷാ. അതോടൊപ്പം തന്നെ ദളിത് വോട്ടുകൾ ഉറപ്പുവരുത്തുക എന്ന ലക്ഷ്യവുമായി ഷാ ഇന്ന് നഞ്ചങ്കോടിലും എത്തുന്നുണ്ട്.

കർണാടകത്തിൽ തെരഞ്ഞെടുപ്പ് മെയ് 12നും വോട്ടെണ്ണൽ മെയ് 15നും ആണെന്നത് അവിടുത്തെ ജോതിഷികൾക്കു നല്ലകാലം സമ്മാനിച്ചിരിക്കുന്നുവെന്നുള്ളതാണ് അവിടെ നിന്നുള്ള ഏറ്റവും പുതിയ വാർത്ത. വോട്ടെണ്ണൽ ദിനം അമാവാസിയാണെന്നതാണത്രേ ഇതിനു കാരണം. ജോതിഷിമാരെ കണ്ടു പ്രത്യേക പൂജാവിധികൾക്കു ശീട്ട് മുറിപ്പിക്കുന്ന തിരക്കിലാണിപ്പോൾ രാഷ്ട്രീയ നേതാക്കളും സീറ്റു മോഹികളും. ജെ ഡി എസ് നേതാവ് ദേവഗൗഡയും പുത്രൻ കുമാരസാമിയും വിവിധ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾക്ക് വേണ്ട ഏർപ്പാടുകൾ ചെയ്തു കഴിഞ്ഞു. ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി യെദിയൂരപ്പയും അമ്പലങ്ങളിലേക്കുള്ള നെട്ടോട്ടത്തിലാണ്. ഇത്തരം കാര്യങ്ങളിൽ സിദ്ധരാമയ്യക്ക് വലിയ താല്പര്യമില്ലെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ പ്രത്യേക പൂജകൾക്ക് വേണ്ട ഏർപ്പാടുകൾ ചെയ്തുകഴിഞ്ഞെന്നും വാർത്തകൾ പറയുന്നു.

http://www.azhimukham.com/updates-karnataka-cm-siddaramaiah-ask-to-bjp-chief-amit-shah-to-clarify-he-is-hindu-or-jain/

തെരഞ്ഞെടുപ്പ്-വോട്ടെണ്ണൽ തിയ്യതികളുടെ കാര്യത്തിൽ ചെങ്ങന്നൂരിൽ ഇനിയും വ്യക്തത വന്നിട്ടില്ലെങ്കിലും മൂന്ന് മുന്നണികളും നേരത്തെ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിനാൽ അവർ മൂവരും പ്രചാരണ രംഗത്ത് സജീവമായിക്കഴിഞ്ഞു. അമാവാസിയുടെ പ്രശ്നമൊന്നും ചെങ്ങന്നൂരിൽ ഇല്ലെങ്കിലും മണ്ഡലത്തിലെ സകലമാന പള്ളികളിലും അമ്പലങ്ങളിലും മൂന്ന് സ്ഥാനാർത്ഥികളും കയറി ഇറങ്ങുന്നുണ്ട്. പെസഹാ വ്യാഴാഴ്ചയായ ഇന്നലെ ചെങ്ങന്നൂരിലെ പഴയ സുറിയാനി പള്ളിയിൽ നടന്ന അവിൽ നേർച്ച ചടങ്ങ് എൽ ഡി എഫ് സ്ഥാനാർഥി സജി ചെറിയാന്റെയും എൻ ഡി എ സ്ഥാനാർഥി പി എസ് ശ്രീധരൻപിള്ളയുടെയും സാന്നിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായി. യു ഡി എഫ് സ്ഥാനാർഥി വിജയകുമാറിനെ അവിടെയെങ്ങും കണ്ടില്ലെങ്കിലും കോൺഗ്രസിന്റെ മുൻ എം എൽ എ പി സി വിഷ്ണുനാഥ് നേർച്ചയ്ക്ക് എത്തിയിരുന്നു.

http://www.azhimukham.com/trending-india-congress-more-dangerous-than-bjp-hdkumaraswami/

കർണാടകത്തിൽ ജോതിഷികളാണ് ഇപ്പോൾ താരങ്ങളെങ്കിൽ ചെങ്ങന്നൂരിൽ പാലായിലെ 'മാർപ്പാപ്പ'യാണ് മിന്നും താരം. തെറ്റിദ്ധരിക്കേണ്ട. ആള് നമ്മുടെ മാണി സാർ തന്നെ. ചെങ്ങന്നൂരിൽ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയപ്പോൾ മുതൽ താരം അദ്ദേഹം തന്നെ. പാലായിലെ പാപ്പായുടെ ആശീർവാദവും പിന്തുണയുമൊക്കെ തേടിയുള്ള സ്ഥാനാർഥികളുടെയും മുന്നണി നേതാക്കളുടെയും ഒഴുക്ക് തുടരുകയാണ്. എല്ലാവരെയും അനുഗ്രഹിച്ചു അയക്കുന്നതല്ലാതെ പിന്തുണ ആർക്കെന്നു മാണി ഇനിയും മനസ്സുതുറന്നിട്ടില്ലാത്തതിനാൽ ഈ ഒഴുക്ക് ഇനിയും തുടർന്നുകൊണ്ടിരിക്കുമെന്ന കാര്യത്തിൽ തർക്കം വേണ്ട.

http://www.azhimukham.com/keralam-chengannoor-byelection-analysis-writes-kaantony/

Next Story

Related Stories