Top

ക്ഷേത്രാചാരങ്ങളുടെ അഭേദ്യ ഭാഗമല്ല ആനപ്പുറത്തെഴുന്നള്ളിപ്പ്; പിന്നെപ്പോഴാണ് ഇത് ആചാരമായത്?

ക്ഷേത്രാചാരങ്ങളുടെ അഭേദ്യ ഭാഗമല്ല ആനപ്പുറത്തെഴുന്നള്ളിപ്പ്; പിന്നെപ്പോഴാണ് ഇത് ആചാരമായത്?
ഒരു വന്യജീവിയെ പല നിലകളില്‍ പീഡിപ്പിച്ച് സ്വഭാവികമായി അതിന്റെ എല്ലാ സ്വസ്ഥതകളെയും നശിപ്പിച്ച്, ചുട്ടുപൊള്ളുന്ന വെയിലത്ത് നിര്‍ത്തിയും നടത്തിയും, രാത്രിയില്‍ ചൂടു കൊണ്ടു നീറുന്ന പന്തങ്ങളുടെ നടുവില്‍ നിലക്കുനിര്‍ത്തിയും കാതടപ്പിക്കുന്ന ചെണ്ടമേളങ്ങളാല്‍ ഭീതിപ്പെടുത്തിയും ആനയെ ദുരിതക്കയത്തിലാഴ്ത്തുന്ന പരിപാടിയുടെ പേരാണ് ആനയെഴുന്നള്ളിപ്പ്. ആനയെ എഴുന്നള്ളിക്കുന്ന ദിവസം തന്നെ ഹിന്ദു മതത്തിലെ അഹിംസയെ പറ്റി ഭക്തി പ്രഘോഷകര്‍ ക്ഷേത്രത്തില്‍ പ്രഭാഷണങ്ങള്‍ നടത്തുന്നുമുണ്ടാവും. ഇതൊന്നും ഹിംസയില്‍ പെടില്ലെന്ന മട്ടിലാണ് ഭക്തിപ്രഭാഷണങ്ങളുടെ പോക്ക്. കരുണാവാരിധിയും ദയാലുവും വരപ്രദായകനുമായ ദൈവം എഴുന്നള്ളുന്നത് ഒരു ജീവിയെ പരമാവധി ദ്രോഹിച്ചിട്ടാണെന്നത് ഭക്തരെ തെല്ലും അലട്ടുന്നില്ല!

നാരായണ ഗുരു ആത്മോപദേശശതകത്തില്‍ പറയുന്ന ഒന്നുണ്ട്: 'അപരനു വേണ്ടിയഹര്‍ന്നിശം പ്രയത്‌നം കൃപണത വിട്ട് കൃപാലു ചെയ്തിടുന്നു/ കൃപണനധോമുഖനായി കിടന്നു ചെയ്യുന്നപചയകര്‍മ്മമവന്നു വേണ്ടി മാത്രമാകും' എന്ന്. സ്വാര്‍ത്ഥത്തിനായി കൃപയുടെ കണിക അല്പം പോലുമില്ലാതെ ദേവനെ സന്തോഷിപ്പിക്കാനെന്ന വ്യാജേന ആനയെ പീഡിപ്പിക്കുന്ന എഴുന്നള്ളിപ്പെന്ന കര്‍മ്മം അപരപീഡയുടെ ഗണത്തിലാണ് പെടുക. 'ഒരു പീഡയെറുമ്പിനും വരുത്തരുതെന്നുള്ളനുകമ്പയും സദാ നല്കാന്‍' അനുകമ്പാദശകത്തില്‍ നാരായണ ഗുരു പ്രാര്‍ത്ഥിക്കുന്നുണ്ട്. ഇങ്ങനെ പ്രാര്‍ത്ഥിച്ച ഗുരുവിന്റെ ചിത്രവും പ്രതിമയും കൂടി ആനയുടെ മേലെ കയറ്റി എഴുന്നള്ളിക്കുന്നത് എത്രയോ വിചിത്രം.

അതവിടെ നില്ക്കട്ടെ, ഈ ആനയെ എഴുന്നള്ളിക്കുന്നത് ആചാരമായത് എപ്പോഴാണെന്നും പരിശോധിക്കേണ്ടതുണ്ട്. കേരളത്തിലെ തന്ത്രഗ്രന്ഥങ്ങളിലൊന്നും തന്നെ ബിംബം ആന പുറത്തെഴുന്നള്ളിക്കുന്നതിനെ പറ്റി പരാമര്‍ശിക്കുന്നേയില്ല. കൈകളില്‍ ശ്രീബലി ബിംബങ്ങളും മറ്റും എഴുന്നള്ളിക്കുന്നതിനെ പറ്റിയാണ് പരാമര്‍ശമുള്ളത്. ഉത്സവസമയത്ത് ഉത്സവബിംബം കൈയില്‍ നിന്ന് വീണാല്‍ എന്ന തന്ത്ര ഗ്രന്ഥങ്ങളിലെ പരാമര്‍ശം ആനപ്പുറത്തെഴുന്നള്ളിപ്പ് ക്ഷേത്രാചാരങ്ങളുടെ ഭാഗമായിരുന്നില്ല എന്നാണ് തെളിയിക്കുന്നത്. ചില ആഗമങ്ങളില്‍ കുതിരപ്പുറത്തെഴുന്നള്ളിക്കുന്നതിനെ പറ്റി സൂചനകളുണ്ടെങ്കിലും കേരളത്തിലെ താന്ത്രിക ഗ്രന്ഥങ്ങളില്‍ അതുമില്ല. പള്ളിവേട്ടയെ പറ്റി പരാമര്‍ശിക്കുമ്പോള്‍ തന്ത്രസമുച്ചയം എഴുന്നളളിക്കാന്‍ ആന വേണമെന്ന് പറയുന്നേയില്ല. ക്ഷേത്രാചാരങ്ങളുടെ അഭേദ്യ ഭാഗമായിരുന്നു ആനയെ എഴുന്നള്ളിക്കലെങ്കില്‍ തന്ത്ര ഗ്രന്ഥങ്ങളില്‍ അക്കാര്യം തീര്‍ച്ചയായും രേഖപ്പെടുത്തുമായിരുന്നു.

കാലക്രമത്തില്‍ ആനയെ നാം കാണുക കേരളത്തിലെ മധ്യകാലഗ്രന്ഥവരികളിലാണ്. ആനയെ പ്രായശ്ചിത്തമായി നടക്കിരുത്തിയതിന്റെയും ആനയെ വിട്ട് ക്ഷേത്ര പണിയാളുകളെ കൊല്ലിച്ചതിന്റെയും വിവരണങ്ങള്‍ മതിലകം ഗ്രന്ഥവരികളിലുണ്ട്. ആനയെ നടക്കിരുത്തിയത് സംബന്ധിച്ച ക്ഷേത്ര ഗ്രന്ഥവരികള്‍ സൂചിപ്പിക്കുന്നത് പതിനഞ്ചാം നൂറ്റാണ്ടിന് ശേഷം മാത്രമാണ് ആന കേരളീയ ക്ഷേത്രങ്ങളുടെ അവിഭാജ്യ ഘടകമാവുന്നത് എന്നാണ്. ഇങ്ങനെ നോക്കിയാല്‍ ആനയെ എഴുന്നള്ളിക്കുന്നത് താന്ത്രിക വിധിക്കനുസരണമായല്ല എന്ന് വ്യക്തമാണ്. ഈ ആചാരം മധ്യകാലഘട്ടത്തിന്റെ അവസാനം മാത്രം രൂപപ്പെട്ടു തുടങ്ങുന്ന ഒന്നാണ്. പൗരാണികമായ ആചാരം എന്ന പേരിലാണല്ലോ ആചാരവാദികള്‍ ഇതെല്ലാം നിലനിര്‍ത്താന്‍ ശ്രമിക്കുന്നത്. അങ്ങനെ ആയിരത്താണ്ടുകളുടെ പഴക്കമുള്ള ഒന്നല്ല ഇത്.

'പരനു പരം പരിതാപമേകിടുന്നോരെരി നരകാബ്ധിയില്‍ വീണെരിഞ്ഞിടുന്നു' എന്ന ഗുരുവിന്റെ വചനം തീര്‍ത്തും പ്രസക്തമാണ്. ഈശ്വര സായൂജ്യം ഇവ്വിധമുള്ള പര പീഡയില്‍ ആധാരമായുള്ളതാകരുല്ലോ!

Read More:‘അതേ, അമ്മ നന്നായിരിക്കുന്നു, ഇപ്പോഴും ജയിലിലാണ്’; മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത പ്രൊഫ. ഷോമ സെന്നിന്റെ മകള്‍ കോയല്‍ സെന്നിന്റെ കുറിപ്പുകള്‍

Next Story

Related Stories