TopTop

പാര്‍ട്ടി പിളര്‍ത്തിയ ഇ എം എസിന്റെ ചിത്രം സിപിഐ ഓഫീസില്‍ എന്തിന് വെക്കണം?

പാര്‍ട്ടി പിളര്‍ത്തിയ ഇ എം എസിന്റെ ചിത്രം സിപിഐ ഓഫീസില്‍ എന്തിന് വെക്കണം?
ഇക്കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് ഒരു പത്ര വാർത്ത അയച്ചു തന്നു. മാതൃഭൂമി പ്രസദ്ധീകരിച്ച പ്രസ്തുത വാർത്തയുടെ ആദ്യ ഭാഗം ഇങ്ങനെ: "സി പി ഐയുടെ സംസ്ഥാന ആസ്ഥാനമായ എം എൻ സ്മാരകത്തിലെ സെക്രട്ടറിയുടെ മുറിയിൽ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ ചിത്രവും സ്ഥാപിച്ചു. ഇതുവരെയുള്ള പാർട്ടി സെക്രട്ടറിമാരുടെ ചിത്രങ്ങൾക്കൊപ്പമാണ് ഇ എം എസ്സിന്റെ ചിത്രവും വെച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ സെക്രട്ടറിയായിരുന്ന പി കൃഷ്ണപിള്ള മുതൽ സി കെ ചന്ദ്രപ്പൻ വരെയുള്ള സെക്രട്ടറിമാരുടെ ചിത്രങ്ങളാണ് സ്ഥാപിച്ചത്. കൃഷ്ണപിള്ളക്കുശേഷം അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു ഇ എം എസ്."

വാർത്തയുടെ ഇത്രയും ഭാഗം വായിച്ചപ്പോൾ ഒരു പ്രത്യേകതയും തോന്നിയില്ല. കാരണം അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന് ഇപ്പോൾ നമ്മൾ വിളിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സി പി ഐ) യുടെ കേരള ഘടകത്തിന്റെ രുപീകരണത്തിനു നേതൃത്വം നൽകിയവരിൽ ഒരാളും രണ്ടു തവണ സി പി ഐയുടെ സംസ്ഥാന സെക്രട്ടറിയുമായിരുന്നു ഇ എം എസ്. ഇക്കാര്യം സി പി ഐയുടെ ഔദ്യോഗിക വെബ്സൈറ്റും നിഷേധിക്കുന്നില്ല. നവയുഗത്തിൽ നൽകിയിട്ടുള്ള ഫോട്ടോ ഗാലറിയിൽ കേരളത്തിലെ സി പി ഐയുടെ ആദ്യകാല സംസ്ഥാന സെക്രട്ടറിമാരുടെ കൂട്ടത്തിൽ കൃഷ്ണപിള്ളക്ക് തൊട്ടു പിന്നാലെ ചേർത്തിട്ടുള്ള ചിത്രവും ഇ എം എസ്സിന്റേതാണ്.

സി പി ഐ രേഖകൾ അനുസരിച്ചു 1937 ലാണ് ആ പാർട്ടിയുടെ കേരള ഘടകം രൂപം കൊള്ളുന്നത്. അതും കോഴിക്കോട് നടന്ന ഒരു രഹസ്യ യോഗത്തിൽ വെച്ച്. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി നേതാക്കളായിരുന്ന പി കൃഷ്ണപിള്ള, ഇ എം ശങ്കരൻ നമ്പൂതിരിപ്പാട്‌, എൻ സി ശേഖർ, കെ ദാമോദരൻ എന്നിവരും മദിരാശി കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വന്നിരുന്ന സി പി ഐ നേതാവ് എസ് വി ഗട്ടേയുമാണ് അന്നത്തെ രഹസ്യ യോഗത്തിൽ സംബന്ധിച്ചത്. എന്നാൽ സി പി എമ്മിന്റെ വാദം അനുസരിച്ചു 1939 ൽ തലശ്ശേരി പാറപ്പുറത്തു നടന്ന സമ്മേളനത്തിലാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പിറന്നത്. ഈ രണ്ടു രഹസ്യ യോഗങ്ങളിലും പങ്കെടുത്ത നേതാവ് കൂടിയാണ് ഇ എം എസ്.

അപ്പോൾ പിന്നെ സി പി ഐക്കില്ലാത്ത പ്രശ്നം മാതൃഭൂമിക്ക് എന്തിനെന്നു ചോദിച്ചു ബുദ്ധിമുട്ടേണ്ടിവന്നില്ല. അത് ആ വാർത്തയിൽ തന്നെ ഒരു വാരിക്കുന്തം പോലെ എഴുന്നു നിൽക്കുന്നുണ്ട്. അത് ഇങ്ങനെ; "1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉണ്ടായ പിളർപ്പിന്റെ സമയത്തും തുടർന്ന് 1969 ൽ ഇ എം എസ് മന്ത്രിസഭയെ സി പി ഐ വീഴ്ത്തിയതിന് ശേഷവും സി പി ഐ നേതാക്കളും ഇ എം എസ്സും തമ്മിൽ വലിയ ആശയ പോരാട്ടം നടന്നിരുന്നു. 1980 ൽ സി പി ഐയും സി പി എമ്മും ഒരേ മുന്നണിയിൽ എത്തിയിട്ടും ആശയ ഭിന്നത തുടര്‍ന്നിരുന്നു."

http://www.azhimukham.com/newswrap-cpm-cpi-tussle-in-new-hieghts/

അപ്പോൾ അതാണ് കാര്യം. വാർത്തയിൽ പറയുന്ന കാര്യങ്ങൾ ശരിയൊക്കെ തന്നെ. പക്ഷെ ഇപ്പോഴും പല കാര്യങ്ങളിലും സി പി ഐ - സി പി എം തർക്കം തുടരുന്ന സ്ഥിതിക്ക് സി പി ഐ ആസ്ഥാന മന്ദിരത്തിൽ എന്തിനാണ് ഇ എം എസ്സിന്റെ ചിത്രം എന്ന് ലേഖകൻ ചോദിക്കാതെ ചോദിക്കുന്നുണ്ട്. ഒടുവിൽ 'ഇ എം എസ്സിന്റെ ചിത്രം പണ്ട് മുതൽക്കേ സി പി ഐ ഓഫീസിൽ ഉണ്ടായിരുന്നുവെന്ന് സി പി ഐ നേതാക്കൾ പറഞ്ഞതായി ഒരു ചെറിയ വിശദീകരണവും ലേഖകന്റെ വകയായുണ്ട്. ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികൾകൾക്കുമിടയിലുള്ള അഭിപ്രായ ഭിന്നതയെ ഉപയോഗപ്പെടുത്താൻ ഏതെങ്കിലും ഒരു ജേര്‍ണലിസ്റ്റ് ശ്രമിച്ചാൽ അതിനെ കുറ്റം പറയാനാവില്ല. പക്ഷെ എന്തോ ആനക്കാര്യം ചെയ്യാൻ പുറപ്പെട്ടു പരാജയപ്പെട്ട ഒരുവന്റെ ദയനീയത വിളിച്ചോതുന്നതാണ് വാർത്തയുടെ ഒടുവിൽ നൽകിയിട്ടുള്ള ഈ വിശദീകരണവും എന്ന് പറയേണ്ടി വരുന്നു.

ഇത് വാർത്തയുമായി ബന്ധപ്പെട്ട ഒരു വശം മാത്രം. വാർത്തയ്ക്ക് ലേഖകൻ കാണാതെ പോയ മറ്റൊരു വശം കൂടിയുണ്ട്. പാർട്ടിയുടെ രുപീകരണം സംബന്ധിച്ച് ഇരു പാർട്ടികൾക്കും ഇടയിൽ നിലനിൽക്കുന്ന തർക്കത്തിന് ഒരർത്ഥത്തിൽ ചരിത്ര നിഷേധത്തിന്റെ അല്ലെങ്കിൽ വളച്ചൊടിക്കലിന്റെ സ്വഭാവമുണ്ട്. പാർട്ടിയുടെ കേരളത്തിലെ സ്ഥാപക നേതാക്കളിൽ ഒരാളാണെങ്കിലും പാർട്ടി പിളർത്തി മറ്റൊരു പാർട്ടിക്ക് രൂപം നൽകാൻ നേതൃത്വം നൽകിയ ഇ എം എസ്സിന്റെ ചിത്രം വേണമെങ്കിൽ സി പി ഐക്കു ഒഴിവാക്കാം. ഇരു പാർട്ടികളും പൊതുവായി കൊണ്ടുനടക്കുന്ന ഏക കേരള നേതാവ് കൃഷ്ണപിള്ള ആണെന്നിരിക്കെ ഒരുപക്ഷെ ആരും അതിനെ ചോദ്യം ചെയ്തുവെന്ന് വരില്ല. പക്ഷെ സി പി ഐയെ പോലൊരു പാർട്ടിക്ക് അതിന്റെ മുൻ കാല സംസ്ഥാന സെക്രട്ടറിയെ അങ്ങിനെയങ്ങു ഒഴിവാക്കാൻ തോന്നുമെന്ന്‌ കരുതുന്നില്ല.

http://www.azhimukham.com/post-modernism-progressive-literature-ems-mt-nprabhakaran-interview-safiya/

ഇങ്ങനെ ചിന്തിക്കുമ്പോഴും ഓർമ വരുന്നത് വിഖ്യാത സാഹിത്യകാരൻ മിലൻ കുന്ദേരയുടെ 'ചിരിയുടെയും മറവിയുടെയും പുസ്തകം'(ദി ബുക്ക് ഓഫ് ലാഫ്റ്റർ ആൻഡ് ഫോർഗെറ്റിങ്) എന്ന നോവലിലെ ഒരു വിവരണമാണ്. സംഘികൾ മാത്രമല്ല സഖാക്കളും ചിലപ്പോൾ ചരിത്രത്തെ മായ്ച്ചുകളയും എന്നതിനുള്ള തെളിവായി കുന്ദേര 1948ൽ ചെക്കോസ്ലോവാക്യൻ പ്രസിഡന്റും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ക്ലെമെന്റ് ഗോട്ട്വാൾഡ് പ്രാഗിലെ ബറോഖ് പാലസിന്‍റെ ബാല്‍ക്കണിയിൽ നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്യുന്ന ഒരു രംഗം വിവരിക്കുന്നുണ്ട്. നല്ല മഞ്ഞു പെയ്യുന്നുണ്ടായിരുന്നു. അദ്ദേഹത്തിനരികിൽ നിന്നിരുന്ന ക്ലെമെന്റിസ് എന്നയാൾ തന്റെ രോമത്തൊപ്പിയെടുത്തു തലയിൽ വെച്ചുകൊടുക്കുന്നു. ഈ ദൃശ്യം സർക്കാരിന്റെ പ്രചാരണ വിഭാഗത്തില്‍ പെട്ട ഫോട്ടോഗ്രാഫർമാർ ഒപ്പിയെടുത്തു. അതിന്റെ ലക്ഷക്കണക്കിന് കോപ്പികൾ അച്ചടിച്ച് വിതരണം ചെയ്തു. എന്നാൽ നാല് വർഷത്തിനുശേഷം രാജ്യദ്രോഹ കുറ്റത്തിന് ക്ലെമെന്റിസിനെ തൂക്കിലേറ്റിയപ്പോൾ അന്നത്തെ ആ ചിത്രത്തിൽ നിന്നും അയാളെ മായ്ച്ചു കളഞ്ഞു. പക്ഷെ അപ്പോഴും അയാളുടെ തൊപ്പി ചിത്രത്തിലെ പ്രസിഡന്റിന്റെ തലയിലിരുന്നു കൊഞ്ഞനം കുത്തുന്നുണ്ടായിരുന്നു എന്നാണു കുന്ദേര എഴുതിയത്. എത്ര തിരുത്തിയാലും മായ്ച്ചാലും ചരിത്രസത്യത്തിന്റെ ചില ശേഷിപ്പുകൾ ബാക്കിയാവും എന്ന് സാരം.

http://www.azhimukham.com/cpm-cpi-rift-law-academy-issue-history-antony/

Next Story

Related Stories