TopTop

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു വേണ്ടി സ്വന്തം ജീവിതം മാറ്റിവെച്ച അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ രോഗശയ്യയില്‍

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു വേണ്ടി സ്വന്തം ജീവിതം മാറ്റിവെച്ച അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ രോഗശയ്യയില്‍
ഞാന്‍ ഉള്‍പ്പെടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ നിരവധിയുണ്ട്, എന്നാല്‍ സ്വന്തം ജീവിതം തന്നെ ദുരിതബാധിതര്‍ക്കു വേണ്ടി മാറ്റിവച്ചൊരാള്‍ അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ മാത്രമാണ്;

സാഹിത്യകാരനും അധ്യാപകനുമായ അംബികാസുതന്‍ മാങ്ങാടിന്റെ ഈ നിരീക്ഷണം ശരിവയ്ക്കുന്നത് കാസറഗോഡുള്ളവര്‍ മാത്രമല്ല, എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുമായും അവര്‍ നടത്തുന്ന സമരങ്ങളില്‍ നേരിട്ടോ അല്ലാതെയോ പങ്കാളികളായവരുമെല്ലാം തന്നെയുണ്ട്. രണ്ട് പതിറ്റാണ്ടോളമായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ നീതിയും അവകാശങ്ങളും നേടിയെടുക്കാന്‍ നടന്നു വരുന്ന സമരങ്ങളുടെയെല്ലാം നേതൃനിരയില്‍ മെല്ലിച്ച് കുറിയ ശരീരവുമായി അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ ഉണ്ട്. തോറ്റുപോയൊരു ജനതയ്ക്ക് വേണ്ടി പലപല തോല്‍വികള്‍ നേരിടേണ്ടി വന്നെങ്കിലും പോരാട്ടത്തിന് വീര്യം കുറയ്ക്കാതെ മുന്നിട്ടിറങ്ങുന്ന നാട്ടുകാരുടെ പ്രിയപ്പെട്ട കൃഷ്‌ണേട്ടന്‍. നീതി പൂര്‍ണമാകാത്തിടത്ത് പോരാട്ടം ബാക്കി നില്‍ക്കുമ്പോള്‍ ഈ ജനത കൃഷ്‌ണേട്ടനു വേണ്ടി കാത്തിരിക്കുന്നതും അതുകൊണ്ടാണ്. അപകടം തളര്‍ത്തിയ ശരീരത്തിന് പഴയ ഊര്‍ജവും ചടുലതയും തിരിച്ചു കിട്ടേണ്ടത് തങ്ങളുടെ കൂടെ ആവശ്യമാണെന്നവര്‍ക്ക് അറിയാം.

2019 ഫെബ്രുവരിയില്‍ തിരുവനന്തപുരം സെക്രട്ടേറിയേറ്റിനു മുന്നില്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ നടത്തി വന്ന സമരത്തിനിടയിലാണ് അമ്പലത്തറ കുഞ്ഞികൃഷ്ണന് അപകടം സംഭവിക്കുന്നത്. പുലര്‍ച്ചെ സമരപന്തലില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ഓട്ടോ ഇടിക്കുകയായിരുന്നു. പരിക്കേറ്റ കുഞ്ഞികൃഷ്ണനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നു കണ്ട് അദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടു പോയി. എന്നാല്‍ വീട്ടില്‍ ചെന്നശേഷം രക്തം ഛര്‍ദ്ദിക്കുകയും ആരോഗ്യസ്ഥിതി ഗുരുതരമാവുകയും ചെയ്തതോടെ മംഗലാപുരത്ത് ആശുപത്രിയിലേക്ക് കൊണ്ടു പോയി. അവിടെ നടത്തിയ പരിശോധനയിലാണ് തലയോട്ടിയില്‍ ആറിടത്തായി രക്തം കട്ടപിടിച്ചു കിടക്കുന്നത് കണ്ടെത്തിയത്. അപകടത്തിന്റെ ഫലം. തുടര്‍ന്ന് അദ്ദേഹത്തെ ഒരു മേജര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കഴിഞ്ഞ രണ്ടാഴ്ച്ചയോളമായി വീട്ടില്‍ വിശ്രമത്തിലാണ്. മൂന്നൂനാലു മാസങ്ങള്‍ ഇതേ അവസ്ഥയില്‍ അദ്ദേഹത്തിന് വീട്ടില്‍ തന്നെ കഴിയേണ്ടി വരുമെന്നാണ് പറയുന്നത്.

കാസറഗോഡും തിരുവനന്തപുരത്തുമെല്ലാം കുഞ്ഞിക്കൃഷ്ണന്റെയും ജനകീയ മുന്നണിയുടെയും നേതൃത്വത്തില്‍ നടത്തിയ വലിയ സമരങ്ങളാണ് കാലാകാലങ്ങളായി ഭരണകൂടങ്ങളാല്‍ അവഗണിക്കപ്പെട്ടു കിടന്നിരുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പല അവകാശങ്ങളും സ്ഥാപിച്ചു കിട്ടാന്‍ സഹായകമായത്. ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത കുരുതിയെന്നായിരുന്നു എന്‍ഡോസള്‍ഫാന്‍ ദുരിതത്തെ കുഞ്ഞിക്കൃഷ്ണന്‍ എപ്പോഴും കുറ്റപ്പെടുത്തിയിരുന്നത്. ജനങ്ങള്‍ക്ക് അവരുടെ കുറ്റം കൊണ്ട് ഉണ്ടായ അപകടം പോലെയാണ് ഓരോ സര്‍ക്കാരും ദുരിതബാധിതരോട് പെരുമാറിയത്. ഗര്‍ഭസ്ഥ ശിശുവിനെ പോലും കൊന്നും മൃതപ്രായരാക്കിയും നടത്തിയ വിഷം തളിക്കലിന്റെ ഇരകള്‍ ഇനിയും തലമുറകളോളം നീണ്ടു നില്‍ക്കുമെന്നും അദ്ദേഹം പറയുമായിരുന്നു. ഭിക്ഷയല്ല, അവകാശമാണ് ചോദിക്കുന്നത്, എല്ലാം മൂടിവയ്ക്കാന്‍ ശ്രമിക്കുന്നവര്‍ എത്ര ശക്തിയില്‍ വാതിലുകള്‍ കൊട്ടിയടച്ചാലും അത് തുറക്കും വരെ ഞങ്ങള്‍ മുട്ടിക്കൊണ്ടേയിരിക്കുമെന്ന് പറയുമ്പോള്‍ ആ മിതഭാഷിയുടെ ശബ്ദത്തിന് വല്ലാത്തൊരു ഉറപ്പ് ഉണ്ടായിരുന്നു.

എന്‍ഡോസള്‍ഫാന്‍ ഇരകളെ സംഘടിപ്പിക്കുക എന്ന വലിയ ദൗത്യം വിജയകരമാക്കാന്‍ കഴിഞ്ഞു എന്നതാണ് കുഞ്ഞിക്കൃഷ്ണന്റെ നേതൃത്വ മികവിന്റെ തെളിവ്. നടക്കാനോ ഇരിക്കാനോ ശബ്ദം ഉണ്ടാക്കാനോ പോലും കഴിയാത്ത തങ്ങളുടെ കുഞ്ഞുങ്ങളുമായി കാസറഗോഡും അവിടെ നിന്നും കിലോമീറ്റററുകള്‍ സഞ്ചരിച്ച് തിരുവനന്തപുരത്തും തങ്ങളുടെ കുഞ്ഞുങ്ങളുമായി ആഴ്ച്ചകളോളം സമരം ഇരിക്കാനും കുറെ അമ്മമാര്‍ തയ്യാറായത് അവര്‍ക്ക് കൃഷ്‌ണേട്ടനിലുള്ള വിശ്വാസമായിരുന്നു. അന്നാ വണ്ടിയിടിച്ച് വീഴ്ത്തും വരെ കൃഷ്‌ണേട്ടന്‍ അവര്‍ക്കൊപ്പം തന്നെ ഉണ്ടായിരുന്നു. ഏത് കാര്യത്തിനും കൃഷ്‌ണേട്ടന്‍ വിളിച്ചാല്‍ ഞങ്ങള്‍ പോകും, ഞങ്ങള്‍ക്ക് അത്രയ്ക്ക് വിശ്വാസമായിരുന്നു. ഞങ്ങള്‍ക്കു വേണ്ടിയും ഏതു സമയത്തും കൃഷ്‌ണേട്ടന്‍ ഓടിവരും. ഈ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയാണ് കൃഷ്‌ണേട്ടന്‍ ജീവിക്കുന്നത്. ഈ നാട്ടിലെ ഓരോ എന്‍ഡോസള്‍ഫാന്‍ ഇരകളെക്കുറിച്ചും കൃഷ്‌ണേട്ടന് അറിയാം. ആ മനുഷ്യന്‍ വീണുപോയാല്‍ ഞങ്ങളാണ് തളര്‍ന്നു പോകുന്നത്. എത്രയും വേഗം കൃഷ്‌ണേട്ടന്‍ പഴയ കൃഷ്‌ണേട്ടനായി തിരിച്ചു വരാന്‍ ഞങ്ങള്‍ അമ്മമാര്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്; പെരിയയിലെ ജമീലയേയും ചന്ദ്രമതിയേയും പോലെ കൃഷ്‌ണേട്ടന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നവരാണ് ഓരോ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളുടെയും അമ്മമാര്‍.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളോടുള്ള കരുതലിന്റെ കൂടായിരുന്നു അമ്പലത്തറയില്‍ കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പകല്‍ വീട്. ശാരീരികമായും മാനസികമായും പ്രശ്‌നങ്ങള്‍ നേരിടുന്ന കുട്ടികളെ വിട്ട് ഒരു നിമിഷം പോലും മാറിയിരിക്കാന്‍ ദുരിതബാധിത മേഖലയിലെ അമ്മമാര്‍ക്ക് കഴിയില്ല. അമ്മമാര്‍ ഉറങ്ങാത്ത നാട് എന്നു പറഞ്ഞാലും അതിശോക്തിയില്ല. കുട്ടികളെ ഒറ്റയ്ക്കാക്കി പോകാന്‍ കഴിയില്ലെന്നതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും ജോലിക്കോ മറ്റോ പോകാന്‍ സ്ത്രീകള്‍ക്ക് കഴിയില്ല. ഇങ്ങനെയുള്ള അമ്മമാര്‍ക്കും കുട്ടികള്‍ക്കും വേണ്ടിയാണ് കൃഷ്‌ണേട്ടന്‍ പകല്‍വീട് ആരംഭിച്ചത്. വാടക കെട്ടിടത്തിലെ രണ്ടു മുറി സൗകര്യത്തില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ചാണ് പകല്‍വീടുമായി കൃഷ്‌ണേട്ടനും കൂട്ടരും മുന്നോട്ടു പോയത്. സഹായിക്കാന്‍ മനുഷ്യത്വമേറിയ മറ്റുചിലരും ഉണ്ടായിരുന്നു. ഇപ്പോള്‍ പകല്‍ വീട് സ്‌നേഹവീടാണ്. കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഭവന പദ്ധതയില്‍ പെടുത്തിയാണ് സ്‌നേഹവീട് നിര്‍മിച്ചത്. ചില വ്യക്തിപരമായ സഹായങ്ങളും ചേര്‍ത്ത് അത്യാവശ്യം സൗകര്യങ്ങളോടുകൂടിയ ഒരു കെട്ടിടമാണ് സ്‌നേഹവീട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികള്‍ക്ക് വേണ്ടി ഇങ്ങനെയൊരു സൗകര്യം ഉണ്ടാക്കപ്പെട്ടതിന് പലരോടും നന്ദി പറയേണ്ടതുണ്ടെങ്കിലും അതിലും കുഞ്ഞിക്കൃഷ്ണനെ പ്രത്യേകം എടുത്തു പറയണം. ഇപ്പോഴും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെങ്കിലും ദുരിതബാധിതരോട് ഐക്യപ്പെട്ട് നില്‍ക്കുന്നവരുടെയടക്കം സഹായം തേടി കുഞ്ഞിക്കൃഷ്ണന്‍ സ്‌നേഹവീടിനെ മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു. സ്‌നേഹവീടിനും അവരുടെ കൃഷ്‌ണേട്ടനെ എത്രയും വേഗം തിരികെ വേണം.

അടിയന്തരവാസ്ഥകാലത്ത് സജീവമായ നക്‌സല്‍ പ്രവര്‍ത്തകനായിരുന്നു അമ്പലത്തറ കുഞ്ഞികൃഷ്ണന്‍. പിന്നീടൊരിക്കല്‍ സായുധവിപ്ലവം മനുഷ്യസേവനത്തിന് ആവശ്യമില്ലെന്നു മനസിലാക്കി കുഞ്ഞിക്കൃഷ്ണന്‍ ജനങ്ങളിലേക്ക് ഇറങ്ങി. പരിസ്ഥിതിപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചിരുന്നിടത്തു നിന്നാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിരുടെ പോരാളിയായി മാറുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറവും ആ പോരാട്ടം തുടരുമ്പോഴും അഭിനന്ദനങ്ങള്‍ക്കൊപ്പം അവഹേളനങ്ങളും ഒത്തിരി കേള്‍ക്കേണ്ടി വന്നു. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി കൊണ്ട് കോടികള്‍ സമ്പാദിച്ചുവെന്നായിരുന്നു പ്രധാന ആരോപണം. ബെംഗളൂരുവിലും ഗോവയിലുമൊക്കെ ഫ്‌ളാറ്റുകള്‍ ഉണ്ടെന്നു പറഞ്ഞു പരത്തി. ഒരുകാലത്ത് ഒപ്പം ഉണ്ടായിരുന്നവര്‍ തന്നെയാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയത്. അതേ ആരോപണങ്ങളാണ് രോഗശയ്യയില്‍ കിടക്കുമ്പോഴും അദ്ദേഹത്തിനെതിരേ ഉണ്ടാകുന്നത്. ഇടത്തരം സാമ്പത്തികശേഷി മാത്രമുള്ള കുഞ്ഞികൃഷ്ണന്റെ കുടുംബത്തിന് ഇപ്പോള്‍ നടത്തണ്ടി വന്ന ശസ്ത്രക്രിയയുടെയും തുടര്‍ ചികിത്സകളുടെയും ചെലവ് താങ്ങാന്‍ പറ്റുന്നതല്ല. കുഞ്ഞിക്കൃഷ്ണന്റെ അവസ്ഥയറിഞ്ഞവരൊക്കെ തങ്ങളാല്‍ കഴിയുന്ന സഹായം വ്യക്തിപരമായി ചെയ്യുന്നുണ്ട്. ആ കൂട്ടത്തിലാണ് ദുരിതബാധിതരായ കുട്ടികളുടെ അമ്മമാരും തങ്ങളാല്‍ കഴിയുന്ന സഹായം കൃഷ്‌ണേട്ടനു വേണ്ടി ചെയ്തത്. എന്നാല്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രചാരണം ദുരിതബാധിതരായ കുട്ടികളുടെ അമ്മമാരില്‍ നിന്നും നിര്‍ബന്ധിതമായി അമ്പലത്തറ കുഞ്ഞിക്കൃഷ്ണനു വേണ്ടി പണപ്പിരിവ് നടത്തുന്നുവെന്നാണ്. ഇത് കാണിച്ച് പൊലീസിനും കളക്ടര്‍ക്കും പരാതിയും നല്‍കിയിട്ടുണ്ട്. ഇത്തരം പ്രചാരണങ്ങള്‍ തീര്‍ത്തും വ്യാജമാണെന്നാണ് കുഞ്ഞിക്കൃഷ്ണന്റെ സഹപ്രവര്‍ത്തകര്‍ പറയുന്നത്. ഇതുവരെ യാതൊരു പിരിവും കൃഷ്‌ണേട്ടനു വേണ്ടി നടത്തിയിട്ടില്ല. സഹായിച്ചവരൊക്കെ വ്യക്തിപരമായി ചെയ്തതാണ്. ആരെയും നിര്‍ബന്ധിച്ചിട്ടില്ല. അവര്‍ക്ക് കൃഷ്‌ണേട്ടനോടുള്ള സ്‌നേഹവും കടപ്പാടുമാണ് കാണിക്കുന്നത്. തന്റെ ജീവിതം തന്നെ ദുരിതബാധിരായ കുഞ്ഞുങ്ങള്‍ക്കും മനുഷ്യര്‍ക്കും വേണ്ടി മാറ്റിവച്ച ഒരാളെ, അദ്ദഹത്തിന്റെ ഏറ്റവും മോശമായ അവസ്ഥയില്‍ പോലും അപമാനിക്കുന്നത് കൊടും ക്രൂരതയാണെന്നും അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്റെ സഹപ്രവര്‍ത്തകര്‍ പറയുന്നു. വീണു പോയിടത്തു നിന്നും എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നൊരു ജനതയുടെ പിന്തുണയോടെ അപകടത്തെയും അപവാദങ്ങളെയും തോല്‍പ്പിച്ച് കൃഷ്‌ണേട്ടന്‍ തിരിച്ചു വരുമെന്നും ഇവര്‍ ഉറപ്പിച്ചു പറയുന്നു.

Read More: എടുത്തത് അഞ്ച് ലക്ഷം തിരിച്ചടച്ചത് എട്ട് ലക്ഷം; എന്നിട്ടും ബാങ്ക് കരുണ കാട്ടിയില്ല; സ്വയം തീ കൊളുത്തി അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

Next Story

Related Stories