TopTop

ഹൈബി ഈഡന്‍: അച്ഛന്റെ മകനല്ല, പ്രവര്‍ത്തനമികവ് തെളിയിച്ച ഇരുത്തം വന്ന രാഷ്ട്രീയക്കാരന്‍

ഹൈബി ഈഡന്‍: അച്ഛന്റെ മകനല്ല, പ്രവര്‍ത്തനമികവ് തെളിയിച്ച ഇരുത്തം വന്ന രാഷ്ട്രീയക്കാരന്‍
മക്കള്‍ രാഷ്ട്രീയമാണ് കോണ്‍ഗ്രസില്‍ ഏറ്റവുമധികം വിവാദം ഉണ്ടാക്കിയിട്ടുള്ളതും മറ്റുള്ളവര്‍ ഈ ദേശീയ പാര്‍ട്ടിയെ പരിഹസിക്കാനും വിമര്‍ശിക്കാനും ഉപയോഗിച്ചിട്ടുള്ളതും. കോണ്‍ഗ്രസിലെ ഇന്നത്തെ യുവതലമുറയില്‍പ്പെട്ട നേതാക്കളും ജനപ്രതിനിധികളായിട്ടുമുള്ള പലരും ഈ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും വിധേയരായിട്ടുള്ളവരാണ്. ആ കൂട്ടത്തില്‍ ഒരാളാണ് ഹൈബി ഈഡന്‍. ജോര്‍ജ് ഈഡന്‍ എന്ന അതികായന്റെ മരണം അദ്ദേഹത്തിന്റെ മകന് നേടിക്കൊടുത്ത സൗഭാഗ്യങ്ങളാണ് 27 ആം വയസില്‍ കിട്ടിയ എംഎല്‍എ സ്ഥാനമെന്നും അച്ഛന്റെ പാരമ്പര്യം മാത്രം രാഷ്ട്രീയ കൈമുതലാക്കിയാണ് പാര്‍ലമെന്ററി സ്ഥാനങ്ങള്‍ കൈവശം വയ്ക്കുന്നതെന്നുമടക്കം ഹൈബിക്കെതിരേ ആരോപണങ്ങള്‍ ഉയര്‍ത്തിയവരില്‍ കൂടുതലും സ്വന്തം പാര്‍ട്ടിയില്‍ ഉള്ളവരാണ്. ഇപ്പോഴിതാ, ലോക്‌സഭ മത്സരത്തില്‍ എറണാകുളം മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ പാര്‍ട്ടി ദേശീയ നേതൃത്വം ഹൈബിയെ ചുമതലപ്പെടുത്തിയപ്പോഴും മക്കള്‍ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് എന്ന പ്രചാരണം അദ്ദേഹത്തിനെതിരേ വീണ്ടും ശക്തമാകുന്നു.

ഈ ആരോപണം ഒരിക്കല്‍ ഹൈബിയോട് നേരിട്ട് ചോദിച്ചിരുന്നു. ജോര്‍ജ് ഈഡന്റെ മകനായതുകൊണ്ടല്ലേ താങ്കള്‍ക്ക് ചെറിയ പ്രായത്തില്‍ തന്നെ സീറ്റ് കിട്ടിയതെന്ന ചോദ്യത്തിന് ഒറ്റ വാക്കിലല്ല ഹൈബി മറുപടി പറഞ്ഞത്. എന്റെ പിതാവ് ആണ് എന്റെ രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യഘടകം എന്നു ചിലര്‍ പറയുന്നു. തീര്‍ച്ചയായും എന്റെ പിതാവ് എന്നും എനിക്ക് പ്രചോദനമാണ്. രാഷ്ട്രീയത്തില്‍ മാത്രമല്ല, ജീവിതത്തിലും. പക്ഷേ, പിതാവിന്റെ പേര് ഉപയോഗിച്ചല്ല ഞാനെന്റെ രാഷ്ട്രീയ ജീവിതം വളര്‍ത്തിയത്. എനിക്ക് സ്ഥാനങ്ങള്‍ കിട്ടിയിട്ടുണ്ടെങ്കില്‍, അതിന് ഞാന്‍ അര്‍ഹനായതുകൊണ്ടാണ്; അന്ന് ഹൈബി ഇതു പറയുമ്പോള്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനെ കുറിച്ച് ആരും ചിന്തിച്ചു തുടങ്ങിയിട്ടേയുണ്ടായിരുന്നില്ല.

തേവര എസ് എച്ച് കോളേജിലെ കെ എസ് യു യൂണിറ്റ് സെക്രട്ടറിയായാണ് ഹൈബിയുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. പ്രീഡിഗ്രി റെപ്രസെന്റേറ്റീവ് ആയി തെരഞ്ഞെടുക്കുന്നതാണ് ആദ്യ രാഷ്ട്രീയ വിജയം. 2001 ല്‍ എംജി യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു. 2002 ല്‍ കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി, 2003 ല്‍ കോളേജ് യൂണിയന്‍ ചെയര്‍മാനായി. 2004 ല്‍ കെഎസ് യു എറണാകുളം ജില്ല പ്രസിഡന്റായി നിയമിതനായി. 2007 ല്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റായി. ഹൈബി സംസ്ഥാന പ്രസിഡന്റായിരിക്കുന്ന സമയത്താണ് പാഠപുസ്തക സമരവും ബസ് കണ്‍സഷന്‍ സമരവും കെ എസ് യു നയിച്ചതും വിജയം നേടിയതും. 2008 ല്‍ ഹൈബി എന്‍ സ് യു പ്രസിഡന്റായി. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് കിട്ടാവുന്ന ഏറ്റവും പരമപ്രധാനവും അഭിമാനകരവുമായ സ്ഥാനമായിരുന്നു എന്‍ എസ് യു പ്രസിഡന്റ്.

2003 ല്‍ ആണ് ഹൈബിയുടെ പിതാവും എറണാകുളത്തെ എംഎല്‍എയുമായിരുന്ന ജോര്‍ജ് ഈഡന്റെ അകാലവിയോഗം. ജോര്‍ജ് ഈഡന്റെ മകനായതുകൊണ്ട് ഹൈബിക്ക് എറണാകുളം സീറ്റ് കിട്ടിയതെന്നു പറയുന്നതില്‍ കഴമ്പില്ല. കാരണം, ഈഡന്‍ മരിച്ച് എട്ടോ പത്തോ വര്‍ഷം കഴിഞ്ഞാണ് ഹൈബിക്ക് നിയമസഭ സീറ്റ് കിട്ടുന്നത്. എറണാകുളം പോലൊരു ഉറച്ച സീറ്റ് കിട്ടിയത് അച്ഛന്റെ പേരിലല്ലേ എന്നൊരു വിമര്‍ശനം അപ്പോഴും ബാക്കിയായിരുന്നു. അതെന്റെ പിതാവിന്റെ ആനുകൂല്യമായി തന്നെയിരിക്കട്ടെ, അങ്ങനെയാണെങ്കില്‍ ഒരു തവണയല്ലേ ഞാനവിടെ ജയിക്കൂ. ആ മണ്ഡലം നിലനിര്‍ത്താന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതെന്റെ കഴിവല്ലേ? സെബാസ്റ്റ്യന്‍ പോള്‍ എന്ന ശക്തനായ സ്ഥാനാര്‍ത്ഥിയെ 32,000 ത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ഞാന്‍ തോല്‍പ്പിച്ചത്; ആ വിമര്‍ശനത്തോട് ഹൈബിക്കുള്ള മറുചോദ്യം ഇതായിരുന്നു. എറണാകുളം കോണ്‍ഗ്രസ് കുത്തക മണ്ഡലമാണെന്ന് പറയാന്‍ കഴിയുമോ? എന്നൊരു ചോദ്യം കൂടി ഹൈബിക്കുണ്ട്. ശരിയാണ്, ഇടതുപക്ഷത്തിനുവേണ്ടി സാനു മാഷും സെബാസ്റ്റ്യന്‍ പോളും, സേവ്യര്‍ അറയ്ക്കലുമൊക്കെ മത്സരിച്ച് ജയിച്ചിട്ടുണ്ട് എറണാകുളത്ത്.ഹൈബിയുടെ രാഷ്ട്രീയം ശ്രദ്ധിച്ചവര്‍ക്കൊക്കെ ഈ യുവ നേതാവ് ഉന്നയിക്കുന്ന വിഷയങ്ങളിലെ പ്രസക്തി മനസിലാകും. കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒരുകൂട്ടം ജ്ഞാനവൃദ്ധര്‍ അവരുടെ മടിശീലയില്‍ പൊതിഞ്ഞു വച്ചിരുന്നിടത്തു നിന്നും കുറച്ച് യുവാക്കളിലൂടെ, അതിന്റെ രാഷ്ട്രീയപ്രസക്തി തിരികെ പിടിക്കാന്‍ തുടങ്ങിയ മുന്നേറ്റത്തിലാണ് ഹൈബിയെ പോലുള്ളവര്‍ ശ്രദ്ധേയരാകുന്നത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ ഈ നേതാവ് പ്രകടിപ്പിച്ച നേതൃത്വഗുണവും സംഘടനാപാടവും ചുറുചുറുക്കും തന്നെയാണ് എന്‍എസ്‌യുവിന്റെ അഖിലേന്ത്യ അധ്യക്ഷ പദവിയിലേക്ക് എത്തിക്കുന്നത്. യുവാക്കളെ കുറിച്ച് മുതിര്‍ന്ന നേതാക്കള്‍ എന്നും പറഞ്ഞു പരിഹസിക്കുന്ന ഭാഗ്യാന്വേഷികള്‍, പെട്ടിചുമട്ടുകാര്‍,ദാനം മേടിക്കാന്‍ നില്‍ക്കുന്നവര്‍ തുടങ്ങിയ ആക്ഷേപങ്ങള്‍ ഒന്നും ഹൈബിയുടെ നേട്ടങ്ങളില്‍ ചേര്‍ത്തു വയ്ക്കാന്‍ കഴിയുമായിരുന്നില്ല. രാഹുല്‍ ഗാന്ധി എന്ന നേതാവ് തന്നെയാണ് അതിനുള്ള തെളിവ്. പാര്‍ട്ടിയെ നയിക്കാന്‍ യുവതലമുറയെ കണ്ടെത്താനുള്ള രാഹുലിന്റെ വിജയിച്ച ശ്രമങ്ങളില്‍ ഒന്നു തന്നെയായിരുന്നു ഹൈബി. കിച്ചന്‍ കാബിനറ്റുകാര്‍ക്ക് നിര്‍ബന്ധിത റിട്ടയര്‍മെന്റ് വിധിച്ചു തുടങ്ങിയ രാഹുലിന്റെ ലക്ഷ്യബോധങ്ങളെ പ്രതിഫലിക്കുന്ന തീരുമാനമായിരുന്നു ഹൈബി ഈഡനെ എറണാകുളം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കുക എന്നതും. ആരെയെങ്കിലും അട്ടിമറിച്ചുകൊണ്ട് നേടിയെടുത്ത കാര്യമല്ലായതെന്ന് രാഹുലിനെ നിരീക്ഷിക്കുന്നവര്‍ക്ക് മനസിലാകും. അട്ടിമറിച്ചതും തട്ടിയെടുത്തതും ആരാണെന്നു പറയാതെ പറയുന്നുണ്ട് ഹൈബിയും.

2009 ല്‍ ലോക്‌സഭയിലേക്ക് മത്സരിക്കാനുള്ള പേരുകാരനായിരുന്നു ഞാന്‍. അന്ന് എനിക്കതില്‍ ആഗ്രഹവുമുണ്ടായിരുന്നു. പക്ഷേ... ആ പക്ഷേ പൂരിപ്പിച്ചാല്‍ ഒരു രാഷ്ട്രീയ ചതിയുടെ വിശദീകരണം കിട്ടും. ഹൈബി അതിന് ഇപ്പോള്‍ തയ്യാറാകുന്നില്ലെന്നു മാത്രം. എന്നാല്‍ ആ കഥ നമുക്ക് അറിയാത്തതുമല്ല. അന്ന് ലോകസഭ മത്സരത്തിനു ഹൈബിയുടെ പേര് നിര്‍ദേശിക്കപ്പെട്ടത് എന്‍എസ് യു പ്രസിഡന്റ് എന്ന നിലയിലായിരുന്നു. രാഹുലിന് പ്രത്യേക താത്പര്യവുമുണ്ടായിരുന്നു. എന്നാല്‍ 2009 ല്‍ ജന്‍പഥില്‍ തമ്പടിച്ചവര്‍ ഹൈബിയെ വെട്ടി. ഹൈബിയെ ഏറെ വേദനിപ്പിച്ച സംഭവം. ആരോടും പരാതി പറയാനില്ലാതെ, എല്ലാം സഹിക്കാന്‍ മാത്രമെ ആ ചെറുപ്പക്കാരന് അന്നു കഴിയുമായിരുന്നുള്ളു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാതെ പോയതിനെക്കുറിച്ചുള്ള എന്‍ എസ് യുവിന്റെ നേതൃത്വ സ്ഥാനത്ത് എനിക്ക് എത്താന്‍ കഴിഞ്ഞല്ലോ എന്നോര്‍ത്താണ് ഞാന്‍ അഭിമാനം കൊണ്ടതെന്നാണ് ഹൈബി പറഞ്ഞത്. പക്ഷേ, ആ കൂട്ടത്തില്‍ ഒരു കാര്യം കൂടി ഹൈബി ഓര്‍മിപ്പിച്ചിരുന്നു; ഞാന്‍ കെട്ടിയിറക്കപ്പെട്ടവനല്ല. ഇവിടെവരെയെത്തിയത് പ്രവര്‍ത്തിച്ചു തന്നെയാണ്.

Next Story

Related Stories