TopTop
Begin typing your search above and press return to search.

ഇന്ദിര ഭയപ്പെട്ട അതേ കോട്ട്, മോദിയും പിണറായിയും ഭയക്കുന്നു

ഇന്ദിര ഭയപ്പെട്ട അതേ കോട്ട്,  മോദിയും പിണറായിയും ഭയക്കുന്നു

വലിയ മാധ്യമസാന്ദ്രതയുള്ള നാടാണ് നമ്മുടേത്. ദിനപത്രങ്ങള്‍ക്കും വാര്‍ത്താ ചാനലുകള്‍ക്കും ഇപ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും പ്രചാരമേറി വരുന്നു. പത്ര-ദൃശ്യ-ഓണ്‍ലൈന്‍ വ്യത്യാസമില്ലാതെ മലയാള മാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്‌തിട്ടുള്ള രാഷ്‌ട്രീയനേതാവിന്റെ പേരുകളില്‍ ഒന്നാണ് പിണറായി വിജയന്‍. പിണറായി വിജയനും മാധ്യമങ്ങളും തമ്മിലുള്ള ശീത യുദ്ധത്തിന് പത്തു വർഷത്തിന് മുകളിൽ പ്രായം ഉണ്ട്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ചുമതല ഏറ്റെടുതെ ശേഷവും മാധ്യമങ്ങളോടുള്ള നിലപാടിൽ ഒരടി പിന്നോട്ടു പോകാൻ പിണറായി വിജയൻ തയ്യാറായിട്ടില്ല, കടക്കു പുറത്തു മുതൽ താൻ മാധ്യമങ്ങളുടെ ചെണ്ടയല്ലെന്നു വരെ എത്തി നിൽക്കുന്നു പിണറായി വേഴ്‌സസ് മാധ്യമങ്ങളുടെ പോരധ്യായങ്ങൾ. പിണറായി വിജയന്‍റെ മാധ്യമങ്ങളോടുള്ള നിലപാടിനെ കുറിച്ച് എം അബ്ദുൽ റഷീദ് എഴുതുന്നു.

എല്ലാ കാലത്തും രാഷ്ട്രീയപ്പാർട്ടികൾക്കും നേതാക്കൾക്കും വലിയ അലോസരമാണ് മാധ്യമങ്ങൾ. കാരണം ജനം എന്തൊക്കെ അറിയരുത് എന്നു രാഷ്ട്രീയക്കാർ ആഗ്രഹിക്കുന്നുവോ അതൊക്കെയാണ് മാധ്യമങ്ങൾ ചർച്ച ചെയ്യുക.

അടിയന്തിരാവസ്ഥയ്ക്ക് തൊട്ടു മുൻപ് അന്നത്തെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രി ഐ.കെ ഗുജ്റാളിനോട് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പൊട്ടിത്തെറിച്ച ചരിത്രമുണ്ട്. “ആകാശവാണിയുടെയും ദൂരദര്‍ശന്‍റെയും എല്ലാ വാര്‍ത്തകളുടെയും സ്ക്രിപ്റ്റ് പ്രക്ഷേപണത്തിനു മുമ്പ് എനിക്ക് ഇവിടെ ലഭിച്ചിരിക്കണം. എഡിറ്റ് ചെയ്യാത്ത ഒന്നും ജനം കേൾക്കണ്ട…”

“ക്ഷമിക്കണം മാഡം, എനിക്കുപോലും അത് കിട്ടാറില്ല,” എന്ന ഗുജ്റാളിന്‍റെ വിനീതമായ മറുപടി ഇന്ദിരയെ കൂടുതല്‍ ചൊടിപ്പിച്ചു. “നിങ്ങള്‍ കണ്ടാലും ഇല്ലെങ്കിലും പ്രധാനമന്ത്രിയായ എനിക്കവ കണ്ടേ തീരൂ..!”

ഇന്ദിരാഗാന്ധിയുടെ കുടുംബസുഹൃത്തായ മുഹമ്മദ് യൂനുസ് ഒരു ദിവസം ഗുജ്റാളിനെ വിളിച്ചിട്ട് പറഞ്ഞു: "അടിയന്തിരാവസ്ഥയെച്ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടെന്നാണ് ആ ബി.ബി.സി ലേഖകന്‍ മാർക് ടള്ളി റിപ്പോര്‍ട്ട്ചെയ്യുന്നത്. വേഗം അയാളെ അറസ്റ്റുചെയ്ത് ആ പാന്‍റും കോട്ടും അഴിച്ചെടുത്തു ജയിലിലടയ്ക്കൂ..!”

“സുഹൃത്തേ, അറസ്റ്റ് എന്‍റെ വകുപ്പല്ല. നിങ്ങള്‍ ആഭ്യന്തരമന്ത്രാലയത്തിലേക്ക് വിളിക്കൂ..” എന്നു പറഞ്ഞ് ഗുജ്റാള്‍ ഒഴിഞ്ഞുമാറിയെന്നു കൂമി കപൂറിന്റെ പുസ്തകത്തിൽ പറയുന്നു.

ശ്രദ്ധിക്കണം, മാധ്യമപ്രവർത്തകന്റെ വലിയ വിലയോ അധികാരമോ ഒന്നുമില്ലാത്ത കോട്ട് ഇന്ദിരയേയും മോദിയെയും പിണറായിയെയും ഒരേപോലെ അലോസരപ്പെടുത്തുന്നതാണ്, അന്നും ഇന്നും എന്നും.

“ഗുജറാത്ത് വംശഹത്യയോര്‍ത്ത് താങ്കള്‍ക്ക് ഖേദമില്ലേ?” എന്ന ഒറ്റ ചോദ്യത്തിലാണ് കരണ്‍ഥാപ്പറുടെ അഭിമുഖം നിര്‍ത്തി മോദി ക്ഷുഭിതനായി ഇറങ്ങിപ്പോയത്. തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് അഭിമുഖത്തിനെത്തിയ തന്നെ പ്രചാരണ ബസിന്‍റെ തറയിലിരുത്തിച്ച് അപമാനിച്ച നരേന്ദ്ര മോദിയെക്കുറിച്ച് രാജ്ദീപ് സര്‍ദേശായി പിന്നീട് എഴുതി.

അടിയന്തിരാവസ്ഥയ്ക്ക് നാലു പതിറ്റാണ്ട് കഴിഞ്ഞിട്ടും നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ക്ക് ഇനിയും മാധ്യമങ്ങളോടുള്ള പക മാറിയിട്ടില്ല. മാധ്യമങ്ങളുടെ മൂര്‍ച്ചയുള്ള ചോദ്യങ്ങൾ മോദി മുതല്‍ പിണറായിവരെ എല്ലാവരേയും അസ്വസ്ഥരാക്കുന്നു.

ഐസ്‌ക്രീം പാർലർ കേസിലെ വെളിപ്പെടുത്തലുകളുടെ കാലത്ത് കുഞ്ഞാലിക്കുട്ടിക്കും അദ്ദേഹത്തിന്റെ അണികൾക്കും മാധ്യമങ്ങൾ ഉണ്ടാക്കിയ അലോസരം ചില്ലറയല്ല. സോളാർ കാലത്ത് ഉമ്മൻചാണ്ടിക്ക്, ബാർ കോഴ കാലത്ത് മാണിക്ക്, മന്ത്രി ബാബുവിന്, എസ് എൻ സി ലാവലിൻ കേസ് കാലത്ത് പിണറായി വിജയന് ഒക്കെ മാധ്യമങ്ങൾ കടുത്ത ആലോസരമായി. നോട്ട് നിരോധന കാലത്ത് സംഘ്പരിവാറിന് മലയാള മാധ്യമങ്ങൾ ഉണ്ടാക്കിയ ശല്യം ചെറുതല്ലായിരുന്നു.

മലയാളത്തിൽ, ഏതാണ്ട് ഒരേ മാധ്യമ പ്രവർത്തകർ വ്യത്യസ്തമായ രാഷ്ട്രീയ സാഹചര്യങ്ങളിൽ വ്യത്യസ്ത രാഷ്ട്രീയനേതാക്കളുടെയും അണികളുടെയും ആക്രമണത്തിനും പരിഹാസത്തിനും ഭീഷണിയ്ക്കും വിധേയരായിക്കൊണ്ടിരിക്കുന്നു. അത് ഇനിയും തുടരുകയും ചെയ്യും.

വളരെ അഗ്രസ്സീവ് ആയ കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങളും സോഷ്യൽമീഡിയ പരിസരവും അറിയുന്ന ഒരു മാധ്യമപ്രവർത്തകന്റെയും ജോലിയെ/നിലപാടുകളെ ഈ സൈബർ ഹൂളിഗനിസം ഒട്ടും ബാധിക്കാൻ ഇടയില്ല. മാധ്യമങ്ങൾ അവരുടെ ജോലി തുടരും. അണികൾ അവരുടേതും.

പറഞ്ഞുവന്നത് അതല്ല. ഫാസിസത്തിനെതിരെ രാഷ്ട്രീയ ബദൽ എന്നൊക്കെ മാധ്യമങ്ങൾതന്നെ വിശേഷിപ്പിക്കുന്ന പാർട്ടികളുടെ അണികളും സത്യത്തിൽ ആഗ്രഹിക്കുന്നത് മാധ്യമ വിമർശനങ്ങൾ ഇല്ലാത്ത ഒരു ജനാധിപത്യമാണ്. നേതാവിന് എതിരെ ആരും മിണ്ടരുത് എന്നാണ്. ഒരു രാഷ്ട്രീയ വിമർശനത്തെയോ ഒരു ദാരുണസംഭവത്തിന്റെ വസ്തുതകളെയോ ഒക്കെ പ്രതിരോധിക്കേണ്ടത് സോഷ്യൽമീഡിയ ഹൂളിഗനിസം കൊണ്ടാണ് എന്നാണ് സി പി എം പോലും അണികളെ പഠിപ്പിക്കുന്നത്. അത് സത്യത്തിൽ അമ്പരപ്പിക്കുന്ന ഒരു അറിവാണ്.

പോലീസ് അടിച്ചുകൊന്ന നിരപരാധിയുടെ ചോരയും പോലീസ് കൂട്ടുനിന്നു കൊന്ന് തോട്ടിൽ തള്ളിയ ദലിത് യുവാവിന്റെ ചോരയും ഒരു ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ റദ്ദാക്കപ്പെടുമെന്ന അബദ്ധധാരണയാണ് കമ്യുണിസ്റ്റ് സൈബർ സംഘങ്ങളെ നയിക്കുന്നത് എന്നു തോന്നുന്നു.

ആ അറിവിന്റെ ഉന്മാദത്തിൽ ബി ജെ പിയുടെ തോൽവിപോലും അപ്രസക്തമാവുകയും “മാധ്യമങ്ങളെ തോൽപ്പിച്ചേ…” എന്നു അവർ ആക്രോശിക്കുകയും ചെയ്യുന്നു. അങ്ങേയറ്റം ദരിദ്രമായ സങ്കുചിതത്വം പ്രകടമാകുന്നുണ്ട്, പാകതയുണ്ടെന്നു കരുതപ്പെട്ടവരുടെ പ്രതികരണങ്ങളിൽപോലും.

സോഷ്യൽമീഡിയയിലെ പാർട്ടി പ്രചാരണത്തിനായി ഒരു സംസ്ഥാന സമിതിയംഗത്തിന്റെ നേതൃത്വത്തിൽ സജീവമായ പ്രത്യേക സംഘംതന്നെ സി പി എമ്മിന് ഉണ്ടെന്നാണ് എന്റെ അറിവ്. എന്നിട്ടും “ചെങ്ങന്നൂർ ഫലം അറിഞ്ഞ വിനു‌ കണ്ടം വഴി ഓടി” എന്നൊക്കെയുള്ള രാഷ്ട്രീയ പാമരത്വ പരിഹാസം കൊണ്ടാണ് സോഷ്യൽമീഡിയ ഇടതുപക്ഷം മാധ്യമവിമർശനങ്ങളെ നേരിടുന്നത്.

സത്യത്തിൽ, ഗൗരവമുള്ള മാധ്യമവിമർശനങ്ങളും വിലയിരുത്തലുകളും അനിവാര്യമായ ഒരു ഇന്ത്യൻ സാഹചര്യത്തെ കേവലമായ ട്രോൾ പരിഹാസത്തിലേക്കു താഴ്ത്തുക കൂടിയാണ് ഇടതുപക്ഷം.

ഇന്ത്യൻ മാധ്യമലോകത്തെ പുഴുക്കുത്തുകൾ തുറന്നുകാട്ടിയ ‘കോബ്ര പോസ്റ്റ്' ഒളികാമറ ഓപറേഷൻ ചർച്ചയാവാതിരിക്കുകയും പകരം പിണറായിയോട് ചോദ്യം ചോദിച്ച റിപ്പോർട്ടർ വിചാരണ നേരിടുകയും ചെയ്യുന്ന വൈരുദ്ധ്യം. അത് വല്ലാതെ ഉള്ളു പൊള്ളയായിപ്പോകുന്ന ഒരു കേരളീയ ഇടതുപക്ഷത്തെ പ്രകടമാക്കുന്നു.

ഒരു കാര്യത്തില്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ അഭിമാനിക്കുകയാണ് വേണ്ടത്. കാരണം അവര്‍ ഇപ്പോഴും എപ്പോഴും പ്രതിപക്ഷത്താണല്ലോ. തീര്‍ച്ചയായും പ്രതിപക്ഷത്തുനിന്നുള്ള മാധ്യമപ്രവര്‍ത്തനത്തെക്കാള്‍ ഒരുപാട് എളുപ്പമുള്ളത് അധികാരമുള്ളവനൊപ്പം നിന്നുള്ള മാധ്യമപ്രവര്‍ത്തനമാണ്. എന്നിട്ടും മലയാളത്തിലെ ബഹുഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകരും അതിനു തയാറാകുന്നില്ലെന്നതിന്‍റെ തെളിവാണ് ഭരണമുള്ളവരുടെ വിമര്‍ശനങ്ങള്‍, അസ്വസ്ഥതകൾ.

ഭരിക്കുന്നവര്‍ അസ്വസ്ഥരാകുന്നു എന്നത് മാധ്യമപ്രവര്‍ത്തനം ശരിയായാണ് നീങ്ങുന്നത് എന്നതിന്‍റെ തെളിവാണ്. ആ അസ്വസ്ഥതയുടെ പ്രതികരണങ്ങള്‍ പലവിധത്തിലാവാം. അതിനോടെല്ലാം പ്രതികരിക്കേണ്ട ബാധ്യതയൊന്നും മാധ്യമപ്രവര്‍ത്തകര്‍ക്കില്ല.

പാര്‍ട്ടിക്ക് തലച്ചോര്‍ വാടകയ്ക്ക് നൽകിയ രാഷ്ട്രീയഅടിമയ്ക്ക് മനസ്സിലാവുന്നതല്ല, വിമർശനങ്ങളും സ്വയംവിമർശനങ്ങളും സൃഷ്ടിക്കുന്ന ജനാധിപത്യത്തിന്‍റെ വെളിച്ചം. അവരുടെ പാർട്ടി ഭരണഘടനയിൽത്തന്നെ അതൊക്കെ എഴുതിവെച്ചിട്ടുണ്ടെങ്കിലും.

(അബ്ദുള്‍ റഷീദ് ഫേസ്ബുക്കില്‍ എഴുതിയത്)

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.


Next Story

Related Stories