TopTop

"മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നു പറയുന്നത് പിണറായി വിജയന്റെ അക്കൌണ്ടല്ല; 'ദുരിതാശ്വാസനിധിയിലെത്തുന്ന പണം അര്‍ഹര്‍ക്ക് കിട്ടില്ലെന്ന് പ്രചരിപ്പിക്കുന്നത് രാജ്യദ്രോഹികള്‍"

"മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നു പറയുന്നത് പിണറായി വിജയന്റെ അക്കൌണ്ടല്ല;
പ്രളയകാലത്തുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സഹായം ആവശ്യപ്പെട്ടാല്‍ നല്‍കരുതെന്ന് പ്രചാരണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്(സിഎംഡിആര്‍എഫ്) സംഭവാന ചെയ്യരുതെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം പ്രചാരണം നടത്തുന്നത്. കഴിഞ്ഞ പ്രളയകാലത്ത് നല്‍കി പണം വക മാറ്റി ചെലവഴിച്ചതുകൊണ്ടാണ് ഇത്തവണ പണം കൊടുക്കരുതെന്നു പറയുന്നതെന്നാണ് ബിജെപി-സംഘപരിവാര്‍ അനുഭാവ ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്ന വാദം.

പ്രളയ ദുരിതത്തില്‍പ്പെട്ടവരെ സഹായിക്കണമെങ്കില്‍ നേരിട്ട പണം കൊടുത്താല്‍ മതിയെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ പ്രളയകാലത്തിന്റെ ഇരകളായവരില്‍ സര്‍ക്കാരിന്റെ അടിസ്ഥാന ധനസഹായമായ പതിനായിരം രൂപ പോലും ഇതുവരെ കിട്ടാത്തവരുണ്ടെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ കോടികള്‍ സ്വന്തം കാര്യത്തിന് ഉപയോഗിക്കുകയായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും എന്നൊക്കെ പ്രചരിപ്പിക്കുന്നവരുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ സഞ്ചാരം നടത്തിയത്, എന്‍സിപി സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം ധനസഹായം നല്‍കിയത് തുടങ്ങിയ ആരോപണങ്ങളും ഉയര്‍ത്തുന്നുണ്ട്.

എന്നാല്‍ സിഎംഡിആര്‍ ഫണ്ടിനെക്കുറിച്ച് തീര്‍ത്തും തെറ്റായ പ്രചാരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പൂര്‍ണമായും സുതാര്യമാണ്. മുഖ്യമന്ത്രി ഒറ്റയ്ക്ക് തീരുമാനം എടുത്തുകൊണ്ട് സിഎംആര്‍ഡി ഫണ്ടിലേക്ക് പണം സ്വീകരിക്കാനോ ചെലവഴിക്കാനോ സാധ്യമല്ല. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറലിന്റെ(സിഎജി) ഓഡിറ്റിന് വിധേയമാണ് സിഎംആര്‍ഡിഎഫ്. ഇതില്‍ വരുന്നതും പോകുന്നതുമായ ഓരോ രൂപയ്ക്കും കണക്ക് വേണമെന്നര്‍ത്ഥം. ഏതെങ്കിലും തരത്തില്‍ ക്രമക്കേട് നടന്നാല്‍ സിഎജി ഓഡിറ്റിംഗില്‍ അത് കണ്ടെത്താനാകും. സിഎജി റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്‌ക്കേണ്ട ഒന്നാണ്. അതായത്, പ്രതിപക്ഷത്തിന് ഈ റിപ്പോര്‍ട്ട് കിട്ടാന്‍ ഒരു പ്രായസവുമില്ല. പണം വകമാറ്റി ചെലവാക്കിയിട്ടുണ്ടെങ്കില്‍, അത് റിപ്പോര്‍ട്ടില്‍ കാണും, പ്രതിപക്ഷം അറിയും. വാര്‍ത്തയാകും.

സിഎംആര്‍ഡി ഫണ്ടിലേക്ക് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും എല്ലാം സംഭാവന നല്‍കാം. ഒരു രൂപയോ ഒരു കോടിയോ സംഭവനയായി നല്‍കാം. പണമായും ചെക്കായും ഇലക്ട്രോണിക് പെയ്‌മെന്റായുമൊക്കെ പണം നല്‍കാം. ഇതൊന്നും തന്നെ മുഖ്യമന്ത്രിയുടെ കൈയില്‍ അല്ല കിട്ടുന്നത്. സംഭാവന നല്‍കുന്ന പണമെല്ലാം ബാങ്ക് ഇടപാടായാണ് നടക്കുന്നത്. അതായത് ഒരു രൂപ നല്‍കിയാലും അതിനൊരു രേഖയുണ്ടെന്ന്. ഇനി ഈ പണം ആരുടെ അക്കൗണ്ടിലേക്കാണ് പോകുന്നതെന്നു ചോദിച്ചാല്‍, ധനകാര്യ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിലാണ് പണം എത്തുന്നത്(ധനകാര്യ സെക്രട്ടറി എന്നത് ഒരു പോസ്റ്റ് ആണ്, വ്യക്തിയായി കാണരുത്).

ഫണ്ട് കൈകാര്യം ചെയ്യുന്നതാകട്ടെ റവന്യു വകുപ്പും. ധനകാര്യ സെക്രട്ടറിയുടെ(വകുപ്പിന്റെ) അനുമതിയോടല്ലാതെ സിഎംഡിആര്‍ ഫണ്ടിന്റെ അകൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ സാധിക്കില്ല. അങ്ങനെ പണം പിന്‍വലിക്കാന്‍ ആദ്യം സര്‍ക്കാര്‍ നിര്‍ദേശപ്രകാരം റവന്യു സെക്രട്ടറി ഉത്തരവ് ഇറക്കണം. ഇത്രയും കാര്യങ്ങള്‍ എവിടെ തിരക്കിയാലും മനസിലാക്കാവുന്നതാണ്. മുഖ്യമന്ത്രിയുടെ ഫണ്ട് എന്നു കേള്‍ക്കുമ്പോള്‍ പിണറായി വിജയന്റെ പേരിലുള്ള അക്കൗണ്ട് എന്നല്ല കരുതേണ്ടത്. സിഎംആര്‍ഡി ഫണ്ടിലെ പണം എന്നാല്‍ അത് സര്‍ക്കാരിന്റെ പണം തന്നെയാണ്. അതുകൊണ്ട് ജനങ്ങള്‍ക്ക് കാര്യങ്ങള്‍ ചോദിച്ചറിയാന്‍ പൂര്‍ണ അവകാശമുണ്ട്.സിഎംആര്‍ഡി ഫണ്ടിനെക്കുറിച്ച് ആര്‍ക്ക് സംശയമോ ചോദ്യങ്ങളോ ഉണ്ടെങ്കില്‍ വിവരാവകാശ നിയമം അനുസരിച്ച് അപേക്ഷ കൊടുത്താല്‍ മതി. എത്ര രൂപ കിട്ടി, ആരൊക്കെ തന്നു, ആര്‍ക്കൊക്കെ കൊടുത്തു; തുടങ്ങിയ വിവരങ്ങളൊക്കെ ആര്‍ടിഐ വഴി അറിയാവുന്നതേയുള്ളൂ.

കഴിഞ്ഞ പ്രളയകാലത്ത് കിട്ടിയ സംഭാവനകളില്‍ സംശയമുണ്ടെങ്കില്‍ ആര്‍ടിഐ എന്ന മാര്‍ഗം മുന്നില്‍ ഉണ്ട്. അതുപയോഗിക്കാമെന്നിരിക്കെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങളുടെ പുറകെ പോകുന്നത് സ്വന്തം സംസ്ഥാനത്തെ കാര്യമറിയാതെ കുറ്റപ്പെടുത്തുന്നതിന് തുല്യമാണ്.

2018 ലെ പ്രളയകാലത്ത് എത്ര കോടിയുടെ നഷ്ടം ഉണ്ടായി, ഇതുവരെ സിഎംആര്‍ഡിഎഫിലേക്ക് എത്ര രൂപ വന്നു, എത്ര രൂപ ചെലവഴിച്ചു എന്നൊക്കെ അറിയാന്‍ ആര്‍ടിഐ കൊടുക്കാന്‍ സമയം ഇല്ലാത്തവര്‍ക്ക് സൈറ്റില്‍ കയറിയാലും വിവരം കിട്ടും, വിശദമായി തന്നെ.

ഏറ്റവും പുതിയ (9-8-2018) കണക്ക് അനുസരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണമായും, ചെക്ക് ആയും സിഎംഡിആര്‍എഫില്‍ കിട്ടിയത്-3778.13 കോടി രൂപയാണ്.

ഇലക്ട്രോണിക് പെയ്‌മെന്റുകള്‍ വഴി കിട്ടിയത്(10-8-2019വരെ)- 215.45 കോടി

യുപിഐ/ ക്യൂആര്‍/ വിപിഎ(9-8-2019)-52.2 കോടി

പ്രത്യേക നികുതി ചുമത്തിയതിലൂടെ ബിവറേജസ് കോര്‍പ്പറേഷന്‍ വഴി 308.68 കോടി രൂപ ലഭിച്ചു(9-8-2019 വരെയുള്ള കണക്ക്).

ആകെ 4354.46 കോടി രൂപ ഇതുവരെ ലഭിച്ചിട്ടുണ്ട്.

സാലറി ചലഞ്ചിലൂടെ(സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരു മാസത്തെ ശമ്പളം പത്ത് മാസങ്ങളിലൂടെ തവണകളായി നല്‍കാം എന്നതായിരുന്നു സാലറി ചലഞ്ച്) 834.99 കോടി രൂപയും ഉത്സവബത്ത ഇനത്തില്‍ 117.69 കോടി രൂപയും സമാഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

2019 ജൂലൈ 14 വരെ സിഎംആര്‍ഡി ഫണ്ടില്‍ നിന്നും പ്രളയവുമായി ബന്ധപ്പെട്ട് 2008.76 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

കൂടതല്‍ വിവരങ്ങള്‍ അറിയേണ്ടവര്‍; https://donation.cmdrf.kerala.gov.in/?fbclid=IwAR0apiEjuWnfytQW_yyVTKRmzV4ytsfnq5T-VALcpoS0xIvF-A0zi7mWNhw
ലിങ്കില്‍ കയറുക.

ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക പൂര്‍ണമായും പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രളയബാധിതര്‍ക്കും സഹായധനം നല്‍കാന്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് സര്‍ക്കാര്‍ പ്രത്യേകം എടുത്തു പറയുന്ന കാര്യമാണ്. അഭിഭാഷകനായ ഹരീഷ് വാസുദേവനെപോലുള്ളവരും സിഎംഡിആര്‍ ഫണ്ടിനെക്കുറിച്ച് പരത്തുന്ന വ്യാജപ്രചാരണങ്ങള്‍ക്കെതിരേ സോഷ്യല്‍ മീഡിയ വഴി വ്യക്തത നല്‍കുന്നുണ്ട്. ഹരീഷ് വാസുദേവന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കൂടി ചേര്‍ക്കുന്നു;

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ കഴിഞ്ഞ ദുരന്തകാലത്ത് വന്ന ഒറ്റപൈസ വകമാറ്റി ചെലവഴിച്ചിട്ടില്ല. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റിയാണ് അത് ചെലവഴിക്കുന്നത്. അത് സംബന്ധിച്ച കേസ് ഹൈക്കോടതിയില്‍ monitoring നടക്കുന്നുമുണ്ട്. മറിച്ചുള്ള പ്രചാരണം നുണയാണ്. ദുരിതാശ്വാസനിധിയില്‍ എത്തുന്ന പണം അര്‍ഹര്‍ക്ക് കിട്ടില്ലെന്ന് പ്രചരിപ്പിക്കുന്നത് രാജ്യദ്രോഹികളാണ്. മന്ത്രിമാര്‍ക്ക് വിദേശത്ത് പോകാനും മോഡി പിടിപ്പിക്കാനും ഏത് സര്‍ക്കാര്‍ ഭരിച്ചാലും ബജറ്റില്‍ പണമുണ്ട്. അതുമിതും കൂട്ടി കുഴയ്ക്കരുത്. നേരിട്ടോ സാധനമായോ സഹായം എത്തിക്കാന്‍ പറ്റാത്തവര്‍ക്ക് ഇന്നും സിഎംഡിആര്‍എഫ് ഒരു നല്ല, വിശ്വസ്ത സഹായവഴിയാണ്.

Next Story

Related Stories