TopTop
Begin typing your search above and press return to search.

തമ്മിലടിപ്പിച്ചു കാലുറപ്പിക്കാന്‍ സംഘപരിവാര്‍ കുത്തിത്തിരുപ്പ്; വീണുപോകരുത് നാം

തമ്മിലടിപ്പിച്ചു കാലുറപ്പിക്കാന്‍ സംഘപരിവാര്‍ കുത്തിത്തിരുപ്പ്; വീണുപോകരുത് നാം
തമിഴ്- മലയാളി പോര് അവസാനിപ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് കേരള പോലീസ് തങ്ങളുടെ ഫെയ്സ്ബുക് പേജിലൂടെ വ്യക്തമാക്കിയപ്പോഴാണ് അണിയറയിൽ ഒരുങ്ങുന്ന വിദ്വേഷത്തിന്റെ കാട്ടുതീയുടെ രൂക്ഷത നാം അറിയുന്നത്. വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ ഒരു യുവതിയും യുവാവും നടത്തിയ പ്രതികരണങ്ങള്‍ ഏറ്റെടുത്ത് അത് തമിഴ്- മലായാളി പ്രശ്നമായി പ്രചരിപ്പിക്കുന്നതിന് പിന്നിൽ ഒളിച്ചിരിക്കുന്നത് സംഘപരിവാർ വെബ് ഹാൻഡിലുകൾ ആണെന്ന് ഇതിനോടകം വ്യക്തമായതാണ്. അവരുടെ പ്രചാരണത്തിൽ ആവേശകുമാരന്മാരായ മലയാളി- തമിഴ് സഹോദരങ്ങളും വീണു പോയത് ആശങ്കാജനകമാണ്.

മലയാളികളെ അധിക്ഷേപിക്കുന്ന തമിഴരുടേതെന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോയ്ക്കു മറുപടിയുമായി ചിലര്‍ രംഗത്തെത്തുകയായിരുന്നു. ഇവിടുത്തെ പെണ്‍കുട്ടികളെ തമിഴ്‌നാട്ടിലേക്ക് കല്ല്യാണം കഴിച്ചയച്ചിരുന്നെങ്കില്‍ കേരളത്തില്‍ പ്രളയമുണ്ടായപ്പോള്‍ അവര്‍ക്കു കുഴപ്പമാെന്നും ഉണ്ടാവുമായിരുന്നില്ല എന്ന് ഒരു തമിഴ്‌നാട് സ്വദേശിയുടെ വീഡിയോ കണ്ടെന്നും അതിനുള്ള മറുപടിയാണ് ഇതെന്നും അറിയിച്ചാണ് ഇവര്‍ സംസാരിക്കുന്നത്. അതേസമയം, മലയാളിയെ തെറിവിളിക്കുന്ന തമിഴ് യുവാവ് യഥാർത്ഥത്തിൽ തമിഴ്നാട് സ്വദേശിയല്ലെന്ന സൂചനയും ദുരൂഹമാണ്.

പൊതുജനങ്ങൾക്കിടയിൽ മതപരമായ വിദ്വേഷം, വെറുപ്പ് എന്നിവ ഉണ്ടാക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനും ഐക്യത്തിന് വിഘാതമായ രീതിയിൽ സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് പ്രചാരണം നടത്തുന്നതിനും കുപ്രസിദ്ധി നേടിയവർ ആണ് സംഘപരിവാർ നേതാക്കളും അനുചര വൃന്ദങ്ങളും. തമിഴ്- മലയാളി പോര് എന്ന കെട്ടിച്ചമച്ച കഥയ്ക്ക് പിന്നിൽ പക്ഷെ കൃത്യം ആയ ഒരു അജണ്ടയും ആ അജണ്ടയ്ക്ക് യോജിച്ച സമയവും ഇത് തന്നെ ആണ്. എന്തുകൊണ്ട് ഇത്തരം ഒരു പ്രചാരണം ഇപ്പോൾ രൂപപ്പെട്ടു എന്നത് പരിശോധനക്ക് വിധേയമാക്കേണ്ടതാണ്.

പ്രളയാനന്തരം കേരളവും തമിഴ്നാടും

രാജ്യം സ്വാതന്ത്രത്തിന്റെ എഴുപത്തിയൊന്നാം വാർഷികം ആഘോഷിക്കവേ കേരളം നൂറ്റാണ്ടിൽ ഏറ്റവും വലിയ പ്രളയച്ചുഴിയിലേക്കു എടുത്തെറിയപ്പെടുകയായിരുന്നു. ദേശീയോത്സവമായ ഓണം ആഘോഷിക്കേണ്ട ദിവസങ്ങളിൽ പത്തു ലക്ഷത്തിലധികം കേരളീയർ ദുരിതാശ്വാസ ക്യാമ്പുകളിൽ എല്ലാം നഷ്ട്ടപ്പെട്ട, അവശേഷിക്കുന്ന ജീവൻ നില നിർത്താൻ ഉള്ള വ്യഗ്രതയിലുമായിരുന്നു. കേരളത്തിലെ ഭരണ- പ്രതിപക്ഷവും, ഉദ്യോഗസ്ഥരും, സന്നദ്ധ സംഘടനകളും അചഞ്ചലമായി ധീരതയോടെ പ്രളയത്തെ നേരിട്ടപ്പോൾ എല്ലാ നല്ലവരായ മനുഷ്യ സ്നേഹികളും അവരുടെ പങ്കു വഹിച്ചു. ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും കേരളത്തിന് സഹായങ്ങൾ പ്രവഹിച്ചു. യു എൻ മുതൽ റോഹിൻഗ്യൻ അഭയാർത്ഥികൾ വരെ കൊച്ചു കേരളത്തോട് 'പക്ഷേ'കൾ ഇല്ലാതെ ഐക്യപ്പെട്ടു.

‘രണ്ടായിരത്തിപതിനഞ്ചിൽ ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കം ഇന്നുമോർമയിലുണ്ട്. മരണത്തെ മുഖാമുഖം നേരിടേണ്ടി വരുന്ന ഇത്തരം ദുരന്തമുഖങ്ങളിൽ ഒരു ചെറുകരമെങ്കിലും അവർക്ക് നീട്ടണമെന്നാണ് നമുക്ക് ആദ്യം തോന്നുക. ഇന്ന് കേരളം നേരിടുന്ന വെള്ളപ്പൊക്കം അന്ന് ചെന്നൈ നേരിട്ട വെള്ളപൊക്കത്തിന്റെ പല മടങ്ങാണ്. ഒരു പക്ഷെ, ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിന്റെ ഒരു ചെറിയ ഭാഗമായ കേരളമെന്ന മനോഹരമായ നാട് തന്നെ വെള്ളത്തിന്റെ സംഹാരത്തിൽ ഇല്ലാതായിപ്പോവുന്ന അവസ്ഥ. ഞങ്ങളുടെ സ്വത്വബോധത്തെയും നിലപാടുകളെയും ഇത്രമേൽ സ്വാധീനിച്ച, ഞങ്ങളുടെ കാഴ്ചപ്പാടുകളെ മാറ്റിമറിക്കാൻ ശേഷിയുണ്ടായിരുന്ന കേരളം ഇന്ന് നമ്മുടെ സഹായം തേടേണ്ട അവസ്ഥയിലാണ്. അതിനാൽ കേരളത്തിനെ സഹായിക്കേണ്ടത് ഞങ്ങളുടെ കടമയിൽ കുറഞ്ഞതൊന്നുമല്ലെന്നു വിശ്വസിക്കാനാണെനിക്കിഷ്ടം.' വെള്ളപ്പൊക്കത്തിൽ മുങ്ങിയ, നനഞ്ഞു വിറയ്ക്കുന്ന നമ്മുടെ കേരളത്തിന് നമുക്കൊരു തോർത്തും പുതപ്പുമാവാം-യുവകവിയും തമിഴ് സിനിമാപ്രവർത്തകനുമായ മുത്തുരാജ കുമാർ കേരളത്തിലെ പ്രളയത്തെക്കുറിച്ച് എഴുതിയ കുറിപ്പിലെ വരികൾ ആണിത്.

ഹൃദ്യമായ കവിതകൾ കൊണ്ടും, ഇനിയും ഒരു നൂറു വര്‍ഷം ജീവിക്കാൻ ആത്മവിശ്വാസം നൽകുന്ന വാക്കുകൾ കൊണ്ടും തമിഴ് മക്കൾ കേരളത്തോടുള്ള അൻപ് അറിയിച്ചു. കേവലം വാക്കുകളിൽ ഒതുങ്ങിയില്ല തമിഴ് മണ്ണിന്റെ കൈത്താങ്ങ്‌. പ്രളയത്തിന്റെ ആദ്യ മണിക്കൂറുകളിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചു വിവരങ്ങൾ തിരക്കിയവരുടെ കൂട്ടത്തിൽ തമിഴ്നാട് ഉപമുഖ്യമന്ത്രി പന്നീർ ശെൽവവും, പ്രതിപക്ഷ നേതാവ് സ്റ്റാലിനും ഉണ്ടായിരുന്നു.

പ്രളയത്തെ നേരിടാന്‍ സംസ്ഥാനത്തിന് എന്തു സഹായവും നല്‍കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. ഇതിന്‍റെ ആദ്യ ഘട്ടമെന്ന നിലയിലാണ് ആറു ലോഡ് സാധനങ്ങള്‍ എത്തിച്ചത് ഇടുക്കി ജില്ലയിലൂടെ കേരളത്തിലേക്കെത്താന്‍ കഴിയുന്ന കമ്പമേട്ട് വഴിയാണ് സാധനങ്ങള്‍ എത്തിച്ചത്. 500 മെട്രിക് ടണ്‍ അരി എത്തിക്കാനുള്ള രേഖകളും കൈമാറി. കൌണ്ടം പാളയം എംഎല്‍എ വി സി ആറുകുട്ടി 16000 കിലോ അരിയാണ് കേരളത്തിനു വേണ്ടി ശേഖരിച്ചത്. കൊച്ചിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങള്‍ ശേഖരിക്കുന്ന അൻപോട് കൊച്ചി കൂട്ടായ്മയ്ക്കു വേണ്ടി കൊച്ചി റീജിയണല്‍ സ്പോര്‍ട്സ് സെന്ററിലേക്കാണ് അദ്ദേഹം അരിയെത്തിച്ചത്.

ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനകൾ സ്വീകരിക്കുന്ന പ്രക്രിയ ആരംഭിച്ചപ്പോൾ ആദ്യം ഒപ്പു വെച്ചവരുടെ കൂട്ടത്തിൽ തമിഴ് സിനിമ താരങ്ങളുടെ നീണ്ട പട്ടിക ഉണ്ടായിരുന്നു. മലയാള സിനിമ താരങ്ങൾ ചിന്തിച്ചു തുടങ്ങും മുൻപ് നടന്മാരായ സൂര്യയും, കാർത്തിയും, കമൽ ഹസ്സനും 25 ലക്ഷം രൂപ വീതം കേരളത്തിന് നൽകി.

ഹൃദയശസ്ത്രക്രിയക്ക് സ്വരുക്കൂട്ടി വെച്ച പണം നൽകി അക്ഷയ എന്ന പെൺകുട്ടിയും കുഞ്ഞു മനസ്സ് എത്ര വിശാലമാണെന്നു മലയാളക്കരയോട് വിളിച്ചു പറഞ്ഞു. നാം അക്ഷയയെ സ്വീകരിച്ചത് അവർക്കു സൗജന്യ ചികിത്സ സഹായം വാഗ്ദാനം ചെയ്തുകൊണ്ടാണ്. ഒരുപക്ഷെ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ഇത്രമേൽ ആർദ്രതയോടെ മഴക്കെടുതിയിൽ കേരളത്തെ ചേർത്ത് പിടിച്ചുകാണില്ല.

പ്രളയവും സംഘപരിവാറും

കേരളം പ്രളയക്കെടുതിയില്‍ ദുരിതമനുഭവിച്ചപ്പോള്‍ ജനങ്ങളാകെ ഒറ്റക്കെട്ടായി നിന്ന് അതിജീവനത്തിനുള്ള പ്രയത്‌നത്തിലാണ്. എന്നാല്‍ മഴക്കെടുതിയുടെ തുടക്കം മുതല്‍ വിദ്വേഷപ്രചരണത്തിനും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനുമായിരുന്നു സംഘപരിവാര്‍ പ്രാധാന്യം നല്‍കിയത്. സംഘപരിവാർ നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങളും അങ്ങേയറ്റം പ്രതിഷേധാർഹമായിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നതിനെതിരെയായിരുന്നു ആര്‍എസ്എസും ബിജെപിയും ആദ്യം രംഗത്തെത്തിയത്. ബിജെപിയെ എതിര്‍ക്കുന്ന സംസ്ഥാനത്തിന് ഒരു പൈസപോലും നല്‍കരുതെന്ന് ദേശീയതലത്തിലാകെ പ്രചരണം നടത്തി. ദുരിതബാധിതരെല്ലാം മരിക്കേണ്ടവരാണെന്നു വരെ ബിജെപിയുടെ ഓണ്‍ലൈന്‍ ക്രിമിനല്‍ സംഘം വിഷംചീറ്റി പ്രചരിപ്പിച്ചു.

കേന്ദ്രത്തില്‍ നിന്ന് അര്‍ഹമായ സഹായം ചോദിച്ചതിനെതിരെയും വിദ്വേഷപ്രചരണം ഉണ്ടായി. ടിജി മോഹന്‍ദാസ് അടക്കമുള്ള ആര്‍എസ്എസ് വക്താക്കളായിരുന്നു പ്രചരണത്തിന് മുന്‍കൈ എടുത്തത്. ദുരിതത്തിന്റെ വ്യാപ്തി പെരുപ്പിച്ച് കാട്ടി കേന്ദ്രഫണ്ട് അടിച്ചുമാറ്റാനുള്ള മൂന്നാംകിട തന്ത്രമാണ് ഇവിടെ നടക്കുന്നതെന്നായിരുന്നു ടിജി മോഹന്‍ദാസിന്റെ പ്രചരണം. അവസാനം കൃഷിമന്ത്രി വിഎസ് സുനില്‍കുമാറിനെ ആര്‍എസ്എസ് പ്രവര്‍ത്തകനാക്കിയും കള്ള പ്രചരണം ഉണ്ടായി. കേരളത്തിന് 700 കോടിരൂപയുടെ ധനസഹായം നല്‍കുമെന്നറിയച്ച യുഎഇ ഭരണകൂടത്തിനെതിരെയും സംഘപരിവാര്‍ പ്രചരണം നടത്തി. യു എ ഇ 700 കോടി വാഗ്ദാനം നടന്നില്ലെങ്കിൽ താന്‍ പൊട്ടിച്ചിരിക്കും എന്ന് വരെ കേരളത്തിൽ ഇരുന്നു കൊണ്ട് ടി ജി മോഹൻദാസ് ചാനൽ ചർച്ചയിൽ പറഞ്ഞു.

സംസ്ഥാനത്തിന് സൗജന്യമായി മണ്ണെണ്ണ നല്‍കാനാവില്ലെന്നും ലിറ്ററിന് 42 രൂപ നിരക്കില്‍ നല്‍കാമെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രളയത്തിൽ നട്ടം തിരിയുന്ന കേരളത്തോട് ആവശ്യപ്പെട്ടു. സൗജന്യമായി മണ്ണെണ്ണ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്രംസ്ഥാനം കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. എന്നാല്‍ സൗജന്യമായെന്നല്ല സബ്‌സിഡി നിരക്കില്‍ പോലും (ലിറ്ററിന് 29 രൂപ) മണ്ണെണ്ണ അനുവദിക്കാന്‍ കേന്ദ്രം തയ്യാറായില്ല. പ്രളയത്തെത്തുടര്‍ന്ന് സൗജന്യമായി അരി ആവശ്യപ്പെട്ട സംസ്ഥാനത്തിന് കിലോയ്ക്ക് 25 രൂപ നിരക്കിലുള്ള അരിയാണ് കേന്ദ്രം അനുവദിച്ചത്. സബ്‌സിഡി നിരക്കില്‍ മൂന്ന് രൂപയ്ക്ക് നല്‍കുന്ന അരിയും കേന്ദ്രം നല്‍കാന്‍ തയ്യാറായില്ല. 89540 മെട്രിക് ടണ്‍ അരിയാണ് അനുവദിച്ചത്. തല്‍ക്കാലം അരിയെടുക്കാന്‍ പണം നല്‍കേണ്ടെന്നും പിന്നീട് കേന്ദ്രം നല്‍കുന്ന സഹായത്തില്‍നിന്ന് ഈ പണം തിരിച്ചുപിടിക്കുമെന്നാണ് കേന്ദ്രം അറിയിച്ചത്.

സംഘപരിവാറും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും

ദ്രാവിഡ പ്രസ്ഥാനത്തിന്റെ മുന്നേറ്റമാണ് തമിഴകത്ത് ഹിന്ദുത്വയ്ക്ക് ബാലികേറാ മലയാക്കിയത്. തമിഴകം എങ്ങിനെ പിടിച്ചെടുക്കണമെന്നത് സംഘപരിവാര്‍ വര്‍ഷങ്ങളായി നേരിടുന്ന വെല്ലുവിളിയാണ്. ഇടക്കാലത്ത് ജയലളിതയും, പിന്നീട് കരുണാനിധിയും സംഘപരിവാർ കക്ഷികളുമായി യോജിച്ചു ചേർന്നെങ്കിലും, 2004 നു ശേഷം എ ഐ എ ഡി എം കെയോ ഡി എം കെയോ ബിജെപിയുമായി സഖ്യത്തിനു തയ്യാറായിട്ടില്ല. പെരിയാർ രാമസ്വാമിയുടെയും, കണ്ണദാസിന്റെയും, ഭാരതിയാരുടെയും മണ്ണിൽ സംഘപരിവാർ വിത്തുകൾക്ക് വേരോട്ടം ഇല്ലെന്നു ഇരു രാഷ്ട്രീയ നേതൃത്വങ്ങളും തിരിച്ചറിഞ്ഞു കാണണം.

നരേന്ദ്ര മോദിയുടെ കീഴില്‍ ബിജെപി ശക്തമായി തിരിച്ചുവരവ് നടത്തിയ 2014 ല്‍ ഒരേയൊരു സീറ്റ് മാത്രമാണ് ബിജെപിക്ക് തമിഴ്‌നാട്ടില്‍ നേടാനായത്. ഏതുവിധേനയും തമിഴകം പിടിക്കുക എന്ന അജണ്ട ബിജെപിയും സംഘപരിവാറും ശക്തമാക്കുന്നത് ഈ പരിസരത്തിലാണ്. ഈ പദ്ധതിയുടെ ഭാഗമായാണ് പെരുമാള്‍ മുരുകനെതിരെയുള്ള കലാപം  മുതൽ തമിഴ്നാട് കണ്ട ഏറ്റവും വലിയ സാമൂഹ്യ പരിഷ്കർത്താവും ദ്രാവിഡ കഴകം സ്ഥാപകനുമായ ഇ.വി. രാമസ്വാമി നായ്ക്കരുടെ പ്രതിമ തകർക്കുന്നത് വരെ ബി ജെ പി- ആർ എസ് എസ് നേതൃത്വത്തിന്റെ ആള്‍ക്കൂട്ട അതിക്രമങ്ങള്‍ തമിഴ്നാട്ടില്‍ അരങ്ങേറുന്നത്.

അതുപോലെ കേരളത്തിൽ അധികാരത്തിലെത്താതെ മറ്റെവിടെ ഭരണം പിടിച്ചാലും ബിജെപിയുടെ വിജയം പൂർണമാകില്ലെന്ന് അമിത് ഷാ പലതവണ ആവർത്തിച്ചിട്ടുണ്ട്. അത്രത്തോളം കേരളം സംഘപരിവാറിനെ മോഹിപ്പിക്കുന്നുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് സംഘപരിവാറിനെ നഖശിഖാന്തം എതിർത്ത് പോരുന്നുണ്ട്. പതിനെട്ടു കഴിഞ്ഞാൽ ഒരടവുണ്ടെങ്കിൽ അതും പ്രയോഗിച്ചിട്ടും ബിജെപിക്ക് പച്ച തൊടാൻ സാധിക്കാത്തത് കേരളത്തിലെ ഇടതുപക്ഷം അടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നിതാന്ത ജാഗ്രത കൊണ്ടു കൂടിയാണ്.

ജെ ഡി എസ്സും കോൺഗ്രസ്സും ഒത്തു ചേർന്ന് കർണാടകയിൽ ബി ജെ പിക്ക് ഏൽപ്പിച്ച പ്രഹരവും ചെറുതല്ല. എം എൽ എമാരെ വിലയ്ക്ക് വാങ്ങാനുള്ള ബി ജെ പിയുടെ "ഓപ്പറേഷൻ ലോട്ടസ് " കർണാടകയിൽ ദയനീയമായി പരാജയപ്പെട്ടു. യെദിയൂരപ്പയുടെ കണ്ണുനീരിന് പോലും കർണാടകയുടെ അധികാര കേന്ദ്രങ്ങളെ സ്പർശിക്കാനായില്ല. എന്നും സംഘപരിവാർ രാഷ്ട്രീയത്തിനെ പിടിക്കു പുറത്തു നിർത്തുന്ന കേരളത്തിലും കർണ്ണാകയിലെ വിജയം വലിയ ആവേശമാണ് സമ്മാനിച്ചത്.

ദി സൗത്ത് റിമെംബേഴ്‌സ്


ആശയപ്രചാരണത്തിനും തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കും നാസി ഫാസിസ്റ്റ് മാതൃകയിലുള്ള പ്രൊപഗണ്ട സംവിധാനങ്ങളാണ് ഹിന്ദു ദേശീയവാദികള്‍ ഉപയോഗിക്കുന്നത്. ഒരു നുണ നൂറാവര്‍ത്തിച്ചു സത്യമാക്കുന്ന ഗീബല്‍സിയന്‍ ലബോറട്ടറിയിലെ പരീക്ഷണവസ്തുവായി ഇന്ത്യയിലെ ജനാധിപത്യ പൊതുബോധമണ്ഡലം മാറിയപ്പോൾ അവരോടു 'നിങ്ങൾ റോങ്ങ് നമ്പർ' ആണെന്ന് ആർജവത്തോടെ പറഞ്ഞത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ആണ്.

കേരളം പ്രളയക്കെടുതിയിൽ ആഴ്ന്നിറങ്ങുമ്പോൾ ഒരു സംഘപരിവാർ വിരുദ്ധ സ്റ്റേറ്റിന്റെ സമ്പൂർണ നാശം സ്വപ്നം കണ്ട ചിലരുടെ നുണ പ്രചാരണങ്ങളും, ഫെഡറൽ സിസ്റ്റത്തിന്റെ പരസ്യമായ ലംഘനവും മൂർധന്യത്തിലെത്തിയപ്പോൾ നവമാധ്യമങ്ങളിൽ ഒരു പുതിയ ഹാഷ്ടാഗ് രൂപം കൊണ്ടു "ദി സൗത്ത് റിമെംബേഴ്‌സ്." ദക്ഷിണേന്ത്യ ഒന്നും മറക്കില്ല എന്ന സൂചന തരുന്ന മുദ്രാവാക്യം. ജന്മഭൂമിയുടെ ഒത്താശയിൽ പലരും വിഘടന വാദമെന്നും, രാജ്യദ്രോഹമെന്നും പുലമ്പിയെങ്കിലും ഏശിയില്ല. ഒരു പ്രതിഷേധ രൂപം തിരിച്ചറിയാനുള്ള ശേഷി പോലും അല്ലാത്തവരോട് എന്ത് സംവാദം?

മതേതരത്വവും ബഹുസ്വരതയും നിലനിര്‍ത്തുന്നതിനുള്ള പോരാട്ടത്തില്‍ അവേശഷിക്കുന്ന ഈ തുരുത്തുകൂടി ഇല്ലാതാക്കാൻ സംഘപരിവാർ സഖ്യ ശക്തികൾ എന്ത് വിലയും കൊടുക്കും. തമിഴ്- മലയാളി പോര് എന്ന അധ്യായം ഏറ്റവും ഒടുവിലത്തേത് ആണെന്ന് മാത്രം. തമിഴ്നാടിനോട് ചില അപ്പർ ക്‌ളാസ് മലയാളികൾക്കുള്ള പൊതു ധാരണയും ഇത്തരം പ്രചാരണങ്ങളുടെ ആക്കം കൂട്ടുന്നുണ്ട് എന്ന വസ്തുതയും മറച്ചു വെക്കുന്നില്ല.

പ്രളയകാലത്ത് നാം ഏറ്റവും ആവർത്തിച്ചുപയോഗിച്ച ഒരു മുദ്രാവാക്യം ആണ് 'ജാഗ്രതയാണ് വേണ്ടത്' എന്ന്, നമുക്കിനി രാഷ്ട്രീയ ജാഗ്രതയും ആവശ്യമാണ്. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലാണ്. തമ്മിൽ തല്ലിച്ചു ആനന്ദം അനുഭവിക്കുന്ന ചെന്നായ്ക്കൾ ഔട്ട് ഡേറ്റഡ് ആയെന്നു ബോധ്യപ്പെടുത്താൻ നമുക്ക് ഉത്തരവാദിത്തമുണ്ട്. ജലം കൊണ്ടു ഏറ്റ മുറിവുകളെ ഉണക്കിയെടുക്കാൻ ലോകം മുഴുവൻ നമ്മുടെ കൂടെ നിന്നതാണ്, ആ ലോകത്തെ നയിച്ചവരുടെ കൂട്ടത്തിൽ തമിഴ് മക്കളും ഉണ്ടായിരുന്നു. പിന്നിട്ട വഴിയിൽ നമ്മെ കൈ പിടിച്ചുയർത്തിയവരെ നന്ദിയോടെ ഓർക്കുക മാത്രമല്ല അവരെ ചേർത്ത് പിടിക്കേണ്ടത് കാലം ആവശ്യപ്പെടുന്ന ഒരു രാഷ്ട്രീയ മുന്നേറ്റത്തിന്റെ ഭാഗം കൂടിയാണ്. നമ്മുടെ രാഷ്ട്രീയ നിലപാടിന്റെ ലിറ്റ്മസ്റ്റ്‌ ടെസ്റ്റ് കൂടി ആണിത്.

കേരളത്തിനും തമിഴ് നാടിനും ഇടയിൽ ഒരേ ഒരു വാക്കിനെ സ്ഥാനമുള്ളൂ അത് നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം നേരിട്ട വേളകളിൽ ഇടയ്ക്കിടെ നമ്മുടെ രക്ഷകരുടെ പേരിന്റെ സ്ഥാനത്ത് കേട്ടതുമാണ്. മൂന്നക്ഷരമുള്ള ഒരൊറ്റ വാക്ക് "അൻപ്" .

Next Story

Related Stories