TopTop
Begin typing your search above and press return to search.

അടക്കിപ്പിടിച്ച കാമവും ആണ്‍ഹുങ്കും തെറികളായി സ്ഖലിക്കുന്നവരോട്; അവര്‍ മുറിവേറ്റവരാണ്

അടക്കിപ്പിടിച്ച കാമവും ആണ്‍ഹുങ്കും തെറികളായി സ്ഖലിക്കുന്നവരോട്; അവര്‍ മുറിവേറ്റവരാണ്

ഡബ്ല്യുസിസിയുടെ പത്രസമ്മേളന ലൈവിന്‍റെ സോഷ്യല്‍ മീഡിയയിലൂടെയുള്ള കാഴ്ചാനുഭവം ഞെട്ടിക്കുന്നതാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ അവർ പറയുന്നത് കേൾക്കുന്നതിന് പകരം ഒരുകൂട്ടം ‘വിദ്യാസമ്പന്നരാ’യ ചെറുപ്പക്കാർ ആ സ്ത്രീകളെ ആക്ഷേപിച്ചും അപമാനിച്ചും കമന്റുകളിട്ട് രസിക്കുന്നതാണ് കണ്ടത്. നടിമാരുടെ ഫോട്ടോകൾ നോക്കി അടക്കിപ്പിടിച്ച കാമം സ്ഖലിച്ചു തീർക്കുന്ന ഇവന്മാർക്കൊക്കെ തങ്ങളുടെ മുന്നിൽ വന്നു നിന്ന് തങ്ങൾക്കേറ്റ മുറിവുകളെക്കുറിച്ചും അപമാനത്തെക്കുറിച്ചും സംസാരിക്കുന്ന ഈ നടിമാർ വെറും പെൺശരീരങ്ങൾ മാത്രമായതില്‍ അത്ഭുതപ്പെടേണ്ടതില്ല.

ഡബ്ല്യുസിസിയുടെ വെബ് പേജ് കൈകാര്യം ചെയ്യുന്ന സംഗീത മേനോന്‍ ഇന്നലെ പറഞ്ഞത്, ഓരോ ദിവസവും 100 തവണയെങ്കിലും താന്‍ വെര്‍ബല്‍ റേപ്പിന് വിധേയമാവാറുണ്ട് എന്നാണ്. പല സ്ക്രീന്‍ ഷോട്ടുകളും പുറത്തുവിടാന്‍ പറ്റാത്രത്ത വൈകൃതങ്ങള്‍ നിറഞ്ഞതാണ്. ലൈവ് വീഡിയോയില്‍ വന്ന കമന്റുകള്‍ കണ്ടാല്‍ അതില്‍ അതിശയോക്തി ഉണ്ടാകില്ല എന്നുറപ്പിക്കാം.

കാലങ്ങളായി കൊണ്ടു നടക്കുന്ന ആണധികാരത്തിന്റെ അഹന്തകൾ, അടക്കിപ്പിടിച്ച ലൈംഗിക കാപട്യങ്ങൾ ഇതൊക്കെ തന്നെയാണ് ഈ ‘പുരുഷകേസരികളെ’ക്കൊണ്ട് ഇങ്ങനെയൊക്കെ പറയാൻ പ്രേരിപ്പിക്കുന്നത്. പെണ്ണ് തനിക്കെതിരെയുള്ള അതിക്രമങ്ങൾ തുറന്നു പറയുമ്പോൾ, 'നീ വെറും പെണ്ണാണ്' അല്ലെങ്കിൽ 'നിങ്ങൾ വെറും പെണ്ണുങ്ങളാണ്' എന്ന് പറഞ്ഞു പരിഹസിക്കുകയും അപമാനിക്കുകയുമാണ് ഇവര്‍. പെണ്ണെന്നാൽ ഭോഗവസ്തു മാത്രമാണെന്നാണ് ഇക്കൂട്ടര്‍ മനസിലാക്കിയിട്ടുള്ളത്.

കാലം മാറിക്കൊണ്ടിരിക്കുകയാണ്. മീടൂ ക്യാമ്പയിനിന്റെ ഭാഗമായി ലോകം മുഴുവനും ഇരകളാക്കപ്പെടുന്ന പെണ്ണുങ്ങളുടെ ശബ്ദം ഉച്ചത്തിൽ കേട്ടുകൊണ്ടിരിക്കുകയാണ്. വർഷങ്ങളായി അടക്കിപ്പിടിച്ച ശബ്ദങ്ങൾ കൂടുതൽ ഉച്ചത്തിൽ പുറത്തേക്ക് വന്നു കൊണ്ടിരിക്കുന്നു. മാന്യതയുടെ മുഖംമൂടികൾ പലതും അഴിഞ്ഞു വീണുകൊണ്ടിരിക്കുന്നു. അതില്‍ സിനിമാ താരങ്ങളും സംവിധായകരും നിര്‍മ്മാതാക്കളും രാഷ്ട്രീയ നേതാക്കളും കായിക താരങ്ങളുമൊക്കെയുണ്ട്. എന്നാൽ മലയാളി പുരുഷൻ നാട്ടില്‍ നടക്കുന്ന ചലനങ്ങളൊന്നും കാണാതെ കൂപമണ്ഡൂകങ്ങളെ പോലെ കഴിയുകയാണോ? വിമന്‍ ഇന്‍ കലക്ടീവ് അംഗങ്ങളെ വെറും നടിമാരെന്നും 'കൂതറകൾ' എന്നും ആക്ഷേക്കുകയും അവന്റെ/അവരുടെ ‘ആണത്ത’ത്തിന്റെ പ്രതിരൂപങ്ങളായ നടൻമാർക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ വിവരമറിയും എന്ന് പറഞ്ഞു നടിമാരെ വീണ്ടും വീണ്ടും ഭീഷണിപ്പെടുത്തുകയുമാണ് അവര്‍.

ഈ ലോകം പുരുഷന്‍റേത് മാത്രമല്ല. അത് ഞങ്ങൾ സ്ത്രീകളുടേത് കൂടിയാണ് എന്നുറക്കെ പ്രഖ്യാപിക്കുകയാണ് ഇന്നലെ എറണാകുളം പ്രസ്സ് ക്ലബ്ബില്‍ എത്തിയ ആ സ്ത്രീകള്‍. അടിച്ചമർത്തപ്പെട്ടവളുടെ ശബ്ദം കൂടുതൽ ഉച്ചത്തിൽ പുറത്തേക്ക് കേൾക്കുന്ന നാളെകളാണ് വരാനിരിക്കുന്നത്. ഒപ്പം നിൽക്കാൻ നിങ്ങൾക്ക് കഴിഞ്ഞെന്നുവരില്ല. കാരണം വാക്കുകൊണ്ടോ നോക്കുകൊണ്ടോ പ്രവർത്തികൊണ്ടോ ഒരു പെണ്ണിനെ പോലും അപമാനിച്ചിട്ടില്ലെന്ന് നിങ്ങൾക്ക് ഒരുറപ്പും പറയാൻ കഴിയാത്ത കാലത്തോളം.

എന്‍ ബി: അധിക്ഷേപ കമന്റുകള്‍ പോസ്റ്റ് ചെയ്തവരേക്കാള്‍ ദുരന്തങ്ങളാണ് ഇന്നലെ എറണാകുളം പ്രസ്സ് ക്ലബ്ബില്‍ കണ്ട മാധ്യമ ശിങ്കങ്ങള്‍. അവരെ കുറിച്ച് അവര്‍ തന്നെ ആലോചിക്കട്ടെ. മീടുവില്‍ ആടിയുലഞ്ഞുകൊണ്ടിരിക്കുന്നത് ഇന്ത്യന്‍ മാധ്യമ മേഖല കൂടിയാണ് എന്നത് ചിന്തിക്കുന്നവര്‍ക്കുള്ള ദൃഷ്ടാന്തം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/edit-keralas-own-mullah-omars/

https://www.azhimukham.com/trending-why-dileep-cant-omit-from-unnikrishnans-movie/

https://www.azhimukham.com/facebook-post-two-press-meet-amma-wcc-difference-politics-language-media-sreechithran-writes/

https://www.azhimukham.com/offbeat-8-questions-with-answers-on-metoo-campaign-by-sowmya-rajendran/

Next Story

Related Stories