TopTop

അര്‍ണാബിനെ കുടുക്കിയ 'ഫരാഗോ'യുടെ ഉപജ്ഞാതാവ് തരൂരല്ല; അത് മെഹ്ദി ഹസന്‍

അര്‍ണാബിനെ കുടുക്കിയ
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വിയുടെ വാര്‍ത്തയോട് പ്രതികരിച്ച മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരുരിന്റെ "Exasperating farrago of distortions, misrepresentations & outright lies" സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയാണുണ്ടാക്കിയത്. സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ തരൂരിന് പങ്കുണ്ടെന്ന വിധത്തില്‍ പുതിയ തെളിവുകള്‍ പുറത്തുവിടുകയാണ് എന്നായിരുന്നു റിപ്പബ്ലിക് ടി.വിയുടെ അവകാശവാദം. എന്നാല്‍ ഇതിന് കാര്യമായ പ്രതികരണം ഉണ്ടായില്ലെന്നു മാത്രമല്ല, അര്‍ണബ് ഗോസ്വാമിക്കെതിരായ തരൂരിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതികരണമുണ്ടാക്കുകയും ചെയ്തു.എന്നാല്‍ Exasperating farrago of distortions, misrepresentations & outright lies എന്ന പ്രയോഗം തരൂരല്ല ഇത്ര പ്രശസ്തമായ വിധത്തില്‍ ആദ്യമായി ഉപയോഗിക്കുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ലണ്ടനില്‍ നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് ജേര്‍ണലിസ്റ്റും എഴുത്തുകാരനുമായ മെഹ്ദി ഹസനാണ് ഈ പ്രയോഗത്തിന്റെ ഉപജ്ഞാതാവ് എന്നാണ് പുതിയ കണ്ടെത്തല്‍. ബ്രിട്ടീഷ് സൈനികനായിരുന്ന ഫുസിലിയര്‍ ലീ റിഗ്ബിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഓക്‌സ്‌ഫോര്‍ഡ് യൂണിയനിലെ സംവാദത്തില്‍ സംസാരിക്കുന്ന സമയത്തായിരുന്നു മെഹ്ദി ഹസന്‍ ഈ പ്രയോഗം നടത്തിയത്. അല്‍-ജസീറ ഇംഗ്ലീഷ് ചാനലിലെ 
The Café
, Head to Head and UpFront എന്ന ഷോകളുടെ അവതാരകനുമാണ് ഹസന്‍.

ബ്രിട്ടനില്‍ ഏറെ കോളിളക്കമുണ്ടാക്കിയ കൊലപാതകമായിരുന്നു ലീ റിഗ്ബിയുടേത്. ഡ്യൂട്ടിയിലായിരുന്ന റിഗ്ബിയെ മൈക്കല്‍ ആദെബൊലാജോ, മൈക്കല്‍ ആദെബൊവാലെ എന്നിവര്‍ ചേര്‍ന്ന് വണ്ടിയിടിച്ച് വീഴ്ത്തിയ ശേഷം കത്തിയും മഴുവുമുപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം റോഡിലേക്ക് വലിച്ചിട്ട ശേഷം പോലീസിനെ വിളിക്കാന്‍ കൂടിനിന്നവരോട് ഇവര്‍ ആവശ്യപ്പെട്ടു. പോലീസ് എത്തിയതോടെ ഇരുവരുമായി ഏറ്റുമുട്ടല്‍ ഉണ്ടാവുകയും പരിക്കേറ്റ ഇരുവരും പിടിയിലാവുകയും ചെയ്തു.

ബ്രിട്ടീഷ് സൈന്യം മുസ്ലീങ്ങളെ കൊലപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ റിഗ്ബിയെ കൊലപ്പെടുത്തിയത് എന്നായിരുന്നു ഇരുവരുടേയും വെളിപ്പെടുത്തല്‍. നൈജീരിയയില്‍ വേരുകളുള്ള ബ്രിട്ടീഷ് പൗരന്മാരായിരുന്ന ഇരുവരും ക്രിസ്ത്യാനികളായാണ് വളര്‍ന്നത്. എന്നാല്‍ പിന്നീട് ഇരുവരും ഇസ്ലാം മതം സ്വീകരിച്ചു. റിഗ്ബിയുടെ കൊലപാതകം ബ്രിട്ടനില്‍ വന്‍ വിവാദമാവുകയും ഇസ്ലാമോഫോബിയയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചയാകുകയും ചെയ്ത സമയത്താണ് പ്രശസ്തമായ ഒക്‌സ്‌ഫോര്‍ഡ് യൂണിയനില്‍ ഇതു സംബന്ധിച്ച വിഷയം ചര്‍ച്ചയാകുന്നത്.

ഇസ്ലാം സമാധാനത്തിന്റെ മതമാണെന്ന് ഈ സഭ കരുതുന്നു എന്ന വിഷയത്തെ അനുകൂലിച്ചു കൊണ്ടായിരുന്നു മെഹ്ദി ഹസന്റെ Exasperating farrago of distortions, misrepresentations & outright lies എന്ന വാക്കുകള്‍. "An astonishing set of speeches so far making this case tonight. A mixture of just cherry-picked quotes, facts and figures, self-serving, selective... a farrago of distortions, misrepresentations, misinterpretations, misquotations..." എന്ന് മെഹ്ദി ഹസന്‍ പറയുന്നു.


3.00 മിനിറ്റു മുതല്‍ കേള്‍ക്കുക

ഹസന്റെ വാക്കുകള്‍ അന്നും സോഷ്യല്‍ മീഡിയ വന്‍തോതില്‍ ചര്‍ച്ചചെയ്തിരുന്നുവെന്നത് തരൂരും മെഹ്ദി ഹസന്റെയും വാക്കുകളിലെ സാദൃശ്യം ആദ്യം റിപ്പോര്‍ട്ട് ചെയ്ത ഫ്രീപ്രസ് കാശ്മീര്‍ ചൂണ്ടിക്കാട്ടുന്നു. രണ്ട് മില്യണ്‍ പേരാണ് അന്നിത് കണ്ടത്. ഹഫിംഗ്ടണ്‍ പോസ്റ്റ് ഇന്ത്യയും പിന്നീട് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.

വര്‍ഷങ്ങള്‍ക്ക് ശേഷം കൊളോണിയലിസം സംബന്ധിച്ച് തരൂരും ഓക്‌സ്ഫാര്‍ഡ് യൂണിയനില്‍ പ്രസംഗിച്ചിരുന്നു. 40 ലക്ഷം പേരാണ് അന്ന് ഈ ഡിബേറ്റ് കണ്ടത്. കൊളോണിയലിസത്തിന്റെ പേരില്‍ ബ്രിട്ടന്‍ എന്തുകൊണ്ട് ഇന്ത്യക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരാണ് എന്ന തരുരിന്റെ വാദം ഏറെനാള്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.


Next Story

Related Stories