Top

ഹരീഷ് ധീരനാണോ? അദ്ദേഹത്തിന് മരണഭയമുണ്ടോ എന്നതല്ല ചോദ്യം. നാമേതു നരക കാലത്താണ് ജീവിക്കുന്നത് എന്നതാണ്

ഹരീഷ് ധീരനാണോ? അദ്ദേഹത്തിന് മരണഭയമുണ്ടോ എന്നതല്ല ചോദ്യം. നാമേതു നരക കാലത്താണ് ജീവിക്കുന്നത് എന്നതാണ്
സ്വതന്ത്രലോകത്തിന്റെ മുന്നുപാധിയും ജീവനാഡിയുമാണ് സ്വതന്ത്ര ചിന്തയും ഭാവനയും. സൗന്ദര്യാത്മകവും വിമർശനാത്മകവുമായ ചിന്ത നിലവിലിരിക്കുന്ന ലോകത്തെ നിരന്തരം വിശകലനം ചെയ്യുകയും നവീകരണത്തിനുള്ള പ്രേരകമാവുകയും ചെയ്യും. അതുകൊണ്ടാണ് യാഥാസ്ഥിതികത്വത്തിന്, അധികാരത്തിന് എഴുത്തിനെ ഭയവും സംശയവുമുള്ളത്. ചരിത്രത്തിലെമ്പാടും അധികാരത്തിന്റെ വാൾത്തലപ്പുകളിൽ അക്ഷരങ്ങൾ തലയറ്റ് ചോരചിതറി വീണത്.

നിരാശാഭരിതമായ, കൂടുതൽ കുടുതൽ ഇടുങ്ങിയിരുണ്ടുപോവുന്ന ഒരു കാലത്തിന്റെ ഇടനാഴിയിലൂടെ കടന്നു പോവുകയാണ് നാം. അസത്യങ്ങളെയും അർദ്ധസത്യങ്ങളെയും പൊലിപ്പിച്ചെടുത്ത് തങ്ങൾക്കനുകൂലമായ ആശയാടിത്തറ ഉറപ്പിച്ചെടുത്ത് ഫാസിസം മുന്നേറുക തന്നെയാണ്. ഭയം ഈ പേമഴയിലെ വെള്ളം പോലെ ഓരോ നിമിഷവും കയറിക്കയറി നമ്മുടെ സ്വസ്ഥജീവിതത്തിന്റെ തുരുത്തുകളോരോന്നായി മുങ്ങി മുങ്ങിയില്ലാതാവുന്നു.

എസ്. ഹരീഷിന്റെ ഇനിയും പൂർണ്ണമാവാത്ത മീശ എന്ന നോവൽ രണ്ടു കഥാപാത്രങ്ങൾക്കിടയിലെ സംഭാഷണങ്ങളുടെ പേരിൽ, ചാപിള്ളയായി ചവറ്റുകൊട്ടയിൽ വീണിരിക്കുന്നു. പുരാണങ്ങളിലെ ലൈംഗിക പരാമർശങ്ങൾ, ക്ഷേത്രച്ചുമരുകളിലെ രതിശില്പങ്ങൾ, മഹാഭാരതത്തിലെ പഞ്ചാലീ വസ്ത്രാക്ഷേപം കഥ തുടങ്ങി നമ്മുടെ പാരമ്പര്യത്തിലെ നിരവധി വസ്തുതകൾ വച്ച് മിനിമം യുക്തികൊണ്ടാലോചിച്ചാൽ ഒരു കഴമ്പുമില്ലാത്ത, ഒരു നിലയുമില്ലാത്ത ഒരു വാദത്തിനു വേണ്ടിയാണ് ഈ യുദ്ധമുഖം തുറക്കപ്പെട്ടത് എന്ന് മനസ്സിലാവും. പക്ഷേ ആരോട്? ആരെയാണ് നമ്മൾ സംവാദം കൊണ്ട് തോല്പിക്കാമെന്ന് കരുതുന്നത്?
(ഈ വാദമുഖങ്ങൾ ഉയർത്തിയവരാരും അങ്ങനെ കരുതിയിട്ടല്ല അത് ചെയ്തത്. ആത്മാഹുതിക്കും കൊലയ്ക്കുമിടയിലെ, ഈ നെറികെട്ട ഇടവേളയിൽ തന്റെ മൗനം ഒരു ഒത്തുതീർപ്പിനുള്ള ഓശാനയാവരുത് എന്ന നിർബന്ധബുദ്ധിയുള്ളതുകൊണ്ടാണ്)

എഴുത്തിനും നിലപാടുകൾക്കും ജീവിതം പകരം നൽകിയ ധീരരെ നമുക്കറിയാം. അവരുടെ രക്തസാക്ഷിത്വങ്ങൾക്കും മരണത്തെ മുഖാമുഖം കണ്ട ജീവിതങ്ങൾക്കും നാം ഹൃദയത്തിൽ നിന്നുള്ള അഭിവാദ്യങ്ങളും ഐക്യദാർഢ്യവും നേരുന്നുമുണ്ട്. പക്ഷേ, അത്രയൊന്നും ധീരരും പോരാളികളുമല്ലാത്തവർക്കും ജീവിക്കണ്ടേ? അവർക്കുമുണ്ടാവില്ലേ സ്വപ്നങ്ങൾ? അഭിപ്രായങ്ങൾ?
ധീരരുടെ മരണവുമായുള്ള തായം കളിയാണോ ജനാധിപത്യത്തിൽ സ്വാതന്ത്ര്യം?

അല്ലാത്തതു കൊണ്ട്, നമുക്ക് നിസ്സാഹയരെക്കുറിച്ച് സംസാരിക്കേണ്ടതുണ്ട്. അവർക്ക് ആത്മവിശ്വാസം പകരേണ്ടതുണ്ട്. അതുകൊണ്ട് ഹരീഷ് ധീരനാണോ? അദ്ദേഹത്തിന് മരണഭയമുണ്ടോ എന്നതല്ല ചോദ്യം. നാമേതു നരക കാലത്താണ് ജീവിക്കുന്നത് എന്നതാണ്. നാമെങ്ങോട്ടാണ് സഞ്ചരിക്കുന്നത് എന്നതാണ്.

ഇതാദ്യമായല്ല മാതൃഭൂമി മതമൗലിക വാദത്തിന്റെ കൊലവിളികൾക്കു മുന്നിൽ മുട്ടുകുത്തുന്നത്. സോഷ്യൽ മീഡിയയിൽ വന്ന ഒരു നബി വിരുദ്ധ പരാമർശം നൽകിയതിന്റെ പേരിൽ ഒരു ദേശീയ അവാർഡ് ജേതാവായ പത്രപ്രവർത്തകൻ അവിടെ പണി നിർത്തിയിട്ടുണ്ട്. ആ പരാമർശത്തിൽ മനം നൊന്ത് അയാൾ സ്വയം രാജിവെച്ചതാവുമോ? ഇപ്പോൾ ഹരീഷ് നോവൽ നിർത്തിയതു പോലെ. കഴിഞ്ഞ കർക്കിടകത്തിൽ പത്രത്തിൽ പ്രസിദ്ധീകരിച്ച രാമായണ പഠന പരമ്പര പാതിയിൽ അവസാനിപ്പിച്ചിരുന്നു. എഴുതിയ 'എം.എം. ബഷീർ' എന്ന പേരു കണ്ട് ഹാലിളകിയ ഹിന്ദുത്വ തീവ്രവാദികളുടെ ഭീഷണികൾക്കു മുമ്പിലാണ് അന്ന് ആ പരമ്പര നിന്നു പോയത്.

ഒത്തുതീർപ്പുകളുടെ ഈ പരമ്പരയിലൂടെ 'പത്രത്തോടൊപ്പം വളർത്താൻ 'ഉദ്ദേശിക്കുന്നതേത് സംസ്കാരമാണ്? നവോത്ഥാന കേരളത്തിന്റെ മരണം സ്ഥിരീകരിക്കാൻ ഇനിയേതു നാഡിമിടിപ്പാണ് നിലയ്ക്കേണ്ടത്?

https://www.azhimukham.com/literature-kureeppuzha-sreekumar-speaks-against-extremism-supporting-hareesh/

https://www.azhimukham.com/trending-its-shame-mathrubhumi-not-naming-sanghparivar-which-threatens-hareesh-and-family-ezhuthal/

Next Story

Related Stories