UPDATES

ട്രെന്‍ഡിങ്ങ്

ഡല്‍ഹിയില്‍ കുടിക്കാന്‍ ടൊയ്‌ലെറ്റ് ടാപ്പ് വെള്ളം; കൊച്ചി സ്റ്റേഡിയത്തില്‍ അതുപോലുമില്ല; ഫിഫ ലോകകപ്പ് നാണക്കേടാകുന്നു

ആദ്യ മത്സരം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ കാണികള്‍ വിശപ്പും ദാഹവും കൊണ്ട് ഗാലറി വിട്ടു; ഇവിടെ ക്രിക്കറ്റ് മാത്രം വളര്‍ന്നാല്‍ മതിയോ എന്നു ആരാധകര്‍

ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പിന്റെ ആവേശത്തിന് ചേരാത്ത വാര്‍ത്തകളാണ് നമ്മുടെ സ്റ്റേഡിയത്തിനെ കുറിച്ച് കാണികള്‍ പറയുന്നത്. ആദ്യ മത്സരം നടന്ന ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന് പിന്നാലെ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ എത്തിയ കാണികളും പട്ടിണിയിലായി. വേള്‍ഡ് കപ്പ് പോലുള്ള അന്താരാഷ്ട്ര മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയങ്ങളില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത സംഘാടന പിഴവുകളാണ് സംഭവിച്ചിരിക്കുന്നത്. ഇന്നലെ കൊച്ചി സ്റ്റേഡിയത്തിലെ അവസ്ഥയും വ്യത്യസ്ഥമായിരുന്നില്ല. രണ്ട് മത്സരങ്ങള്‍ നടന്ന കൊച്ചി സ്‌റ്റേഡിയത്തില്‍, ആദ്യ മത്സരം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ കാണികള്‍ വിശപ്പും ദാഹവും കൊണ്ട് ഗാലറി വിട്ടു. സംഘാടന പിഴവ് തന്നെയായിരുന്നു ഇവിടെയും പ്രശ്‌നമായത്.

എറണാകുളം സ്വദേശിയും കടുത്ത ഫുട്‌ബോള്‍ ആരാധകനുമായ കെ അഖില്‍ തനിക്ക് കൊച്ചി സ്‌റ്റേഡിയത്തിലുണ്ടായ അനുഭവം അഴിമുഖത്തോട് പങ്ക് വെച്ചത് ഇങ്ങനെയായിരുന്നു- ‘ കൊച്ചി യില്‍ കളി കാണുവാന്‍ ഞാന്‍ ആദ്യമായിട്ടല്ല വരുന്നത്. ഐഎസ്എല്‍ ഉള്‍പ്പടെയുള്ള മത്സരങ്ങള്‍ കാണുവാന്‍ ഇവിടുത്തെ ഗാലറിയില്‍ ഞാനും സുഹൃത്തുകളും ആര്‍പ്പുവിളികളോടെ എത്തിയിട്ടുണ്ട്. പക്ഷെ ഇന്നലത്തെ അനുഭവം ആദ്യത്തേതായിരുന്നു. ഇന്നലെ രണ്ട് മത്സരങ്ങളായിരുന്നു കൊച്ചിയില്‍ നടന്നത്. വൈകിട്ട് അഞ്ച് മണിക്ക് ബ്രസീലും സ്‌പെയിനും, രാത്രി എട്ടുമണിക്ക് ഉത്തരകൊറിയയും നൈജറും. ഞങ്ങളൊക്കെ നാലുമണി കഴിഞ്ഞപ്പോഴേക്കും സ്‌റ്റേഡിയത്തില്‍ കയറിയിരുന്നു. മുമ്പ് സ്റ്റേഡിയത്തില്‍ വന്ന് പരിചയമുള്ളത് കൊണ്ട് വെള്ളമോ ഭക്ഷണമോ ഒന്നും കരുതിയിരുന്നില്ല. അഞ്ച് മണിക്ക് ബ്രസീല്‍- സ്‌പെയിന്‍ മത്സരം ആരംഭിച്ചു. മത്സരം ആദ്യ പകുതി പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ സ്റ്റേഡിയത്തിലെ ഭക്ഷണവും വെള്ളവുമൊക്കെ തീര്‍ന്നു..

ആ മത്സരം ഏഴു മണിയോടെ തീര്‍ന്നപ്പോള്‍ ഞങ്ങള്‍ ഫുഡ് കൗണ്ടറില്‍ പോയപ്പോള്‍ എല്ലാം കാലിയായിരുന്നു. മത്സരത്തിന്റെ ആവേശത്തില്‍ ആര്‍പ്പുവിളിച്ച് ക്ഷീണിച്ച് ഞങ്ങള്‍ ഒക്കെ ശരിക്കും തളര്‍ന്നിരുന്നു. അടുത്ത മത്സരം എട്ടു മണിക്ക് തുടങ്ങും. ഇന്നലെ നടന്ന രണ്ട് മത്സരത്തിനും ഒറ്റ ടിക്കറ്റായിരുന്നു. പുറത്തുപോയി ഭക്ഷണമോ വെള്ളമോ വാങ്ങാന്‍ പറ്റില്ല. കാരണം സ്‌റ്റേഡിയത്തിന് പുറത്ത് ഇറങ്ങിയാല്‍ ടിക്കറ്റ് അസാധുവാക്കും. അതുകൊണ്ട് തിരിച്ച് പ്രവേശിക്കാനും കഴിയില്ല. ശരിക്കും പെട്ടുപോയി.  ആര്‍പ്പും ബഹളവുമായി ഇരുന്ന പതിനായിരകണക്കിന് കാണികള്‍ വെള്ളവും ഭക്ഷണവും ഇല്ലാതെ ഏഴെട്ട് മണിക്കൂറുകള്‍ ഇരിക്കുകയെന്നത് ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ. എന്റെ സുഹൃത്തുകളില്‍ പലരും രണ്ടാമത്തെ മത്സരം കാണാന്‍ നില്‍ക്കാത്തെ സ്റ്റേഡിയം വിട്ടു. പകുതിയിലേറെ കാണികളും ഉത്തരകൊറിയ-നൈജര്‍ മത്സരം കാണാന്‍ നില്‍ക്കാഞ്ഞത് ദാഹവും വിശപ്പുംകൊണ്ടായിരുന്നു.


കാലിയായ ഫുഡ് കൗണ്ടര്‍

ഫുട്‌ബോള്‍ അത്രയ്ക്കും ലഹരിയായതുകൊണ്ടാണ് ഞാന്‍ മത്സരം മുഴുവനും കാണാന്‍ ഇരുന്നത്. ഫുഡ് കൗണ്ടര്‍ കാലിയായതിനെ തുടര്‍ന്ന് കാണികള്‍ പ്രശ്‌നമുണ്ടാക്കി. കൗണ്ടര്‍ ഒക്കെ അടിച്ചു തകര്‍ത്തു. പ്രതിഷേധം വിളികളുമുണ്ടായിരുന്നു. സ്റ്റേഡിയത്തില്‍ പല സംവിധാനങ്ങളും മോശമായ സജ്ജീകരണങ്ങളായിരുന്നു സംഘാടകര്‍ നടത്തിയിരുന്നത്. ടൊയ്‌ലറ്റൊക്കെ വളരെ ദയനീയമായിരുന്നു. അഴുക്കുവെള്ളം കെട്ടിക്കിടന്ന്, അങ്ങോട്ട് ഒന്ന് കയറാന്‍ പോലും അറപ്പുണ്ടാക്കുന്ന രീതിയിലായിരുന്നു കിടന്നിരുന്നത്. മത്സരം കാണാന്‍ എത്തിയ വിഐപി പാവലിനും സ്ഥിതി ഇതൊക്കെ തന്നെയായിരുന്നു എന്നാണ് കേട്ടത്. കൃത്യമായി അറിയില്ല. പിന്നെ മത്സരം കാണാന്‍ എത്തിയ പഴയ പ്രമുഖ താരങ്ങളെ അപമാനിക്കുന്ന തരത്തിലായിരുന്നു സംഘാടക പ്രതികരണമെന്നും കേട്ടിരുന്നു.

കാണികള്‍ തകര്‍ത്ത ഫുഡ് കൗണ്ടറുകളില്‍ ഒന്ന്

എത്ര മോശമാണ്  ഇത്. നമ്മള്‍ മാത്രമല്ലല്ലോ ഈ മത്സരങ്ങള്‍ കാണാന്‍ എത്തുന്നത്. വിദേശികളും  വിദേശ മാധ്യമങ്ങളും എത്തുന്നില്ലേ? നല്ല രീതിയില്‍ ഒരു അന്തരാഷ്ട്ര മത്സരം പോലും സംഘടിപ്പിക്കാനും അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കാനും കഴിയുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് ഇതൊക്കെ ഇവിടെ നടത്തുന്നത്. രാജ്യത്തെയും നമ്മളെയുമൊക്കെ നാണം കെടുത്താനാണോ? പൈസയില്ലാത്തതിന്റെ പ്രശ്‌നമൊന്നുമല്ല. ഉത്തരവാദിത്വത്തോടെ കാര്യങ്ങള്‍ നടത്താത്തതിന്റെ പ്രശ്‌നങ്ങളാണ് ഇതൊക്കെ. ഞാനൊക്കെ ഫുട്‌ബോള്‍ മത്സരം ഏത് മോശം അവസ്ഥയിലും ഇരുന്ന് കാണും. അതുപോലെ എല്ലാവരും കാണുമോ? ശരിക്കും ഇത്തരം കാര്യങ്ങളാണ് ഫുട്‌ബോളില്‍ നിന്ന് കാണികളേ അകറ്റുന്നത്. അതോ ഇനി ഇവിടെ ക്രിക്കറ്റ് മാത്രം മതിയെന്നാണോ? ഇവരൊക്കെ വിചാരിക്കുന്നത്.’ അഖില്‍ രോഷത്തോടെ പറഞ്ഞ് നിര്‍ത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദി വരെ പങ്കെടുത്ത ഡല്‍ഹി ജവഹര്‍ലാല്‍ നെഹറു സ്റ്റേഡിയത്തിലെ വേള്‍ഡ് കപ്പിന്റെ ആദ്യദിവസത്തെ മത്സരം സംഘാടന പിഴവു കൊണ്ടു തന്നെ രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരമാണെങ്കിലും ഡല്‍ഹി സ്‌റ്റേഡിയത്തിലെ ടിക്കറ്റുകള്‍ വിറ്റുപോകാത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ കുട്ടികള്‍ക്കു സൗജന്യ ടിക്കറ്റ് നല്‍കിയാണ് സംഘാടകര്‍ ഇതിനു പരിഹാരം കണ്ടത്. പ്രധാനമന്ത്രി എത്തുമ്പോള്‍ ഗാലറികള്‍ ഒഴിഞ്ഞിരിക്കുന്നത് ഒഴിവാക്കാനായിരുന്നു ഇത്. ഇരുപതിനായിരം ഫ്രീ ടിക്കറ്റുകളാണ് ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്കു നല്‍കിയത്. ഗാലറിയില്‍ ഇങ്ങനെ ആളെ നിറച്ചെങ്കിലും ഈ കുട്ടികള്‍ക്ക് ആവിശ്യത്തിന് കുടിവെള്ളമോ മറ്റ് ലക്ഷു ഭക്ഷണങ്ങളോ ലഭിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഒന്നും ഒരുക്കിയിരുന്നില്ല.

അവസാനം ദാഹിച്ച് വലഞ്ഞ് കുട്ടികളില്‍ ചിലര്‍ ടൊയ്ലറ്റിലെ ടാപ്പ് വെള്ളം കുടിച്ചു ദാഹം തീര്‍ക്കേണ്ട സ്ഥിയുണ്ടായെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്‌കൂളുകളില്‍നിന്ന് കുട്ടികളെ എത്തിക്കാന്‍ ബസുകള്‍ സംഘാടകര്‍ ഏര്‍പ്പാടു ചെയ്തിരുന്നു. ഇതും പിഴവുകൊണ്ട കൃത്യമായി നടപ്പിലാക്കാന്‍ സാധിച്ചില്ല. നിയന്ത്രണത്തിലെ പിഴവുകള്‍ മൂലം ഡല്‍ഹിയിലെ ട്രാഫിക് ആകെ താളം തെറ്റി. വേള്‍ഡ് കപ്പ് അതോറിറ്റിക്കും ഫിഫക്കും ഇക്കാര്യങ്ങള്‍ ചൂണ്ടി കാട്ടി പാരിതികള്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം.

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍