TopTop

ആദ്യ മന്ത്രിസഭ ചര്‍ച്ചകളും ഇഎംഎസ്സിന്റെ ബട്ടന്‍സില്ലാത്ത കുപ്പായവും

ആദ്യ മന്ത്രിസഭ ചര്‍ച്ചകളും  ഇഎംഎസ്സിന്റെ ബട്ടന്‍സില്ലാത്ത കുപ്പായവും
1957ല്‍ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി പാര്‍ട്ടി നിശ്ചയിച്ച ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് ഗവര്‍ണര്‍ ബി. രാമകൃഷ്ണറാവുവിനെ സന്ദര്‍ശിക്കുന്നതിനായി പോകാനിറങ്ങിയപ്പോള്‍ ധരിച്ചിരുന്നത് ബട്ടന്‍സില്ലാത്ത കുപ്പായം. കൊച്ചിയിലായിരുന്നു അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മറ്റി ഓഫീസ്. കമ്യൂണിസ്റ്റുകാര്‍ക്ക് അത്ര പഥ്യമല്ലാത്ത പുസ്തകങ്ങള്‍ എഴുതിയ ചരിത്രകാരന്‍ എ. ശ്രീധരമേനോന്റെ എറണാകുളം വളഞ്ഞമ്പലത്തുള്ള തറവാടായ ആലപ്പാട്ട് വീട്ടിലായിരുന്നു ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്.

കൊച്ചിയില്‍ തുടര്‍ച്ചയായി നടന്ന പൊളിറ്റ്ബ്യൂറോ, സംസ്ഥാന കമ്മറ്റി, നിയമസഭാ കക്ഷി യോഗങ്ങള്‍ക്കു ശേഷമാണ് ഇഎംഎസ്സിനെ മുഖ്യമന്ത്രിയാക്കുന്നതിന് പാര്‍ട്ടി തീരുമാനിച്ചത്. ഈ യോഗങ്ങള്‍ക്കുശേഷം 1957 മാര്‍ച്ച് 28 നാണ് ഗവര്‍ണറെ കാണുന്നതിനായി ഇഎംഎസ്സ് ആലപ്പാട്ട് വീ്ട്ടില്‍ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുന്നത്. മുഖ്യമന്ത്രിയാകാന്‍ പോകുന്ന ഇഎംഎസ്സിന് ഭാര്യ ആര്യ അന്തര്‍ജ്ജനം എടുത്തുകൊടുത്തത് ഇസ്തിരിയിടാത്ത ചുക്കിച്ചുളിഞ്ഞ ചര്‍ട്ട്. അതിന് ഒരു ബട്ടന്‍സ് ഇല്ലായിരുന്നു. ബട്ടന്‍സില്ലെന്ന് ഇഎംഎസ് പറഞ്ഞപ്പോള്‍ ഭാര്യ തന്റെ ഒരു സേഫ്റ്റി പിന്‍ കൊടുത്തു, ഷര്‍ട്ടില്‍ കുത്താന്‍.

ഇതു കണ്ടുവന്ന ആലപ്പാട്ട് വീട്ടിലെ കാര്‍ന്നവര്‍ ആലപ്പാട്ട് വേലായുധ മേനോന്‍ ഷര്‍ട്ട് ഇസ്തിരിയിട്ട് കൊടുത്തു. പുതിയ ബട്ടന്‍സ് തുന്നിച്ചേര്‍ത്ത് കൊടുക്കുകയും ചെയ്തു. ഈ ഷര്‍ട്ടും ധരിച്ച് തിരുവനന്തപുരത്ത് എത്തി ഗവര്‍ണറെ കണ്ട് ഒരു മണിക്കൂര്‍ ചര്‍ച്ച നടത്തിയ ഇഎംഎസ് എറണാകുളത്തേക്ക് തന്നെ മടങ്ങിപ്പോരുകയും ചെയ്തു. മന്ത്രിമാരുടെ പട്ടികയുമായി ഏപ്രില്‍ രണ്ടിന് വീണ്ടും എത്താമെന്ന് പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്. പാര്‍ട്ടി നിരോധിച്ചിരുന്ന കാലത്ത് ആലപ്പാട് വീട് ഒളിത്താവളമായിരുന്നു. പിന്നീട് നിയമവിധേയമായി മലബാര്‍, തിരുവിതാംകൂര്‍, കൊച്ചി പാര്‍ട്ടികള്‍ ഒന്നായ 1956 മുതല്‍ അത് സംസ്ഥാന കമ്മറ്റി ഓഫീസായി. 1957 ഏപ്രില്‍ രണ്ടുവരെ ആ വീട് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മറ്റി ഓഫീസായി പ്രവര്‍ത്തിക്കുകയും ചെയ്തു.

ആദ്യ കേരള നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ 1957 മാര്‍ച്ച് മൂന്നിനാരംഭിച്ച് 18നാണ് പൂര്‍ത്തിയായത്. 133 അംഗ സഭയിലേക്ക് 60 കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഒമ്പത് അംഗങ്ങളുള്ള പിഎസ്പിയുടെ പിന്തുണ തേടി ഭരണത്തിലേറാനുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നീക്കം ഫലം കാണാതെ വന്നതോടെ സ്വതന്ത്രരായി ജയിച്ച അഞ്ചംഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയാണ് സര്‍ക്കാര്‍ നീക്കവുമായി പാര്‍ട്ടി മുന്നോട്ട് പോയത്.

മന്ത്രിസഭ രൂപീകരണവുമായ തീരുമാനങ്ങള്‍ എടുക്കുന്നതിനായി ആലപ്പാട്ട് വീട്ടില്‍ മാര്‍ച്ച് 22 മുതല്‍ 24 വരെ പാര്‍ട്ടി പൊളിറ്റ്ബ്യുറോ യോഗം ചേര്‍ന്നു. തുടര്‍ന്ന് സംസ്ഥാന കമ്മറ്റി യോഗവും നടന്നു. അവിടെ മന്ത്രിസ്ഥാനം സംബന്ധിച്ച വലിയ തര്‍ക്കങ്ങള്‍ ഉണ്ടായി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇഎംഎസ്സിനെ എത്തിക്കുന്നതില്‍ തന്ത്രപ്രധാനമായ നീക്കങ്ങള്‍ നടത്തിയത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ എം.എന്‍. ഗോവിനന്ദന്‍ നായരായിരുന്നു. എന്നാല്‍, കെ. ആര്‍. ഗൗരിയമ്മയെ വിവാഹം കഴിക്കാതെ അഞ്ചു വര്‍ഷമായി ഒഴിഞ്ഞുമാറി നടക്കുന്നതിന്റെ പേരില്‍ ടി.വി. തോമസിനെ മന്ത്രിയാക്കരുതെന്ന കടുത്ത നിലപാട് എം.എന്‍. ഗോവിന്ദന്‍ നായര്‍ സംസ്ഥാന സമിതിയില്‍ കൈക്കൊണ്ടു. കെ.പി. ഗോപാലനെ മന്ത്രിയാക്കരുതെന്ന് സി.എച്ച്. കണാരനും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സി. അച്യുത മേനോന്‍ വരണമെന്നായിരുന്നു തിരു കൊച്ചിയിലെ പാര്‍ട്ടിക്കാര്‍ ആഗ്രഹിച്ചത്. എന്നാല്‍ അങ്ങനെയല്ല വന്നു ഭവിച്ചത്.

അച്യുത മേനോന്‍ മുഖ്യമന്ത്രിയാകാത്ത ടി.വി. തോമസ് പട്ടികയില്‍ പെടാത്ത മന്ത്രിപ്പട്ടിക കൊച്ചിയിലേയും തിരുവിതാംകൂറിലേയും നിയമസഭാംഗങ്ങളുടെ പ്രതിഷേധത്തിനിരയായി. തിരുകൊച്ചിയില്‍ നിന്നുള്ളയാള്‍ തന്നെ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമാകുന്നത് ഉചിതമല്ലാത്തതിനാല്‍ താന്‍ തന്നെയാണ് ഇഎംഎസ്സിന്റെ പേര് നിര്‍ദ്ദേശിച്ചതെന്ന് എംഎന്‍ പ്രതിഷേധക്കാരെ അറിയിച്ചു. അതംഗീകരിച്ചെങ്കിലും, ടി.വി. തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യത്തില്‍ അവര്‍ ഉറച്ച് നിന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി സംസ്ഥാന സമിതി വീണ്ടും ചേര്‍ന്നു. വിവാഹ പ്രശ്‌നം എം.എന്‍. വീണ്ടും എടുത്തിട്ടു. വിവാഹത്തിന് തടസമായി ടി.വി. പറഞ്ഞിരുന്നത് തന്റെ സഹോദരിമാരുടെ വിവാഹം നടക്കാനുണ്ടെന്നതായിരുന്നു. ഒടുവില്‍ ടി.വി. വിവാഹം കഴിക്കുമെന്ന വാക്കുകൊടുത്താല്‍ മതിയെന്ന നിലപാടായി. അതിനു വഴങ്ങി. അങ്ങനെയാണ് ടി.വി. തോമസും കെ.ആര്‍. ഗൗരിയും ആദ്യ മന്ത്രിസഭയില്‍ എത്തിയത്.

25ന് വൈകുന്നേരം മൂന്നിന് എറണാകുളം ടിഡിഎം ഹാളില്‍ ആയിരുന്നു നിയമസഭാ കക്ഷിയോഗം. കെ.സി. ജോര്‍ജ്ജായിരുന്നു അധ്യക്ഷന്‍. യോഗം ഇഎംഎസ്സിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. സി. അച്യുത മേനോന്‍(ഉപനേതാവ്), ഇ. ഗോപാലകൃഷ്ണ മേനോന്‍(സെക്രട്ടറി),ടി. സി. നാരായണന്‍ നമ്പ്യാര്‍(ചീഫ് വിപ്പ്), പന്തളം പി. ആര്‍. മാധവന്‍ പിള്ള, ഇ.പി. ഗോപാലന്‍(അസിസ്റ്റന്റ് ചീഫ് വിപ്പുമാര്‍) എന്നിവരെ മറ്റു ഭാരവാഹികളായും തെരഞ്ഞെടുത്തു. 60 കമ്യൂണിസ്റ്റ് പാര്‍ട്ടി എംഎല്‍എമാരില്‍ എട്ടു പേരും അഞ്ചു സ്വതന്ത്രന്മാരില്‍ നിന്നും മൂന്നു പേരും മന്ത്രിമാരായി.

രാത്രിയിലെ രണ്ടാം സംസ്ഥാന സമിതിയോഗത്തിനു മുന്‍പായി രാജേന്ദ്ര മൈതാനത്ത് പുതിയ സാമാജികര്‍ക്ക് സ്വീകരണം നല്‍കുന്നതിനായി യോഗം ചേര്‍ന്നു. പി. ഗംഗാധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി അജയഘോഷ്, ഇഎംഎസ്, എകെജി, എം.എം. ലോറന്‍സ് തുടങ്ങിയവര്‍ പ്രസംഗിക്കുകയും ചെയ്തു.

(അവലംബം:
1. നക്ഷത്രവും ചുറ്റികയും -രാമചന്ദ്രന്‍, പ്രണത ബുക്‌സ്, കൊച്ചി
2. കമ്യൂണിസ്റ്റ് ഭരണവും വിമോചന സമരവും-കെ. രാജേശ്വരി, പെന്‍ ബുക്‌സ്)


Read More: 1957ലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ വിധി നിര്‍ണ്ണയിച്ചത് ആര്‍ എസ് പിയുമായുള്ള ഉടക്കോ? കേരള രാഷ്ട്രീയ ചരിത്രം പറയുന്നത് ഇതാണ്

Next Story

Related Stories