TopTop

കേരള കോണ്‍ഗ്രസില്‍ ‘ഒരു രൂപ അംഗത്വം പോലും ഇല്ലാതിരുന്ന’ മാണിയെങ്ങനെ 1965ല്‍ പാലായില്‍ മത്സരിച്ചു?

കേരള കോണ്‍ഗ്രസില്‍ ‘ഒരു രൂപ അംഗത്വം പോലും ഇല്ലാതിരുന്ന’ മാണിയെങ്ങനെ 1965ല്‍ പാലായില്‍ മത്സരിച്ചു?
കെ.എം. മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന പാല നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ കേളികൊട്ട് മുഴങ്ങിക്കഴിഞ്ഞു. മാണിയില്ലാത്തെ പാലയില്‍ പ്രതീക്ഷവെച്ച് മാണി സി കാപ്പനെ നാലാം ഊഴത്തിലേക്ക് നിയോഗിച്ച് ഇടതു മുന്നണി തെരഞ്ഞെടുപ്പ് ഗോദയില്‍ ആദ്യം തന്നെ നിലയുറപ്പിക്കുകയും ചെയ്തിരിക്കുന്നു. അതേസമയം, പതിവുപോലെ കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അനിവാര്യ ചേരുവയായ തമ്മിലടിയും രൂക്ഷം. പി.ജെ. ജോസഫ്, ജോസ് കെ. മാണി വിഭാഗങ്ങളായി പോരടിച്ച് നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ അനുനയിപ്പിച്ച് അവിടെ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ചക്രശ്വാസം വലിക്കുകയാണ് യുഡിഎഫ് നേതാക്കള്‍. അതിനായി മാരത്തോണ്‍ ചര്‍ച്ചകള്‍ നടന്നുവരുന്നു.

ഈ കാഴ്ചകള്‍ക്കു നടുവില്‍ നിന്ന് കെ.എം. മാണി കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആദ്യമായി പാലയില്‍ നിന്നു മത്സരിച്ച സംഭവഗതികളിലേക്ക് നോക്കുക കൗതുകകരം തന്നെ. 1965ലാണ് പാല നിയമസഭ മണ്ഡലം നിലവില്‍ വരുന്നത്. കേരള കോണ്‍ഗ്രസ് രൂപീകരണത്തിനുശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ്. 65 മുതല്‍ തന്റെ ജീവിതാന്ത്യം വരെ പാലയെ പ്രതിനിധീകരിച്ചു കെ. എം. മാണി. തലനാരിഴയ്ക്ക് രക്ഷപ്പെട്ട കഥകളൊക്കെ പില്‍ക്കാലത്ത് ഉണ്ടായിട്ടുണ്ടെങ്കില്‍ പോലും.

1964 ഒക്ടോബര്‍ ഒമ്പതിന് വൈകിട്ട് കോട്ടയം തിരുനക്കര മൈതാനിയില്‍ ചേര്‍ന്ന വമ്പിച്ച പൊതുയോഗത്തില്‍ എന്‍എസ്എസ് സമുദായാചാര്യന്‍ മന്നത്ത് പദ്മനാഭനാണ് കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തിയത്. പി.ടി. ചാക്കോയും ആര്‍.ശങ്കറും തമ്മിലുള്ള അകല്‍ച്ച രൂക്ഷമായ ഗ്രൂപ്പ് വഴക്കായി കോണ്‍ഗ്രസിനകത്ത് പി.ടി. ചാക്കോയുടെ മരണശേഷവും തുടരുകയും ഇത് ആത്യന്തികമായി ആര്‍.ശങ്കര്‍ മന്ത്രിസഭയുടെ തകര്‍ച്ചയിലേക്ക് എത്തിക്കുകയുമായിരുന്നു. കത്തോലിക്കരും എന്‍എസ്എസ്സും സംയുക്തമായി കൈകോര്‍ത്ത് പിടിച്ച് നടത്തിയ നീക്കങ്ങളാണ് കോണ്‍ഗ്രസിലെ വിമതരെല്ലാവരും ചേര്‍ന്ന് കേരള കോണ്‍ഗ്രസ് രൂപീകരിക്കുന്നതിലേക്ക് എത്തിയത്. കോണ്‍ഗ്രസ് വിട്ട നേതാക്കള്‍ 1964 ഒക്ടോബര്‍ എട്ടിന് കോട്ടയത്തെ ലക്ഷ്മിനിവാസ് ഓഡിറ്റോറിയത്തില്‍ യോഗം ചേര്‍ന്ന് കെ.എം. ജോര്‍ജ് ചെയര്‍മാനായി കേരള കോണ്‍ഗ്രസ് ഭാരവാഹികളെ തെരഞ്ഞെടുത്തിരുന്നു.

1965ല്‍ കെ.എം. മാണി കോണ്‍ഗ്രസിന്റെ കോട്ടയം ജില്ല കമ്മറ്റി സെക്രട്ടറിയായിരുന്നു. കേരള കോണ്‍ഗ്രസിന്റെ ആദ്യ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ മാത്തച്ചന്‍ കുരുവിനാക്കുന്നേല്‍ ആയിരുന്നു അന്നവിടത്തെ ജില്ല കോണ്‍ഗ്രസ് പ്രസിഡന്റ്. കേരള കോണ്‍ഗ്രസ് രൂപപ്പെട്ടപ്പോഴും കെ.എം.മാണി കോണ്‍ഗ്രസിനൊപ്പം തന്നെ നില്‍ക്കുകയായിരുന്നുവെന്നാണ് ആര്‍. ബാലകൃഷ്ണ പിള്ളയെ പോലുള്ളവര്‍ പില്‍ക്കാലത്ത് രേഖപ്പെടുത്തിയിട്ടുള്ളുത്. അക്കുറി പാലയില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ നിയമസഭയിലേക്ക് മത്സരിക്കാനും കെ. എം. മാണി ആഗ്രഹിച്ചിരുന്നതായി ആര്‍. ബാലകൃഷ്ണ പിള്ള തന്റെ ആത്മകഥയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയത് അടുത്തകാലത്ത് അന്തരിച്ച മുന്‍ മേഘാലയ ഗവര്‍ണര്‍ എം. എം. ജേക്കബിനായിരുന്നു.
ഇങ്ങനെ ഖിന്നനായി കഴിയുകയായിരുന്ന കെ.എം. മാണിയെ കേരള കോണ്‍ഗ്രസ് നേതാവായ മോഹന്‍ കുളത്തുങ്കല്‍ പോയി കണ്ട് കേരള കോണ്‍ഗ്രസിലെത്തിക്കുകയായിരുന്നു. വ്യവസായ പ്രമുഖനായ കുളത്തുങ്കല്‍ പോത്തന്റെ മകനാണ് മോഹന്‍ കുളത്തുങ്കല്‍. അദ്ദേഹത്തിന് കേരള കോണ്‍ഗ്രസില്‍ നിര്‍ണായക സ്വാധീനവും ഉണ്ടായിരുന്നു. പാര്‍ട്ടിയുടെ ശൈശവ ദശയില്‍ അദ്ദേഹം മുന്‍കൈ എടുത്ത് നടത്തുന്ന കാര്യങ്ങള്‍ ചോദ്യം ചെയ്യപ്പടുമായിരുന്നില്ല. കെ.എം. മാണി പാലയില്‍ സ്ഥാനാര്‍ഥിയാകുമ്പോള്‍ അദ്ദേഹത്തിന് കേരള കോണ്‍ഗ്രസില്‍ അംഗത്വം പോലുമുണ്ടായിരുന്നില്ലെന്നാണ് ആര്‍. ബാലകൃഷ്ണ പിള്ള എഴുതിയിട്ടുള്ളത്. മറ്റൊരാളെ മത്സരിപ്പിക്കുവാനാണ് കേരള കോണ്‍ഗ്രസ് ആലോചിച്ചിരുന്നത്.

"1965ല്‍ മോഹന്‍ കുളത്തുങ്കലിന്റെ വിരല്‍തുമ്പില്‍ പിടിച്ച് കേരള കോണ്‍ഗ്രസിലെത്തി പാലായില്‍ സ്ഥാനാര്‍ഥിയാകുമ്പോള്‍ മാണിക്ക് കേരള കോണ്‍ഗ്രസിന്റെ ഒരു രൂപ അംഗത്വം പോലും ഇല്ലായിരുന്നു. ഞങ്ങള്‍ അന്ന് പാലായില്‍ സ്ഥാനാര്‍ഥിയാക്കാന്‍ വേറെ ഒരാളെയാണ് ഉദ്ദേശിച്ചിരുന്നത്. അദ്ദേഹത്തിന്റെ പേര് ഇവിടെ പരാമര്‍ശിക്കുന്നില്ല. പക്ഷെ സീറ്റ് കിട്ടാത്തതിലെ അസംതൃപ്തി കൊണ്ടു കോണ്‍ഗ്രസ് വിടാന്‍ തയാറായ മാണിയെ മോഹന്‍ കൂട്ടിക്കൊണ്ടുവന്ന് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കുകയായിരുന്നു." (ആര്‍. ബാലകൃഷ്ണ പിള്ളയുടെ ആത്മകഥ, ഡിസി ബുക്‌സ്, കോട്ടയം, പുറം, 128)

തൊട്ടടുത്ത ഇടതുപക്ഷ സ്ഥാനാര്‍ഥിയെ 9585 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു കെ. എം. മാണിയുടെ ആദ്യ വിജയം. ഇടതു പക്ഷത്തെ വി. ടി. തോമസ് കോണ്‍ഗ്രസിലെ മിസ്സിസ്സ് ആര്‍.വി. തോമസ്സുമായിരുന്നു അക്കുറി മാണിയുടെ പ്രധാന എതിരാളികള്‍. 1965ല്‍ നീയമസഭയില്‍ എത്തിയ കെ.എം. മാണി അദ്ദേഹത്തിന്റെ അന്ത്യം വരെ പാല മണ്ഡലത്തെ പ്രതിനിധാനം ചെയ്യുകയും ചെയ്തു. കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് സിപിഐയും സിപിഎമ്മും നിലവില്‍ വന്നതിനുശേഷവും കേരള കോണ്‍ഗ്രസിന്റെ രൂപീകരണത്തിനുശേഷവും നടന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പെന്ന സവിശേഷതയും 1965ലെ തെരഞ്ഞെടുപ്പിന് ഉണ്ട്.

എംഎല്‍എ പദവിയിലേക്ക് എത്തിയതിനു പിന്നാലെ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. ജോര്‍ജ് പിന്നീട് കെ.എം. മാണിയെ കോട്ടയത്തെ ഓഫീസിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാക്കി. എന്നാല്‍ ഈ തീരുമാനം തെറ്റായിരുന്നുവെന്ന് കെ. എം. ജോര്‍ജ് തന്നെ പിന്നീട് തന്നോട് പറഞ്ഞിട്ടുണ്ടെന്നും എക്കാലവും കെ.എം. മാണിയുടെ വിമര്‍ശകനായ ആര്‍. ബാലകൃഷ്ണ പിള്ള എഴുതിയിട്ടുണ്ട്. അതെന്തായാലും, വളരുന്തോറും പിളര്‍ന്നു കൊണ്ടിരുന്ന കേരള കോണ്‍ഗ്രസുകളില്‍ ഏറ്റവും സംഘബലമുള്ള പാര്‍ട്ടിയായി തന്റെ വിഭാഗത്തെ വളര്‍ത്തിയെടുക്കാന്‍ പില്‍ക്കാലത്ത് കെ.എം. മാണിക്കായി. കേരളത്തിലെ ഏറ്റവും തലയുടുപ്പുള്ള രാഷ്ട്രീയ നേതാക്കളില്‍ അഗ്രിമസ്ഥാനത്തേക്കും അദ്ദേഹം വളര്‍ന്നു. പാല നിയമസഭാ മണ്ഡലത്തിന്റെ ചരിത്രത്തില്‍ മാണിയില്ലാത്ത ആദ്യ തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്.

Next Story

Related Stories