UPDATES

സൂര്യയും ഇഷാനും ഒന്നാകുന്നു; നിയമവിധേയ ട്രാൻസ്‌ജെൻഡർ വിവാഹത്തിന് തുടക്കമിടാനൊരുങ്ങി കേരളം

ഇരു കുടുംബങ്ങളുടെയും പൂർണ്ണ സമ്മതത്തോടെ സ്‌പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരമാണ് വിവാഹം

ദീഷ്‌ണ സി.

ദീഷ്‌ണ സി.

ചരിത്രത്തിലാദ്യമായി നിയമവിധേയ ട്രാൻസ്‌ജെൻഡർ വിവാഹത്തിന് കേരളം തുടക്കമിടാനൊരുങ്ങുന്നു. സൂര്യയും ഇഷാൻ കെ ഷാനുമാണ് പ്രതിസന്ധികളെ മറികടന്ന് ജീവിതം പങ്കിടാൻ തീരുമാനിച്ചിരിക്കുന്നത്. ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗങ്ങളായ സൂര്യയുടെയും ഇഷാന്റെയും ആറുവർഷത്തെ സൗഹൃദമാണ് വിവാഹത്തിലേക്ക് വഴിയൊരുക്കിയത്. ഇരുവരും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായതിനാൽ, ഐഡി കാർഡുകളിൽ സൂര്യ സ്ത്രീയും ഇഷാൻ പുരുഷനുമാണ്. അതുകൊണ്ടുതന്നെ, നിയമ വിധേയമായി വിവാഹം നടത്താൻ തടസ്സങ്ങൾ ഉണ്ടാവുകയില്ല.

ഇരു കുടുംബങ്ങളുടെയും പൂർണ്ണ സമ്മതത്തോടെ സ്‌പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരമാണ് തങ്ങൾ വിവാഹിതരാകുന്നതെന്ന് സൂര്യയും ഇഷാനും വ്യക്തമാക്കുന്നു.സൂര്യ ഹൈന്ദവ കുടുംബ പശ്ചാത്തലത്തിൽ നിന്നും ഇഷാൻ ഇസ്‌ലാം സമുദായത്തിൽ നിന്നുമായതിനാൽ കേവലമൊരു രജിസ്റ്റർ മാര്യേജ് എന്നതിലുപരി സമുദായവും ബന്ധുക്കളുമടങ്ങുന്ന ഒരു വിവാഹവേദി തന്നെ ഒരുക്കാനാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത്. സൂര്യ സംസ്ഥാന സമിതി അംഗവും, ഇഷാൻ തിരുവനന്തപുരം ജില്ലാ സമിതി അംഗവുമായിരിക്കുന്ന ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡിലെയും, ഒയാസിസ് തിരുവനന്തപുരം ട്രാൻസ് കമ്മ്യൂണിറ്റിയിലെയും അംഗങ്ങളുടെ പിന്തുണയോടു കൂടെയാണ് ഇരുവരും വിവാഹത്തിനൊരുങ്ങുന്നത്.

അവളില്ലെങ്കിൽ ഞാൻ ഇല്ല, ഞാൻ ഇല്ലെങ്കിൽ അവളുമില്ല

മുപ്പത്തിഒന്നുകാരിയായ സൂര്യ 2014ലാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാവുന്നത്. പുരുഷനിൽ നിന്നും സ്ത്രീയിലേക്കുള്ള മാറ്റത്തിനൊടുവിൽ, സൂര്യ ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന സോഷ്യൽ ആക്റ്റിവിസ്റ്റും, ഭിന്ന – ലൈംഗിക ന്യൂനപക്ഷ പ്രവർത്തകയുമാണ്. ഒപ്പം സ്റ്റേജ് പ്രോഗ്രാമിലെയും സിനിമയിലെയും ഡബ്ബിങ് ആർട്ടിസ്റ്റായും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു.
ഇഷാനുമായുള്ള വിവാഹത്തെക്കുറിച്ച് സൂര്യ പറയുന്നു;

“വീട്ടുകാരുടെ സമ്മതത്തോടെ സ്‌പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരമാണ് ഞങ്ങൾ വിവാഹം ചെയ്യുന്നത്. കേരളത്തിലെ, ഒരുപക്ഷേ ഇന്ത്യയിലെത്തന്നെ ആദ്യ നിയമവിധേയ ട്രാൻസ്ജെൻഡർ വിവാഹത്തിന്റെ ഭാഗമാകാൻ പോവുന്നു എന്നതിൽ വളരെ സന്തോഷമുണ്ട്. വിവാഹം എന്നതിലുപരി സമൂഹത്തിനും വരും തലമുറയ്ക്കും മുൻപിൽ ഒരു മാതൃകയും പ്രചോദനവുമാവാൻ സാധിക്കുന്നു എന്നതിൽ അഭിമാനം ഏറെയാണ്. ഒരു പുരുഷനെയോ സ്ത്രീയെയോ പോലെ എല്ലാവിധ അവകാശങ്ങളും ഉത്തരവാദിത്തങ്ങളുമുള്ള വിഭാഗമാണ് ട്രാൻസ്ജെൻഡറുകൾ. ഞങ്ങൾക്കും പരസ്പര സ്നേഹത്തോടെ സമൂഹത്തിൽ കുടുംബമായി ജീവിക്കണം. മനസ്സും പ്രണയവും സ്നേഹവുമെല്ലാം ഞങ്ങളിലുമുണ്ട്. പൂർണതയുള്ള പുരുഷനെയോ സ്ത്രീയെയോ വിവാഹം ചെയ്യുന്നതിനുപകരം സ്വന്തം കമ്മ്യൂണിറ്റിയിൽത്തന്നെ ഉൾപ്പെടുന്ന, പരസ്പര ധാരണയുള്ള ഒരു പങ്കാളിയെ വിവാഹം ചെയ്യുന്നതാണ് ഏറ്റവും ഉചിതം. കമ്മ്യുണിറ്റിയിൽ ഉൾപ്പെടുന്നവർ ഒന്നിക്കാൻ തയ്യാറായാൽ വിജയകരമായ ഒരു ദാമ്പത്യത്തിനു അത് വഴിയൊരുക്കും. ഞാൻ ഹിന്ദുവും ഇഷാൻ ഇസ്ലാമുമാണ്. ഞാൻ മതം മാറുമോ എന്ന ചോദ്യം പലരിൽനിന്നും കേൾക്കേണ്ടി വരുന്നുണ്ട്. രണ്ടുപേരും സ്വന്തം മതത്തിൽ നിന്നുകൊണ്ട് തന്നെ വിവാഹിതരാകാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇഷാന്റെത് ഓർത്തഡോക്സ്‌ ഇസ്‌ലാമിക കുടുംബമായതിനാലും, വൈവാഹിക കുടുംബജീവിതം എനിക്കേറെ വിലപ്പെട്ടതായതിനാലും ഭാവിയിൽ മതം മാറേണ്ട സാഹചര്യം ഉണ്ടാവുകയാണെങ്കിൽ അപ്രകാരം ചെയ്യുന്നതിൽ വിരോധവുമില്ല. തൽക്കാലം അതേക്കുറിച്ചൊന്നും ഇപ്പോൾ ആലോചനയിലില്ല. ഒരു നല്ല കുടുംബജീവിതം ഞങ്ങള്‍ ആഗ്രഹിക്കുന്നു.”

ഇന്നും കേരളത്തില്‍ ജീവിക്കാന്‍ പേടി; മായാനദിയിലെ മേക് അപ്പ് ആര്‍ട്ടിസ്റ്റ് ട്രാന്‍സ്ജെന്‍ഡര്‍ അബീൽ റോബിൻ സംസാരിക്കുന്നു

ബിസിനസ്സുകാരനായ ഇഷാൻ മൂന്നുവർഷങ്ങൾക്ക് മുൻപാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാവുന്നത്. സ്ത്രീയിൽ നിന്നും പുരുഷനിലേക്കുള്ള മാറ്റം കുടുംബത്തിൽ വലിയ പ്രശ്‌നങ്ങൾക്ക് കാരണമായെങ്കിലും വിവാഹത്തിന് വീട്ടുകാരുടെ പൂർണ അനുവാദമുണ്ടെന്ന് ഈ മുപ്പത്തിമൂന്നുകാരൻ പറയുന്നു.

“ട്രാൻസ്‌ സെക്ഷ്വൽ, ട്രാൻസ്മെൻ തുടങ്ങിയ ലിംഗ ന്യൂനപക്ഷങ്ങൾ ഇന്നത്തെ സമൂഹത്തിൽ ഒരുപാടുണ്ട്. അവരിൽ നിന്നുതന്നെ ഒരു ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിഞ്ഞു എന്നതിൽ സന്തോഷം. എന്നെയും സൂര്യയെയും വീട്ടുകാർ അംഗീകരിച്ചുകൊണ്ട്, സമുദായമുൾപ്പെടെ എല്ലാവരുടെയും സമ്മതപ്രകാരമാണ് ഞങ്ങൾ വിവാഹിതരാകുന്നത്. സമൂഹത്തിന് മുൻപിൽ നല്ലൊരു കുടുംബ ജീവിതം നയിക്കാൻ സാധിക്കണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.”

ഞങ്ങള്‍ തൊഴിലെടുത്ത് ജീവിച്ച് കാണിക്കും; കൊച്ചി മെട്രോയില്‍ നിയമനം കിട്ടിയ ട്രാന്‍സ്‌ജെന്‍ഡര്‍ രാഗ രഞ്ജിനി

ട്രാൻസ് വുമണും ഇഷാന്റെ വളർത്തമ്മയുമായ ശ്രീക്കുട്ടി മകന്റെ വിവാഹത്തെക്കുറിച്ച് സംസാരിക്കുന്നതിങ്ങനെ;

“പെറ്റമ്മയല്ലെങ്കിലും രണ്ടുപേരുടെ വളർത്തമ്മയാണ് ഞാൻ. ശ്യാമയും ഇഷാനും എന്റെ മകളും മകനുമാണ്. മൂന്ന് വർഷം മുൻപാണ് ഇഷാനെ ഞാൻ ദത്തെടുക്കുന്നത്.ഒരു ഇസ്‌ലാം കുടുംബത്തിൽ പെൺകുട്ടിയായി ജനിച്ച അവനെ, ഇന്നത്തെ ഇഷാനാക്കി മാറ്റിയതിനു പിന്നിൽ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നു. ഇപ്പോൾ ഞങ്ങളുടെ കമ്മ്യൂണിറ്റിയിൽത്തന്നെ ഉൾപ്പെടുന്ന സൂര്യയുമായി വിവാഹം ചെയ്യാനും ജീവിതം പങ്കിടാനും അവൻ തീരുമാനിച്ചിരിക്കുന്നു. അമ്മയെന്ന നിലയിൽ എനിക്കേറെ സന്തോഷവും അഭിമാനവുമുണ്ട്. ഇഷാന്റെ കുടുംബത്തെയും സമുദായത്തെയും ഇതിനകം കാര്യങ്ങൾ ബോധ്യപ്പെടുത്തിക്കഴിഞ്ഞു. എല്ലാവരുടെയും സമ്മതപ്രകാരം നിയമമനുസരിച്ചുള്ള ഒരു വിവാഹമാണ് നടക്കാനൊരുങ്ങുന്നത്. അമ്മയെന്ന നിലയിൽ ഇഷാന്റെ ജീവിതം സുരക്ഷിതമാക്കുകയെന്നത് എന്റെ ഉത്തരവാദിത്തമാണ്. സൂര്യ ഒരു നല്ല ജീവിത പങ്കാളിയായി മകനൊപ്പം തുടരുമെന്ന ആത്മവിശ്വാസമെനിക്കുണ്ട്.”

കേരളത്തില്‍ ആറ്‌ ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍; ബാക്കിയുള്ളവരോ? ഇന്നും മാറാതെ സര്‍ക്കാരും സമൂഹവും

ഞാനും ഭിക്ഷ യാചിച്ചിട്ടുണ്ട്, ജീവിക്കാന്‍ വേണ്ടി; കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭകയാകാന്‍ തൃപ്തി

ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ ജീവിതം; അല്ല, പോരാട്ടം

മലയാള സിനിമയില്‍ ഇനി ട്രാന്‍സ് പ്രണയങ്ങള്‍ വരട്ടെ; ആഭാസത്തെ കുറിച്ച് ശീതള്‍ ശ്യാം/ അഭിമുഖം

“സെക്‌സ് നിങ്ങളുടെ കാലിന്റെ ഇടയിലാണ്, ജെന്‍ഡര്‍ തലയിലും”- കാമി സിഡ്: പാകിസ്ഥാനിലെ ഒരേയൊരു ട്രാന്‍സ്‌ജെന്‍ഡര്‍ മോഡല്‍

മലയാളത്തിലെ ആദ്യ ചാനല്‍ ഷോ ആങ്കര്‍ ട്രാന്‍സ്ജന്‍ഡര്‍ ടി.ജി ശ്യാമ സംസാരിക്കുന്നു; നിങ്ങള്‍ക്കിതൊരു വേഷം കെട്ടലായിരിക്കും, ഞങ്ങള്‍ക്കിത് ഐഡന്റിറ്റിയുടെ വിഷയമാണ്

ദീഷ്‌ണ സി.

ദീഷ്‌ണ സി.

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍