TopTop

'കപട ഉള്‍ക്കരുത്ത് നേടി അതിജീവിച്ചുവെന്ന് പറഞ്ഞിട്ട് കാര്യമില്ല', മലയാളികളോട് പ്രമുഖ മാനസികാരോഗ്യ വിദഗ്ദ്ധന്‍ ഡോ. സി.ജെ ജോണിന് പറയാനുള്ളത്

ഒരു പ്രളയം കൂടി. നാടെങ്ങും ജലം. മരണം. പ്രളയം, ഈ നാടിനുമേലെ ഒഴുകി തകര്‍ക്കുന്നു. അശുഭവാര്‍ത്തകളുടെ മുഴക്കങ്ങളില്‍ കുടുങ്ങുകയാണ് ലോകമെങ്ങുമുള്ള മലയാളികള്‍. വിലപ്പെട്ട ജീവനുകള്‍ പൊലിഞ്ഞിരിക്കുന്നു. നൂറുകണക്കിനു വീടുകള്‍ തവിടുപൊടിയായി. 2018-ലെ പ്രളയം നടുവൊടിച്ച നാട് എഴുന്നേറ്റു നില്‍ക്കാനാവും മുന്‍പേ മറ്റൊരു ദുരന്തം കൂടി. വരും ദിനങ്ങള്‍ എത്രമേല്‍ തീഷ്ണവും തീവ്രവുമായിരിക്കുമെന്ന് അറിയില്ല. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഈ ഓഗസ്റ്റും ദുഖ:തപ്തം. ഈ കാഴ്ചകളുടെ മധ്യേ, പ്രശസ്ത മാനസികാരോഗ്യ വിദഗ്ദ്ധനും സാമൂഹിക നിരീക്ഷകനുമായ
ഡോ. സി.ജെ ജോണ്‍
പ്രളയം എന്ന അനുഭവം മലയാളിയെ ഏത് തരത്തിലാണ് ബാധിച്ചിരിക്കുന്നത് എന്ന് നിരീക്ഷിക്കുന്നു.

പോയ വര്‍ഷത്തെ പ്രളയാനുഭവങ്ങളെ ഒരു 'റെട്രോഗ്രേഡ് അംനേഷ്യ'യുടെ പുതപ്പില്‍ മൂടിയവര്‍ക്കുള്ള ഓര്‍മ്മപ്പെടുത്തലാണോ ഈ കനത്ത മഴയെന്നു ഡോ. സി.ജെ ജോണ്‍ ഇക്കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. പ്രളയ സാധ്യത സൃഷ്ടിച്ച ഭൂ - പരിസ്ഥിതി ഘടനകള്‍ എല്ലാം പഴയത് പോലെ തന്നെ. ഒക്കെ മാറി നവ കേരളം പിറക്കുമെന്ന് ചൊല്ലിയവര്‍ റെട്രോഗ്രേഡ് മറവിയില്‍. ഇനിയും പ്രളയം ഉണ്ടാകരുതെന്ന് പ്രാര്‍ഥിക്കാം. മഴ ശക്തമായാല്‍ അടയ്ക്കുന്ന എയര്‍പോര്‍ട്ടാണ് കൊച്ചിയുടേതെന്ന ദുഷ്പേര് മാറാന്‍ മെഴുകുതിരി കത്തിക്കാം. ഇതൊക്കെയല്ലേ പൊതുജനത്തിന് ചെയ്യാന്‍ കഴിയുന്നത്. പൊള്ളുന്ന ചൂടിലും, ഉന്മാദമഴയിലും വഴിക്കുഴിയിലും ഇളകുന്ന പാലത്തിലുമൊക്കെ ജീവിക്കാനുള്ള പുത്തന്‍ പാഠങ്ങള്‍ ശീലിക്കുന്ന നവ മലയാളിയാകാം ഇനി, വേറെന്ത് ചെയ്യാന്‍ എന്ന ചോദ്യത്തോടെയാണ് കുറിപ്പ് ഉപസംഹരിക്കുന്നത്. നവമലയാളി എത്തിനില്‍ക്കുന്ന നിസ്സഹായതയുടെ ചുമരില്‍ മുട്ടി നില്‍ക്കുന്ന ഈ വാക്കുകളില്‍ നിന്നാണ് ഞങ്ങള്‍ സംസാരം തുടങ്ങിയത്. കഴിഞ്ഞ പ്രളയത്തില്‍ നിന്നും നാം ഒന്നും പഠിച്ചിട്ടില്ലെന്ന് ഡോ. സി.ജെ ജോണ്‍ അടിവരയിടുന്നു. തയാറാക്കിയത്
എസ്. ബിനീഷ് പണിക്കര്‍


ഡോ. സി.ജെ ജോണ്‍ സംസാരിക്കുന്നു

"സര്‍ക്കാര്‍ മാത്രമല്ല, പൊതുബോധം പോലും ഒന്നും പഠിച്ചിട്ടില്ല. ശീലിച്ചിട്ടുമില്ല. അതിജീവനവും തിരുത്തലുമല്ല നമ്മുടെ തത്വശാസ്ത്രം, കീഴടങ്ങലാണ്. കഴിഞ്ഞ തവണത്തേത് പോലെ കെടുതി വര്‍ധിക്കും വരെ കാത്തുനില്‍ക്കാതെ വെള്ളം ഉയര്‍ന്നുതുടങ്ങുമ്പോഴേ സുരക്ഷിത സ്ഥലത്തേക്ക് മാറാന്‍ സന്നദ്ധരായേക്കാം. അതിനപ്പുറം നാം ഒന്നും പഠിച്ചതായി കാണുന്നില്ല. വീണ്ടും ഒരു പ്രളയമെത്തിയപ്പോള്‍ നാം അന്ധാളിച്ച് നില്‍ക്കുന്നു. 2018 കഴിഞ്ഞപ്പോള്‍ ഇനി 90 വര്‍ഷം കഴിഞ്ഞല്ലേ എത്തൂ എന്ന് ഏറെപ്പേരും കരുതി. പക്ഷെ ഇക്കുറിയും പ്രളയം വിലപ്പെട്ട ജീവനുകള്‍ എടുത്തുകൊണ്ടിരിക്കുന്നു.

നമ്മളെപ്പോഴും സര്‍ക്കാര്‍ അത് ചെയ്തില്ല, ഇതു ചെയ്തില്ല എന്നൊക്കെ പറയും. നമ്മള്‍ ഒന്നും പഠിച്ചിട്ടില്ല. വിശാലമായ പൊതുബോധം നമുക്ക് കൈമോശം വന്നിരിക്കുന്നു. കഴിഞ്ഞ പ്രളയകാലത്ത് ഓളം ഉണ്ടാക്കി. പരീക്ഷണകാലങ്ങള്‍ അവസാനിക്കുന്നില്ലെന്ന ബോധ്യത്തില്‍ പ്രതിരോധത്തില്‍ ഊന്നി കൂടുതല്‍ ഫോക്കസ്ഡ് ആയി ആരുമൊന്നും ചെയ്തിട്ടില്ല. വ്യക്തിഗതമായി പോലും ആ ഒരു ഒരുക്കം ഉണ്ടായില്ല. ഇങ്ങനെയൊരു സാധ്യത കേരളത്തിലുണ്ട്. അതിനു വേണ്ടിയിട്ട് ഒരുങ്ങണം, നമ്മുടെ പരിസ്ഥിതി -അടിസ്ഥാന സൗകര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്തണം, നമ്മുടേതായിട്ട് തന്നെയുള്ള സ്വയരക്ഷ എന്ന അവസ്ഥയിലേക്ക് പോകണം എന്ന ചിന്ത പോലും രൂപപ്പെട്ടില്ല.

കൊച്ചിയിലെ ഒരു മെഡിക്കല്‍ കോളേജ് രോഗികളെ ഒഴിപ്പിച്ച് അടച്ചിടാന്‍ പോകുകയാണെന്ന കാര്യമാണ് കഴിഞ്ഞ ദിവസം കേട്ടത്. കഴിഞ്ഞ വര്‍ഷവും പ്രശ്‌നം ഉണ്ടായ സ്ഥലമാണ്. ആ ബോധ്യത്തോടെയുള്ള തയാറെടുപ്പുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഈ അവസ്ഥ സംജാതമാകുമായിരുന്നില്ല. നമ്മുടെ അടിസ്ഥാന പ്രകൃതമാണിത്. പ്രളയം പോലുള്ള ഭീകരാവസ്ഥയിലും ഇത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്. അതൊരു പാത്തോളജിക്കലായിട്ടുള്ള അവസ്ഥയാണ്. നമ്മള്‍ അടിസ്ഥാനപരമായിട്ട് പ്രതിരോധിക്കുന്ന ആളുകളല്ല. പ്രശ്‌നം വന്നിട്ട് അതിനെ കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് മാത്രം ആലോചിക്കുന്നതാണ് ശീലം. അതേ വിധിച്ചിട്ടുള്ളു. തടയുക എന്നത് ഡിക്ഷണറിയില്‍ ഇല്ലാതെ പോയി എന്നതിന്റെ തെളിവാണ് പ്രളയം പോലുള്ള ഭീകരമായുള്ള അവസ്ഥ വന്നിട്ട് ഒന്നും പഠിച്ചിട്ടില്ലെന്നത്. മുന്നൊരുക്കം നടത്തിയിട്ടില്ല. നമുക്ക് കിട്ടിയിട്ടുള്ള പത്ത് മുന്നൂറ് ദിവസങ്ങളെ സമൃദ്ധമായിട്ട് ഉപയോഗിച്ചിട്ട് അതിന്റെ ഒരു ആഘാത ശക്തി കുറയ്ക്കുക എന്ന നിലയിലേക്ക് പോയിട്ടില്ല.

നെടുമ്പാശ്ശേരി വിമാനത്താവളം വളരെ ഓര്‍ഗനെസ്ഡ് ആയിട്ടുള്ള, നമ്മളെല്ലാം വാഴ്ത്തുന്ന ഒരു മാതൃകയാണ്. അവിടെയെല്ലാം വളരെ ചിട്ടയാണ്, പ്രഫഷണലായിട്ട് മാനേജ് ചെയ്യുന്നതാണെന്ന് പറഞ്ഞിട്ടുപോലും കഴിഞ്ഞ പ്രാവശ്യത്തെ അനുഭവത്തെ മുന്‍നിര്‍ത്തി എന്ത് കറക്ടീവ് മെഷറാണ് അവര്‍ക്കെടുക്കാന്‍ കഴിഞ്ഞത്. ഞായറാഴ്ച ഉച്ചവരെ അടച്ചിടുകകയായിരുന്നു. അതൊരു വലിയ മോഡലാണ്. വിമാനത്താവളത്തിന്റെ കുഴപ്പമല്ല, മലയാളികളുടെ അല്ലെങ്കില്‍ ഇവിടത്തെ പൊതുബോധത്തിന്റെ പ്രശ്‌നമാണ്. ഇത്തരം അവസ്ഥകളില്‍ എടുക്കേണ്ട പ്രതിരോധ രീതിശാസ്ത്രത്തിന്റെ പരാജയമാണ്. അത്തരമൊരു സംസ്‌കാരമില്ലായ്കകയുടെ തെളിവാണ്. നമ്മളൊന്നും പഠിച്ചിട്ടില്ല.

വെള്ളം സംഭരിക്കുകയും ഒഴുക്കിക്കളയുകയും ചെയ്യുന്ന തണ്ണീര്‍ത്തടങ്ങളും നീര്‍പ്പാതകളും ഇല്ലാതാക്കി നിര്‍മാണം നടത്തുമ്പോള്‍ സംജാതമാകുന്ന പ്രശ്‌നങ്ങളുടെ പരിണാമ മാതൃക എന്ന തരത്തിലും നെടുമ്പാശ്ശേരിയെ വീക്ഷിക്കാനാകും. അത്തരത്തിലും അതൊരു മാതൃകയാണ്. എന്റെ ചെറുപ്പം കഴിച്ചു കൂട്ടിയത് മൂന്നാറില്‍ നിന്നും 10-12 കിലോ മീറ്റര്‍ അകലെയുള്ള കല്ലാര്‍ എന്ന സ്ഥലത്താണ്. ഇന്ത്യയിലെ ഏറ്റവും അധികം മഴ ലഭിച്ചിരുന്ന രണ്ടാമത്തെ സ്ഥലമായിരുന്നു കല്ലാര്‍. എന്റെ അച്ഛനമ്മമാരുടേയും മറ്റുള്ളവരുടേയോ ഓര്‍മ്മയില്‍ ഇതിനേക്കാളേറെ മഴ പെയ്ത നിരവധി കാലങ്ങളുണ്ടായിട്ടുണ്ട്. അന്നൊന്നും മൂന്നാര്‍ ഒറ്റപ്പെട്ടിരുന്നില്ല. മൂന്നാറില്‍ വെള്ളപ്പൊക്കം ഉണ്ടായിട്ടില്ല. കാരണം ജലം ഒഴുകിപ്പോകാനുള്ള സംവിധാനം പ്രകൃതി തന്നെ ഒരുക്കിരുന്നു. വെള്ളത്തിന്റെ കെടുതി വരാതിരിക്കാനുള്ള ഒരു ഇന്‍ ബില്‍റ്റ് മെക്കാനിസം പ്രകൃതിയുലുണ്ടായിരുന്നു. അത് നമ്മള്‍ നശിപ്പിച്ചു. കേരളത്തില്‍ എവിടെ എടുത്താലും അതിന്റെ ഫലമാണ് ഉണ്ടാകുന്നത്. മനുഷ്യനിര്‍മിത പ്രകൃതി ദുരന്തം സൃഷ്ടിക്കുന്നതിനുള്ള അണിമകള്‍ നമ്മള്‍ ഓരോരുത്തരിലുമുണ്ട്. അതിന്റെ ഫലമാണിത്. വി ആര്‍ പേയിംഗ് ദ പെനാലിറ്റി.

കഴിഞ്ഞകാലത്തെ പ്രളയത്തില്‍ നേരിട്ടുള്ള ആഘാതം ഏറ്റുവാങ്ങിയവരെ എടുക്കുക. അവര്‍ പലരും ഒരുക്കങ്ങള്‍ ചെയ്തിട്ടില്ല. ഇനിയിപ്പോള്‍ ഒരു തൊണ്ണൂറു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടെന്ന ഉദാസീന മനോഭാവത്തിലേക്കാണ് പോയത്. ഓരോ ദുരന്തവും കഴിയുമ്പോള്‍ അതിനെ അതിജീവിക്കുന്ന ഉള്‍ക്കരുത്തുണ്ടാക്കിയിട്ടാണ് ഈ മാനസിക ദുരന്തങ്ങളെ ഒക്കെ അതിജീവിക്കുന്നത്. നമ്മള്‍ പക്ഷെ ആര്‍ജ്ജിച്ചത് കപടമായ ഉള്‍ക്കരുത്തായിരുന്നു- സ്യൂഡോ റെസീലിയന്‍സ്. ഈ കപടമായ ഉള്‍ക്കരുത്തിന്റെ ഘടകങ്ങള്‍ എന്നു പറയുന്നത് അത്യാവശ്യം കടം വാങ്ങാവുന്നവരൊക്കെ കടം വാങ്ങി, വീട് നേരേയാക്കി. സര്‍ക്കാരിനുവേണ്ടിയിട്ട് അങ്ങനെയാരും കാത്ത് നിന്നിട്ടൊന്നുമില്ല. സര്‍ക്കാര്‍ കാര്യത്തില്‍ കിട്ടിയാല്‍ കിട്ടിയെന്ന നിര്‍മമാവസ്ഥയാണ്-റിസൈന്‍ഡ് ആറ്റിറ്റ്യൂഡ് - ഇവിടെയുള്ളത്. വര്‍ഷങ്ങളായി കേരളത്തിലെ രാഷ്ട്രീയക്കാര്‍ സൃഷ്ടിച്ചെടുത്തിട്ടുള്ള, അവര്‍ക്കനുകൂലമായ അവസ്ഥയാണിത്. ഞങ്ങളില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാതിരിക്കുക എന്നവര്‍ ജനത്തെ ശീലിപ്പിച്ച് എടുത്തിരിക്കുന്നു. അത്തരം മാനസികാവസ്ഥ ആളുകളില്‍ സൃഷ്ടിച്ചതുകൊണ്ട് കാശുള്ളവര്‍ തന്നെത്താനേ  ഉണ്ടാക്കി, അല്ലാത്തവര്‍ കടം വാങ്ങിച്ച് ഉണ്ടാക്കി.

കപടമായ ഉള്‍ക്കരുത്ത് നേടലിന്റെ പ്രതിസന്ധി എന്താണെന്ന് വച്ചാല്‍ എന്തെങ്കിലും ഒരു സാമ്പത്തിക പ്രതിസന്ധി വരുമ്പോഴാണ് ഇവരെല്ലാം പിന്നീട് പ്രശ്‌നത്തിലാകുന്നത്. ബാങ്ക് നോട്ടീസ് വരുമ്പോള്‍, കഴിഞ്ഞ പ്രാവശ്യം കഷ്ടപ്പെട്ട് ശരിയാക്കിയതൊക്കെ വീണ്ടും ഒലിച്ചുപോകുമ്പോള്‍ നേരിട്ടുള്ള ഇംപാക്ട് ഉള്ള ആളുകളെ സംബന്ധിച്ചിടത്തോളം പാനിക് ഉണ്ടാകും. കാരണം അവരിതില്‍ കൂടി കടന്നു പോയവരാണ്. ചാലക്കുടിയില്‍ ഒക്കെ ഉള്ള ആളുകളെ സംബന്ധിച്ചിടത്തോളം വീണ്ടും തങ്ങളിതില്‍ പെട്ട് പോകുമോയെന്ന വലിയ ആധി ഉണ്ടാകും. അതുകൊണ്ട് കഴിഞ്ഞ പ്രാവശ്യത്തെ മണ്ടത്തരം കാണിക്കാതെ കുറച്ച് നേരത്തെ തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി എന്നു വരാം. അതിനപ്പുറം ഒന്നുമുണ്ടെന്ന് തോന്നുന്നില്ല.

അത്ഭുതം തോന്നുന്നു, എന്തുതരം ജീവിയാണ് നമ്മള്‍?

നമ്മള്‍ എന്തുതരം ജിവിയാണെന്ന് നമുക്ക് തന്നെ അത്ഭുതം തോന്നുന്ന അവസ്ഥയാണ്. ഏറ്റവും ഉജ്ജ്വലമായ ഉദാഹരണം പ്രളയം കഴിഞ്ഞ് മാസം തികയുന്നതിന് മുന്‍പ് നമുക്ക് ഹര്‍ത്താല്‍ പ്രഖ്യാപിക്കാന്‍ കഴിഞ്ഞു. ഒരു രാഷ്ട്രീയക്കാരും അതേക്കുറിച്ച് ആശങ്കാകുലരായിരുന്നില്ല. നമ്മുടെ സംവേദനക്ഷമത ഇല്ലായ്ക കൊണ്ടാണിത്. ആരും അതേക്കുറിച്ച് പ്രതികരിച്ച് കണ്ടില്ല. നമ്മുടെ സാംസ്‌കാരിക നേതൃത്വത്തിന് മൗലികമായ പ്രതികരണത്തിനുള്ള കരുത്തില്ല. ആ ശേഷിയുണ്ടായിരുന്നവരൊക്കെ ഇല്ലാതായ മട്ടാണ്. ഒരു സ്ഥാപിത താല്പര്യങ്ങളുമില്ലാതെ പ്രശ്‌നങ്ങളുടെ കാതലില്‍ ഊന്നി ഉള്ളുനൊന്ത്, അക്കാദമി അവാര്‍ഡുകളൊ ഒന്നും ഉന്നം വയ്ക്കാതെ മറ്റ് നേട്ടങ്ങളൊന്നും നോക്കാതെ പ്രതികരിക്കുന്ന ഒരു വംശം കേരളത്തിലില്ല ഇപ്പോള്‍.

ഉള്ള് പൊള്ളിയുള്ള പ്രതികരണങ്ങള്‍ ഉണ്ടാകുന്നില്ല. കഴിഞ്ഞ പ്രളയത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിട്ടവര്‍ പോലും അതിനെ വിട്ടു. പൊതുവായിട്ടുള്ള ആളുകളെ ബാധിക്കുന്നില്ല എന്നു പറയുന്നതുപോലെ, തന്നെ പ്രധാനമാണ്, ശരിക്കും ദുരന്തബാധിതരായ ആളുകളെ നമുക്ക് കാണാനും പറ്റുന്നില്ലെന്നത്. അവര്‍ ചിത്രത്തിലേ ഇല്ല. ടെലിവിഷന്‍ ചാനലിലും മറ്റും ചില രോഷപ്രകടനങ്ങള്‍ ഉണ്ടാകുന്നതിനപ്പുറം ഒന്നുമില്ല. കഴിഞ്ഞ ഒരു വര്‍ഷമായി അദൃശ്യരായ ആ സെ്ഗമെന്റ് ജീവിതത്തിലുടനീളം ദുരന്തപ്പെയ്ത്തിലൂടെ പൊയ്‌ക്കൊണ്ടേയിരിക്കുന്നു. നമുക്കവരെ കാണാന്‍ പറ്റുന്നില്ല. കാണാന്‍ ഇഷ്ടപ്പെടുന്നില്ല. അല്ലെങ്കില്‍ നമ്മള്‍ മന:പൂര്‍വം അത് കാണിക്കാതെ ഇരിക്കുന്നുണ്ട്. മാധ്യമങ്ങള്‍ കാണിക്കുന്നത് ഒരു വര്‍ഷം കഴിഞ്ഞിട്ട് കാണിക്കേണ്ട കഥകളല്ല, സംഭവം കഴിഞ്ഞ് തുടര്‍ച്ചയോടെ കാണിക്കേണ്ട കഥകളാണ്. വാര്‍ഷിക കണക്കെടുപ്പ് നടത്തുന്നതിനപ്പുറം വളരെ അഗ്രീവ്ഡ് ആയിട്ടുള്ളവരുടെ വേവലാതികള്‍ കാണിക്കാന്‍ നമുക്ക് ആവുന്നില്ല.

കഴിഞ്ഞ പ്രളയകാലത്തും അതിനുശേഷവും ഇവിടെ വന്നിരുന്ന രോഗികളെ ഞാന്‍ സവിശേഷമായി നിരീക്ഷിച്ചിരുന്നു. നിലവിലുള്ള മാനസിക പ്രശ്‌നങ്ങള്‍ കൂടാതെ പ്രളയകെടുതി അവരെ വലുതായി ബാധിച്ചിരുന്നതായി ഞാന്‍ മനസ്സിലാക്കി. വലിയ വൈകാരിക സംഘര്‍ഷങ്ങളിലൂടെയാണ് കടന്നുപോയത്. ക്യാമ്പുകളിലും മറ്റും പോയി കണ്ടതും സമൂഹത്തിലാകെ സംഭവിച്ചതുമായ കാര്യങ്ങള്‍ അവരെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. അത്തരം രോഗികളുടെ കേസുകള്‍ പ്രത്യേകം മാര്‍ക്ക് ചെയ്തിരുന്നു. ഇത്തരം രോഗികളില്‍ പോലും 3-4 മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ചിന്താഗതിയില്‍ വലിയ മാറ്റം കണ്ടു. പ്രളയമുണ്ടായി കുറെ നഷ്ടമുണ്ടായി എന്നതിനപ്പുറം സ്വാധീനതകളൊന്നും അവരിലും ശേഷിച്ചില്ല. കേരളത്തില്‍ പ്രളയം സാധ്യതയാണ്, ഒരുങ്ങണം എന്ന തോന്നല്‍ നമ്മളില്‍ കാണാനായില്ല. അതൊരു അടിസ്ഥാന സമീപനത്തിന്റെ പ്രശ്‌നമാണ്. ആ സമീപനം മാറുമോ എന്നു പോലും സംശയമാണ്. അതുകൊണ്ട് കേരളത്തില്‍ ഒരു വിപ്ലവം ഉണ്ടാകില്ല. രാഷ്ട്രീയത്തിനുപരിയായി ആവശ്യങ്ങളേയും അവകാശങ്ങളേയും അടിസ്ഥാനപ്പെടുത്തി ഒരു പ്രതിഷേധവും ഉണ്ടാകുന്നില്ല. ജനതയുടെ സംവേദനരാഹിത്യത്തിന്റെ പ്രശ്‌നമാണ്. എല്ലാം രാഷ്ട്രീയക്കാര്‍ ചെയ്യട്ടെയെന്ന് പറഞ്ഞ്, നിര്‍മിക്കുന്നതിനു മുന്‍പ് തകരുന്ന പാലങ്ങളുടെ ചാരെ നീണ്ട ഗതാഗത കുരുക്കുകളില്‍ കിടക്കും. തോടിനു സമാനമായ റോഡുകളിലൂടെ ഒരു പ്രതിഷേധവും രേഖപ്പെടുത്താതെ വണ്ടി ഓടിച്ചു പോകും. നമ്മുടെ ആവശ്യങ്ങളെല്ലാം മറ്റാരേയോ ഏല്‍പ്പിച്ച് കാഴ്ചക്കാരായി നില്‍ക്കുന്നു.
വര്‍ഷാവര്‍ഷം പ്രളയമുണ്ടാകുമെന്ന തരത്തില്‍ ശീലമാക്കുകയല്ലാതെ കേരളത്തില്‍ വലിയൊരു നവോത്ഥാനമോ അല്ലെങ്കില്‍ പുതിയ മലയാളി സൃഷ്ടിക്കലോ ഒന്നും ഇപ്പോഴത്തെ സ്ഥിതിയില്‍ ഞാന്‍ കാണുന്നില്ല. സൂര്യനെപ്പോലും കാണാതെ നീണ്ടനാളുകള്‍, കഴിഞ്ഞ പ്രളയകാലത്ത് നാം പിന്നിട്ടതാണ്. എന്നിട്ടും കാര്യമായ ഫോബിക് റിയാക്ഷന്‍സ് ഒന്നുമുണ്ടായില്ല. കുട്ടികളിലൊക്കെ ചെറിയ രീതിയില്‍ കണ്ടതിനപ്പുറം നീണ്ടുനില്‍ക്കുന്ന ഫോബിക് റിയാക്ഷന്‍സൊന്നും കാണുകയുണ്ടായില്ല. പിന്നീട് മഴ പെയ്യുമ്പോള്‍ മഴയെ പേടിയാണെന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ ഒന്നും കാണുന്നില്ല. നമ്മള്‍ എല്ലാത്തിനേയും ശീലമാക്കുന്നു. എല്ലാം വിധിയാണെന്നു പറയുന്നു. നമ്മള്‍ അത് സഹിച്ചേ പറ്റൂ. അതു തന്നെ വ്യഷ്ടിയിലും സമഷ്ടിയിലും ബാധിച്ചിട്ടുള്ള രോഗാതുരമായ മൃത്യുന്മുഖതയാണ്- മോര്‍ബിഡിറ്റിയാണ്. വരുന്നതിനെ എല്ലാം സ്വീകരിച്ച് നമുക്കിതിനെയെന്നും മാറ്റാനാവില്ലെന്ന് പറഞ്ഞ് പ്രളയവും ഉഷ്ണാഘാതവും ഒക്കെ ഏറ്റുവാങ്ങി സഹിച്ച് കൂടുതലായി വിധിക്ക് കീഴടങ്ങുന്ന തരത്തിലുള്ള മാനോവ്യാപാരത്തിലേക്ക് നിപതിക്കുന്നവര്‍.

അതിജീവനവും തിരുത്തലുമല്ല നമ്മുടെ തത്വശാസ്ത്രം, കീഴടങ്ങലാണ്. അതൊരു വലിയ മോര്‍ബിഡ് അവസ്ഥയാണ്. അതുകൊണ്ട് തന്നെയാണ് വഴിയിലൊരാള്‍ ചോരവാര്‍ന്ന് കിടന്നാല്‍ നമ്മളില്‍ ഏറെ പേരും അയാളെ എടുത്തുകൊണ്ടുപോകാത്തത്. അത് അയാളുടെ വിധി എന്ന തീരുമാനവുമായിട്ടാണ് ആ ദൃശ്യത്തെ നമ്മള്‍ കാണുന്നത് തന്നെ. എല്ലാം ചെയ്യുന്നതിനായി മറ്റാരെയൊക്കെയോ ചുമതലപ്പെടുത്തിയിട്ടുണ്ടിവിടെ എന്നതാണ് നമ്മുടെ രീതി. തിരുത്തലൊക്കെ വല്ലവരുടേയും ചുമതലയായി മാറ്റി പ്രതിഷ്ഠിക്കുന്ന മാനസികാവസ്ഥയാണ് ഒരുപക്ഷെ നമുക്കീ തിരിച്ചടികള്‍ പിന്നെയും പിന്നെയും തന്നുകൊണ്ടിരിക്കുന്നത്.

ശീലിച്ചെടുക്കുന്ന നിസ്സഹായാവസ്ഥ

മന:ശാസ്ത്രത്തില്‍ വിഷാദരോഗവുമായി ബന്ധപ്പെട്ട് ഒരു സങ്കല്‍പ്പമുണ്ട്. ലേണ്‍ഡ് ഹെല്‍പ്പ്‌ലെസ്‌നസ് എന്നു പറയും. കൂട്ടിലിട്ട പരീക്ഷണ മൃഗത്തെ നിരന്തരം ഷോക് നല്‍കിക്കൊണ്ടിരിക്കും. ആദ്യമൊക്കെ ഈ ഷോക് വരുമ്പോള്‍ മൃഗം വല്ലാതെ പ്രതികരിക്കും. കുട്ടില്‍ കിടന്നു ഓടുകയും മറ്റും ചെയ്യും. നിരന്തരമായി ഷോക് നല്‍കുമ്പോള്‍ പക്ഷെ പ്രതികരിക്കാതെയാകും. അതിനെയാണ് ലേണ്‍ഡ് ഹെല്‍പ്പ്‌ലെസ്‌നസ് എന്ന് പറയുക. അത് കൂട്ടിലാക്കപ്പെട്ട പരീക്ഷണ മൃഗമാണ്. നമ്മള്‍ കൂട്ടിലാക്കപ്പെട്ട പരീക്ഷണമൃഗമാണെന്ന് സ്വയം വിശ്വസിപ്പിച്ചിട്ട് ലേണ്‍ഡ് ഹെല്‍പ്പ്‌ലെസ്‌നസ് വരിക്കുന്ന ഗുരുതരമായ അവസ്ഥയിലേക്കാണ് എത്തിക്കൊണ്ടിരിക്കുന്നത്. നമുക്ക് കൂടില്ല. നമ്മള്‍ പക്ഷെ രക്ഷപെടാന്‍ ശ്രമിക്കുന്നില്ല. എല്ലാം നമ്മുടെ വിധി എന്ന തരത്തില്‍ എടുക്കുയാണ് ചെയ്യുന്നത്. ക്ഷണിച്ചു വാങ്ങുന്ന നിസ്സഹായാവസ്ഥ. നിര്‍ബന്ധിതരാണെന്ന് നമ്മള്‍ തന്നെ പറഞ്ഞുണ്ടാക്കിക്കൊണ്ടിരിക്കുന്ന അവസ്ഥ. അതൊരു വലിയ മൃത്യന്മുഖതയാണ്-മോര്‍ബിഡിറ്റിയാണ്.

പ്രകൃതി ദുരന്തവേളകളില്‍ ഫോബിക് റിയാക്ഷന്‍സ് വരുകയാണെങ്കില്‍ പിന്നേയും തിരുത്തലുകള്‍ക്ക് സാധ്യതയുണ്ട്. മുന്നൊരുക്കങ്ങളും ജാഗ്രതയും വരും. മഴ പെയ്യുമ്പോള്‍ പേടിക്കുന്നു. കടല്‍ ഇളകുമ്പോള്‍ ജാഗ്രത്താകുന്നു. ഒന്നുകില്‍ നമ്മള്‍ പ്രവര്‍ത്തിക്കും. അല്ലെങ്കില്‍ നമ്മളെ ഭരിക്കുന്നവരെ കൊണ്ടു നടപടികള്‍ സ്വീകരിപ്പിക്കാനുള്ള കൂട്ടായ്മകള്‍ ഉണ്ടാകും. ഇവിടെ സംഭവിക്കുന്നത് മറ്റൊന്നാണ്. ഒരാഴ്ച കഴിയുമ്പോള്‍ എല്ലാം മറക്കുമെന്ന് എല്ലാവരും കരുതുന്നു. രാഷ്ട്രീയക്കാരും. ശ്രീറാം വെങ്കിട്ടരാമനും കോടിയേരിയുടെ മകനും ഒക്കെ ഇത്തരത്തില്‍ ചിന്തിക്കുന്നു. ഇതൊരു വലിയ സൗകര്യമാണ്.

പ്രളയത്തിന് ഒരു മന്ത്രാലയം വേണം. അതിന്റെ ആവശ്യം ഉണ്ട്. എന്നാലേ ഫലപ്രദമായി പ്രവര്‍ത്തിയ്ക്കാനാകൂ. അതൊന്നുമുണ്ടാകുന്നില്ല. ബോധ്യപ്പെടുത്തലുകളിലാണ് ഭരിക്കുന്നവര്‍ക്ക് താത്പര്യം. ബോധ്യപ്പെടുത്തലുകളാണെന്ന് ജനം തിരിച്ചറിഞ്ഞ് അവര്‍ പ്രതികരിക്കുന്ന ഘട്ടം വന്നുകഴിഞ്ഞാല്‍ അത് അരാജകത്വത്തിലേക്ക് വഴിവെച്ചേക്കാം. കുറച്ചൊരു അരാജകത്വമില്ലാതെ എന്തുചെയ്യും? സാമൂഹ്യബോധ്യത്തോടെ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ കുറച്ചൊക്കെ അരാജകത്വം ഉണ്ടായെന്ന് വന്നേക്കാം. പക്ഷെ ആ അരാജകത്വത്തിന് നേതൃത്വം നല്‍കാനുള്ള ശക്തിയും സ്രോതസ്സും ഇവിടെയില്ല. പഴയ നക്‌സലിസത്തിന് ഒരു ലക്ഷ്യം ഉണ്ടായിരുന്നു. അവര്‍ ആയുധമെടുത്തതിനോട് യോജിക്കാം, വിയോജിക്കാം. അവരുടെ തത്വശാസ്ത്രത്തോട് വിയോജിക്കാം. പക്ഷെ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാമൂഹിക- രാഷ്ട്രീയ പ്രസക്തിയുണ്ടായിരുന്നു. ആ സ്ഥാനത്ത് ഇന്ന് ഉണ്ടായിരിക്കുന്നത് മതതീവ്രവാദമാണ്. മനുഷ്യനെ ബാധിക്കുന്ന പ്രശ്‌നങ്ങളോട് പ്രതികരിക്കുന്ന ശക്തികള്‍ അപ്രസക്തമാകുകയും അവയെ ചുരുക്കിക്കൊണ്ട് മതതീവ്രവാദം അരങ്ങ് പിടിക്കുകയും ചെയ്തു.

പിന്തുണക്കാര്‍ ഇല്ലാതെ വരുമ്പോള്‍

കഴിഞ്ഞ പ്രളയ കാലത്ത് മത്സ്യത്തൊഴിലാളികളും മറ്റും സ്വമേധയാ നടത്തിയ പ്രവര്‍ത്തനങ്ങള്‍ നല്ല സൂചനയാണ്. വലിയ സ്വീകരണങ്ങളും മറ്റും ഒരുക്കിയതിനപ്പുറം അവരുടെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ സമൂഹം അവര്‍ക്ക് എന്താണ് തിരികെ നല്‍കിയതെന്ന കാര്യം നമ്മള്‍ ആലോചിക്കണം. അവരത് ഉയര്‍ത്തിയ ചില ചര്‍ച്ചകളില്‍ ഞാനും പങ്കെടുത്തിരുന്നു. പ്രളയമുണ്ടായപ്പോള്‍ തങ്ങളുടെ ചുമതലയാണെന്ന് കണ്ട് ഓടിപ്പിടിച്ച് വന്നു ചെയ്തു. അതിനുശേഷം പ്രകൃതിയുടെ ചില പ്രശ്‌നങ്ങള്‍ തങ്ങള്‍ നേരിട്ടപ്പോള്‍ എത്രപേര്‍ തങ്ങളെ ഓര്‍ത്തു. തങ്ങള്‍ സഹായിച്ചവര്‍ പോലും ഓര്‍ത്തില്ല എന്നു പരിഭവം പറഞ്ഞു. അതൊരു സൂചനയാണ്. പറച്ചലില്‍ ഒതുങ്ങിയിട്ട് എന്താണ് കാര്യം.

പൊതുവായി പറഞ്ഞാല്‍ സോഷ്യല്‍ മീഡിയ ആക്ടിവിസത്തിന് ചായക്കട സംസാരത്തിനപ്പുറം നിലനില്‍ക്കുന്നതും നീളുന്നതുമായ സാമൂഹിക ദൗത്യങ്ങളെ ഏറ്റെടുക്കാന്‍ ശക്തിയില്ല. പെട്ടെന്ന് പ്രചരിക്കുന്നതിനപ്പുറം നിലനില്‍ക്കുന്ന സാമൂഹിക മാറ്റത്തിനുള്ള ശക്തി അതിനുണ്ടായിട്ടില്ല. ബാക്കപ്പ് ചെയ്യാന്‍ സാമൂഹിക പ്രവര്‍ത്തന പിന്തുണ ഇല്ലാതെ ഒന്നും യാഥാര്‍ഥ്യമാകില്ല. ആളുകള്‍ അറിയുന്നുവെന്നതിനപ്പുറത്തേക്ക് എന്തുചെയ്യുന്നുവെന്ന ചോദ്യം വരുന്നുണ്ട്. പ്രളയത്തിന്റെ കാര്യത്തില്‍ വിവരങ്ങളും അറിവുകളും കൈമാറുന്ന കാര്യത്തില്‍ സോഷ്യല്‍ മീഡിയ നന്നായി സംഭാവന ചെയ്തു. സാധനങ്ങള്‍ ക്യാമ്പുകളില്‍ എത്തിക്കുന്നതിനും മറ്റും സഹായിച്ചു. അതെല്ലാം സാധ്യമായത് കമ്യൂണിറ്റി ബാക്കപ്പ് ഉണ്ടായിരുന്നതുകൊണ്ടാണെന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാകും. സാമൂഹിക പ്രവര്‍ത്തന പിന്തുണ സംവിധാനം സമൂഹത്തില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്നു. ഇപ്പോള്‍ തിരിഞ്ഞുനോക്കിയാല്‍ പ്രളയ കാലത്തുണ്ടായ അത്തരം കാര്യങ്ങളൊക്കെ ഒരു നീ ജെര്‍ക് റിയാക്ഷന്‍-ഓളം- എന്നതിനപ്പുറത്തേക്ക് മുന്നോട്ടുപോയില്ല.

ഒരു പൊതുബോധമായി വളര്‍ത്തിയെടുക്കുന്ന തരത്തിലുള്ള ഗതീയത അതിനു കൈവരിക്കാനായില്ല. പൊതുബോധം തീരെ നമുക്ക് ഇല്ലാതിരുന്നില്ല. പഴയ നക്‌സലിസം തന്നെ അതിന് ഉദാഹരണമാണ്. അതിനു മുന്‍പ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കകാലത്തുണ്ടായ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി പോലുള്ള നാടകങ്ങളിലൂടേയും മറ്റും നടത്തിയ സാമൂഹിക ഇടപെടലുകളേയും ഇത്തരത്തില്‍ തന്നെ കാണണം. ആ തത്വശാസ്ത്രത്തോട് യോജിക്കുകയോ വിയോജിക്കുകയോ ആകാം. ഇടപെടലുകള്‍ക്കിടമുണ്ടായിരുന്നു, ഉണ്ടാക്കിയിരുന്നു. പൊതുബോധത്തെ സൃഷ്ടിച്ചിരുന്നു. അന്ന് ലക്ഷ്യത്തോടെ നയിക്കാന്‍ പറ്റുന്ന ആളുകള്‍ ഉണ്ടായിരുന്നു. എന്റെ കൈയില്‍ ഒരു കൂട്ടരുണ്ട്, ഒരു പ്രസ്ഥാനമുണ്ട് എന്നു ചിന്തിച്ച നേതാക്കളുണ്ടായിരുന്നു. അവര്‍ സമൂഹത്തെ കുറിച്ച് സദാപി ഉത്ക്കണ്ഠപ്പെട്ടിരുന്നു. സമൂഹത്തെ പരിഷ്‌ക്കരണത്തിലേക്ക് നയിക്കാന്‍ പറ്റുന്ന തരത്തിലുള്ള ആളുകളുടെ സാന്നിധ്യം, ഇന്ന് ആ ശൂന്യതയുണ്ട്. പൊതുബോധത്തെ സൃഷ്ടിക്കുന്ന, പ്രചോദിപ്പിക്കുന്ന, നയിക്കുന്ന ശക്തികളുടെ അഭാവം.

പൊതുബോധം എന്നത് ആട്ടിന്‍കൂട്ടമാണ്. അത് താനേ ഉണര്‍ന്നുവരുന്നതുമല്ല, ഉണര്‍ത്തപ്പെടുന്നതാണ്. പൊതുബോധത്തെ ഒരു പ്രത്യേക ചിട്ടവട്ടങ്ങളിലേക്ക് അതിനെ നയിക്കുന്നവരുടെ സ്വാര്‍ഥതയ്ക്ക് വേണ്ടി ട്യൂണ്‍ ചെയ്യുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. പണ്ട് അങ്ങനെയായിരുന്നില്ല. സംസ്‌കാരത്തിലേക്ക് പ്രചോദിപ്പിക്കാന്‍ പറ്റുന്ന നേതൃത്വമില്ല. പൊതുവില്‍ നമ്മള്‍ കൂടുതല്‍ സ്വാര്‍ഥതയിലേക്ക് മാറ്റപ്പെട്ടതുകൊണ്ടും കൂടിയാണിത്. വീട് വൃത്തിയാക്കി വെച്ചിട്ട് ചപ്പും ചവറും കൊണ്ടുവന്ന് പുറത്തിടുകയും ചെയ്തിട്ടെന്തിനാണ്.
നമ്മുടെ വീടിന്റെ മതില്‍ക്കെട്ട് മാത്രം പരിപാലിക്കുകയും മതില്‍ക്കെട്ടിനു പുറത്തുള്ള കാര്യങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്ന മാനസികാവസ്ഥ. പൊതുബോധം വല്ലാതെ പരിമിതപ്പെട്ടു പോയി. മോദി വിരുദ്ധര്‍, സര്‍ക്കാര്‍ വിരുദ്ധര്‍ തുടങ്ങിയ തരത്തിലുള്ള പരിമിതപ്പെടല്‍, ചുരുക്കല്‍ ഇന്നതിനു കൈവന്നിരിക്കുന്നു. വിശാലമായി പ്രതികരിക്കുന്ന പൊതുബോധത്തെ സൃഷ്ടിക്കാന്‍ പ്രാപ്തരായ തരത്തിലേക്ക് നയിക്കുന്ന എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും പണ്ടുണ്ടായിരുന്നു. രാഷ്ട്രീയക്കാരും ഉണ്ടായിരുന്നു. അത്തരം ആളുകളൊന്നും ഇപ്പോഴില്ല.

നമ്മള്‍ റെട്രോഗ്രേഡ് അംനേഷ്യയിലായിരുന്നു

മറ്റൊരു പ്രളയത്തിനുകൂടി അഭിമുഖം നില്‍ക്കവെ കഴിഞ്ഞ പ്രളയം നമ്മളെ കൂടുതല്‍ വിധിവിശ്വാസിയാക്കിയതിനപ്പുറം ഒന്നും ചെയ്തിട്ടില്ല. ഒന്നും പഠിച്ചിട്ടില്ല. ഒരു ശീലവും അത് നമുക്ക് പുതുതായി നല്‍കിയില്ല. പുതിയ സ്വഭാവസവിശേഷതകള്‍ വളര്‍ത്തിയെടുക്കാന്‍ വൈയക്തിപരമായോ സാമൂഹികമായോ നമ്മെ പ്രാപ്തരാക്കിയിട്ടുമില്ല. കൂടുതല്‍ കൂടുതല്‍ അവനവനിസത്തിലേക്ക് ചുരുങ്ങി. നമ്മള്‍ ഈ കാണിക്കുന്നതും നമ്മളീ പണിയുന്നതും വീടിനെ പുഷ്ടിപ്പെടുത്തുന്നതും ഒക്കെ ഒരു വെള്ളപ്പൊക്കം വന്നാല്‍ ഒലിച്ചുപോകാനുള്ളതേയുള്ളൂ, കൂടുതല്‍ പൊതുസമൂഹത്തെ കുറിച്ചും പൊതു ഇടങ്ങളെ കുറിച്ചും വേവലാതിപ്പെട്ടാലേ നമ്മുടെ വീട് നിലനില്‍ക്കൂവെന്ന കാര്യം നമ്മള്‍ പ്രളയം കൊണ്ടുപോലും പഠിച്ചിട്ടില്ല. അതാണ് ഏറ്റവും വലിയ ദുരന്തം.

പ്രകൃതിയുടെ കാര്യത്തില്‍ ലോകം എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് നോക്കൂ. യുഎസും യുകെയും പോലുള്ള വലിയ രാഷ്ട്രങ്ങള്‍ ഒന്നുമെടുക്കേണ്ട. വിയറ്റ്‌നാം നോക്കുക. ഞാനവിടെ ഹലോങ് ബേയില്‍ പോയി. വഴികാട്ടിയായി വന്നയാളുടെ വാക്ക് എന്റെ മനസ്സില്‍ തറച്ചു നില്‍ക്കുന്നു: ''അവര്‍ വെല്‍ത്ത് നേച്ചര്‍. ഗുഡ് നേച്ചര്‍ ഈസ് മണി. സോ വി സേവ്',' മുറി ഇംഗ്‌ളീഷിലാണ് പറഞ്ഞത്. എന്ത് ചിട്ടയായിട്ടാണ് അവിടെ കാര്യങ്ങള്‍ നടക്കുന്നത്. എത്ര പെട്ടന്നാണ് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത്. പല സ്ഥലത്തും റോഡ് തുടയ്ക്കുന്നത് ഞാന്‍ കണ്ടു. ട്രൈപ്പോഡ് കൊടുത്തിട്ട് റോഡിന്റെ ചാരത്തുള്ള മരങ്ങള്‍ വശങ്ങളിലേക്ക് വളരാതെ മുകളിലേക്ക് പോകാനുള്ള സാഹചര്യം സൃഷ്ടിക്കുന്നത് കണ്ടു. ഒരു മരവും റോഡിലേക്ക് ചായുന്നില്ല. അത്രമേല്‍ പ്രാധാന്യമാണ് അവര്‍ നല്‍കുന്നത്. വിയ്റ്റാനം പോലുള്ള രാജ്യം പോലും അതാണ് ചെയ്യുന്നത്. മുക്കിനുമുക്കിനു രാഷ്ട്രീയക്കാര്‍ വിദേശത്തു പോകുന്നുണ്ടെങ്കിലും നമ്മള്‍ ഒന്നു പഠിക്കുന്നില്ല.

ഏറ്റവും അപകടകരമായ അവസ്ഥ സ്യൂഡോ റെസീലിയന്‍സാണ്. ഉള്‍ക്കരുത്ത് നേടി അതിജീവിച്ചുവെന്ന ഗീര്‍വാണം. അവനവനായി ശ്രമിച്ചാല്‍ അതില്‍ നിന്നും പുറത്തുവരാം. പക്ഷെ സമൂഹത്തിനൊന്നാകെ പുറത്ത് വരണമെങ്കില്‍ സാമൂഹികമായി ഏതെങ്കിലും തരത്തിലുള്ള ചാലകശക്തികള്‍ ഉണ്ടാകണം. സാംസ്‌കാരിക രാഷ്ട്രീയ ശക്തി അതിലേക്ക് പ്രേരിപ്പിക്കുന്നത് ഉണ്ടാകണം. അല്ലാതെ പ്രകൃതി പ്രതിഭാസങ്ങളാല്‍ നമ്മള്‍ പ്രേരിതരാകില്ലെന്ന് കഴിഞ്ഞ പ്രളയം പഠിപ്പിച്ചു. നീര്‍ത്തടങ്ങള്‍ നികത്തി രമ്യഹര്‍മ്യങ്ങള്‍ നിര്‍മിക്കുന്ന കാര്യത്തില്‍ നമ്മള്‍ ഒട്ടും പ്രകൃതിയെ കണക്കിലെടുത്തില്ല. വളരെ അലസമായും അശ്രദ്ധമായും അത് ചെയ്തു. കഴിഞ്ഞ പ്രളയത്തിനുശേഷവും മുന്നാറില്‍ നികത്തലുകള്‍ നടന്നു"- ഡോ. സി.ജെ ജോണ്‍ പറഞ്ഞു നിര്‍ത്തുന്നു.

Next Story

Related Stories