TopTop
Begin typing your search above and press return to search.

ഉള്ളിൽ കനലുള്ളവന് ഈ ഫാസിസ്റ്റ് കാലത്ത് നിശ്ശബ്ദനായിരിക്കാനാവില്ല; ജോയിച്ചേട്ടന്‍ എന്ന നജ്മല്‍ ബാബുക്കയെ ഓര്‍ക്കുമ്പോള്‍-സഫിയ ഫാത്തിമ എഴുതുന്നു

ഉള്ളിൽ കനലുള്ളവന് ഈ ഫാസിസ്റ്റ് കാലത്ത് നിശ്ശബ്ദനായിരിക്കാനാവില്ല; ജോയിച്ചേട്ടന്‍ എന്ന നജ്മല്‍ ബാബുക്കയെ ഓര്‍ക്കുമ്പോള്‍-സഫിയ ഫാത്തിമ എഴുതുന്നു

ജോയിച്ചേട്ടനെ ആദ്യം കാണുന്നതും പരിചയപ്പെടുന്നതും സി എസ് വെങ്കിടേശ്വരൻ സാറിന്റെ തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ വീട്ടിൽ വെച്ചാണ്. 15 വർഷങ്ങൾക്കു മുമ്പായിരുന്നു അത്. ജീവിതപങ്കാളിയെ സ്വയം തിരഞ്ഞെടുത്തതിന്റെ പേരിൽ വീടും നാടും അന്യമായി ജീവിതത്തിന്റെ കനൽ പാതകളിലൂടെ സഞ്ചരിക്കുന്ന സമയം. ഇടയ്ക്കൊക്കെ വെങ്കിടി സാറിന്റെ വീട്ടിൽ പോയി താമസിക്കാറുണ്ടായിരുന്നു. സാര്‍ നാട്ടിൽ പോകുന്ന അവധി ദിവസങ്ങളിലായിരുന്നു അത്. അപ്പോഴൊക്കെ ജോയിച്ചേട്ടൻ അവിടെ കാണും. അടുക്കളയിൽ പാചകവും പിന്നെ ഓടക്കുഴൽ വായനയും ഒക്കെയായി.

ആദ്യമൊക്കെ അടുക്കാൻ എനിക്ക് പേടിയായിരുന്നു. ഈ മനുഷ്യൻ ആരാണെന്നോ എന്താണെന്നോ അറിയില്ലായിരുന്നു. പിന്നെ ഇനിയെന്ത് എന്ന ഞങ്ങളുടേതായ കുറെ വേവലാതികളും ആകുലതകളും ഒക്കെ കൂടി വല്ലാത്ത ഒരു മാനസികാവസ്ഥയിലായിരുന്നു അപ്പോള്‍.

പതുക്കെ പതുക്കെ ഞാൻ ആ മനുഷ്യനെ കുറിച്ചറിഞ്ഞു. ഒരു കാലഘട്ടത്തിന്റെ വിപ്ലവ യുവത്വത്തെ നയിച്ച് കാലില്‍ തീ പിടിച്ചു നടന്ന മനുഷ്യനാണ് തൊട്ടടുത്ത മുറിയിലിരുന്നു പാടുകയും ഓടക്കുഴല്‍ വായിക്കുകയും തടിയന്‍ ഇംഗ്ലീഷ് പുസ്തകങ്ങളില്‍ കണ്ണു നട്ട് വായനയില്‍ ലയിച്ചിരിക്കുകയും ഞങ്ങളുടെ കൂടെ ഭക്ഷണം കഴിക്കുകയും ഒക്കെ ചെയ്യുന്ന ഈ സൗമ്യനായ ആള്‍ എന്ന് വിശ്വസിക്കാൻ പ്രയാസമായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് കൊടിയ മർദ്ദനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന ഒരു മനുഷ്യനാണ് ഞങ്ങളോടൊപ്പമുള്ളത് എന്ന തിരിച്ചറിവിന്‍റെ ചരിത്ര ഗാംഭീര്യത്തിന്റെ ആവേശത്തില്‍ എനിക്കു ഉറക്കം നഷ്ടപ്പെട്ടു.

എഴുപതുകളിലെ വിപ്ലവ തീപ്പൊരിയുടെ അന്നത്തെ ജീവിതം എന്നെ ശരിക്കും അത്ഭുതപ്പെടുത്തിയിരുന്നു. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റു പുള്ളിയുടെ ഒരു ഓടക്കുഴൽ വായനയുണ്ട്. ചിലപ്പോള്‍ വായ്പ്പാട്ടും. അതിരാവിലെയുള്ള ഈ സദിരാണ് എപ്പോഴും ഞങ്ങളെ ഉണർത്തിയിരുന്നത്. പാദ സംരക്ഷണത്തിൽ എന്തൊക്കെയോ പരീക്ഷണങ്ങൾ നടത്തുകയായിരുന്നു ആ കാലത്ത് ജോയിച്ചേട്ടൻ. ബ്യൂട്ടി തെറാപ്പിസ്റ്റോ എന്നോ മറ്റൊ ആണ് ഡെസിഗ്നേഷന്‍. കണ്ണൊക്കെ എഴുതി കുളിച്ചൊരുങ്ങി പുള്ളി പോകുന്നത് കാണാൻ നല്ല ഭംഗിയായിരുന്നു. പാദസംരക്ഷണത്തെ കുറിച്ച് കുറേറെ കാര്യങ്ങളൊക്കെ എനിക്കും പറഞ്ഞു തന്നിരുന്നു. ഒപ്പമുണ്ടായിരുന്ന ദിവസങ്ങളിലൊക്കെ വളരെ സ്നേഹത്തോടെയാണ് ജോയിച്ചേട്ടൻ ഞങ്ങളോടിടപെട്ടിരുന്നത്. ഞാനുണ്ടാക്കുന്ന ഭക്ഷണം വല്യ ഇഷ്ടത്തോടെ കഴിക്കുമായിരുന്നു.

പിന്നെ എപ്പോഴോ തിരുവനന്തപുരം ഇടപ്പഴിഞ്ഞിയിൽ നിന്ന് ജോയിച്ചേട്ടൻ കൊടുങ്ങല്ലൂരിലേക്ക് പോയി. ഞങ്ങൾ ജീവിതത്തിന്റെ ഏതൊക്കെയോ ഗതി വിഗതികളിലൂടെ സഞ്ചാരം തുടർന്നു.

ഇടയ്ക്ക് അപൂർവ്വമായി മാത്രേ ജോയിച്ചേട്ടനെ നേരിൽ കണ്ടിട്ടുള്ളൂ. ചലച്ചിത്രോത്സവങ്ങളിലും ചില രാഷ്ട്രീയ പ്രക്ഷോഭ പരിപാടികളിലും ഒക്കെയായിട്ട്.

കേരളത്തിലെ പല സമരങ്ങളിലും ജോയിച്ചേട്ടന്റെ സാന്നിധ്യം ഉണ്ടായിരുന്നു. നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളിൽ അതിജീവനത്തിനു വേണ്ടിയുള്ള സമരങ്ങളെൽ ജോയിച്ചേട്ടൻ മുന്നില്‍ നിന്നു നയിച്ചു. അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ വെച്ചു മര്‍ദ്ദനമേറ്റ് ഊളംപാറ മാനസികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് കൊല്ലപ്പെട്ട സത്നാം സിംഗിന് നീതി ആവശ്യപ്പെട്ടുകൊണ്ടുള്ള പോരാട്ടത്തില്‍, കൊച്ചിയിലെ ചുംബന സമര വേദിയില്‍, അടിയന്തിരാവസ്ഥ കാലത്ത് ജയില്‍ശിക്ഷ അനുഭവിച്ചവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കണം എന്നു ആവശ്യപ്പെട്ടുകൊണ്ട്, ഹാദിയയുടെ സ്വാതന്ത്ര്യത്തിനായി... ഏറ്റവും ഒടുവില്‍ കന്യാസ്ത്രീകളുടെ സമരത്തിലും ജോയിച്ചേട്ടനെ കണ്ടു.

ഇസ്ലാമോഫോബിയയ്ക്ക് എതിരെയുള്ള ആശയ സമരത്തിന്റെ ഭാഗമായി ജോയിച്ചേട്ടൻ നജ്മൽ ബാബു എന്ന പേരിൽ സ്വയം പരിവർത്തനം ചെയ്തു എന്ന വാർത്തയായപ്പോള്‍ നേരില്‍ കാണണമെന്ന് ഉള്ളാലെ ആഗ്രഹിച്ചു. . ഉള്ളിൽ കനലുള്ളവന് ഈ ഫാസിസ്റ്റ് കാലത്ത് നിശ്ശബ്ദനായിരിക്കാൻ കഴിയില്ല എന്ന് തെളിയിക്കുകയായിരുന്നു ജോയിച്ചേട്ടൻ എന്ന നജ്മൽ ബാബു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/news-update-former-naxal-leader-tn-joy-najmal-babu-passed-away/

https://www.azhimukham.com/satnam-singh-mann-fourth-commemoration-year-need-justice-amritanandamayi-math-under-shadow-manoj-v/


Next Story

Related Stories