TopTop
Begin typing your search above and press return to search.

അയാള്‍ സെന്‍കുമാര്‍ ആകാം, അല്ലെങ്കില്‍ മലയാളി ഹിന്ദുക്കളില്‍ ആരുമാകാം

അയാള്‍ സെന്‍കുമാര്‍ ആകാം, അല്ലെങ്കില്‍ മലയാളി ഹിന്ദുക്കളില്‍ ആരുമാകാം

സംഘപരിവാറിന്റെ എത്രയോ പതിറ്റാണ്ടുകളായുള്ള പ്രചാരണമാണ് 'പെറ്റുകൂട്ടുന്ന മുസ്ലീങ്ങള്‍ രാജ്യത്തെ ഹിന്ദുക്കളെ ജനസംഖ്യയില്‍ മറികടക്കും' എന്നത്. ഇതിലെ പൊള്ളത്തരത്തെയും കള്ളത്തരത്തെയും കണക്കുകള്‍ വെച്ച് പൊളിക്കുക എന്നത് അത്ര വലിയ ക്രിയയല്ല. അത് സംഘപരിവാറിന്റെ പ്രചാരണകേന്ദ്രങ്ങള്‍ക്കുമറിയാം. പക്ഷേ ഇത് 'ശത്രു'വിനെ നിര്‍മ്മിക്കുന്ന, ശത്രുവിനെ നിലനിര്‍ത്തുന്ന, ശത്രുവിനോടുള്ള ഭയവും വെറുപ്പും ഒരേസമയം വളര്‍ത്തുന്ന രാഷ്ട്രീയ പ്രയോഗമാണ്. അവിടെ 'മുസ്ലീം അപരന്‍' 'ഹിന്ദു അസ്തിത്വ'ത്തിന് മുകളിലാണ് ഭീഷണി ഉയര്‍ത്തുന്നത്. കെട്ടിച്ചമച്ച ആര്യാവര്‍ത്ത സ്വര്‍ണപ്പക്ഷിക്കഥകളിലെ അധിനിവേശ അക്രമികള്‍ ഇപ്പോള്‍ ഗര്‍ഭപാത്രം വഴി നിറയുന്നു എന്നാണ് കുത്തിവെക്കുന്ന മനോഭീതി. ഹിന്ദുത്വ വര്‍ഗീയതയുടെ ഈ ശത്രുനിര്‍മ്മിതി ഏതെങ്കിലും ഒരു കണക്കിന്റെ പുറത്തു മാത്രമല്ല, അത് ഒരു സാമൂഹ്യ മനോഘടനയെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

ജനസംഖ്യാവര്‍ധനവിലെ മുസ്ലീം പെരുപ്പം അവാസ്തവമാണെന്ന് സ്ഥാപിച്ചു നോക്കൂ, അപ്പോള്‍ വരും ഹജ്ജ് സബ്സിഡിയുടെ പ്രശ്നം. അപ്പോള്‍ ഹിന്ദു ക്ഷേത്രങ്ങളുടെ കാര്യം പറഞ്ഞു നോക്കൂ, ഉടനെ ടിപ്പു സുല്‍ത്താന്‍ തകര്‍ത്ത ഹിന്ദു ക്ഷേത്രങ്ങളുടെ കണക്കുപറയും. അതിപ്പോള്‍, അമ്പലം കൊള്ളയടിക്കാന്‍ മാത്രമായി കാശ്മീരില്‍ ഒരു ഹിന്ദു രാജാവിന് ഒരു മന്ത്രിയുണ്ടായിരുന്നു എന്ന് പറയൂ, അപ്പോള്‍ കേള്‍ക്കാം മുസ്ലീങ്ങള്‍ നാട്ടില്‍ ഭൂമി വാങ്ങിക്കൂട്ടിയ കണക്ക്. ഭൂമി വാങ്ങിയ മിക്ക മുസ്ലീങ്ങളും മുമ്പ് ഭൂമി ഇല്ലാത്തവരായിരുന്നു എന്ന് പറയൂ, അപ്പോള്‍ കേള്‍ക്കാം പാകിസ്ഥാന്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനം. അതായത് സംഘപരിവാറിന്റെ പ്രചാരണയന്ത്രത്തിന് സത്യസന്ധതയോ വാസ്തവികതയോ ശാസ്ത്രീയതയോ അതിലടിസ്ഥാനമായ യുക്തിയോ ഒന്നും പ്രശ്നമല്ല, അതിന് ഹിന്ദുത്വ ഭീകരതയുടെ രാഷ്ട്രീയത്തെ മുന്നോട്ടുകൊണ്ടുപോകലും അതിലൂടെ ഹിന്ദുരാഷ്ട്ര സ്ഥാപനവുമാണ് ലക്ഷ്യം. ഇതിനിടയില്‍ ആരെങ്കിലും നുണയാ എന്നൊക്കെ വിളിച്ചാല്‍, അതൊന്നും അവരെ ബാധിക്കുന്നേയില്ല. കാരണം അവര്‍ തായംകളിക്കുന്നത് സത്യവുമായല്ല, സൂക്ഷ്മമായി നിര്‍മ്മിച്ചെടുക്കുന്ന ഹിന്ദുത്വ വൈകാരികതയുമായാണ്.

അതുകൊണ്ട് തന്നെ, സെന്‍കുമാര്‍ എന്ന അടുത്തൂണ്‍ പറ്റിയ പോലീസ് മേധാവി, കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനോടും സംഘപരിവാറിനോടും രാഷ്ട്രീയമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ദിനങ്ങളില്‍, അവരുടെ ഏറ്റവും പഴക്കമുള്ള 'അധിനിവേശ മുസ്ലീം' എന്ന ആയുധം തന്നെ തെരഞ്ഞെടുത്തതില്‍ ഒട്ടും അത്ഭുതമില്ല.

ആര്‍എസ്എസ്, ദേശീയത, പശുവിന് വേണ്ടി മനുഷ്യരെ കൊല്ലുന്നു എന്ന് പറഞ്ഞവനെ വെറുതെ വിടരുത്, മുസ്ലീങ്ങളിലും നല്ലവരുണ്ട്, ക്രിസ്ത്യാനി മതപരിവര്‍ത്തനം, മാവോവാദത്തെ എങ്ങനെ ഒതുക്കാം എന്നതില്‍ താനയച്ച അന്താരാഷ്ട്ര പഠനരേഖ എന്നിങ്ങനെ സംഘപരിവാറിന്റെ പ്രഖ്യാപിത അപായ മണികളെല്ലാം സെന്‍കുമാര്‍ മുഴക്കുന്നുണ്ട്.

മുസ്ലീങ്ങളെ പേറ്റുയന്ത്രങ്ങളെന്ന് ആക്ഷേപിച്ച നരേന്ദ്ര മോദിയുടെ രാഷ്ട്രീയത്തെ കേരളത്തിലേക്ക് അതേപടി പകര്‍ത്തുമ്പോള്‍ ക്രിസ്ത്യാനികള്‍ക്ക് മതപരിവര്‍ത്തനമെന്ന ചാപ്പ കുത്തിക്കൊടുക്കാനും അയാള്‍ മറക്കാത്തത് കേരളത്തില്‍ കളിക്കേണ്ട കളികള്‍ എന്താണെന്ന് നിശ്ചയമുള്ള സംഘപരിവാര്‍ രാഷ്ട്രീയത്തില്‍ അയാള്‍ക്ക് വ്യക്തതയുള്ളതിനാലാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനോ തോല്‍ക്കാനോ ജയിക്കാനോ ഒന്നുമല്ല സെന്‍ കുമാറിന്റെ ലക്ഷ്യം. അങ്ങനെയൊക്കെ സംഭവിക്കുന്നതില്‍ അയാള്‍ക്ക് വിരോധമൊന്നുമുണ്ടാകില്ലെങ്കില്‍പ്പോലും.

മറ്റനേകം ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെപ്പോലെ തങ്ങള്‍ക്ക് ചിരപരിചിതമായ വിധേയത്വവും സൂത്രപ്പണികളും, എസ്മാന്‍ ഇതാ മറ്റൊരു തൊമ്മി തയ്യാര്‍ എന്ന പ്രഖ്യാപനവുമാണിത്. ഏതെങ്കിലും ട്രിബ്യൂണല്‍ അംഗം തൊട്ട് പുലര്‍കാലസ്വപ്നങ്ങളില്‍ കേന്ദ്ര മന്ത്രിയാകാന്‍ വരെ അയാള്‍ തയ്യാറെടുക്കുമായിരിക്കും. നാന്‍ അടിമക്കണ്ണ് എന്ന് പ്രഖ്യാപിച്ച് എംപിയായ, ഫ! പുല്ലേ നടന്‍ ദീപശിഖയുമായി മുന്നിലുണ്ട്.

പക്ഷേ സെന്‍കുമാറിന്റെ സ്ഥാനലബ്ധികളെക്കാള്‍ നമ്മെ ആശങ്കപ്പെടുത്തേണ്ടത്, ഹിന്ദുത്വ ഭീകരതയുടെ രാഷ്ട്രീയം ഇത്ര പച്ചയ്ക്ക്, ഒരു വളച്ചുകെട്ടുമില്ലാതെ പറയാന്‍ മടിയില്ലാത്ത ഒരാള്‍ കേരളത്തില്‍ പോലീസ് മേധാവിയായി ഇരിക്കും എന്നതാണ്. അയാള്‍ക്ക് വിരമിച്ചാലുടന്‍ ചെന്നു കയറാവുന്ന ലാവണമായി സംഘപരിവാര്‍ ഉണ്ടെന്നതാണ്. മതേതര രാഷ്ട്രീയത്തോട് ഒരു കൂറും പുലര്‍ത്താത്ത ഇതുപോലുള്ള നിരവധി പേര്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ ഉണ്ടെന്നാണ് നാം മനസിലാക്കേണ്ടതും. അത്തരമാളുകളെ സാമൂഹ്യസംവാദങ്ങളുടെയും രാഷ്ട്രീയ പ്രശ്നങ്ങളുടെയും കേന്ദ്രസ്ഥാനത്ത് കൊണ്ടുവന്നു നിര്‍ത്തുന്നതില്‍ ഒരുതരത്തിലുള്ള അസ്വാഭാവികതയും തോന്നാത്ത ഒരു സമൂഹം നമ്മുടെ ചുറ്റും രൂപപ്പെടുന്നു എന്നാണ് ഇതിനെ സാധ്യമാക്കുന്ന പശ്ചാത്തലം. ഹിന്ദുത്വ വര്‍ഗീയതയുടെ അജണ്ടകള്‍ എത്ര സുരക്ഷിതമായാണ് പൊതുമണ്ഡലത്തില്‍ മുന്‍നിരയില്‍ പീഠം പിടിച്ചിരിക്കുന്നത് എന്നാണ് നമുക്കിപ്പോള്‍ കാണാവുന്നത്.

ഹിന്ദുരാഷ്ട്ര നിര്‍മ്മാണത്തിന്റെ അടിസ്ഥാന അജണ്ടകളിലൊന്ന് സമൂഹത്തെ ഹിന്ദുത്വവത്കരിക്കുക എന്നതാണ്. രാഷ്ട്രീയാധികാരം മാത്രമല്ല അതാവശ്യപ്പെടുന്നത്. വലിയ വെല്ലുവിളികളില്ലാത്ത രാഷ്ട്രീയാധികാരം കിട്ടിയാലും പൊതുസമൂഹത്തിലെ മതേതര മൂല്യങ്ങളുമായി ഹിംസാത്മകമായ സംഘര്‍ഷങ്ങളില്‍ സംഘപരിവാര്‍ ഏര്‍പ്പെടുന്നത് അതുകൊണ്ടാണ്. ഹിന്ദുത്വ രാഷ്ട്രീയവുമായി കൈകോര്‍ക്കാന്‍ തയ്യാറാകുന്ന ആര്‍ക്കും എടുത്തുപയോഗിക്കാന്‍ പാകത്തില്‍ സെന്‍കുമാര്‍ നടത്തിയ പോലുള്ള അപര, ദേശീയതാബോധം സമൂഹത്തില്‍ സജീവമാക്കി നിലനിര്‍ത്തുന്നത് ഈ പദ്ധതിയുടെ ഭാഗമായാണ്.

യോഗ ദേശീയാരോഗ്യ പരിപാടിയാകുന്നത് ഈ മൂല്യബോധത്തിന്റെ നിര്‍മ്മാണപദ്ധതിയിലാണ്. ക്ഷേത്രങ്ങള്‍ സാംസ്കാരിക മൂല്യോത്പാദന കേന്ദ്രങ്ങളായി മാറുന്നത് ഇങ്ങനെയാണ്. പശു പാല് മാത്രമല്ല, സംസ്കാരവും ദേശീയതയും മതവും ചുരത്തുന്നത് ഈ രാഷ്ട്രീയത്തിന്റെ ഭാഗമായാണ്.

എന്നാല്‍ ഇതൊന്നും എളുപ്പം സാധിക്കില്ല. ജനാധിപത്യബോധത്തിന്റെയും ദുര്‍ബലമായ ഭരണഘടന സ്ഥാപനങ്ങളുടെയും മതേതര ചട്ടക്കൂടിന്റെയും ഗുരുത്വാകര്‍ഷണത്തെ ഭേദിക്കുമ്പോള്‍ മാത്രമേ ഇത് പൂര്‍ണമായും സാധ്യമാകൂ. നേരിട്ട് ഇവയെ മറികടക്കുക എന്നതിനേക്കാള്‍ ഹിന്ദുത്വവൈകാരികതയ്ക്ക് കടന്നുപോകാവുന്ന എളുപ്പവഴി ശത്രുവിനെ, അപരനെ സൃഷ്ടിക്കുകയാണ്. പ്രധാനമായും മൂന്നുതരത്തിലുള്ള ശത്രുക്കള്‍ അവര്‍ക്കുണ്ട്. ഒന്ന്, രാജ്യത്തെ ജനാധിപത്യ, മതേതര മൂല്യങ്ങളെ നിലനിര്‍ത്താനും മുന്നോട്ടുകൊണ്ടുപോകാനും ശ്രമിക്കുന്ന ആരും അവരുടെ ശത്രുക്കളാണ്. രണ്ട്, മറ്റ് ഉപരിവര്‍ഗ രാഷ്ട്രീയകക്ഷികള്‍ക്കൊപ്പം സംഘപരിവാര്‍ മറകൂടാതെ പ്രതിനിധാനം ചെയ്യുന്ന, മുതലാളിത്ത വ്യവസ്ഥിതിയെ ചെറുതോ വലുതോ ആയി എതിര്‍ക്കുന്ന ആരെയും അത് ശത്രുപക്ഷത്ത് കാണും. മൂന്ന്, ഇതിനൊക്കെ സൌകര്യപൂര്‍ണമായ കേളീരംഗം ഉണ്ടാക്കിയെടുക്കുന്ന ഹിന്ദുത്വ ഭീകരതയുടെ വൈകാരിക പരിസരങ്ങളില്‍ വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന ന്യൂനപക്ഷ വിരോധം, പ്രത്യേകിച്ചും മുസ്ലീം എന്ന 'അധിനിവേശ ശത്രു'.

ആദ്യത്തെ രണ്ടും ഹിന്ദുരാഷ്ട്ര നിര്‍മ്മിതിയുടെ വര്‍ഗതാത്പര്യങ്ങളെ നിലനിര്‍ത്തുകയും അതിന്റെ രാഷ്ട്രീയാധികാരത്തിന്റെ മുഖമുദ്രയാകുകയും ചെയ്യുമ്പോള്‍ മുസ്ലീം എന്ന അധിനിവേശ ശത്രു, സമൂഹത്തെ ഹിന്ദുത്വവത്കരിക്കുക എന്ന അജണ്ടയുടെ നിര്‍ണായക ഘടകമായി മാറുന്നു. സംഘപരിവാറിനെതിരായ പോരാട്ടത്തില്‍, ഈ മൂന്ന് ഘടകങ്ങളെയും ഒരേപോലെ എതിര്‍ക്കാതെ മുന്നോട്ട് പോകാനാകില്ല.

സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നതിന് ഭരണകൂടത്തിന്റെ എല്ലാ വിഭാഗങ്ങളിലും ഈ അജണ്ട നടപ്പാക്കാന്‍ കഴിയുന്നവരെ നിയോഗിക്കുക എന്ന പദ്ധതി അവര്‍ കൃത്യമായി നടപ്പാക്കുന്നുണ്ട്. പുഷ്പകവിമാനം ഉണ്ടായിരുന്നു എന്നു പറയുന്ന, ഇതെന്തൊരു വങ്കന്‍ എന്നു സാമാന്യബോധം അമ്പരക്കുന്ന ഒരാളെ ചരിത്ര ഗവേഷണ സമിതിയുടെ തലവനാക്കുന്നത് മുതല്‍, എനിക്കു വെടിവയ്ക്കാന്‍ പാകത്തില്‍ കാശ്മീരികള്‍ വരാത്തതെന്ത് എന്നു വിലപിക്കുന്ന, സംഘപരിവാറിന്റെ മുസ്ലീം വിരുദ്ധ, ക്ഷുദ്ര ദേശീയത നിലപാടുകള്‍ വിളിച്ചുകൂവുന്ന ഒരാളെ മാനദണ്ഡങ്ങള്‍ മറികടന്ന് പട്ടാള മേധാവിയാക്കുന്നത് വരെയും ഇതുതന്നെയാണ് നടക്കുന്നത്. വിരമിച്ച പട്ടാള ജനറല്‍ കേന്ദ്ര സഹമന്ത്രിയാകുന്നതും സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഗവര്‍ണറാകുന്നതും അവരൊക്കെ തങ്ങളുടെ ഔദ്യോഗിക ജീവിതകാലത്ത് സംഘപരിവാറിന് സൌകര്യപ്രദമായ എന്തെങ്കിലും ചെയ്തുകൊടുത്തവരാണ് എന്ന് ആരോപണമുള്ളവരുമാകുമ്പോള്‍ ഈ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ രാഷ്ട്രീയാധികാര വ്യാപനം എത്ര ആഴത്തിലാണ് നടപ്പാക്കുന്നത് എന്ന് വ്യക്തമാണ്.

എങ്ങനെയാണ് ഇതിനെ ചെറുക്കേണ്ടത്? ഈ രാഷ്ട്രീയാധികാരത്തിന്റെ ജനാധിപത്യ വിരുദ്ധതയെ ജനകീയമായ ജനാധിപത്യ സമരങ്ങളിലൂടെയും സ്വാഭാവികമായും ഹിന്ദുത്വ ഭീകരത നടത്തിപ്പുകാരാകുന്ന മൂലധന ഭീകരതയ്ക്കെതിരെയുമുള്ള സമരങ്ങളിലൂടെയും മാത്രമേ ചെറുക്കാനാകൂ. എന്നാല്‍ മുസ്ലീം അധിനിവേശ ശത്രുവിനെ സൃഷ്ടിക്കുന്ന ഹിന്ദുത്വ അജണ്ടയെ ഇതേ ജനാധിപത്യ ജനകീയ സമരങ്ങളിലൂടെ മറികടക്കാനും ചെറുക്കാനുമാകുമോ? കഴിയും. അതിനു മാത്രമേ കഴിയൂ. കാരണം മതബദ്ധമായ ക്ഷുദ്ര ദേശീയതയുടെ ഭാഗമായി രാഷ്ട്രം പുന:നിര്‍ണയിക്കപ്പെടുമ്പോള്‍ അതില്‍ പുറന്തള്ളപ്പെടുന്ന സകല മനുഷ്യരുടെയും സമരങ്ങള്‍ക്ക് മാത്രമേ ഈ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കാനാകൂ.

മുസ്ലീം എന്നതിന്റെ പേരില്‍ മനുഷ്യര്‍ ആക്രമിക്കപ്പെടുന്ന ഒരു രാജ്യത്ത് മുസ്ലീമായിരിക്കാനുള്ള ജനാധിപത്യാവകാശത്തെ ഉയര്‍ത്തിപ്പിടിക്കുക കൂടി മേല്‍പ്പറഞ്ഞ ചെറുത്തുനില്‍പ്പിന്റെ ഭാഗമാണ്. എന്നാല്‍ അതിനര്‍ത്ഥം അത് ഇസ്ലാമിന്റെ രക്ഷക്കായുള്ള വിശുദ്ധ പോരാട്ടമാവുക എന്നല്ല. ജനാധിപത്യത്തിന് വേണ്ടിയുള്ള വിശാലമായ പോരാട്ടത്തിനുള്ളില്‍ മാത്രമാണ് മുസ്ലീമായിരിക്കാനുള്ള സമരത്തിന്റെ പ്രസക്തി. ഇഷ്ടമായാലും ഇല്ലെങ്കിലും അതിന് ജനാധിപത്യമൂല്യങ്ങളെ അംഗീകരിക്കുകയും ആന്തരികവത്കരിക്കുകയും ചെയ്യേണ്ടിവരും.

എന്നാല്‍ ഒരു മതമെന്ന നിലയില്‍ മറ്റെല്ലാ മതങ്ങളെയും പോലെ ഇസ്ലാമും ജനാധിപത്യവിരുദ്ധവും സ്ത്രീവിരുദ്ധവും ഒക്കെയാണ്. എന്നാല്‍ മുസ്ലീങ്ങളായി ജീവിക്കുന്ന ലക്ഷക്കണക്കിനു മനുഷ്യരെ ജനാധിപത്യവിരുദ്ധരോ സങ്കുചിത വര്‍ഗീയവാദികളോ ഒക്കെയാണെന്ന് തീര്‍പ്പാക്കി ചാപ്പക്കുത്തി മാറ്റിനിര്‍ത്തുന്ന രാഷ്ട്രീയ ചാപല്യങ്ങളല്ല ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് ഉണ്ടാകേണ്ടത്. മറിച്ച് മുസ്ലീം എന്നു മാത്രമല്ല, ഹിന്ദുത്വ ഭീകരതയുടെ രാഷ്ട്രീയത്തിന്റെ എതിര്‍വശത്ത് അവര്‍ പ്രതിഷ്ഠിച്ച എല്ലാവിധ വിഭാഗങ്ങളുടെയും ജനാധിപത്യ സമരങ്ങള്‍ മുസ്ലീമായി ജീവിക്കാനുള്ള അവകാശത്തെ ഉയര്‍ത്തിപ്പിടിക്കുക എന്നതുകൂടിയാണ്.

വീണ്ടും സെന്‍കുമാറിലേക്ക് വന്നാല്‍, കേരള രാഷ്ട്രീയത്തില്‍ കടന്നുകയറാനും നിര്‍ണായകമായ രീതിയില്‍ ഇവിടത്തെ സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷത്തെ സ്വാധീനിക്കാനുമുള്ള രണ്ടുതരം പരിപാടികള്‍ സംഘപരിവാറിനുണ്ട്. ഒന്ന്, സുരേഷ് ഗോപിയും അല്‍ഫോണ്‍സ് കണ്ണന്താനവും തുടങ്ങിയ ആര്‍ത്തിക്കാരായ അവസരവാദികളിലൂടെ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന മധ്യവര്‍ഗ സ്വീകാര്യത. രണ്ട്, സൂക്ഷ്മതലത്തില്‍പോലും പടര്‍ന്നുകയറുന്ന വിധത്തില്‍ സംഘപരിവാര്‍ നടത്തുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ആശയ പ്രചാരണം. മുസ്ലീം വിരുദ്ധതയും, ആര്‍എസ്എസിന്റെ സാംസ്കാരിക മേന്മയും, ഹിന്ദു ഉണരലും, നമ്പൂതിരി മുതല്‍ നായാടി വരെ എന്ന തികഞ്ഞ ജാതിവെറി നിറഞ്ഞ മുദ്രാവാക്യത്തെ എസ് എന്‍ ഡി പിയിലൂടെയും പിന്നെ സി കെ ജാനുവിലൂടെയും സ്വീകാര്യമാക്കുകയും ചെയ്യുന്നതൊക്കെ ഇതില്‍പ്പെടുന്നു. ഇതിന്റെ ഫലങ്ങള്‍ കൃത്യമായി ലഭിച്ചു തുടങ്ങിയിരിക്കുന്നു എന്നതിന്റെ തെളിവാണ് സെന്‍കുമാര്‍. കാരണം സാങ്കേതികമായി അയാള്‍ ആദ്യ ഗണത്തില്‍ പെട്ടയാളാണ്. അയാള്‍ക്ക് ഇപ്പോള്‍ ലഭ്യമായ മധ്യവര്‍ഗ മികവിന്റെ പരിവേഷം മാത്രം മതി ബിജെപിയുടെ രാഷ്ട്രീയാധികാര കേന്ദ്രങ്ങളില്‍ സ്വീകാര്യത ലഭിക്കാന്‍.

എന്നാല്‍ സെന്‍കുമാര്‍ അവിടെ നിര്‍ത്തിയില്ല. സംഘപരിവാര്‍ പതിറ്റാണ്ടുകളായി വളര്‍ത്തിയെടുക്കുന്ന ഹിന്ദുത്വ ഭീകരതയുടെ സാമൂഹ്യപാഠങ്ങള്‍ അയാള്‍ തത്തയെപ്പോലെ ചൊല്ലുന്നു. ഒരു ആര്‍എസ്എസ് ശാഖയിലും പോകാത്ത, എന്നാല്‍ ഹിന്ദുത്വ രാഷ്ട്രീയത്തെയും അതിന്റെ സാമൂഹ്യ ക്രമത്തെയും സ്വാഭാവികമായി സ്വാംശീകരിച്ച, നമ്മള്‍-അവര്‍ എന്ന് ആരും പ്രത്യേകിച്ചു പഠിപ്പിക്കാതെ, പരിസരങ്ങളില്‍ നിന്നും വായിച്ചെടുക്കുന്ന, സ്വന്തം ഹിന്ദു അസ്തിത്വത്തെക്കുറിച്ച് ആകുലപ്പെടുന്ന, ഔപചാരിക വിദ്യാഭ്യാഭ്യാസമുള്ള, മധ്യവര്‍ഗ ഹിന്ദുവിന്റെ വരവറിയിക്കലാണ് ഇക്കാണുന്നത്.

ഏത് സംഘപ്രചാരകിനെക്കാളും അപകടകാരിയാണ് അയാള്‍/അവള്‍. കാരണം, അത് നമ്മുടെ അയല്‍ക്കാരനാണ്, നിങ്ങളുടെ കൂട്ടുകാരിയാണ്, സഹപ്രവര്‍ത്തകനാണ്. നിങ്ങളുടെ പുസ്തകങ്ങളില്‍ ഹിന്ദുവിരുദ്ധതയുണ്ടോ എന്നു ഒളിഞ്ഞുനോക്കുന്ന അച്ഛനാണ്, കൂട്ടുകാരില്‍ മുസ്ലീങ്ങളുണ്ടോ എന്നു കണ്ണുരുട്ടുന്ന അമ്മയാണ്, ഭക്തിയില്‍ പൂന്താനമായ ഐടി എഞ്ചിനീയര്‍ ചേട്ടനാണ്, ready to wait എന്നുപറയുന്ന പെങ്ങളാണ്, ആര്‍ത്തവകാലത്ത് പുറത്താക്കുന്ന ഭര്‍ത്താവാണ്, മാംസം വേവാത്ത അടുപ്പുകളാണ്, അത് നിങ്ങളാണ്, നിങ്ങളുടെ ഛായയും പ്രതിച്ഛായയുമാണ്, ധ്വനിയും പ്രതിധ്വനിയുമാണ്.

അയാളുടെ പേര് സെന്‍കുമാര്‍ എന്നാകാം, അല്ലെങ്കില്‍ മലയാളി ഹിന്ദുക്കളില്‍ ആരുമാകാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories