TopTop

ഭ പുല്ലേ... ചന്ദ്രനില്‍ പോടാ എന്നല്ലേ, മനസ്സില്ല!

ഭ പുല്ലേ...  ചന്ദ്രനില്‍ പോടാ എന്നല്ലേ, മനസ്സില്ല!
സോ-തന്ത്ര്യം - അതെന്തൂട്ട് തന്ത്ര്യം - എനിക്ക് ?

ഒറ്റാലീന്ന് പെടച് ചാടണ ബ്രാല് ജാതി, നമ്മുടെ ഈ സ്വന്തം ഇന്ത്യ മഹാരാജ്യം, ഈ ഭാരതം - ഈ ഹിന്ദുസ്ഥാന്‍ - ബ്രിടീഷ് കഷ്മലന്മാരുടെ കയ്യില്‍ നിന്ന് രക്ഷപ്പെടുന്നതിന് സാക്ഷി ആയവരില്‍ എന്റെ അപ്പനും പെടും! എന്താല്ലേ. ചുള്ളനും സുഭഗനും കളേബരനും ഡൈ ചെയ്ത അഞ്ജന വര്‍ണ ശ്മശ്രു ഉള്ളവനുമായ ഈ എന്റെ- അപ്പന് അത് ഓര്‍മയുണ്ട്. നമ്മുടെ രാജ്യം അത്ര പുരാതനം ഒന്നുമല്ല!

'മാമ്മാ കാന്തി കീ ജയ്, ഭാരത് മാതാ കീ ജയ് ' എന്നും പറഞ്ഞു, സ്വന്തം ജേഷ്ഠന്‍ കൊടിയും പിടിച്ച് മാര്‍ച്ച് ചെയ്യുന്നതാണത്രേ അന്ന് അഞ്ചു വയസുകാരന്‍ ആയ പുള്ളി ഓര്‍മ്മിക്കുന്നത് - 'ഭാരത് മാതാ കീ ജയ് '.

കഴിഞ്ഞ ആഗസ്റ്റ് പതിനഞ്ചിന്, ഞങ്ങള്‍ പത്തിരുപത് പേര് ഫ്ലാറ്റ് അസോസിയേഷന്റെ പേരില്‍ ഒത്തുകൂടി പതാക ഉയര്‍ത്തി. പിന്നീട്, ബംഗാളിയില്‍ ഉള്ള 'ജന ഗണ മനക്ക്' അറ്റെന്‍ഷന്‍ ആയി നിന്നപ്പോള്‍, അതാ, റംബൂട്ടുകള്‍, അതായത് അടി മുതല്‍ മുടി വരെ ഉള്ള രോമങ്ങള്‍ എഴുന്നേറ്റ് നില്‍ക്കുന്നു! എന്ത് കൊണ്ടായിരിക്കും അത്?

ഉമ്മര്‍ മാത്രമല്ല - നമ്മള്‍ മനുഷന്‍മ്മാര്‍ എല്ലാരും വികാര ജീവികള്‍ ആണ്. എന്റെ അപ്പനും അമ്മയും എന്നെ ഇച്ചിരെ ഒക്കെ തല്ലിയിട്ടും പിച്ചിയിട്ടും വഴക്ക് പറഞ്ഞിട്ടും ഒക്കെ ഉണ്ട്. എന്റെ ബാല്യകാല സുഹൃത്തുക്കള്‍ ആയ സുനില്‍, മനീഷ് , പ്രേംജിത് എന്നിവരുടെ അപ്പനമ്മമാരേക്കാളും, എന്റെ യുവത്വ കാല സുഹൃത്തുക്കള്‍ ആയ വര്‍ഗീസ്, ഗോപാല്‍, അശ്വത്, കിഷോര്‍ എന്നിവരുടെ ഒക്കെ അപ്പനമ്മമാരേക്കാളും നല്ല അപ്പനും അമ്മയും ആയിരുന്നോ എന്റെ അപ്പനും അമ്മയും?

ആവോ. അറിയില്ല .. അങ്ങനെ ആണെന്നതിനു ഒരു തെളിവും ഇല്ല. പാറ്റ - സോറി ....ഡാറ്റ ഇല്ല. എന്നാലും എനിക്ക് അവരെ ഒക്കെ ഒത്തിരി ഇഷ്ടമാണെങ്കിലും എന്റെ സ്വന്തം അപ്പനോടും അമ്മയോടും ആണ് കൂടുതലിഷ്ടം! ഇതിന്റെ യുക്തി എന്താണ്?

ഇതിനു യുക്തി വേണ്ടാ എന്നാണു അതിന്റെ ഉത്തരം. അതങ്ങനാണു ബ്രോ. ഭൂമി ഉണ്ടയാണ് സഹോ. വേറെ വിശേഷം ഒന്നുമില്ലല്ലോ. എന്റെ തൊലി, എന്റെ ഹെയര്‍ ഫോളിക്കിള്‍സ്. എന്റെ പ്രൈവറ്റ് രോമാഞ്ചം. അത്രേ ഉള്ളു. പക്ഷെ, എന്റെ യുക്തിസഹ തലച്ചോര്‍ ഭാഗത്തിനും ഗര്‍വാസീഷ് ഉണ്ട് സഹോ. ഛെ - ഗര്‍വ് ഉണ്ട് മിത്രോം.

ദേഖോ, മേരാ കണ്‍ട്രി ഗേള്‍സ് ആന്‍ഡ് ബോയ്‌സ് - നമ്മള്‍ ആയിരത്തി തൊള്ളായിരത്തി നാല്പത്തേഴില്‍ വിടുതല്‍ പ്രാപിക്കുമ്പോള്‍, മൂഞ്ചസ്യ എന്ന അവസ്ഥയില്‍ ആയിരുന്നു. നമ്മള്‍ ഒറ്റ രാജ്യമായി നില്‍ക്കും എന്ന് മിക്ക അന്താരാഷ്ട്ര വേന്ദ്രന്മാര്‍ക്കും യാതൊരു വിശ്വാസവും ഇല്ലായിരുന്നു. യൂറോപ്പിനേക്കാള്‍ വ്യത്യസ്തത പുലര്‍ത്തുന്ന ആയിരക്കണക്കിന് ജനതകള്‍! യൂറോപ്പില്‍ രാജ്യങ്ങള്‍ തമ്മില്‍ അടി ഒഴിഞ്ഞിട്ട് നേരമില്ല. അപ്പോഴാണ്.

'ഈ കാടന്മാരെ തന്നെ ഭരിക്കാന്‍ വിട്ടാല്‍ അവന്മാര്‍ മൂഞ്ചു മിഠായി തിന്നും. അല്ലേല്‍ പഴേ പോലെ ബ്രാഹ്മണ ഭരണത്തില്‍ മറ്റുള്ളവര്‍ എല്ലാം സെയിം മിട്ടായി ഞൊട്ടും.'- വിന്‍സ്റ്റണ്‍ എന്ന മരങ്ങോടന്‍ ചര്‍ച്ചില്‍ പറഞ്ഞതാണ്

'ഓ - നാലായിരം കൊല്ലം പഴക്കം ഒള്ള പാര്‍ട്ടീസ്സാന്നെ. ഇപ്പഴും അങ്ങ് പണ്ടത്തെ ലോകത്തിലാ. ഈ ജനാധിപത്യം ഒന്നും അവരെ കൊണ്ട് പറ്റുന്നു തോന്നുന്നില്ല ഷാജിയേട്ടാ.' - നമ്മുടെ മണ്ണില്‍ ജനിച്ചു വളര്‍ന്ന, മൗഗ്ലിയുടെ കര്‍ത്താവായ മഹാനായ സായിപ്പ് റെഡ്യാര്‍ഡ് കിപ്ലിംഗ് പറഞ്ഞതാണിത്. എന്തരോ മഹാനു രോമുലു.. ഇവരെ ഒക്കെ ഇളിഭ്യര്‍ ആക്കിക്കൊണ്ട് നമ്മള്‍ ഇത്രേം നാള്‍ നിന്നില്ലേ ഇഷ്ടോ. വെല്‍ ടണ്‍ - ഇന്ത്യന്‍സ്.

സോതന്ത്ര്യം കിട്ടുമ്പോ ഉള്ളതിന്റെ മൂന്നു നാലിരട്ടി ജനം ഇപ്പൊ ഇവിടെ ഉണ്ട് മോനെ, മോളെ. അപ്പൊ നമ്മള്‍ പട്ടിണി ആയിരുന്നു. ഇപ്പൊ പട്ടിണി ഇല്ല. ഇച്ചിരൂടെ ഒത്ത് പിടിച്ചാല്‍ എല്ലാവര്‍ക്കും അത്യാവശ്യം ജീവിക്കാനുള്ള കോപ്പ് ഒക്കെ ഇവിടെ ഉണ്ട്. ഇതില്‍ ഗര്‍വ് ഇല്ലേ? തീര്‍ച്ചയായും ഉണ്ട്. എനിക്ക് സ്വാതന്ത്ര്യം, ശ്രമിച്ചാല്‍, ആര്‍ക്കും ജീവിക്കാന്‍ പറ്റുന്ന ഒരു അവസ്ഥ കൂടി ആണ്. അതിന് ഇനീം കുറെ സഞ്ചരിക്കണം കേട്ടോ. ടാക്‌സി വിളിച്ചു പോണം. സാരമില്ല - വെയ്റ്റ് ചെയ്യാം.

പിന്നെ ഒന്നുണ്ട്. നമ്മുടെ കൂടെ തന്നെ കുറെ ഏറെ രാജ്യങ്ങള്‍ക്ക് കിട്ടി ഈ സ്വാതന്ത്ര്യം. മലേഷ്യ, ഇന്‍ഡോനേഷ്യ, തായ്‌ലന്‍ഡ്, ഗള്‍ഫ് രാജ്യങ്ങള്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍. അത് കഴിഞ്ഞു സോവിയറ്റ് യൂണിയന്‍ പൊട്ടി തെറിച്ചപ്പോളും റഷ്യ, ഒക്കെ ഉണ്ടായി. ഇവ ഒന്നും ശരിക്കുള്ള ജനാധിപത്യ രാജ്യങ്ങള്‍ അല്ല! ഉടായിപ്പ് ജനാധിപത്യം ആണവിടൊക്കെ.

നമുക്ക്, ഇത് വരെ, ശരിക്കുള്ള ജനാധിപത്യം ഉണ്ട്. ഒരു സംശയവും ഇല്ല. ഭരണഘടനാ ജനാധിപത്യം ഒന്നും അല്ല. വെറും പോപ്പുലിസ്റ്റ് ജനാധിപത്യം ആണ്. ആള്‍ക്കൂട്ട ഡെമോക്രസി. പണ്ടേ അങ്ങനാണ്. പുതിയ കാര്യം അല്ല. എന്നാലും ഉണ്ട്. നന്നാവാന്‍ സമയം ഉണ്ടല്ലോ.

പലര്‍ക്കും ഈ ജനാധിപത്യം ഒരു വല്യ കാര്യമായി തോന്നുന്നില്ലായിരിക്കാം. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഇത് വലിയ ഒരു സ്വാതന്ത്ര്യം ആണ്. ചൈനീസ് മോഡലിന്റെ ആരാധകര്‍ ഓര്‍ക്കണം - അവിടെ ജി മെയില്‍ ഇല്ല. ഫേസ് ബുക്ക് ഇല്ല. എന്തിന് , ഗൂഗിള്‍ പോലും ഇല്ല. നീ എന്ത് അറിയണം എന്ന് സര്‍ക്കാര്‍ തീരുമാനിക്കും. റഷ്യയും ഇങ്ങനെ ഒക്കെ തന്നെ .

ഞാന്‍ ചൈനയുടെയും പുട്ടിന്റെയും ആരാധകന്‍ അല്ല. ആ പുട്ടല്ല. വ്‌ലാദിമിര്‍ പുട്ടിന്‍. അപ്പൊ ഇത് എന്റെ സ്വാതന്ത്ര്യത്തിന്റെ വലിയ ഒരു ഭാഗം ആണ്.

പിന്നെ - എന്തോ ഒരു അജ്ഞാത ആകസ്മികത മൂലം - അതോ നമ്മുടെ മുന്‍പത്തെ തലമുറയുടെ ഗുണം കൊണ്ടോ - എന്താണെന്ന് എനിക്കറിയില്ല - നമ്മുടെ ഭരണ ഘടനാ ശില്‍പികള്‍ ഇച്ചിരെ വകതിരിവ് ഉള്ളവര്‍ ആയിപ്പോയി. എല്ലാ പൗരന്മാരും തുല്യര്‍ ആണെന്ന് കടലാസിലെങ്കിലും എഴുതി വച്ച്. ആയിരത്തി തൊള്ളായിരത്തി അറുപതുകള്‍ക്ക് ശേഷം ആണ് കറുത്ത വര്‍ഗക്കാര്‍ക്ക് അമേരിക്കയില്‍ പൗരാവകാശം കിട്ടിയത് എന്ന് മറക്കരുത്.

ഈ തുല്യത മിക്കവാറും കടലാസ്സില്‍ തന്നെയേ ഉള്ളു കേട്ടോ. എന്നാലും ഉണ്ട്. നമുക് വെയ്റ്റ് ചെയ്യാം. ഈ കാര്യത്തിലും എനിക്ക് ഗര്‍വ് ഉണ്ട്. എന്റെ സ്വാതന്ത്ര്യ സങ്കല്‍പ്പത്തില്‍ വളരെ പ്രധാനമാണ് ഇത്.

ഇനി ആണ് പ്രശ്‌നം. ഈ സ്വാതന്ത്ര്യങ്ങള്‍ ഒക്കെ എനിക്ക് അധികം വിയര്‍ക്കാതെ തന്നെ കിട്ടണം. ഈ മണ്ണില്‍ പിറന്ന്, ഇവിടെ പണി എടുക്കുന്നു. ഇവിടത്തെ നിയമങ്ങള്‍ അനുസരിക്കുന്നു. ടാക്‌സ് ഒക്കെ കൃത്യമായി കൊടുക്കുന്നുണ്ട് (ഓരോ വസ്തു വാങ്ങുമ്പോഴും ഓരോ പൗരനും കൊടുക്കുന്നുണ്ട് ഈ ടാക്‌സ്. പെട്രോളിനൊക്കെ ഈ വില പിന്നെ എങ്ങനെ ആണെന്നാണ് വിചാരിച്ചത്?).

ഇത്രേ ഒക്കെ ചെയ്യാനേ പറ്റൂ. ഇത് കൊണ്ട് തൃപ്തിപ്പെട്ട് ഈ അവകാശോം സ്വതന്ത്രതേം ഒക്കെ എനിക്ക് കിട്ടണം. എന്താ അത്യാഗ്രഹം അല്ലെ? വേണ്ടപ്പോ, ചെലപ്പോ എനിക്ക് തോന്നിയാല്‍ 'ജയ് ഹിന്ദും', കീ ജെയും ഒക്കെ വിളിച്ചെന്നിരിക്കും. ചെലപ്പോ വിളിച്ചില്ല എന്നും ഇരിക്കും. അത് വേറെ. ഭ പുല്ലേ , ചന്ദ്രനില്‍ പോടാ എന്നല്ലേ. മനസ്സില്ല.

ഇനി ഏറിയാല്‍ പത്തു മുപ്പത് കൊല്ലം. അത്രേം കാലം ഇവിടൊക്കെ തിരിഞ്ഞു കളിയ്ക്കാന്‍ ആണ് തീരുമാനം. അത് കഴിഞ്ഞു, അങ്ങ് പൊകുവേം ചെയ്യും. ഇവിടെ നിക്കണോ പോണോ എന്ന് മക്കള്‍ അവരുടെ കാര്യം തീരുമാനിക്കട്ടെ.

ഒത്തിരി സ്വാതന്ത്ര്യം എനിക്ക് വേണ്ടാ താനും. മണിക്കൂറുകള്‍ അടിച്ചും ഇടിച്ചും ചതച്ചും ഒരാള്‍ക്ക് സ്വാതന്ത്ര്യം കൊടുത്തു. അതും വീഡിയോയുടെ മുന്നില്‍. മരിച്ചവനും കൊന്നവര്‍ക്കും കിട്ടി സ്വാതന്ത്ര്യം.

വേറൊരുത്തന്‍ വെള്ളമടിച്ച് ഒരാളെ ഇടിച്ചു കൊന്നു. പാവത്തിന് ഇന്‍സ്റ്റന്റ് സ്വാതന്ത്ര്യം. ഇടിച്ചവനോ - അവനും സ്വാതന്ത്ര്യം.

മാനഭംഗപ്പെടുത്തപ്പെട്ട ബാലികയുടെ കുടുംബത്തിന് മൊത്തം സ്വാതന്ത്ര്യം. ഇനീം വേണെങ്കി തരാന്നു.

അത്രേം സ്വാതന്ത്ര്യം ഒന്നും വേണ്ട. ഇച്ചിരെ കുറച്ചിരുന്നെങ്കില്‍ ഗര്‍വ് ഇച്ചിരൂടെ കൂട്ടമായിരുന്നു.

പറ്റില്ല അല്ലെ ?

സാരമില്ല.

Read: പൂർണ ഫലം കിട്ടണമെങ്കിൽ, ഒരു ആടിനെ (പശുവിനെ വേണ്ട) ഗ്ലുക്കോസ് ഉള്ള കൃപാസനം പത്രം കൊടുത്ത് വളര്‍ത്തുക


Next Story

Related Stories